Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മലവെള്ളം കുത്തിയൊഴുകി വന്നപ്പോൾ ഉറക്കത്തിൽ ജീവൻ നഷ്ടമായത് 17 പേർക്ക്; അഞ്ച് പേർ ഇപ്പോഴും കാണാമറയത്ത്; പൂർണമായി ഇല്ലാതായത് 55 വീടുകൾ; വയനാട് പുത്തുമല ദുരന്തം ഓർമകളിൽ നിന്ന് മായും മുമ്പേ സമീപത്ത് ചെമ്പോത്തറയിൽ കുന്നിടിക്കലും മണ്ണ് കടത്തലും തകൃതി; മണ്ണ് കൊണ്ടുപോകുന്നത് വീട് നഷ്ടപ്പെട്ടവർക്കെന്ന് മേപ്പാടി പഞ്ചായത്ത്; ലോറികൾ യഥാർഥത്തിൽ പായുന്നത് സ്വകാര്യ ഇഷ്ടികക്കളത്തിലേക്ക്; ടിപ്പറും ജെസിബിയും പൊക്കി വയനാട് എസ്‌പി ഹീറോ ആയെങ്കിലും വീണ്ടുമൊരു ദുരന്തഭീതിയിൽ പുത്തുമലക്കാർ

മലവെള്ളം കുത്തിയൊഴുകി വന്നപ്പോൾ ഉറക്കത്തിൽ ജീവൻ നഷ്ടമായത് 17 പേർക്ക്; അഞ്ച് പേർ ഇപ്പോഴും കാണാമറയത്ത്; പൂർണമായി ഇല്ലാതായത് 55 വീടുകൾ; വയനാട് പുത്തുമല ദുരന്തം ഓർമകളിൽ നിന്ന് മായും മുമ്പേ സമീപത്ത് ചെമ്പോത്തറയിൽ കുന്നിടിക്കലും മണ്ണ് കടത്തലും തകൃതി; മണ്ണ് കൊണ്ടുപോകുന്നത് വീട് നഷ്ടപ്പെട്ടവർക്കെന്ന് മേപ്പാടി പഞ്ചായത്ത്; ലോറികൾ യഥാർഥത്തിൽ പായുന്നത് സ്വകാര്യ ഇഷ്ടികക്കളത്തിലേക്ക്; ടിപ്പറും ജെസിബിയും പൊക്കി വയനാട് എസ്‌പി ഹീറോ ആയെങ്കിലും വീണ്ടുമൊരു ദുരന്തഭീതിയിൽ പുത്തുമലക്കാർ

എം മനോജ് കുമാർ

കൽപ്പറ്റ: പുത്തുമലയും കവളപ്പാറയും കേരളം മറക്കുമോ? കഴിഞ്ഞ ഓഗസ്റ്റിൽ ഒരേ സമയം നടന്ന ഉരുൾപൊട്ടലിൽ താഴ്‌വാരത്തിലെ ജീവിതങ്ങളെ ഒന്നാകെ തന്നെയാണ് ഈ ദുരന്തങ്ങൾ അപഹരിച്ചത്. മൂന്ന് കിലോമീറ്റർ ദൂരത്തിൽ 50 മീറ്ററോളം വീതിയിൽ കുതിച്ചെത്തിയ പ്രളയജലത്തിന്റെ സംഹാരതാണ്ഡവമാണ് പുത്തുമലയിൽ നടന്നത്. 17 പേരാണ് പ്രളയത്തിൽ മുങ്ങിയത്. 85 വീടുകളിൽ 55 വീട് പൂർണമായും തകരുകയും ചെയ്തു. മലപ്പുറം കവളപ്പാറയിലെ ദുരന്തത്തിൽ 59 പേർക്ക് ജീവൻ നഷ്ടമാവുകയും 44 ഓളം വീടുകൾ ഒലിച്ചു പോവുകയും ചെയ്തു. ഗാഡ്ഗിൽ കമ്മിഷൻ റിപ്പോർട്ടിലെ കൈ ചൂണ്ടലുകളെ കേരളത്തെ വീണ്ടും ഓർമ്മിപ്പിച്ച ദുരന്തമായിരുന്നു ഇത്. മലയും കുന്നുമൊക്കെ നാമാവശേഷമാക്കിയാൽ മലയിറങ്ങുന്ന ദുരന്തം ജനതയെ മണ്ണിന്നടിയിലാക്കുമെന്ന് ഈ ദുരന്തങ്ങൾ വീണ്ടും ഓർമ്മിപ്പിച്ചു. തത്ക്കാലത്തേക്കെങ്കിലും കരിങ്കൽ ക്വാറികൾക്ക് വിലക്ക് വീണു. മലയും കുന്നുമിടിക്കുന്ന ജെസിബികൾക്കും നിരോധനം വന്നു. അതൊക്കെ ആഴ്ചകളോ, മാസങ്ങളോ മാത്രം. വയനാടിലെ മണ്ണ്-ക്വാറി മാഫിയകൾ ഇടക്കാലത്തിനു ശേഷം വീണ്ടും ഇപ്പോൾ സജീവമായിരിക്കുന്നു.

മേപ്പാടിയിൽ രാത്രികാലങ്ങളിലെ കുന്നും മലയും ഇടിച്ച് നിരത്തുന്നത് ഇപ്പോൾ സ്ഥിരം കാഴ്‌ച്ചയാവുകയാണ്. മരങ്ങൾ മുറിച്ച് മാറ്റിയതിനെ തുടർന്ന് മണ്ണിനടിയിൽ നടന്ന പൈപ്പിങ് പ്രതിഭാസമാണ് പുത്തുമല ദുരന്തം എന്നാണ് ജിയോളജി വകുപ്പിന്റെ പിന്നീടുള്ള പഠനം പറഞ്ഞത്. ഒൻപത് ഇടങ്ങളിൽ നിന്നായി ഒന്നര മീറ്ററോളം ആഴത്തിലുള്ള മണ്ണ് താഴേക്ക് ഒലിച്ചെത്തി. അഞ്ചു ലക്ഷം ടൺ മണ്ണും അഞ്ചു ലക്ഷം ഘന മീറ്റർ വെള്ളവുമാണ് ഒഴുകിയെത്തിയത്. ഇതാണ് നിരവധി ജീവനുകളെടുത്ത പുത്തുമല ദുരന്തത്തിനു കാരണമായത്. ഒരു ജനതയെ മൊത്തത്തിൽ ഇല്ലാതാക്കിയ ഈ പുത്തുമലയ്ക്ക് സമീപമുള്ള സ്ഥലങ്ങളിൽ മണ്ണ് മാഫിയയുടെ തേർവാഴ്ചയാണ് നടക്കുന്നത് എന്നത് വിരോധാഭാസവുമാകുന്നു. പുത്തുമലയിലെ പുനരധിവാസ പ്രവർത്തനങ്ങൾ നടക്കുമ്പോൾ തന്നെയാണ് മറുവശത്ത് നിർബാധം മണ്ണിടിക്കലും തുടരുന്നത്.

ദുരന്തത്തിൽ മേപ്പാടി പുത്തുമലയിൽ നൂറേക്കറോളം സ്ഥലം ഒലിച്ചുപോയത്. ഇതേ പുത്തുമലയോട് ചേർന്ന ചെമ്പോത്തറയാണ് കുന്നിടിക്കലും മണ്ണ് കടത്തലും തുടരുന്നത്. കുന്നിടിക്കൽ പതിവായപ്പോൾ പൊറുതിമുട്ടി നാട്ടുകാർ രാത്രി വയനാട് എസ്‌പിയെ വിളിച്ചു പറഞ്ഞപ്പോൾ എസ്‌പിയുടെ നിർദ്ദേശ പ്രകാരം പൊലീസ് രാത്രിക്ക് രാത്രി തന്നെ കുന്നിടിക്കൽ സ്ഥലത്ത് നിന്നും മൂന്നു ടിപ്പറും ഒരു ജെസിബിയും പിടിച്ചെടുത്തു. എസ്‌പിയുടെ ഇടപെടൽ ഉള്ളതിനാൽ തത്ക്കാലം ഒന്നും ചെയ്യാനില്ലാത്തതിനാൽ ഈ ടിപ്പറുകളും ജെസിബിയുമെല്ലാം മേപ്പാടി സ്റ്റേഷനിൽ പിടിച്ചിട്ടിരിക്കുകയാണ്. ഈ ലോറികളും ജെസിബിയും ഇതുവരെ വിട്ടു നൽകിയിട്ടില്ലെന്ന് മേപ്പാടി പൊലീസ് മറുനാടനോട് വ്യക്തമാക്കി. മൂന്നാല് ദിവസം മുൻപാണ് നാട്ടുകാരുടെ പരാതി വന്നപ്പോൾ അർദ്ധരാത്രി എസ്‌പിയുടെ ഇടപെടൽ വന്നത്. രാത്രി കാലത്ത് മണ്ണ് കൊണ്ടുപോകാൻ വയനാട്ടിൽ ജിയോളജി വകുപ്പ് അനുമതി നൽകുന്നില്ല. പകൽ മണ്ണ് കൊണ്ടുപോകാനാണ് പാസ് നൽകുന്നത്. അതുകൊണ്ട് തന്നെ രാത്രികാല മണ്ണ് കടത്ത് അനധികൃതമാണ്. ടൺ കണക്കിന് മണ്ണാണ് മേപ്പാടിയിൽ നിന്നും രാത്രികാലങ്ങളിൽ കടത്തുന്നത്.

കേരളത്തിലെ ഉരുൾപ്പൊട്ടൽ മേഖലയെന്നു വിശേഷിപ്പിക്കപ്പെടുന്ന പുത്തുമല ഉൾപ്പെടുന്ന മേപ്പാടിയിലാണ് മണ്ണിടിക്കൽ നിർബാധം തുടരുന്നത്. മണ്ണുമായി കുതിക്കുന്ന ടിപ്പറുകളുടെയും ജെസിബികളുടെയും തേർവാഴ്ചയാണ് രാത്രിയിൽ നടക്കുന്നത്. പുത്തുമല ദുരന്തം കൺമുന്നിൽ ഉള്ളതിനാൽ കുന്നിടിച്ച് നിർബാധമുള്ള മണ്ണെടുപ്പ് കണ്ട് ആശങ്കയിലാണ് ജനങ്ങൾ. ഇത്തരം കാര്യങ്ങളിൽ ശക്തമായ നടപടികൾ കൈക്കൊള്ളേണ്ട മേപ്പാടി പഞ്ചായത്ത് അനങ്ങാത്തതും ജനങ്ങളുടെ ഉറക്കം കെടുത്തുന്നു.

നാട്ടുകാർ വിളിച്ച് പറഞ്ഞാണ് കുന്നിടിക്കൽ അറിഞ്ഞു പൊലീസ് എത്തുന്നത്. ജെസിബിയും ടിപ്പറുകളും സ്റ്റേഷനിൽ പിടിച്ചിട്ടാലും നൈസായി ഇവർ ഇറങ്ങിപ്പോകുന്നതും ജനങ്ങളുടെ കൺമുന്നിൽ നിന്നാണ്. എവിടെ നിന്നൊക്കെയുള്ള ശക്തമായ ഇടപെടൽ ഈ കാര്യത്തിലുണ്ട് എന്നാണ് അറിയാൻ കഴിഞ്ഞത്. മണ്ണ് മാഫിയയും അധികാര കേന്ദ്രങ്ങളും കൈകോർക്കുമ്പോൾ എന്ത് രക്ഷ എന്ന അവസ്ഥയിലാണ് നാട്ടുകാർ. പുത്തുമല ദുരന്തത്തിന്റെ ഭീതിത ദൃശ്യങ്ങൾ മറയാതെ നാട്ടുകാരുടെ കൺമുന്നിൽ നിൽക്കുമ്പോൾ ഇനി എന്ത് രക്ഷ എന്ന ആശങ്കയിലാണ് മേപ്പാടിക്കാർ.

ടിപ്പറുകൾ രാത്രികാലങ്ങളിൽ വന്നു മേപ്പാടി ചെമ്പോത്തറയിൽ നിന്ന് കുന്നിടിച്ച് മണ്ണു കൊണ്ടുപോവുകയാണ്. നാട്ടുകാരുടെ പരാതി വന്നപ്പോൾ പൊലീസ് ഇടപെടൽ വന്നപ്പോൾ ടിപ്പറുകൾ സ്റ്റെഷനിലെത്തി. പിന്നാലെ ഉന്നതതല വിളികളുമെത്തി. ടിപ്പറുകൾ സ്റ്റേഷനിൽ നിന്ന് ഇറക്കിക്കൊണ്ട് പോവുകയും ചെയ്തു. സിപിഎമ്മിന്റെ പാർട്ടി ഗ്രാമമാണ് മേപ്പാടിയിലെ ചെമ്പോത്തറ. പുത്തുമലയിലെ ആളുകൾക്ക് വീട് വെയ്ക്കാൻ എന്ന രീതിയിലാണ് മണ്ണ് കൊണ്ടുപോകുന്നത്. പക്ഷെ ചില ടിപ്പറുകളിലെ മണ്ണ് നീങ്ങുന്നത് ചെമ്പോത്തറയിലെ സ്വകാര്യ ഇഷ്ടികക്കളത്തിലേക്കാണെന്നും അറിയാൻ കഴിഞ്ഞു. പുത്തുമലയുടെ പേര് പറഞ്ഞാണ് ഈ മണ്ണ് കടത്ത്. വയല് കുഴിച്ചിട്ടാണ് ഈ ഇഷ്ടികക്കളമുണ്ടാക്കുന്നത്. ഈ ഇഷ്ടികക്കളത്തിനു ലൈസൻസ് ലഭിച്ചിട്ടില്ലെന്നും സംസാരമുണ്ട്. മണ്ണ് കൊണ്ട് വന്നു ഇഷ്ടികക്കളത്തിൽ നിറച്ചു മണ്ണ് കുഴിക്കുന്ന പ്രക്രിയ തുടരുന്നതിനാൽ സമീപ പ്രദേശങ്ങളിലെ കിണറുകളിലെ വെള്ളം കലങ്ങുന്നതായും നാട്ടുകാർക്ക് പരാതിയുള്ളതായും അറിയാൻ കഴിഞ്ഞു.

പുത്തുമല ദുരന്തം വന്നത് മേപ്പാടി പഞ്ചായത്തിൽ തന്നെയാണെങ്കിലും മേപ്പാടിയിലെ ഈ കുന്നിടിക്കലിൽ മേപ്പാടി പഞ്ചായത്ത് പ്രസിഡന്റ് സഹദിനു വലിയ ആശങ്കയുള്ളതായി തോന്നിയില്ല. കുന്നിടിക്കൽ വഴിയുള്ള മണ്ണ് കൊണ്ടുപോകുന്നത് പുത്തുമലയിൽ വീട് നഷ്ടമായവർക്കാണ് എന്നാണ് സഹദ് പറഞ്ഞത്. പക്ഷെ ഈ മണ്ണ് കൊണ്ടുപോകുന്നത് സ്വകാര്യ ഇഷ്ടികക്കളത്തിലേക്ക് ആണെന്ന് പറഞ്ഞപ്പോൾ അതറിയില്ല എന്നാണ് പഞ്ചായത്ത് പ്രസിഡന്റ്് മറുനാടനോട് പറഞ്ഞത്. വ്യാപക മണ്ണിടിച്ചിൽ മേപ്പാടിയിൽ നടക്കുന്നില്ല. വീടും സ്ഥലവും നഷ്ടമായ ആൾക്ക് വീട് വെച്ച് കൊടുക്കാൻ മണ്ണ് കൊണ്ടുവന്നപ്പോൾ പൊലീസ് ടിപ്പറുകൾ പൊക്കി. ആ കാര്യത്തിൽ ഞാനിടപെട്ടിട്ടുണ്ട്. ജെസിബിക്കാർ തമ്മിൽ തല്ലാണ് മേപ്പാടി നടക്കുന്നത്. ഈയിടെയും തമ്മിൽ തമ്മിൽ അടിപൊട്ടി. വിവിധ റോഡു പണികൾ നടക്കുന്നുണ്ട്. അവിടങ്ങളിലുള്ള മണ്ണ് മാറ്റുന്നുണ്ട്. അതൊന്നും കുന്നിടിച്ചുള്ള മണ്ണ് കൊണ്ടുപോകലല്ല-സഹദ് പറയുന്നു.

പഞ്ചായത്ത് പ്രസിഡന്റിന്റെ വാദത്തിനു വിരുദ്ധമായ കാര്യങ്ങളാണ് ജിയോളജി വകുപ്പ് അധികൃതർ പറയുന്നത്. രാത്രി കാലങ്ങളിൽ കുന്നിടിക്കൽ നടക്കുന്നുണ്ട്. പൊലീസ് പലപ്പോഴും ഞങ്ങളെ വിളിച്ച് ഇൻഫോം ചെയ്യാറുണ്ട്. ഞങ്ങൾ പാസ് നൽകിയ ആളുകളല്ല മണ്ണ് കടത്തുന്നത്. രാത്രി കാലങ്ങളിൽ മണ്ണ് കടത്താൻ പാസും നൽകുന്നില്ല. മണ്ണ് കടത്ത് മേപ്പാടിയിൽ നടക്കുന്നുണ്ട്. അതിനു പൊലീസിൽ നിന്നുള്ള വിളികൾ തന്നെ തെളിവാണ്-ജിയോളജി വകുപ്പ് അധികൃതർ പറയുന്നു. ദുരന്തം കേരളത്തെ ഒന്നും പഠിപ്പിക്കുന്നില്ല എന്ന് തന്നെയാണ് പുത്തുമല ഉൾപ്പെടുന്ന മേപ്പാടിയിലെ അനധികൃത കുന്നിടിക്കൽ കേരളത്തോടു വിളിച്ചു പറയുന്നത്. ഇനിയുമൊരു പ്രകൃതി ദുരന്തം മേപ്പാടിയ്‌ക്കോ കേരളത്തിനോ താങ്ങാൻ കഴിയുന്ന അവസ്ഥയിലല്ല. പക്ഷെ ദുരന്തത്തിലേക്ക് തന്നെയാണ് പ്രയാണം എന്നാണ് മേപ്പാടി നൽകുന്ന സൂചനയും

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP