Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

എക്‌സിറ്റ് പോൾ ഫലങ്ങളെല്ലാം പറയുന്നത് ഡൽഹിയിൽ കെജ്രിവാൾ തന്നെ തുടരുമെന്ന്; ബിജെപി മൂന്നിൽ നിന്നും 26 സീറ്റുകൾ വരെ നേടുമെന്നും പ്രവചനം; ഡൽഹിയിൽ അടിതെറ്റിയ കോൺഗ്രസിന് ഇക്കുറിയും ഉയർത്തെഴുന്നേൽപ്പില്ല; കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കെജ്രിവാളും ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മോദിയും ഉയർത്തിയ ആവേശമില്ലാതെ വോട്ടെടുപ്പ് അവസാനിച്ചു; വോട്ടർമാരുടെ നിസംഗത എങ്ങനെ ബാധിക്കും എന്ന ആശങ്കയിൽ ആം ആദ്മിയും ബിജെപിയും; അത്ഭുതങ്ങൾ ഉണ്ടാകും എന്ന പോലും പ്രതീക്ഷയില്ലാതെ കോൺഗ്രസും

എക്‌സിറ്റ് പോൾ ഫലങ്ങളെല്ലാം പറയുന്നത് ഡൽഹിയിൽ കെജ്രിവാൾ തന്നെ തുടരുമെന്ന്; ബിജെപി മൂന്നിൽ നിന്നും 26 സീറ്റുകൾ വരെ നേടുമെന്നും പ്രവചനം; ഡൽഹിയിൽ അടിതെറ്റിയ കോൺഗ്രസിന് ഇക്കുറിയും ഉയർത്തെഴുന്നേൽപ്പില്ല; കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കെജ്രിവാളും ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മോദിയും ഉയർത്തിയ ആവേശമില്ലാതെ വോട്ടെടുപ്പ് അവസാനിച്ചു; വോട്ടർമാരുടെ നിസംഗത എങ്ങനെ ബാധിക്കും എന്ന ആശങ്കയിൽ ആം ആദ്മിയും ബിജെപിയും; അത്ഭുതങ്ങൾ ഉണ്ടാകും എന്ന പോലും പ്രതീക്ഷയില്ലാതെ കോൺഗ്രസും

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഡൽഹി വോട്ടെടുപ്പ് അവസാനിച്ചതിന് പിന്നാലെ എക്‌സിറ്റ് പോൾ ഫലങ്ങളും പുറത്തുവന്നു. ടൈംസ് നൗ എക്‌സിറ്റ് പോൾ പ്രവചനം അനുസരിച്ച് ആം ആദ്മി പാർട്ടി 44 സീറ്റുകൾ നേടും. ബിജെപി 26 സീറ്റുകളും നേടുമെന്നും പ്രവചിക്കുന്നു. ആം ആദ്മി പാർട്ടി 48 മുതൽ 61 വരെ സീറ്റുകൾ നേടുമെന്ന് റിപ്പബ്ലിക്ക് ടിവി ഫലം പറയുന്നു. ബിജെപിക്ക് 9 മുതൽ 21 സീറ്റുകൾ വരം ലഭിക്കുമ്പോൾ കോൺഗ്രസ് ഒരു സീറ്റ് നേടുമെന്നും എക്‌സിറ്റ് പോൾ ഫലം പറയുന്നു. ഇന്ത്യ ടിവി എഎപി 44സീറ്റുകളും ബിജെപി 26 സീറ്റുകളും നേടുമെന്നും പ്രവചിക്കുന്നു.

കഴിഞ്ഞ തവണ കൃത്യമായി ഫലം പ്രഖ്യാപിച്ച ഇന്ത്യാ ടുഡെ അടക്കം ആംആദ്മിക്ക് വ്യക്തമായ മുൻതൂക്കം പ്രവചിക്കുന്നു. ആംആദ്മി പാർട്ടിക്ക് വെസ്റ്റ് ഡൽഹിയിലും നോർത്ത് വെസ്റ്റ് ഡൽഹിയിലും മുൻതൂക്കം പ്രവചിക്കുന്നതാണ് ഇന്ത്യാ ടുഡെ എക്‌സിറ്റ് പോൾ. ഘട്ടംഘട്ടമായാണ് ഇവർ ഫലം പുറത്തുവിടുന്നത്. ഇവിടെ 40 സീറ്റിൽ 28 എണ്ണം വരെ എഎപിക്ക് ലഭിക്കുമെന്നാണ് പ്രവചിച്ചിരിക്കുന്നത്. ബിജെപിക്ക് 1-4 സീറ്റ് ലഭിച്ചേക്കും.  ന്യൂസ് എക്‌സ് ചാനലിന്റെ എക്‌സിറ്റ് പോൾ ഫലത്തിൽ എഎപി 53 മുതൽ 57 സീറ്റുകൾ വരെ നേടുമെന്ന് പറയുന്നു. ഇന്ത്യാ ന്യൂസിന്റെ എക്‌സിറ്റ് പോൾ ഫലത്തിൽ ആംആദ്മി പാർട്ടിക്ക് 53 മുതൽ 57 സീറ്റ് വരെ പ്രവചിക്കുന്നു. ബിജെപിക്ക് 11-17 സീറ്റുകൾ. കോൺഗ്രസിന് രണ്ട് സീറ്റ് വരെ കിട്ടിയേക്കുമെന്നും എക്‌സിറ്റ് പോൾ ഫലത്തിലുണ്ട്. 

ടിവി 9 - ഭാരത് വർഷ് പുറത്തുവിട്ട എക്‌സിറ്റ് പോൾ ഫലം പ്രകാരം ആംആദ്മി പാർട്ടിക്ക് 54 സീറ്റ് ലഭിക്കും. ബിജെപിക്ക് 15 സീറ്റും കോൺഗ്രസിന് ഒരു സീറ്റും ലഭിക്കുമെന്നാണ് പ്രവചനം. എബിപി ന്യൂസ് ഇതുവരെ പ്രവചിച്ച 60 സീറ്റിൽ 54 എണ്ണവും ആംആദ്മി പാർട്ടിക്കാണ്. സുദർശൻ ന്യൂസ് എഎപിക്ക് 44 മുതൽ 48 വരെ സീറ്റ് പ്രവചിക്കുന്നു. ബിജെപിക്ക് 24 മുതൽ 28 വരെ സീറ്റാണ് പ്രവചിച്ചിരിക്കുന്നത്. 

 പോളിങ് ശതമാനത്തിൽ വന്ന കുറവ് രാഷ്ട്രീയ പാർട്ടികളിൽ ആശങ്ക മാത്രം ബാക്കിയാക്കിയാണ് ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് അവസാനിച്ചിരിക്കുന്നത്. കഴിഞ്ഞ തവണ 67 ശതമാനമായിരുന്നു പോളിങ്. അത് ഇക്കുറി 56.69 ശതമാനത്തിലേക്ക് ഇടിഞ്ഞിട്ടുണ്ട്. 60.63 ശതമാനം പോളിംഗാണ് സീലംപൂരിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ചാന്ദ്‌നി ചൗക്കിൽ 50 ശതമാനത്തിന് താഴെയാണ് പോളിങ് നടന്നത്.

 കഴിഞ്ഞ നാല് തെരഞ്ഞെടുപ്പുകളിലെ ഏറ്റവും കുറഞ്ഞ പോളിംഗായ 56.69  ശതമാനമാണ് ഇക്കുറി പോളിങ് ബൂത്തിലെത്തി വോട്ടർമാർ. പോളിങ് വന്നിട്ടുള്ള കുറവ് എങ്ങനെ ബാധിക്കും എന്ന ആശങ്കയിലാണ് ആം ആദ്മി പാർട്ടിയും ബിജെപിയും. കഴിഞ്ഞ രണ്ടു നിയമസഭ തെരഞ്ഞെടുപ്പുകൾക്ക് സമാനമായ താൽപ്പര്യം ഈ തെരഞ്ഞെടുപ്പ് വോട്ടർമാരിൽ ഉയർത്തിയില്ല.

കോൺഗ്രസ് നേതാവ് ഷീലാ ദീക്ഷിത് മൂന്നാമതും തിരിച്ചു വന്ന 2008 ൽ 57 ശതമാനമായിരുന്നു പോളിങ്. ലോക്‌സഭയിൽ മോദിയും കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കെജ്രിവാളും വോട്ടർമാരിൽ ഉയർത്തിയ അവേശം ഇത്തവണ ആവർത്തിക്കാനായില്ല. പ്രതികരണം തേടിയ വോട്ടർമാരിൽ ഭൂരിപക്ഷവും പ്രാദേശിക വികസനത്തിന് വോട്ട് എന്ന ഉത്തരമാണ് നൽകിയത്. രാഷ്ട്രപതി രാംനാഥ് കോവിന്ദ് ,മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ, കേന്ദ്ര മന്ത്രിമാരായ ഹർഷവർധൻ, എസ്. ജയശങ്കർ, കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, മന്മോഹൻ സിങ് തുടങ്ങിയവർ വോട്ട് രേഖപ്പെടുത്തി.

കഴിഞ്ഞ നാല് തെരഞ്ഞെടുപ്പുകളിലെ ഏറ്റവും കുറഞ്ഞ പോളിംഗാണ് ഇത്തവണ രേഖപ്പെടുത്തിയത്. 54.88 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. ആദ്യ ഒരു മണിക്കൂർ പിന്നിട്ടപ്പോൾ വെറും മൂന്ന് ശതമാനം മാത്രമായിരുന്നു പോളിങ്. ന്യൂനപക്ഷ വോട്ടർമാർ കെജ്രിവാളിന് വോട്ടുചെയ്‌തെന്ന സൂചനയാണ് അവരുടെ പ്രതികരണം നൽകുന്നത്. ഷഹീൻബാഗ് ഉയർത്തിയുള്ള പ്രചാരണം ബിജെപി അണികളെ സജീവമാക്കിയിരുന്നു. ധ്രുവീകരണത്തിലൂന്നിയുള്ള പ്രചാരണം സ്വാധീനിച്ച നിശബ്ദ വോട്ടർമാരിലാണ് ബിജെപി പ്രതീക്ഷ വെക്കുന്നത്.

തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തുടക്കത്തിൽ അരവിന്ദ് കെജ്രിവാൾ ഏറെ മുന്നിലെത്തിയപ്പോൾ ബിജെപി ചിത്രത്തിൽ ഇല്ലായിരുന്നു. എന്നാൽ അവസാന പത്തു ദിവസത്തിൽ ബിജെപി ഓടിയെത്തി. ഡൽഹി കണ്ട ഏറ്റവും വലിയ ധ്രുവീകരണ ശ്രമമാണ് അമിത് ഷായുടെ നേതൃത്വത്തിൽ നടന്നത്. ഇതിനോട് പ്രതികരിക്കാതെ തന്ത്രപരമായി ഒഴിഞ്ഞ് നിന്നു അരവിന്ദ് കെജ്രിവാൾ. ഹനുമാൻ ചാലിസ ചൊല്ലിയതിനെ ബിജെപി എതിർക്കുന്നതെന്തിനെന്ന ചോദ്യമുയർത്തിയും കുറിയണിഞ്ഞ് പോളിങ് ബൂത്തിലെത്തിയും ഹിന്ദുവോട്ടർമാരുടെ അപ്രീതി ഒഴിവാക്കാൻ കെജ്രിവാൾ ഇന്നും ശ്രമിച്ചു. പൗരത്വനിയമത്തിനെതിരായ പ്രതിഷേധങ്ങളിൽ മൗനം പാലിച്ചെങ്കിലും ന്യൂനപക്ഷ വോട്ടർമാർ കെജ്രിവാളിനൊപ്പമെന്ന് പരസ്യമായി പറയുന്നു. കോൺഗ്രസിന്റെ എല്ലാ സാധ്യതയും ഇതോടെ ഇടിയുന്നു.

ഡൽഹിയിലെ പോളിങ് റെക്കോർഡിലെത്തിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു. സ്ത്രീകളെല്ലാം വോട്ട് ചെയ്യണമെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളും അഭ്യർത്ഥിച്ചു. പൊലീസിന്റെയും, കേന്ദ്രസേനയുടെയും കനത്ത സുരക്ഷയിലാണ് ഡൽഹിയിൽ തെറഞ്ഞെടുപ്പ് പുരോഗമിക്കുന്നത്. ബാബർപുർ പ്രൈമറി സ്‌കൂളിലെ പോളിങ് ബൂത്തിൽ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP