Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ഇരുവശത്തും റോഡില്ലാതെ പാലം ഉപയോഗിക്കാനാവില്ലെന്നു സാമാന്യബുദ്ധിയുള്ള ആർക്കും അറിയാം; എന്നിട്ടും സമീപന പാതിയില്ലാതെ പണി തുടങ്ങി നിർമ്മാണ ജോലികൾ നിലച്ച നേരേക്കടവ് - മാക്കേക്കടവ് പാലം! റോഡുകളില്ലാത്ത പാലം എന്തിനെന്ന് ചോദിച്ച് ഹൈക്കോടതി ഇടപെടൽ; കേരളത്തിന്റെ 'വികസന മോഡലിന്' തീരാ കളങ്കമായി വൈക്കത്ത് നിന്ന് ആലപ്പുഴയിലേക്കുള്ള പാലം നിർമ്മാണം; ഖജനാവ് കട്ട് മുടിക്കുന്നവർ ജനങ്ങൾ നൽകുന്ന ദുരിത്തിന്റെ നേർ ചിത്രമായി വേമ്പനാട്ടു കായലിന് കുറുകെ തൂണുകളും രണ്ട് സ്പാനുകളും

ഇരുവശത്തും റോഡില്ലാതെ പാലം ഉപയോഗിക്കാനാവില്ലെന്നു സാമാന്യബുദ്ധിയുള്ള ആർക്കും അറിയാം; എന്നിട്ടും സമീപന പാതിയില്ലാതെ പണി തുടങ്ങി നിർമ്മാണ ജോലികൾ നിലച്ച നേരേക്കടവ് - മാക്കേക്കടവ് പാലം! റോഡുകളില്ലാത്ത പാലം എന്തിനെന്ന് ചോദിച്ച് ഹൈക്കോടതി ഇടപെടൽ; കേരളത്തിന്റെ 'വികസന മോഡലിന്' തീരാ കളങ്കമായി വൈക്കത്ത് നിന്ന് ആലപ്പുഴയിലേക്കുള്ള പാലം നിർമ്മാണം; ഖജനാവ് കട്ട് മുടിക്കുന്നവർ ജനങ്ങൾ നൽകുന്ന ദുരിത്തിന്റെ നേർ ചിത്രമായി വേമ്പനാട്ടു കായലിന് കുറുകെ തൂണുകളും രണ്ട് സ്പാനുകളും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: വികസനത്തിലെ കേരളാ മോഡൽ ചർച്ചയാക്കി മാക്കേക്കടവ്-നേരേക്കടവ് പാലം. ഒടുവിൽ സഹികെട്ട് ഹൈക്കോടതി ഇടപെടുകയാണ്. സമീപന പാതയ്ക്കു സ്ഥലമേറ്റെടുക്കാതെ, 48 കോടി രൂപ ചെലവിട്ട് വേമ്പനാട്ടു കായലിനു കുറുകെ പാലം പണിതതാണ് ഇവിടെ ചർച്ചയാക്കുന്നത്. റോഡുകളില്ലാതെ പാലം എന്തിനാണെന്നു പണിയുന്നതെന്ന് ഹൈക്കോടതി ചോദിക്കുന്നു. സ്ഥലമെടുക്കാതെ മാക്കേക്കടവ് നേരേക്കടവ് പാലം പണി തിടുക്കപ്പെട്ടു ടെൻഡർ ചെയ്തതിനെക്കുറിച്ചു വിജിലൻസ് അന്വേഷണം വേണ്ടതാണെങ്കിലും തൽക്കാലം ഉത്തരവിടുന്നില്ല. വേണ്ടിവന്നാൽ അതിനു മടിക്കില്ലെന്നും കോടതി പറഞ്ഞു.

സംസ്ഥാനത്ത് പാലംപണിയുമായി ബന്ധപ്പെട്ട വിവിധ ഏജൻസികൾ തമ്മിൽ ഏകോപനമില്ലാത്ത പരിതാപകരമായ അവസ്ഥയാണ് ഈ കേസിൽ പ്രകടമാകുന്നതെന്നും കോടതി പറഞ്ഞു. പാലംപണിതിട്ട് ആർക്കും പ്രയോജനമില്ല. ഇരുവശത്തും റോഡില്ലാതെ പാലം ഉപയോഗിക്കാനാവില്ലെന്നു സാമാന്യബുദ്ധിയുള്ള ആർക്കും അറിയാം. ഭൂമിയേറ്റെടുക്കാൻ എത്രയും വേഗം നടപടിയെടുത്ത് അറിയിക്കണമെന്നു പിഡബ്ല്യുഡി സെക്രട്ടറിക്കു കോടതി നിർദ്ദേശം നൽകി. ജങ്കാർ സർവീസ് പുനരാരംഭിക്കാനാകുമോ എന്നു സർക്കാർ അറിയിക്കണമെന്നും നിർദ്ദേശിച്ചു. പാലം പണി 2016ൽ ചെറിയാൻ വർക്കി കൺസ്ട്രക്ഷൻ കമ്പനിയെ ഏൽപിച്ചതാണ്. ലാൻഡിങിനു സ്ഥലമെടുക്കും മുൻപാണു പാലം പണി തുടങ്ങിയത്. ഇതോടെ ജങ്കാർ സർവ്വീസും നിന്നു. ആളുകളുടെ ദുരിതം കൂട്ടിയതല്ലാതെ പാലം പണി കൊണ്ട് ഖജനാവ് മുടിക്കുന്നവർക്ക് അല്ലാതെ ആർക്കും നേട്ടമുണ്ടായില്ല.

വൈക്കം നേരേക്കടവിൽ നിന്ന് ആലപ്പുഴയിലെ മാക്കേക്കടവിലേക്കുള്ള പാലത്തിന്റെ നിർമ്മാണം ഈ മാസം 9ന് കരാർ പ്രകാരം പൂർത്തിയാക്കേണ്ടതാണ്. എന്നാൽ 2 വർഷത്തോളമായി നിർമ്മാണവും നടക്കുന്നില്ല. തുറവൂർ പമ്പ സംസ്ഥാന പാതയുടെ ഭാഗമായുള്ള ആലപ്പുഴ ജില്ലയിലെ മാക്കേക്കടവിൽ നിന്നു കോട്ടയം ജില്ലയിലെ നേരേക്കടവിലേക്കുള്ള പാലമാണ് 2 വർഷത്തോളമായി നിർമ്മാണം നിലച്ചിരിക്കുന്നത്. 2020 ഫെബ്രുവരി 9നു പാലം നിർമ്മാണം പൂർത്തിയാക്കണം എന്നായിരുന്നു കരാർ. എന്നാൽ പാലത്തിനുള്ള സമീപന പാതയ്ക്കുള്ള സ്ഥലം പോലും ഇതുവരെ ഏറ്റെടുത്തില്ല. എസ്റ്റിമേറ്റ് തുകയുടെ പകുതിയിലേറെ ഇപ്പോൾത്തന്നെ ചെലവായിക്കഴിഞ്ഞു. കായലിനു കുറുകെ നിൽക്കുന്ന പാലമായതിനാൽ ഉപ്പുകാറ്റേറ്റ് പാലത്തിന്റെ കമ്പികൾക്കു ബലക്ഷയം സംഭവിക്കുമെന്ന പരാതിയും വ്യാപകം. ഹൈക്കോടതിയും ഇക്കാര്യം ഉന്നയിച്ചിട്ടുണ്ട്. ഗുണമേന്മ പരിശോധന നടത്തി മാത്രമേ പാലം പുനർനിർമ്മാണം നടത്താവൂ എന്ന ആവശ്യവുമുണ്ട്.

തുറവൂർ പമ്പ സംസ്ഥാന പാതയുടെ ഭാഗമാണ് നേരേക്കടവ് മാക്കേക്കടവ് പാലം. എസ്റ്റിമേറ്റ് തുക: 78.4 കോടി രൂപയായിരുന്നു. ഇതുവരെ ചെലവാക്കിയത്: 48 കോടി രൂപയും. 900 മീറ്റർ ആണ് നീളം. അപ്രോച്ച് റോഡിന് ഇരുവശത്തുമായി 150 മീറ്റർ. കായലിനു കുറുകെ 21 തൂണുകലും ഉണ്ട്. പാലം നിർമ്മാണത്തിന് അനുമതി ലഭിച്ചത് 2015 ഏപ്രിലിൽ ആയിരുന്നു. പാലം നിർമ്മാണം ആരംഭിച്ചത് 2016 നവംബർ 6നും. ആദ്യ കരാർ പ്രകാരം നിർമ്മാണം തീരേണ്ടത് 2018 നവംബറിലായിരുന്നു. പുതുക്കിയ കരാർ പ്രകാരം നിർമ്മാണം തീരേണ്ടത് 2020 ഫെബ്രുവരി 9നും. ഇതും നടക്കില്ല. കാരണം പാലത്തിന്റെ തൂണുകളും 2 സ്പാനുകളും മാത്രമാണ് ഇതുവരെ തീർന്നത്. സമീപന പാത സ്ഥലം ഏറ്റെടുപ്പിന്റെ കാര്യത്തിൽ ഒരു കേസ് നിലവിലുണ്ടെന്നതും ഇതിന് കാരണമാണ്. പാലം നിർമ്മാണം വേഗത്തിലാക്കണമെന്നും സമീപന പാതയ്ക്കുള്ള സ്ഥലം ഏറ്റെടുപ്പ് പൂർത്തിയാക്കണമെന്നും ആവശ്യപ്പെട്ടാണു ഹൈക്കോടതിയെ സമീപിച്ചത്. 14നു കേസ് വീണ്ടും കോടതി കേൾക്കും. അന്ന് സർക്കാരെടുക്കുന്ന നിലപാടും നിർണ്ണായകമാകും.

പാലം നിർമ്മാണം തുടങ്ങിയതുമുതൽ നിലവിൽ കിട്ടിക്കൊണ്ടിരുന്ന സൗകര്യവും നിലച്ചു. പാലംപണി നടക്കുന്നുമില്ല. ജനങ്ങൾ കഷ്ടത്തിലാണ്. പാലത്തിന്റെ നിർമ്മാണം തുടങ്ങുന്നതിനുമുൻപ് ഈ ഫെറിയിൽ ചങ്ങാട സർവീസ് ഉണ്ടായിരുന്നതാണ്. പാലം നിർമ്മാണത്തിന്റെ സൗകര്യാർഥം ചങ്ങാട സർവീസ് നിർത്തിവെക്കേണ്ടിവന്നു. പകരം ജനങ്ങളുടെ അത്യാവശ്യയാത്രയ്ക്കായി സൗജന്യവഞ്ചി സർവീസ് പഞ്ചായത്ത് തുടങ്ങി. എന്നാൽ, പിന്നീട് അതും നിലച്ചു. ഇപ്പോൾ ഇവിടെ പണം കൊടുത്ത് യാത്രചെയ്യാവുന്ന യമഹ വള്ളങ്ങൾ മാത്രമാണ് ആശ്രയം. വാഹനങ്ങൾ കയറ്റണമെങ്കിൽ തവണക്കടവ്-വൈക്കം ഫെറിയിലെ ജങ്കാറിനെ ആശ്രയിക്കുകയെ മാർഗമുള്ളൂ.

മണപ്പുറം ഫെറിയിലെ ജലവാഹനം വേണ്ടത്ര സുരക്ഷിതമല്ലെന്ന ആക്ഷേപവും നിലനിൽക്കുന്നു. സ്ഥലവിലയെ സംബന്ധിച്ചാണ് ഏതാനും സ്ഥലം ഉടമകൾ തർക്കങ്ങൾ ഉന്നയിച്ചത്. ഇത് പിന്നീട് പരിഹരിക്കാൻ കഴിയാത്ത പ്രശ്നമായി മാറുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP