Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

തനിക്കറിയാവുന്ന കാര്യങ്ങൾ എല്ലാം മണി മണിയായി നിരത്തി നടി രമ്യാ നമ്പീശൻ; നടി അക്രമിക്കപ്പെടുമ്പോൾ ലാലിന്റെ വീട്ടിൽ ആദ്യം ഓടിയെത്തിയ ആന്റോ ജോസഫും എംഎൽഎ പിടി തോമസും അവധി അപേക്ഷ നൽകി മൊഴി കൊടുക്കുന്നത് നീട്ടി വാങ്ങി; വിസ്താരത്തിൽ നിന്നും വിട്ട് നിന്ന് ദിലീപും; ഫോറൻസിക് റിപ്പോർട്ട് കൂടി ലഭിച്ചതോടെ ഇനി ഇരയായ നടിയെ രാമൻപിള്ള വക്കീൽ ക്രോസ് വിസ്താരം ചെയ്യും

തനിക്കറിയാവുന്ന കാര്യങ്ങൾ എല്ലാം മണി മണിയായി നിരത്തി നടി രമ്യാ നമ്പീശൻ; നടി അക്രമിക്കപ്പെടുമ്പോൾ ലാലിന്റെ വീട്ടിൽ ആദ്യം ഓടിയെത്തിയ ആന്റോ ജോസഫും എംഎൽഎ പിടി തോമസും അവധി അപേക്ഷ നൽകി മൊഴി കൊടുക്കുന്നത് നീട്ടി വാങ്ങി; വിസ്താരത്തിൽ നിന്നും വിട്ട് നിന്ന് ദിലീപും; ഫോറൻസിക് റിപ്പോർട്ട് കൂടി ലഭിച്ചതോടെ ഇനി ഇരയായ നടിയെ രാമൻപിള്ള വക്കീൽ ക്രോസ് വിസ്താരം ചെയ്യും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി : കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ രമ്യാ നമ്പീശന്റെ സാക്ഷി വിസ്താരം പ്രത്യേക കോടതിയിൽ പൂർത്തിയാകുമ്പോൾ പ്രോസിക്യൂഷൻ കൂടുതൽ പ്രതീക്ഷയിൽ. പ്രോസിക്യൂഷൻ സാക്ഷി വിസ്താരമാണ് നടക്കുന്നത്. നടൻ ലാലിനെയു, കുടുംബത്തിനെയും വിസ്തരിച്ചിരുന്നു. സിനിമ പ്രവർത്തകർ അടക്കം 136 സാക്ഷികളെയാണ് ആദ്യഘട്ടം വിസ്തരിക്കുന്നത്. നടിയുടെയും ബന്ധുക്കളുടെയും വിസ്താരം കഴിഞ്ഞ ദിവസം പൂർത്തിയായിരുന്നു. ആരും മൊഴി മാറ്റിയില്ല. അതിവേഗത്തിലാണ് കാര്യങ്ങൾ നീങ്ങുന്നത്. 90 ദിവസത്തിനുള്ളിൽ വിചാരണ കഴിയും.

അതിനിടെ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച് അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തിയെന്നതിന് തെളിവായ ദൃശ്യങ്ങളുടെ പരിശോധനാ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചു. നടനും സംവിധായകനുമായ ലാലിന്റെ ജീവനക്കാരൻ സുജിത്ത്, രമ്യയുടെ സഹോദരൻ രാഹുൽ എന്നിവരെയും വെള്ളിയാഴ്ച വിസ്തരിച്ചു. കേസിലെ മുഖ്യ സാക്ഷിയും ഇരയുമായ നടിയടക്കമുള്ളവരുടെ ക്രോസ് വിസ്താരം അടുത്തയാഴ്ച ആരംഭിക്കാൻ കോടതി കേസിൽ പ്രതിയായ നടൻ ദിലീപിന്റെ അഭിഭാഷകനോടു നിർദ്ദേശിച്ചു. ബി രാമൻപിള്ളയാണ് ദിലീപിന്റെ വക്കീൽ. തന്റെ ആവനാഴിയിലെ അടവുകളെല്ലാം ഇരയ്‌ക്കെതിരെ വക്കീൽ പുറത്തിറക്കാൻ സാധ്യത ഏറെയാണ്.

ചണ്ഡീഗഢിലെ കേന്ദ്ര ഫോറൻസിക് സയൻസ് ലാബിൽ ആധികാരികത പരിശോധിച്ച ദൃശ്യങ്ങളുടെ റിപ്പോർട്ടാണ് വെള്ളിയാഴ്ച കോടതിയിൽ സമർപ്പിച്ചത്. ദിലീപിന്റെ ഹർജിയിലാണ് ദൃശ്യങ്ങൾ പരിശോധിക്കാൻ സുപ്രീംകോടതി നിർദ്ദേശം നൽകിയത്. റിപ്പോർട്ട് ദിലീപിന്റെ അഭിഭാഷകനും കൈമാറിയിട്ടുണ്ട്. ദൃശ്യങ്ങളുടെ ഫോറൻസിക് പരിശോധനാ റിപ്പോർട്ട് ലഭിച്ച ശേഷം മാത്രം ക്രോസ് വിസ്താരം നടത്താൻ ദിലീപിന്റെ അഭിഭാഷകനെ കോടതി അനുവദിച്ചിരുന്നു. സുപ്രീംകോടതിയും ഇത്തരത്തിലൊരു നിർദ്ദേശം നൽകിയിരുന്നു.

വെള്ളിയാഴ്ച വിസ്താരത്തിന് ഹാജരാകേണ്ടിയിരുന്ന പി.ടി. തോമസ് എംഎ‍ൽഎ., സിനിമാ നിർമ്മാതാവ് ആന്റോ ജോസഫ് എന്നിവർ അവധി അപേക്ഷ നൽകി വിട്ടുനിന്നു. നിയമസഭ നടക്കുന്നതു കൊണ്ടാണ് പിടി തോമസ് എത്താത്തത്. ദിലീപുമായി അടുപ്പമുള്ള നിർമ്മാതാവായാണ് ആന്റോ ജോസഫിനെ വിലയിരുത്തുന്നത്. അതുകൊണ്ട് തന്നെ ആന്റോ ജോസഫിന്റെ മൊഴി എന്താകുമെന്നതിൽ ചർച്ച സജീവമാണ്. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ നേതാവ് കൂടിയാണ് ആന്റോ ജോസഫ്. ദിലീപ് ഒഴികെയുള്ള ഒമ്പതു പ്രതികളും വെള്ളിയാഴ്ച കോടതിയിൽ ഹാജരായി. കേസിന്റെ വിസ്താരം 12-നു തുടരും.

നടിയെ ആക്രമിച്ച കേസിൽ നടക്കുന്നത് അതിവേഗ വിചാരണ. സാക്ഷിവിസ്താരം ഏഴുദിവസം പിന്നിട്ടപ്പോൾ പ്രോസിക്യൂഷൻ സാക്ഷികളാരും ഇതുവരെ കൂറുമാറിയിട്ടില്ലെന്നതും ശ്രദ്ധേയമാണ്. രമ്യാ നമ്പീശന്റെ മൊഴി അതി നിർണ്ണായകമാണ്. നടിയെ ആക്രമിച്ച സംഘത്തിൽ ദിലീപ് ഉണ്ടായിരുന്നില്ലെങ്കിലും സംഭവത്തിൽ ബുദ്ധികേന്ദ്രം ദിലീപ് ആണെന്നാണ് പ്രോസിക്യൂഷൻ വാദം. നടിയെ ആക്രമിച്ച ദിവസം ദിലീപ് നടത്തിയ ഫോൺ വിളികളും നടന് വിനയായി.

നടി ആക്രമിക്കപ്പെട്ട ദിവസം തനിക്ക് അസുഖമാണെന്നായിരുന്നു ദിലീപ് പൊലീസിന് മൊഴി നൽകിയത്. എന്നാൽ ഈ ദിവസം രാത്രി ദിലീപ് രാത്രി രണ്ടര മണി വരെ ഫോണിൽ പലരോടും സംസാരിക്കുകയായിരുന്നു. നാല് പേരെയാണ് ദിലീപ് പ്രധാനമായും വിളിച്ചത്. അസുഖമായിരുന്നുവെങ്കിൽ എന്തിനായിരുന്നു ഈ വിളികൾ എന്നാണ് പൊലീസിന്റെ ചോദ്യം. നടി ആക്രമിക്കപ്പെട്ട കാര്യം പിറ്റെ ദിവസം രാവിലെ നിർമ്മാതാവ് ആന്റോ ആന്റണി വിളിച്ചപ്പോഴാണ് അറിഞ്ഞതെന്നായിരുന്നു ദിലീപ് പറഞ്ഞിരുന്നത്.

13 സെക്കൻഡ് മാത്രം നില നിന്ന ആ കോളായിരുന്നു ദിലീപിനെതിരായ സംശയം ബലപ്പെടാനുള്ള പ്രധാന കാരണമായിരുന്നെന്ന് നേരത്തെ തന്നെ വ്യക്തമായിരുന്നു. കോടതിയിൽ പൊലീസ് നിരത്തിയ തെളിവുകൾ ദിലീപിന് തിരിച്ചടിയാണ്. സംഭവം നടന്ന ദിവസം രാത്രി രമ്യാ നമ്പീശന്റെ വീട്ടിലെ ലാന്റ് ഫോണിലേക്ക് ദിലീപിന്റെ വീട്ടിലെ ലാന്റ് ലൈനിൽ നിന്നും കോൾ പോയിരുന്നു. ഇത് എന്തിന് വേണ്ടിയാണെന്നോ ആരാണ് വിളിച്ചതെന്നോ ദിലീപ് കൃത്യമായ മറുപടി നൽകിയിട്ടില്ല. ആക്രമിക്കപ്പെട്ട നടിയുടെ അടുത്ത സുഹൃത്തായ രമ്യയുടെ വീട്ടിലേക്ക് വിളിച്ചത് വെറുതേയല്ലെന്ന് തെളിവുകൾ നിരത്തി പൊലീസ് വാദിക്കുന്നു. പനിയായതിനാൽ വിശ്രമിച്ചെന്ന് പറഞ്ഞ അന്ന് രാത്രി 12 അര വരെ ദിലീപ് പലരുമായും ഫോണിൽ സംസാരിച്ചു.

പനികാരണം വിശ്രമിക്കുന്ന ആളാണോ പാതിരാത്രി വരെ പലരുമായും ഫോണിൽ സംസാരിച്ചതെന്ന ചോദ്യത്തിനും ദിലീപിന് ഉത്തരമില്ലായിരുന്നു. ആക്രമിക്കുന്നത് ക്വട്ടേഷനാണെന്ന കാര്യം പൾസർ നടിയോട് പറഞ്ഞിരുന്നു. ക്വട്ടേഷൻ നൽകിയ ആൾ നിങ്ങളെ വിളിക്കും എന്നും പറഞ്ഞിരുന്നു. രമ്യാ നമ്പീശന്റെ വീട്ടിലേക്ക് പോയ ഫോൺകോളിന് ഇതുമായി ബന്ധമുണ്ടെന്നാണ് പൊലീസ് സമർത്ഥിച്ചത്.

ദിലീപിന്റെ ഫോൺകോളുകൾ പരിശോധിച്ചതിൽ നിന്നാണ് സുപ്രധാന വിവരം പൊലീസിന് ലഭിച്ചത്. തൃശൂരിൽ നിന്ന് രമ്യയുടെ കൊച്ചിയിലെ വീട്ടിലേക്ക് പോകുന്നതിനിടെയാണ് നടി ആക്രമിക്കപ്പെട്ടതെന്നതും ദിലീപിനെ കുരുക്കിലാക്കി. അതുകൊണ്ട് തന്നെ രമ്യയുടെ മൊഴി അതിനിർണ്ണായകമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP