Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഏറ്റവും കൂടുതൽ കാലം ബഹിരാകാശത്ത് കഴിഞ്ഞ വനിതയെന്ന റെക്കോർഡ് ഉനി ക്രിസ്റ്റീനയ്ക്ക് സ്വന്തം; വനിതകൾ മാത്രമുള്ള ബഹിരാകാശ നടത്തത്തിൽ പങ്കു ചേർന്നത് തുടർച്ചയായി ആറ് പ്രാവശ്യം; ഉറ്റ കൂട്ടുകാരിക്കൊപ്പം ശൂന്യാകാശത്ത് നടന്നത് 42 മണിക്കൂർ 15 മിനിട്ട് സമയം; ശൂന്യാകാശത്ത് ക്യാൻസറിനെ പ്രതിരോധിക്കാനും; ശരീരത്തിനെ നിയന്ത്രിക്കാനും പഠനം; ബഹിരാകാശ നിലയത്തിലേക്ക് ആദ്യമായി കയറിയ നാൾ മറക്കാനാകാത്ത അനുഭവമെന്നും ക്രിസ്റ്റീന; ബഹിരാകാശത്ത് നേട്ടം കൊയ്ത് ക്രിസ്റ്റീന കോച്ച് പറയുന്നു  

മറുനാടൻ ഡെസ്‌ക്‌

വാഷിങ്ടൺ: ബഹിരാകാശത്ത് പുതുചരിത്രം കുറിച്ച് ഒരു വനിത.328 ദിവസം ബഹിരാകാശത്ത് കഴിഞ്ഞ നാസ ബഹിരാകാശ യാത്രികയായ ക്രിസ്റ്റീന കോച്ച് റെക്കോർഡ് ഭേദിച്ചാണ് ഭൂമിയിൽ മടങ്ങിയെത്തിയത്. ഏറ്റവും കൂടുതൽ കാലം ബഹിരാകാശത്ത് കഴിഞ്ഞ വനിതയെന്ന റെക്കോർഡിനാണ് ക്രിസ്റ്റീന ഉടമയായിരിക്കുന്നത്. സഹയാത്രികയായിരുന്ന ജെസിക്ക മെയറിനൊപ്പം വനിതകൾ മാത്രമുള്ള ആദ്യ ബഹിരാകാശ നടത്തവും ക്രിസ്റ്റീന നടത്തിയിരുന്നു.

2019 ഒക്ടോബറിലാണ് രണ്ട് സ്ത്രീകൾ ശൂന്യാകാശത്തേക്ക് വലിയൊരു നേട്ടം കുറിച്ച് ചരിത്രം മാറ്റി എഴുതിയത്. വനിതകൾ മാത്രം പങ്കെടുക്കുന്ന ആദ്യത്തെ ബഹിരാകാശ നടത്തമായിരുന്നു അത്. ക്രിസ്റ്റീന കോച്ചും ജെസിക്ക മെയറുമായിരുന്നു ഈ നേട്ടം സ്വന്തമാക്കിയത്. ''ഞങ്ങൾ രണ്ടുപേരും പരസ്പരം കണ്ണുകളിൽ നോക്കുകയായിരുന്നു. ഒരുപാട് ആളുകൾക്ക് പ്രചോദനമാകുന്ന ഈ അവസരം ലഭിച്ച ഞങ്ങൾ ശരിക്കും ആദരിക്കപ്പെട്ടിരിക്കുന്നു. ഈ അനുഭവം പറഞ്ഞറിയിക്കാൻ പറ്റാത്തത്ര പ്രത്യേകതകൾ നിറഞ്ഞതാണ്.'' - ക്രിസ്റ്റീന കോച്ച് പറയുന്നു.

ദൗത്യത്തിനിടെ ആറ് തവണയാണ് കോച്ച് ശൂന്യാകാശത്ത് നടന്നത്. ഇതിൽ രണ്ടെണ്ണം ജെസിക്ക മെയറിനൊപ്പമാണ്. ആകെ 42 മണിക്കൂറും 15 മിനിറ്റുമാണ് ക്രിസ്റ്റീന കോച്ച് ബഹിരാകാശ നിലയത്തിന് പുറത്ത് കഴിഞ്ഞത്. വിവിധ പരീക്ഷണങ്ങളും ഗവേഷണങ്ങളും നടത്താനാണ് കോച്ച് ബഹിരാകാശ നിലയത്തിൽ കഴിഞ്ഞ സമയം മുഴുവൻ ഉപയോഗിച്ചത്. കറങ്ങിക്കൊണ്ടിരിക്കുന്ന ലബോറട്ടറിയായാണ് ബഹിരാകാശ നിലയം പ്രവർത്തിക്കുന്നത്.

ഭൂഗുരുത്വാകർഷണമില്ലാതെ മനുഷ്യൻ എങ്ങനെ കഴിയുമെന്നത് കണ്ടെത്താനുള്ള പരീക്ഷണങ്ങളായും ബഹിരാകാശ നിലയത്തിലെ യാത്രികരുടെ ജീവിതം ഉപയോഗിക്കാം എന്നിവയൊക്കെ നിരീക്ഷിക്കാൻ വേണ്ടിയാണ് ക്രിസ്റ്റീന കോച്ചിനെ ബഹിരാകാശത്തേക്ക് അയച്ചത്. എന്നാൽ ദൗത്യം നീട്ടിയതോടെ കോച്ച് ശൂന്യാകാശത്ത് നിന്നത് ആകെ 328 ദിവസമാണ്. ഏറ്റവും കൂടുതൽ സമയം ബഹിരാകാശത്ത് കഴിഞ്ഞ വനിതയെന്ന റെക്കോർഡാണ് ഇതിലൂടെ കോച്ച് സ്വന്തമാക്കിയത്. 288 ദിവസമെന്ന പെഗ്ഗി വിറ്റ്‌സണിന്റെ റെക്കോർഡാണ് കോച്ച് മറികടന്നത്. ഏറ്റവും കൂടുതൽ കാലം ബഹിരാകാശത്ത് കഴിഞ്ഞതിന്റെ റെക്കോർഡ് നാസയുടെ സ്‌കോട്ട് കെല്ലിക്കാണ്. 340 ദിവസമാണ് കെല്ലി ബഹിരാകാശത്ത് കഴിഞ്ഞത്.

ശൂന്യാകാശം മനുഷ്യശരീരത്തിനോട് ചെയ്യുന്നത്

ശൂന്യകാശത്ത് മനുഷ്യശരീരത്തിന് എന്ത് സംഭവിക്കുമെന്ന് മനസ്സിലാക്കുന്നതിന് വലിയ സംഭാവനയാണ് കോച്ച് നൽകിയിരിക്കുന്നത്. ഗുരുത്വാകർഷണമില്ലാത്ത അവസ്ഥയിൽ കഴിയുന്നത് എല്ലുകളുടെയും പേശികളുടെയും തേയ്മാനത്തിന് കാരണമാകും. ഇത് തടയാനുള്ള മാർഗം തേടി നിരവധി പരീക്ഷണങ്ങൾ മുമ്പും നടത്തിയിട്ടുണ്ട്. നട്ടെല്ല് ശക്തിപ്പെടുത്തുന്നതിനുള്ള പരീക്ഷണങ്ങളുടെ ഭാഗമായിരുന്നു കോച്ച്. ശൂന്യാകാശത്ത് നട്ടെല്ലിന് തേയ്മാനമുണ്ടാകുന്നത് തടയാനുള്ള മരുന്നുകളും വ്യായാമങ്ങളും പരീക്ഷിച്ചു. ഈ പരീക്ഷണങ്ങളിലെ കണ്ടെത്തലുകൾ ഭാവിയിൽ നാസയുടെ ബഹിരാകാശ ദൗത്യങ്ങൾക്ക് ഉപകാരപ്രദമാവും. വൃക്കയിലെ കോശങ്ങളെക്കുറിച്ചുള്ള പഠനമായിരുന്നു മറ്റൊരു പ്രധാന പഠന മേഖല. ശൂന്യാകാശത്ത് വെച്ച് കിഡ്‌നി സ്റ്റോണും അസ്ഥിക്ഷവും ഉണ്ടാകുന്നത് എങ്ങനെ തടയാമെന്നാണ് പരിശോധിച്ചത്. പുതിയ ചികിത്സാ സംവിധാനങ്ങൾ കണ്ടെത്താനുള്ള പരീക്ഷണങ്ങളും നടത്തി.

കാൻസറിനെ തടയാനും ശൂന്യാകാശത്ത് പരീക്ഷണം

കാൻസർ, ട്യൂമർ കോശങ്ങളുടെ വളർച്ച തടയാനുള്ള മൈക്രോഗ്രാവിറ്റി ക്രിസ്റ്റൽസ് പരീക്ഷണത്തിന്റെയും ഭാഗമായിരുന്നു കോച്ച്. ഗ്രാവിറ്റി കുറയുമ്പോൾ ക്രിസ്റ്റലിന്റെ വളർച്ച ഭൂമിയിലേതിനേക്കാൾ പതിന്മടങ്ങ് കൂടുതലാണെന്ന് കണ്ടെത്തി. ഭൂമിയിൽ വെച്ച് ഇതേ പരീക്ഷണം നടത്തിയപ്പോഴുണ്ടായതിനേക്കാൾ മികച്ച ഫലമാണ് ശൂന്യാകാശത്ത് ലഭിച്ചത്. ഈ കണ്ടെത്തലുകൾ കാൻസർ ചികിത്സാ രംഗത്ത് വൻ കുതിച്ചുചാട്ടമുണ്ടാക്കുമെന്നാണ് ഗവേഷകർ പ്രതീക്ഷിക്കുന്നത്. ശൂന്യാകാശത്ത് വെച്ച് കോശങ്ങളുടെ പകർപ്പെടുക്കാൻ സഹായിക്കുന്ന ബയോഫാബ്രിക്കേഷൻ ഫസിലിറ്റി സ്ഥാപിക്കാനും കോച്ച് സഹായിച്ചു. ഭൂമിക്ക് പുറത്ത് വെച്ച് മനുഷ്യാവയവങ്ങൾ സൃഷ്ടിക്കുന്ന ഭാവിയിലേക്കുള്ള തുടക്കമാണിത്. ഭൂമിയിൽ വെച്ച് സൂക്ഷ്മരക്തവാഹിനികൾ പോലെയുള്ള അവയവങ്ങളുടെ പകർപ്പെടുക്കാൻ വളരെ പ്രയാസമാണ്. എന്നാൽ ഗുരുത്വാകർഷണമില്ലാത്തതിനാൽ ബഹിരാകാശത്ത് ഇത് കുറുച്ചുകൂടി എളുപ്പമാകും.

 

സസ്യശാസ്ത്രവുമായി ബന്ധപ്പെട്ട പരീക്ഷണങ്ങളും കോച്ച് ശൂന്യാകാശത്ത് നടത്തി. ശൂന്യാകാശത്ത് സസ്യങ്ങൾ എങ്ങനെ വളരുമെന്ന് മനസ്സിലാക്കാനുള്ള പരീക്ഷണങ്ങളാണ് നടത്തിയത്. കടുക് ചെടിയാണ് കോച്ചും സംഘവും ബഹിരാകാശ നിലയത്തിൽ വളർത്തിയത്. ശൂന്യാകാശത്ത് ഭക്ഷണം ഉണ്ടാക്കി കഴിക്കാനും കഴിയുന്ന കാലത്തിലേക്കുള്ള ആദ്യ ചുവടാണിത്. ശൂന്യാകാസത്ത് അഗ്‌നി എങ്ങനെ പ്രതികരിക്കുമെന്നും കോച്ചും സംഘവും പരീക്ഷിച്ചു.

2019 മാർച്ച് 14-നാണ് ക്രിസ്റ്റീന കോച്ച് ബഹിരാകാശ നിലയത്തിലെത്തിയത്. ബഹിരാകാശ നിലയത്തിലെ കുഞ്ഞുവാതിലിലൂടെ ആദ്യം അകത്ത് കടന്ന ആ നിമിഷമാണ് താൻ ഓർമയിൽ മായാതെ കുറിച്ചുവെച്ചിരിക്കുന്നതെന്ന് കോച്ച് പറയുന്നു. ''അതുല്യമായ ഒട്ടേറെ അനുഭവങ്ങളിലൂടെയാണ് കടന്നുപോയതെന്നും കോച്ച് പറയുന്നു. ഞാൻ ജനിച്ചുവളർന്ന നോർത്ത് കരോലനിക്ക് മുകളിലൂടെ പോയപ്പോൾ വീടിനെക്കുറിച്ച് ഓർമ വന്നു. വീടിന്റെ കരുതാലായ പിസ്സ കിറ്റുകൾ ബഹിരാകാശ നിലയത്തിലെ പതിവ് ഭക്ഷണങ്ങൾക്കിടയിലെ ആഹ്‌ളാദമായി.'' -ക്രിസ്റ്റീന പറയുന്നു.

വളരെ പെട്ടെന്ന് തന്നെ ശരീരം മൈക്രോഗ്രാവിറ്റിയുമായി താദാത്മ്യം പ്രാപിച്ചതോടെ ക്രിസ്റ്റീന ശൂന്യാകാശത്താണെന്ന് തന്നെ മറന്നുപോയി. തിരിച്ചെത്തിയപ്പോൾ ഭൂമിയുടെ ഗുരുത്വാകർഷണവുമായി വീണ്ടും യോജിക്കാൻ കഴിഞ്ഞതെങ്ങനെ എന്നാണ് താൻ അത്ഭുതപ്പെടുന്നതെന്നും അവർ പറയുന്നു. ശൂന്യാകാശത്ത് ഉറങ്ങാൻ ഭൂമിയിലേക്കാൾ സുഖമാണെന്നാണ് ക്രിസ്റ്റീനയുടെ അഭിപ്രായം. ''കൂടുതൽ ചൂടോ തണുപ്പോ ഇല്ലാത്ത സുഖകരമായ കാലാവസ്ഥയിൽ തിരിഞ്ഞും മറിഞ്ഞും കിടക്കാതെ സുഖമായി ഉറങ്ങാം.''- ക്രിസ്റ്റീന പറയുന്നു. ''ശരീരം അതിന് ഇഷ്ടമുള്ളതുപോലെ കിടക്കുന്നു. ഭൂമിയിൽ തിരിച്ചെത്തിയാൽ ഇതുപോലെ സുഖമായി കിടക്കാൻ കഴിയുമോ എന്നായിരുന്നു ആശങ്ക.''- കോച്ച് പറയുന്നു.

ശൂന്യാകാശത്ത് നല്ല സുഖമായിരുന്നെങ്കിലും ഭൂമിയിൽ മാത്രം കിട്ടുന്ന ചിലതുണ്ടെന്നും ക്രിസ്റ്റീന പറയുന്നു. ''ഒഴുകുന്ന വെള്ളം, മഴത്തുള്ളികൾ, മുടിയിഴകളിലൂടെ പടരുന്ന കാറ്റ്... അങ്ങനെ പ്രകൃതിയുടെ മനോഹാരിതയൊന്നും അവിടെ കിട്ടില്ല. ഭക്ഷണമായിരുന്നു നഷ്ടബോധമുണ്ടാക്കിയ മറ്റൊരു കാര്യം. ഇതൊക്കെ എന്നെ എത്രയും വേഗം ഭൂമിയിലേക്ക് മടങ്ങിവരാൻ പ്രേരിപ്പിച്ചുകൊണ്ടിരുന്നു.'' - കോച്ച് പറയുന്നു.

തന്റെ മുൻഗാമികളെ പോലെ ക്രിസ്റ്റീനയും ശൂന്യാകാശ നടത്തത്തിനിടയിൽ ഭൂമിയുടെ ചിത്രങ്ങളെടുത്തു. അത് ഭൂമിയെക്കുറിച്ച് പുതിയൊരു കാഴ്ചപ്പാടാണ് നൽകിയതെന്നാണ് ക്രിസ്റ്റീന പറഞ്ഞത്. ''ഭൗമോപരിതലത്തിന് 250 മൈലുകൾ ഉയരെയുള്ള പ്രത്യേക സ്ഥാനത്ത് നിന്ന് ഭൂമിയുടെ ശക്തിയും സൗന്ദര്യവും അറിഞ്ഞു. ബഹിരാകാശത്ത് നിന്ന് നോക്കുമ്പോൾ അതിർത്തികളില്ല. ഒരുമിച്ച് നിന്ന് ശ്വസിക്കുകയും ജീവിക്കുകയും ചെയ്യുന്ന വലിയൊരു ജീവിയുടെ ഭാഗമാണ് നമ്മളെല്ലാവരും. ഈ കാഴ്ചയുടെ ആനന്ദം ഒരു വർഷത്തിലധികം കാലം എന്റെയുള്ളിൽ നിറഞ്ഞു. ഭൂമിയിലെത്തിയപ്പോൾ ഞാൻ ബഹിരാകാശ നിലയം കാണാനായി ആകാശത്തേക്ക് നോക്കുകയാണ്. എന്റെ സഹപ്രവർത്തകർ അവിടെ എന്തായിരിക്കും ചെയ്യുന്നത്. 20 വർഷത്തോളമായി മനുഷ്യൻ തുടർച്ചയായി ബഹിരാകാശത്തേക്ക് പോവുന്നു. ഇനിയും അത് തുടരും.'- ക്രിസ്റ്റീന പറയുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP