Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഒരു ലക്ഷത്തോളം വളണ്ടിയർമാർ; 70 ഇടങ്ങളിൽ വാർറൂമുകൾ; പണം ഇല്ലാതിരുന്നിട്ടും ആളെ ഇറക്കി കെജ്രിവാൾ; ഓരോ സീറ്റിലും 1800 പ്രത്യേക വളണ്ടിയർമാരെ നിയമിച്ച് അധികാരത്തിന്റെയും പണത്തിന്റയും മിടുക്കിൽ ബിജെപി; റോളൊന്നുമില്ലെന്ന് തിരിച്ചറിഞ്ഞ് കോൺഗ്രസ്; ഡൽഹിയിൽ ബിജെപിയും ആപ്പും ഏറ്റു മുട്ടുമ്പോൾ തെരഞ്ഞെടുപ്പിൽ അനേകം പുതുമകൾ നിറച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ

ഒരു ലക്ഷത്തോളം വളണ്ടിയർമാർ; 70 ഇടങ്ങളിൽ വാർറൂമുകൾ; പണം ഇല്ലാതിരുന്നിട്ടും ആളെ ഇറക്കി കെജ്രിവാൾ; ഓരോ സീറ്റിലും 1800 പ്രത്യേക വളണ്ടിയർമാരെ നിയമിച്ച് അധികാരത്തിന്റെയും പണത്തിന്റയും മിടുക്കിൽ ബിജെപി; റോളൊന്നുമില്ലെന്ന് തിരിച്ചറിഞ്ഞ് കോൺഗ്രസ്; ഡൽഹിയിൽ ബിജെപിയും ആപ്പും ഏറ്റു മുട്ടുമ്പോൾ തെരഞ്ഞെടുപ്പിൽ അനേകം പുതുമകൾ നിറച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: അങ്ങനെ ഏവരും ആകാംക്ഷയോടെ കാത്ത് കാത്തിരുന്ന ഡൽഹി തെരഞ്ഞെടുപ്പ് ഇന്ന് തുടങ്ങിയിരിക്കുകയാണ്. ഇന്ന് രാവിലെ എട്ട് മുതൽ വൈകുന്നേരം ആറ് വരെയാണ് ഡൽഹിയിൽ വോട്ടെടുപ്പ് നടക്കുന്നത്. രാജ്യ തലസ്ഥാനത്തെ അധികാരം നിലനിർത്തുന്നതിനായി ഭരണകക്ഷിയായ ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തിൽ അരയും തലയും മുറുക്കിയാണ് രംഗത്തിറങ്ങിയിരിക്കുന്നത്. ഇപ്രാവശ്യമെങ്കിലും രാജ്യ തലസ്ഥാനത്ത് അധികാരം പിടിച്ചെടുക്കണമെന്ന് ദൃഢപ്രതിജ്ഞ ചെയ്ത ബിജെപി കടുത്ത മത്സരത്തോടെയാണ് ഗോദയിലുള്ളത്.

ഒരു ലക്ഷത്തോളം വളണ്ടിയർമാർ, 70 ഇടങ്ങളിൽ വാർറൂമുകൾ തുടങ്ങിയ സന്നാഹങ്ങളാണ് പണം ഇല്ലാതിരുന്നിട്ടും ആളെ ഇറക്കി കെജ്രിവാൾ തെരഞ്ഞെടുപ്പിനായി നടപ്പിലാക്കിയിരിക്കുന്നത്. ഇതിനെ നേരിടാനായി ഓരോ സീറ്റിലും 1800 പ്രത്യേക വളണ്ടിയർമാരെ നിയമിച്ച് അധികാരത്തിന്റെയും പണത്തിന്റയും മിടുക്കിൽ ബിജെപി ഇന്ദ്രപ്രസ്ഥം പിടിക്കാൻ ആഞ്ഞ് ശ്രമിക്കുന്നുണ്ട്. ആപ്പും ബിജെപിയും ഇത്തരത്തിൽ ഏറ്റ് മുട്ടുമ്പോൾ തങ്ങൾക്ക് ഡൽഹിയിൽ പ്രത്യേകിച്ച് റോളൊന്നുമില്ലെന്ന് തിരിച്ചറിഞ്ഞിരിക്കുകയാണ് കോൺഗ്രസ്. ഡൽഹി തെരഞ്ഞെടുപ്പിൽ അനേകം പുതുമകൾ നിറച്ച് തെരഞ്ഞെടുപ്പ് കമ്മീഷനും മുന്നോട്ട് വന്നിട്ടുണ്ട്.

ആം ആദ്മിക്ക് ഒരു ലക്ഷത്തോളം വളണ്ടിയർമാരും 70 ഇടങ്ങളിൽ വാർറൂമുകളും
ഡൽഹിയിൽ തങ്ങളുടെ അധികാരം നിലനിർത്തുന്നതിനായി ഇന്ന് നടക്കുന്ന തെരഞ്ഞെടുപ്പിൽ കടുത്ത ഒരുക്കങ്ങളാണ് ഇവിടുത്തെ ഭരണകക്ഷിയായ ആം ആദ്മി പാർട്ടി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തിൽ നടപ്പിലാക്കിയിരിക്കുന്നത്. ഇതിന്റെ ഭാഗമായിട്ടാണ് ഒരു ലക്ഷത്തോളം വളണ്ടിയർമാരെ ഇറക്കിയതിന് പിന്നാലെ 70 ഇടങ്ങളിൽ വാർറൂമുകളും പാർട്ടി തുറന്നിരിക്കുന്നത്. പാർട്ടിക്ക് പരമാവധി വോട്ടുകൾ നേടിയെടുക്കാനും ഇലക്ട്രോണിക് വോട്ടിങ് മെഷീനിൽ എവിടെയെങ്കിലും കൃത്രിമം കാണിക്കുന്നുണ്ടോയെന്ന് സൂക്ഷ്മമായി നിരീക്ഷിക്കുന്നതിനുമാണ് പാർട്ടി അസാധാരണമായ മുൻകരുതലുകൾ ഡൽഹിയിലുടനീളം പ്രാവർത്തികമാക്കിയിരിക്കുന്നത്.

രാഷ്ട്രീയപാർട്ടികളെ തെരഞ്ഞെടുപ്പ് തന്ത്രങ്ങളിൽ സഹായിക്കുന്ന ഐ-പിഎസി എന്ന സ്ഥാപനവുമായി ചേർന്നാണ് ആം ആദ്മി പാർട്ടി ഡൽഹിയിൽ 70 വാർ റൂമുകൾ തുറന്നിരിക്കുന്നത്. ഓരോ അസംബ്ലി മണ്ഡലത്തിലും ഇത്തരം റൂമുകളുണ്ട്. ഇവയെ ഏകോപിപ്പിക്കുന്നതിനായി ഫിറോസ് ഷാ റോഡിൽ ഒരു സെൻട്രൽ വാർറൂമും സജ്ജമാക്കിയിരിക്കുന്നു. വോട്ടർമാർക്ക് സൗകര്യപ്രദമായി വോട്ട് ചെയ്യുന്നതിന് സഹായമേകുന്നതിനായി 67,815 ബൂത്ത് മൊബൈലൈസർമാരെ നിയോഗിച്ചുവെന്നാണ് ഒരു പ്രസ്താവനയിലൂടെ ആം ആദ്മി വെളിപ്പെടുത്തിയിരിക്കുന്നത്. ഇവർക്ക് പുറമെ 27,126 ബൂത്ത് ലവൽ ഏജന്റുമാരെയും ആപ്പ് സജ്ജമാക്കിയിട്ടുണ്ട്. ഡൽഹിയിലെ മൊത്തം 13,563 ബൂത്തുകളിലായിരിക്കും ഇവർ സേവനം ചെയ്യുന്നത്. ഇത് പ്രകാരം ഓരോ ബൂത്തിലും ആപ്പിന്റെ ചുരുങ്ങിയത് രണ്ട് ഏജന്റുമാരുണ്ടാകും. ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളെ സൂക്ഷ്മമായി നിരീക്ഷിക്കാനും കൃത്രിമത്വങ്ങൾ തിരിച്ചറിയാനും പ്രത്യേകം പരിശീലനം നേടിയവരാണീ ബൂത്ത് തല ഏജന്റുമാർ.

ഇന്ദ്രപ്രസ്ഥം പിടിക്കാൻ ഓരോ സീറ്റിലും 1800 പ്രത്യേക വളണ്ടിയർമാരെ നിയമിച്ച് ബിജെപി
ഇപ്രാവശ്യമെങ്കിലും തലസ്ഥാനം പിടിച്ചില്ലെങ്കിൽ നാണക്കേടാണെന്ന് തിരിച്ചറിഞ്ഞ ബിജെപി ഇതിനായി മുമ്പില്ലാത്ത ഒരുക്കങ്ങളാണ് നടത്തിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി ഡൽഹിയിലെ ഓരോ സീറ്റിലും 1800 വളണ്ടിയർമാരെ ബിജെപി പ്രത്യേകമായി നിയോഗിച്ചിട്ടുണ്ട്. കേന്ദ്രം ഭരിക്കുന്ന പാർട്ടിയെന്ന നിലയിൽ അധികാരത്തിന്റെയും പണത്തിന്റെയും മിടുക്ക് ഡൽഹിയിൽ കാണിച്ച് അധികാരം കൈവശത്താക്കാനാണ് മോദിയും അമിത്ഷായും ഇവിടെ ശ്രമിക്കുന്നത്. ഇന്ന് പോളിങ് ദിവസം ബിജെപിക്ക് പരമാവധി വോട്ട് ലഭിക്കുന്നതിന് വേണ്ടതെല്ലാം ചെയ്യുന്നതിനാണ് ഓരോ സീറ്റിലെയും 1800 ബിജെപി വളണ്ടിയർമാർ ശ്രമിക്കുക.

ഇതിന് പുറമെ ഓരോ പോളിങ് ബൂത്തിലും തങ്ങളുടെ പത്ത് മുതൽ 15 പ്രവർത്തകരെയും ബിജെപി ഇന്ന് നിയോഗിച്ചിരിക്കുന്നു. തെരഞ്ഞെടുപ്പ് ദിവസത്തെ സ്ഥിതിഗതികൾക്ക് മേൽനോട്ടം നടത്തുന്നതിനായി മുതിർന്ന നേതാക്കൾ പ്രത്യേക യോഗം ചേരുകയും ചെയ്തിരുന്നു. ദേശീയതയിൽ ഊന്നിയ തങ്ങളുടെ പ്രചാരണം പാർട്ടിയെ വിജയത്തിലേക്ക് നയിക്കുമെന്നാണ് നേതാക്കൾ അവകാശപ്പെടുന്നത്. ഡൽഹി അസംബ്ലിയിലെ 70 സീററുകളിൽ തങ്ങൾ 45ൽ അധികം നേടുമെന്നാണ് അമിത് ഷാ അവകാശപ്പെടുന്നത്. ആപ്പ് സ്ഥാനാർത്ഥികൾ തെരഞ്ഞെടുപ്പ് നിയമം ലംഘിച്ച് പ്രചാരണം നടത്തിയെന്ന് ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതികളും സമർപ്പിച്ചിരുന്നു.

ഡൽഹി തെരഞ്ഞെടുപ്പിൽ അനേകം പുതുമകൾ നിറച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ
ഇപ്രാവശ്യത്തെ ഡൽഹി തെരഞ്ഞെടുപ്പ് നീതുപൂർവകമാക്കുന്നതിനും തട്ടിപ്പുകൾ ഇല്ലാതാക്കുന്നതിനുമായി തെരഞ്ഞടുപ്പ് കമ്മീഷൻ പുതിയ നിരവധി പരിഷ്‌കാരങ്ങൾ നടപ്പിലാക്കിയിരിക്കുന്നു. സ്ലിപ്പുകൾക്ക് മേൽ ക്യൂ ആർ കോഡ്, ബൂത്തുകളിൽ വെബ് കാസ്റ്റിങ് തുടങ്ങിയവ ഇവയിൽ ചിലതാണ്. ഇന്ന് ഡൽഹിയിൽ 14.7 മില്യൺ പേരാണ് വോട്ട് ചെയ്യാനെത്തുന്നത്. ദേശീയ തലസ്ഥാനത്ത് 2689 ഇടങ്ങളിലായി 13,751 പോളിങ് ബൂത്തുകളിലാണ് പുതിയ പരിഷ്‌കാരങ്ങൾ പ്രാവർത്തികമാക്കി തെരഞ്ഞെടുപ്പ് നടന്ന് കൊണ്ടിരിക്കുന്നത്. ഇവിടെ സുഗമമായി തെരഞ്ഞെടുപ്പ് നടത്താൻ സാധ്യമായതെല്ലാം ചെയ്തിരിക്കുന്നുവെന്നാണ് ഡൽഹി ചീഫ് ഇല്ക്ടോറൽ ഓഫീസറായ റൺബീർ സിങ് പറയുന്നത്.

സാങ്കേതിക വിദ്യയെ പരമാവധി ഉപയോഗിച്ച് തെരഞ്ഞെടുപ്പ് സുതാര്യമാക്കാൻ എല്ലാം ഇവിടെ ചെയ്തിരിക്കുന്നുവെന്നും അതിന്റെ ഭാഗമായിട്ടാണ് സ്ലിപ്പുകളിൽ ക്യൂ ആർ കോഡും ബൂത്തുകളിൽ വെബ് കാസ്റ്റിംഗും ഏർപ്പെടുത്തിയതെന്നും അദ്ദേഹം വിശദീകരിക്കുന്നു.14,484 ബാലറ്റ് യൂണിറ്റുകൾ, അല്ലെങ്കിൽ ഇലക്ടോണിക്സ് വോട്ടിങ് മെഷീനുകൾ, 13,571 കൺട്രോൾ യൂണിറ്റുകൾ, വോട്ടർ വെരിഫൈയബിൾ ഓഡിറ്റ് ട്രെയിലുകൾ, തുടങ്ങിയവയും ഇവിടെ ഏർപ്പാടാക്കിയിരിക്കുന്നു. ഇതിന് പുറമെ 4,416 ബാലറ്റ് യൂണിറ്റുകൾ, 4145 കൺട്രോൾ യൂണിറ്റുകൾ, 5617 വിവിപിഎടിഎസുകൾ എന്നിവയും ഏർപ്പെടുത്തിയതായി അദ്ദേഹം വിശദീകരിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP