Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

തൊഴിലാളികളോട് ചർച്ച നടത്താൻ നാണക്കേടായതിനാൽ കോടതി പറഞ്ഞിട്ടും തൊടു ന്യായം പറഞ്ഞ് ഒഴിവാക്കി; കേസ് കോടതിയിൽ എത്തിയപ്പോൾ ചർച്ച നടത്തി വരാൻ പറഞ്ഞ് വീണ്ടും കേസ് മാറ്റി കോടതി; ഹൈക്കോടതി നിരീക്ഷകന്റെ സാന്നിധ്യത്തിലുണ്ടാക്കിയ ത്രികക്ഷി കരാർ ലംഘിച്ച് ജീവനക്കാരെ പിരിച്ചുവിടുകയും ബ്രാഞ്ചുകൾ പൂട്ടുന്നതും അംഗീകരിക്കില്ലെന്ന നിലപാടിലേക്ക് സർക്കാരും; മുത്തൂറ്റ് ഫിനാൻസ് മാനേജ്‌മെന്റ് നീങ്ങുന്നത് ഊരാക്കുടുക്കിലേക്ക്

തൊഴിലാളികളോട് ചർച്ച നടത്താൻ നാണക്കേടായതിനാൽ കോടതി പറഞ്ഞിട്ടും തൊടു ന്യായം പറഞ്ഞ് ഒഴിവാക്കി; കേസ് കോടതിയിൽ എത്തിയപ്പോൾ ചർച്ച നടത്തി വരാൻ പറഞ്ഞ് വീണ്ടും കേസ് മാറ്റി കോടതി; ഹൈക്കോടതി നിരീക്ഷകന്റെ സാന്നിധ്യത്തിലുണ്ടാക്കിയ ത്രികക്ഷി കരാർ ലംഘിച്ച് ജീവനക്കാരെ പിരിച്ചുവിടുകയും ബ്രാഞ്ചുകൾ പൂട്ടുന്നതും അംഗീകരിക്കില്ലെന്ന നിലപാടിലേക്ക് സർക്കാരും; മുത്തൂറ്റ് ഫിനാൻസ് മാനേജ്‌മെന്റ് നീങ്ങുന്നത് ഊരാക്കുടുക്കിലേക്ക്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: മുത്തൂറ്റ് ഫിനാൻസിലെ തൊഴിലാളി സമരവുമായി ബന്ധപ്പെട്ട് പൊലീസ് സംരക്ഷണം തേടി മാനേജിങ് ഡയറക്ടറും ജോലിക്ക് കയറാൻ തയ്യാറുള്ള ജീവനക്കാരും നൽകിയ ഹർജികൾ ഫെബ്രുവരി 19-ന് പരിഗണിക്കാൻ മാറ്റി. മാനേജ്‌മെന്റിന് കടുത്ത തിരിച്ചടിയാണ് ഈ കോടതി ഇടപെടൽ. കോടതി നിർദ്ദേശം മാനേജ്‌മെന്റ് അംഗീകരിക്കുന്നില്ലെന്ന തോന്നലിൽ നിന്നാണ് കേസ് കോടതി മാറ്റിയത്. അതുകൊണ്ട് തന്നെ ഇനി മാനേജ്‌മെന്റിന്റെ നീക്കങ്ങൾ നിർണ്ണായകമാകും.

പ്രശ്‌നപരിഹാരത്തിനായി ചർച്ച നടത്താൻ കോടതി നിർദ്ദേശിച്ചിരുന്നു. കഴിഞ്ഞ ദിവസം ചർച്ചയ്ക്കായി തീയതി നിശ്ചയിച്ചെങ്കിലും ഡയറക്ടർമാരുടെ യോഗം നടക്കുന്നതിനാൽ മാനേജ്‌മെന്റ് അസൗകര്യം അറിയിച്ചു. അതിനാൽ യോഗം നടന്നില്ല. ഫെബ്രുവരി 17-ന് ചർച്ചയ്ക്ക് തീയതി നിശ്ചയിച്ചുണ്ട്. ഇത് കണക്കിലെടുത്താണ് ഹർജി പിന്നീട് പരിഗണിക്കാൻ മാറ്റിയത്. ജീവനക്കാരുമായി ചർച്ച നടത്തുന്നതിന് മുത്തൂറ്റ് ഫിനാൻസ് മുതലാളിമാർക്ക് താൽപ്പര്യമില്ല. സർക്കാർ പലവട്ടം ആവശ്യപ്പെട്ടിട്ട് പോലും ചർച്ചകളോട് മുതലാളിമാർ മുഖം തിരിച്ചിരുന്നു. കോടതി പറഞ്ഞപ്പോഴും ഇതേ നിലപാടാണ് എടുത്തത്. ഡയറക്ടർ ബോർഡ് യോഗത്തിന്റെ കാര്യം പറഞ്ഞ് പൊലീസ് സുരക്ഷ ഉറപ്പിക്കാമെന്നും കരുതി. ഇത് മനസ്സിലാക്കിയാണ് കോടതിയും കേസ് മാറ്റി വച്ച് ശക്തമായ സന്ദേശം നൽകുന്നത്.

ഇതോടെ ജീവനക്കാരുടെ യോഗം മാനേജ്‌മെന്റിന് വിളിക്കേണ്ട സ്ഥിതിയും വരികയാണ്. ഹൈക്കോടതിയിൽ ജീവനക്കാരുടെ ഹർജിയും ഉണ്ട്. അതുകൊണ്ട് തന്നെ മാനേജ്‌മെന്റ് സ്വമേധയാ കേസ് പിൻവലിച്ചാലും വിഷയത്തിൽ ഹൈക്കോടതിക്ക് ഇടപെടാനാകും. അങ്ങനെ ആകെ വെട്ടിലായ അവസ്ഥയിലാണ് മൂത്തൂറ്റ് ഫിനാൻസ് ഗ്രൂപ്പ്. മുത്തൂറ്റ് ഫിനാൻസിലെ തൊഴിൽ തർക്കം പരിഹരിക്കാൻ ഹൈക്കോടതി നിരീക്ഷകന്റെ സാന്നിധ്യത്തിൽ നടത്തിയ ചർച്ച പരാജയപ്പെട്ടിരുന്നു. ഇതോടെയാണ് ഇനി തൊഴിലാളികളുമായി ചർച്ച വേണ്ടെന്ന നിലപാടിലേക്ക് മാനേജ്‌മെന്റ് എത്തിയത്. പിരിച്ചുവിട്ട തൊഴിലാളികളെ തിരിച്ചെടുത്ത ശേഷം മതി ചർച്ചയെന്ന നിലപാടായിരുന്നു സിഐടിയുവിന്. എന്നാൽ തീരുമാനം പുനഃപരിശോധിക്കാനില്ലെന്ന് മാനേജ്‌മെന്റും വ്യക്തമാക്കിയതോടെയാണ് ചർച്ച പരാജയപ്പെട്ടത്.

43 ബ്രാഞ്ചുകൾ പൂട്ടുകയും 164 തൊഴിലാളികളെ പിരിച്ചുവിടുകയും ചെയ്തതോടെയാണ് മുത്തൂറ്റ് ശാഖകളിൽ സിഐടിയുവിന്റെ നേതൃത്വത്തിൽ തൊഴിലാളികൾ സമരം പ്രഖ്യാപിച്ചത്. മാനേജ്‌മെന്റ് നടപടി ഒത്തു തീർപ്പ് ചർച്ചകളുടെ ലംഘനമാണെന്നാണ് സിഐടിയുവിന്റെ ആരോപണം. സമരത്തിനിടയിൽ കൊച്ചിയിൽ വെച്ച് മുത്തൂറ്റ് എം.ഡിക്ക് നേരെ ആക്രമണവുമുണ്ടായി. തുടർന്ന് ഹൈക്കോടതിയുടെ ഇടപെടലിലായിരുന്നു ഒത്തുതീർപ്പ് ചർച്ചകൾ. എന്നാൽ പിരിച്ചുവിട്ടവരെ തിരിച്ചെടുക്കാതെ ചർച്ച വേണ്ടെന്ന് സിഐടിയു നിലപാടെടുത്തു. 43 ശാഖകൾ പൂട്ടിയത് ബോർഡ് ആലോചിച്ചെടുത്ത തീരുമാനമാണെന്നും അത് സിഐടിയു പറഞ്ഞാൽ പുനഃപരിശോധിക്കാനാകില്ലെന്ന് മൂത്തൂറ്റ് മാനേജ്‌മെന്റ് പ്രതിനിധികളും അറിയിച്ചു. ചർച്ചകൾ തുടരാനാണ് ഹൈക്കോടതി നിരീക്ഷകന്റെ നിർദ്ദേശം. ഇതാണ് അട്ടിമറിക്കാൻ ശ്രമിച്ചത്. ഹൈക്കോടതി ഇടപെടലോടെ ചർച്ച തുടരേണ്ട സാഹചര്യമാണ് ഉണ്ടാകുന്നത്.

മുത്തൂറ്റ് ഫിനാൻസിനുമുന്നിൽ ജീവനക്കാർ നടത്തുന്ന സമരം അടിച്ചമർത്താനുള്ള മാനേജ്മെന്റ് നീക്കം വിലപ്പോകില്ലെന്ന് സിഐടിയു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ നേരത്തെ വ്യക്തമാക്കിയിരുന്നു. ഏറ്റെടുക്കുന്ന മുദ്രാവാക്യങ്ങളിൽനിന്ന് പിന്നോട്ടുപോകുന്നവരല്ല തൊഴിലാളികൾ. തൊഴിലാളികൾ സമരം ചെയ്യുന്നത് അവരുടെ ആവശ്യങ്ങൾക്കുവേണ്ടി മാത്രമല്ല, സമൂഹത്തിനുകൂടി വേണ്ടിയാണ്. തൊഴിലെടുക്കാൻ എല്ലാവർക്കും ജനാധിപത്യപരമായ അവകാശമുണ്ട്. അത് ഇല്ലാതാക്കാൻ ശ്രമിക്കുന്നത് നീതി നിഷേധമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

മുത്തൂറ്റിലെ ജീവനക്കാരെ മാനേജ്മെന്റ് പുറത്താക്കിയത് നിയമപരമല്ല. അതുകൊണ്ട് അറസ്റ്റ് ചെയ്യേണ്ടത് പുറത്താക്കിയ മുതലാളിയെയാണ്. നിയമാനുസൃതമായി പ്രശ്‌നം പരിഹരിക്കാൻ തൊഴിൽ മന്ത്രി വിളിച്ച യോഗത്തിൽ പങ്കെടുക്കാൻ തയ്യാറാകാത്ത ധിക്കാര നിലപാടാണ് മാനേജ്മെന്റിന്റേത്. സമരം രമ്യമായി പരിഹരിക്കാനും പിരിച്ചുവിട്ട തൊഴിലാളികളെ തിരിച്ചെടുക്കാനും മാനേജ്മെന്റ് തയ്യാറായില്ലെങ്കിൽ ശക്തമായ സമരത്തിലേക്ക് തൊഴിലാളികൾ നീങ്ങുമെന്നും ആനത്തലവട്ടം ആനന്ദൻ വ്യക്തമാക്കിയിട്ടുണ്ട്. മുത്തൂറ്റ് ഫിനാൻസിൽനിന്ന് 166 പേരെ പിരിച്ചുവിട്ടതിൽ പ്രതിഷേധിച്ച് നോൺ ബാങ്കിങ് ആൻഡ് പ്രൈവറ്റ് ഫിനാൻസ് എംപ്ലോയീസ് അസോസിയേഷൻ (സിഐടിയു) നടത്തുന്ന സമരം 38---ാം ദിവസത്തിലേക്ക് കടന്നിട്ടുണ്ട്.

മുത്തൂറ്റ് ഫിനാൻസിലെ തൊഴിൽ തർക്കവുമായി ബന്ധപ്പെട്ട് മാനേജ്മെന്റ് ഒത്തുതീർപ്പിനു തയാറാകുന്നില്ലെങ്കിൽ പ്രശ്നപരിഹാരത്തിന് നിയമപരമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് മന്ത്രി ടി പി രാമകൃഷ്ണൻ വ്യക്തമാക്കിയിട്ടുണ്ട്. ഈ വിഷയത്തിൽ മാനേജ്മെന്റ് സ്വീകരിക്കുന്ന നിലപാട് അംഗീകരിക്കാനാവില്ല. മാനേജ്മെന്റിന്റെ നിഷേധാത്മക സമീപനമാണു പ്രശ്ന പരിഹാരത്തിനു തടസം. മുത്തൂറ്റ് സമരം ഒത്തുതീർപ്പാക്കുന്നതിനു ഹൈക്കോടതി നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ സർക്കാരുമായി ഉണ്ടാക്കിയ നിർദ്ദേശങ്ങളും കരാറുകളും ലംഘിക്കുന്ന സമീപനമാണു മാനേജ്മെന്റ് സ്വീകരിച്ചിട്ടുള്ളത്. ഒക്ടോബർ പത്തിന് ഹൈക്കോടതി നിരീക്ഷകന്റെ സാന്നിധ്യത്തിലുണ്ടാക്കിയ ത്രികക്ഷി കരാർ ലംഘിച്ച് ഏകപക്ഷീയമായി ജീവനക്കാരെ പിരിച്ചുവിടുകയും ബ്രാഞ്ചുകൾ പൂട്ടുകയുമാണ് മാനേജ്മെന്റ് ചെയ്തത്.

ഇതിനെതിരേ നോൺ ബാങ്കിങ് ആൻഡ് പ്രൈവറ്റ് ഫിനാൻസ് അസോസിയേഷൻ (സിഐടിയു) നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ലേബർ കമ്മീഷണർ ഇരു കക്ഷികളേയും ചർച്ചയ്ക്കു ക്ഷണിച്ചെങ്കിലും ബ്രാഞ്ചുകൾ പൂട്ടുന്ന കാര്യത്തിലും തൊഴിലാളികളെ പിരിച്ചുവിടുന്ന കാര്യത്തിലും പിന്നോട്ടില്ലെന്ന നിലപാടാണ് യോഗത്തിൽ മാനേജ്മെന്റ് സ്വീകരിച്ചത്. തുടർന്നു തൊഴിൽ മന്ത്രിയെന്ന നിലയിലും യോഗം ചേർന്നു. ത്രികക്ഷി കരാറിലെ വ്യവസ്ഥകൾ മാനേജ്മെന്റ് ലംഘിച്ചതായും ഇതു നീതിയുക്തമല്ലെന്നും യോഗം വിലയിരുത്തി. 166 തൊഴിലാളികളെ പിരിച്ചുവിട്ടതു സംബന്ധിച്ച് മുത്തൂറ്റ് മാനേജിങ് ഡയറക്ടർക്ക് കാരണം കാണിക്കൽ നോട്ടിസ് നൽകിയിട്ടുണ്ട്.

സമരം തുടരുന്ന സാഹചര്യത്തിൽ, ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരം ലേബർ കമ്മീഷണർ പ്രശ്ന പരിഹാരത്തിനു യോഗങ്ങൾ വിളിച്ചുചേർത്തു. പിരിച്ചുവിട്ട ജീവനക്കാരെ ജോലിയിൽ തിരികെ പ്രവേശിപ്പിക്കണമെന്ന് 29ന് ഹൈക്കോടതി നിരീക്ഷകന്റെ സാന്നിധ്യത്തിൽ ചേർന്ന യോഗം ശുപാർശ ചെയ്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP