Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ജീവനക്കാരുടെ എണ്ണം പകുതിയോളം കുറഞ്ഞതോടെ ക്വാർട്ടേഴ്സുകൾ ഒഴിഞ്ഞു: സ്റ്റാഫ് ക്വാർട്ടേഴ്സുകളിൽ ഇനി പുറത്തുനിന്നുള്ളവർക്ക് വാടകയ്ക്കു താമസിക്കാം; ഒഴിഞ്ഞ കെട്ടിടങ്ങൾ ഇനി പൊതുജനക്ഷേമത്തിനും രാഷ്ട്രപുനർനിർമ്മാണത്തിനും വിനിയോഗിക്കാൻ ബിഎസ്എൻഎൽ; തീരുമാനത്തിന് പിന്നിൽ സ്ഥാപനം നേരിടുന്ന കടുത്ത സാമ്പത്തിക ബാധ്യത

ജീവനക്കാരുടെ എണ്ണം പകുതിയോളം കുറഞ്ഞതോടെ ക്വാർട്ടേഴ്സുകൾ ഒഴിഞ്ഞു: സ്റ്റാഫ് ക്വാർട്ടേഴ്സുകളിൽ ഇനി പുറത്തുനിന്നുള്ളവർക്ക് വാടകയ്ക്കു താമസിക്കാം; ഒഴിഞ്ഞ കെട്ടിടങ്ങൾ ഇനി പൊതുജനക്ഷേമത്തിനും രാഷ്ട്രപുനർനിർമ്മാണത്തിനും വിനിയോഗിക്കാൻ ബിഎസ്എൻഎൽ; തീരുമാനത്തിന് പിന്നിൽ സ്ഥാപനം നേരിടുന്ന കടുത്ത സാമ്പത്തിക ബാധ്യത

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം:  രാജ്യവ്യാപകമായി സ്വയം വിരമിക്കലിലൂടെ എൺപതിനായിരത്തോളം ജീവനക്കാരാണ് ബിഎസ്എൻഎൽ പടിയിറങ്ങേണ്ടി വന്നത്. നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്ന ബിഎസ്എൻഎല്ലിനെ പുനരുജ്ജീവിപ്പിക്കാനായി കേന്ദ്രസർക്കാർ നടപ്പിലാക്കുന്ന പദ്ധതിയുടെ പേരിലാണ് കൂട്ടമായുള്ള സ്വയം വിരമിക്കൽ. കേരളത്തിലെ വിവിധ ബിഎസ്എൻഎൽ സർക്കിളുകളിൽ ഇനി അവശേഷിക്കുന്നത് അൻപത് ശതമാനത്തിൽ താഴെ ജീവനക്കാർ മാത്രം.

ജീവനക്കാരുടെ എണ്ണം പകുതിയോളം കുറഞ്ഞപ്പോൾ ബി.എസ്.എൻ.എൽ സ്വന്തംകെട്ടിടങ്ങൾ വാടകയ്ക്കുനൽകുന്നു. സ്റ്റാഫ് ക്വാർട്ടേഴ്സുകളിൽ ഇനി പുറത്തുനിന്നുള്ളവർക്ക് വാടകയ്ക്കു താമസിക്കാം. സംസ്ഥാനത്ത് 4600 ജീവനക്കാരാണ് സ്വയംവിരമിക്കൽ തിരഞ്ഞെടുത്തത്. രാജ്യത്തൊട്ടാകെ 78,569 പേരും. പ്രവർത്തിക്കാൻ കുറച്ചുസ്ഥലംമാത്രം ആവശ്യമായ നൂതന സാങ്കേതികവിദ്യയായ എൻ.ജി.എൻ. എക്സ്ചേഞ്ച് നടപ്പാക്കിയതോടെ ഓഫീസുകളിലും എക്‌സ്ചേഞ്ചുകളിലും ധാരാളം സ്ഥലം ഒഴിഞ്ഞുകിടക്കുന്നു. ഈ സ്ഥലസൗകര്യം പൊതുജനക്ഷേമത്തിനും രാഷ്ട്രപുനർനിർമ്മാണത്തിനും വിനിയോഗിക്കുന്നുവെന്നാണു ബി.എസ്.എൻ.എൽ. ഭാഷ്യം.

എന്നാൽ, സ്ഥാപനം നേരിടുന്ന ബാധ്യതകളാണ് തീരുമാനത്തിനുപിന്നിൽ. കേരള സർക്കിളിന്റെ തിരുവനന്തപുരം മുതൽ കാസർകോടുവരെയുള്ള എല്ലാ പഞ്ചായത്തുകളിലും സിറ്റി, ടൗൺ, മുനിസിപ്പൽ, കോർപ്പറേഷൻ പ്രദേശങ്ങളിലും കണ്ണായ സ്ഥലങ്ങളിലാണ് ബി.എസ്.എൻ.എൽ. കെട്ടിടങ്ങൾ. ഇവയിൽ നൂറിലേറെ കെട്ടിടങ്ങളും ഫ്‌ളോറുകളുമാണ് വാടകയ്ക്കുനൽകുന്നത്. അതത് സ്ഥലത്തെ വാടകയെക്കാൾ കുറവാകും ഈടാക്കുക. പല സ്ഥലങ്ങളിലും സ്ഥാപനങ്ങളുമായി ധാരണയായി. തിരുവനന്തപുരം മണക്കാടുള്ള അഡ്‌മിനിസ്ട്രേറ്റീവ് ഓഫീസ് കെട്ടിടം വിജിലൻസ് വകുപ്പ് വാടകയ്‌ക്കെടുത്തു. കൊച്ചിയിലെ കെട്ടിടത്തിലെ ഒരുനില സ്വകാര്യബാങ്കിന് നൽകാൻ ധാരണയായി.

ബി.എസ്.എൻ.എൽ. ഔദ്യോഗിക വെബ്സൈറ്റിൽ പരസ്യവുമുണ്ട്. സർക്കാർ ഓഫീസ്, സർക്കാർസഹായമുള്ള സ്ഥാപനങ്ങൾ, സഹകരണമേഖലയൊഴികെയുള്ള ബാങ്കുകൾ, പ്രധാന സ്വകാര്യകമ്പനികൾ എന്നിവയ്ക്കാണു പ്രാമുഖ്യം. ഓരോ ജില്ലയിലും ബന്ധപ്പെടേണ്ട നമ്പറും നൽകിയിട്ടുണ്ട്. വാടക മുൻകൂർനൽകാൻ കഴിയുന്ന സർക്കാർജീവനക്കാർ, വിരമിച്ച ജീവനക്കാർ, ബി.എസ്.എൻ.എലിൽനിന്നു വിരമിച്ചവർ, ജീവനക്കാരുടെ അടുത്ത ബന്ധുക്കൾ എന്നിവർക്കാണ് സ്റ്റാഫ് ക്വാർട്ടേഴ്സുകൾക്ക് മുൻഗണന.

150-ഓളം ക്വാർട്ടേഴ്സുകളാണ് ഒഴിഞ്ഞത്. എല്ലാ സൗകര്യങ്ങളുമുള്ള ഓഫീസേഴ്സ് ക്വാർട്ടേഴ്സും ഇവയിലുണ്ട്. ഒരു പൊതുമേഖലാസ്ഥാപനത്തിലെ തൊഴിലിൽ നിന്ന് സ്വയം വിടുതൽ തേടുന്ന ചരിത്രത്തിലെ ഏറ്റവും വലിയ കൂട്ട വിരമിക്കൽ. അതിനാണ് രാജ്യത്തെ വിവിധ ബിഎസ്എൻഎൽ ഓഫിസുകൾ ഇന്ന് സാക്ഷ്യംവഹിച്ചത്. വരുമാനത്തിന്റെ എഴുപത് ശതമാനത്തിലധികം ജീവനക്കാരുടെ ശമ്പളത്തിനായി ചെലവഴിക്കേണ്ടി വന്നതും സർക്കാർ നയങ്ങളിലെ പോരായ്മകളുമാണ് ബിഎസ്എൻഎല്ലിനെ നഷ്ടത്തിലേക്ക് നയിച്ച്.

 

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP