Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കേരളീയ വാസ്തുശില്പമാതൃകയിൽ കൊട്ടാരം നിർമ്മിച്ചിരിക്കുന്നത് കല്ലും മരവും ഉപയോഗിച്ച്: മണ്ഡപക്കെട്ട് എന്നറിയപ്പെടുന്ന കൊട്ടാരത്തിന് എട്ടുകെട്ടിന്റെ മാതൃക; പ്രൗഡി വിളിച്ചറിയിക്കാൻ മുന്നിലെ മുഖമണ്ഡപം; പൈതൃക സ്മാരകമാകാൻ തയ്യാറായി കോയിക്കൽ കൊട്ടാരം; നവീകരണത്തിന് മൂന്ന് കോടി രൂപ വകയിരുത്തി ബജറ്റ് പ്രഖ്യാപനം; യാഥാർത്ഥ്യമാകുന്നതോടെ പരിഹരിക്കപ്പെടുന്നത് നാട്ടുകാരുടെ ഏറെ നാളത്തെ ആവശ്യം

കേരളീയ വാസ്തുശില്പമാതൃകയിൽ കൊട്ടാരം നിർമ്മിച്ചിരിക്കുന്നത് കല്ലും മരവും ഉപയോഗിച്ച്: മണ്ഡപക്കെട്ട് എന്നറിയപ്പെടുന്ന കൊട്ടാരത്തിന് എട്ടുകെട്ടിന്റെ മാതൃക; പ്രൗഡി വിളിച്ചറിയിക്കാൻ മുന്നിലെ മുഖമണ്ഡപം; പൈതൃക സ്മാരകമാകാൻ തയ്യാറായി കോയിക്കൽ കൊട്ടാരം; നവീകരണത്തിന് മൂന്ന് കോടി രൂപ വകയിരുത്തി ബജറ്റ് പ്രഖ്യാപനം; യാഥാർത്ഥ്യമാകുന്നതോടെ പരിഹരിക്കപ്പെടുന്നത് നാട്ടുകാരുടെ ഏറെ നാളത്തെ ആവശ്യം

മറുനാടൻ മലയാളി ബ്യൂറോ

ആറ്റിങ്ങൽ: നൂറ്റാണ്ടുകളുടെ ചരിത്രംപേറുന്ന ആറ്റിങ്ങൽ കോയിക്കൽകൊട്ടാരം ഇന്നും സന്ദർശകർക്ക് ഏറെ വിസ്മയ കൊട്ടാരം എന്ന് തന്നെ വിശേഷിപ്പിക്കാം. എന്നാൽ സംസ്ഥാന ബജറ്റിൽ കോയിക്കൽ കൊട്ടാരത്തിന്റെ നവീകരണത്തിന് തുകയനുവദിച്ച് സർക്കാർ. കോയിക്കൽ കൊട്ടാരം പൈതൃക സ്മാരമാക്കുന്നതിന് വേണ്ടിയാണ് മൂന്ന് കോടി രൂപ ബജറ്റിൽ വകയിരുത്തിയിരിക്കുന്നത്. ആറ്റിങ്ങൽ കലാപത്തിന്റെ മുന്നൂറാം വാർഷികത്തോടനുബന്ധിച്ചുള്ള ഈ പ്രഖ്യാപനം യാഥാർത്ഥ്യമാകുന്നതോടെ പരിഹരിക്കപ്പെടുന്നത് നാട്ടുകാരുടെ ഏറെ നാളായുള്ള ആവശ്യം കൂടിയാണ്.

നിലവിൽ ദേവസ്വം ബോർഡിന്റെ അധീനതയിലാണ് ഇപ്പോൾ കൊട്ടാരം. തിരുവിതാംകൂർ രാജവംശത്തിന്റെ പരദേവതാസ്ഥാനമായ തിരുവാറാട്ടുകാവ് ദേവീ ക്ഷേത്രമുൾപ്പെടെ നാല് ക്ഷേത്രങ്ങളാണ് കൊട്ടാരത്തിനുള്ളിൽ സ്ഥിതി ചെയുന്നത്. തിരുവിതാംകൂർ രാജവംശത്തിന്റെ അമ്മ വീടായ ആറ്റിങ്ങലിൽ രാജവംശവുമായി ബന്ധപ്പെട്ട 'അരിയിട്ടുവാഴ്ച' എന്ന പ്രസിദ്ധമായ ചടങ്ങ് ഇപ്പോഴും മുടങ്ങാതെ നടത്തി വരുന്നുണ്ട്.

പത്മനാഭ സ്വാമി ക്ഷേത്രത്തിലെ ആറാട്ട് കഴിഞ്ഞാൽ രാജാവ് ജനങ്ങളുടെ ക്ഷേമത്തിനായി ഉടവാളേന്തുന്ന ഏക ചടങ്ങാണിത്. ക്ഷേത്രങ്ങൾ കൂടാതെ കെട്ടാരത്തിന്റെ മുഖമണ്ഡപവും അതിനോട് ചേർന്ന് ഒരു ഊട്ടുപുരയും കൊട്ടാരത്തിൽ സ്ഥിതി ചെയുന്നു. കൊട്ടാരത്തെ ദേവസ്വം ബോർഡിന്റെ അധീനതയിൽ നിന്നും പുരാവസ്തുവകുപ്പ് ഏറ്റെടുക്കാനുള്ള നടപടികളും ത്വരിതഗതിയിലാണ്. അങ്ങനെ ഏറ്റെടുത്താകും പൈതൃകസ്മാരകം സ്ഥാപിക്കുക. ചരിത്രത്തിൽ ഏറെ പ്രാധാന്യമുള്ള ഒന്നാണ് ആറ്റിങ്ങൽ കൊട്ടാരം.

ഇന്ത്യയുടെ ചരിത്രത്തിൽ തന്നെ സുവർണ്ണ ലിപികളിൽ അടയാളപ്പെടുത്തേണ്ട ഒരിടം. 1721 ഏപ്രിൽ 14ലെ ആറ്റിങ്ങൽ കലാപം ബ്രിട്ടീഷുകാർക്കെതിരെ ഇന്ത്യയിൽ നടന്ന ആദ്യത്തെ സംഘടിത സായുധ സമരമാണ്. വ്യാപാരങ്ങൾക്കായി ബ്രിട്ടീഷുകാർ അഞ്ചുതെങ്ങിൽ കോട്ട സ്ഥാപിച്ചത് ആറ്റിങ്ങൽ റാണിയുടെ അനുമതിയോടെയാണ്. എന്നാൽ ജനങ്ങൾക്ക് അർഹമായ വില നൽകാതെ അവരെ ശാരീരികവുമായി വരെ ഉപദ്രവിച്ച ഈസ്‌റ് ഇന്ത്യ കമ്പനിക്ക് എതിരെ ക്ഷുഭിതരായ ജനങ്ങൾ രംഗത്ത് വരികയായിരുന്നു. 1721 ഏപ്രിൽ 14 വിഷു ദിനത്തിൽ ആറ്റിങ്ങൽ റാണിക്ക് കാഴ്ച ദ്രവ്യങ്ങളുമായി വന്ന ബ്രിട്ടീഷുകാരെ ആക്രമിച്ചു അവരുടെ ശവങ്ങൾ സമീപമുള്ള ഒരു പുഴയിൽ എറിഞ്ഞു. അങ്ങനെ വാമനപുരം നദിയുടെ കൈവഴിയായ പുഴ 'കൊല്ലുംപുഴ' ആയി, പിന്നീട് കൊല്ലംപുഴയായും ലോപിച്ചു.

ഇത്രയധികം പ്രാധാന്യമുള്ള ഒരു ചരിത്ര കെട്ടിടം വർഷങ്ങളായി അവഗണയുടെ പാതയിലായിരുന്നു. ശരിയായ രീതിയിൽ പരിപാലിക്കാതെ നശിച്ചു തുടങ്ങിയിരുന്നു. കൊട്ടാരം പുരാവസ്തുവകുപ്പ് ഏറ്റെടുത്ത് സംരക്ഷിക്കണമെന്നുള്ളത് വർഷങ്ങളായുള്ള ജനങ്ങളുടെ ആവിശ്യമാണ്. കൊട്ടാരത്തിന്റെ മുഖമണ്ഡപമെല്ലാം പൊളിഞ്ഞു വീണു തുടങ്ങിയിട്ടുമുണ്ട്. കൊട്ടാരത്തിന്റെ ചില ഭാഗങ്ങൾ സ്വകാര്യ ആശുപത്രിക്കും കല്യാണ മണ്ഡപത്തിനും വിട്ടു നൽകിയിരുന്നു.

സ്വകാര്യ ആശുപത്രിയുടെ ഭാഗമായ കൊട്ടാര ഭാഗങ്ങൾ എല്ലാം പൂർണമായും നശിച്ചിട്ടുണ്ട്. ഇപ്പോൾ അനുവദിച്ചിരിക്കുന്ന ഈ തുക വൈകി വന്ന വസന്തം പോലെയാകുമോ എന്ന് കണ്ടറിയണം. കൊട്ടാരത്തിൽ പ്രവർത്തിക്കുന്ന ക്ഷേത്രകലാപീഠവും അടച്ചു പൂട്ടലിന്റെ വക്കിലാണ്. ഇടയ്ക്ക് അതുകൊട്ടാരത്തിൽ നിന്നും മാറ്റിയിരുന്നു. എങ്കിലും നാട്ടുകാരുടെ ശക്തമായ ആവശ്യത്തെതുടർന്ന് ക്ഷേത്രകലാപീഠം പുനഃസ്ഥാപിക്കുകയായിരുന്നു. ആറ്റിങ്ങൽ കൊട്ടാരം പൈതൃകസ്മാരകമാക്കുന്നതിന് വേണ്ട നടപടികൾ എത്രയും പെട്ടെന്ന് പൂർത്തിയാക്കുമെന്ന് എംഎൽഎ ബി.സത്യൻ അറിയിച്ചു.

തിരുവിതാംകൂർ രാജകുടുംബത്തിന്റെ അമ്മവീടെന്ന നിലയിലും അഞ്ചുതെങ്ങ് കലാപത്തിന്റെ കേന്ദ്രബിന്ദുവെന്ന നിലയിലും ആറ്റിങ്ങൽ കൊട്ടാരത്തിനുള്ള ചരിത്രപ്രാധാന്യം വലുതാണ്. ഏകദേശം പത്തേക്കർ വിസ്തൃതിയിലാണ് കൊട്ടാരസമുച്ചയം നിലനിൽക്കുന്നത്. ഇതിൽ നാലു ക്ഷേത്രങ്ങളുൾപ്പെടുന്ന വലിയൊരു ഭാഗം തിരുവിതാംകൂർ രാജകുടുംബം ദേവസ്വംബോർഡിനു കൈമാറുകയായിരുന്നു. ചാവടിക്കു വടക്കുഭാഗത്തെ വസ്തുവകകൾ കുടുംബാംഗങ്ങൾ സ്വകാര്യവ്യക്തികൾക്കു കൈമാറി.

പൊളിഞ്ഞുതുടങ്ങിയ മുഖമണ്ഡപം നന്നാക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ പലതവണ ദേവസ്വംബോർഡിനും വകുപ്പുമന്ത്രിക്കും മുഖ്യമന്ത്രിക്കും നിവേദനങ്ങൾ നൽകിയിരുന്നു. എന്നാൽ, നടപടികൾ അധികൃതരുടെ സന്ദർശനങ്ങളിൽ മാത്രം ചുരുങ്ങി. ഇതേത്തുടർന്നാണ് കൊട്ടാരം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ പുരാവസ്തുവകുപ്പിനു നിവേദനം നൽകിയതും അതിന് ശേഷമാണ് ഇപ്പോൾ ബജറ്റിൽ കൊട്ടാരം നവീകരണത്തിനായി ഫണ്ട് അനുവദിക്കുന്നതെന്ന്ത് ഏറെ ശ്രദ്ധേയമാണ്.

കേരളീയ വാസ്തുശില്പമാതൃകയിൽ കല്ലും മരവും കൊണ്ടാണു കൊട്ടാരം നിർമ്മിച്ചിട്ടുള്ളത്. മണ്ഡപക്കെട്ട് എന്നറിയപ്പെടുന്ന കൊട്ടാരത്തിന് എട്ടുകെട്ടിന്റെ മാതൃകയാണ്. കൊട്ടാരത്തിന്റെ പ്രൗഢി വിളിച്ചറിയിക്കുന്നത് ഈ മുഖമണ്ഡപമാണ്. ഇതിനോടുചേർന്നുള്ള ഊട്ടുപുരയിലാണിപ്പോൾ ദേവസ്വംബോർഡിന്റെ ക്ഷേത്രകലാപീഠം പ്രവർത്തിക്കുന്നത്. മുഖമണ്ഡപത്തിന്റെ തകർച്ച ക്ഷേത്രകലാപീഠത്തിലെ വിദ്യാർത്ഥികൾക്കും അപകടഭീഷണി ഉയർത്തുന്നുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP