Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

എസ്‌പി ഹരിശങ്കർ ഐപിഎസിന്റെ ഭാര്യാ പിതാവ് നിർമ്മിക്കുന്ന വൈറ്റില മേൽപ്പാലത്തിനെതിരെ ഉയരുന്നത് വ്യാജ ആരോപണങ്ങളോ? മേൽപ്പാലത്തിന്റെ മധ്യഭാഗത്തുള്ള തുണുകളുടെ ഉയരം തമ്മിൽ രണ്ടടി വ്യത്യാസമുണ്ടെന്ന് ചൂണ്ടിക്കാട്ടുന്ന ചിത്രങ്ങൾക്ക് എതിരെ പൊതുമാരമത്ത് വകുപ്പ്; നിർമ്മാണം പൂർത്തിയാകുമ്പോൾ ഉയര വ്യത്യാസം ഉണ്ടാകില്ലെന്ന് വിശദീകരണം; പ്രചരണം നടക്കുന്നവർക്കെതിരെ കേസ് വന്നേക്കും; കോൺട്രാക്ടർക്ക് സർക്കാർ എഞ്ചിനിയർമാരുടെ ക്ലീൻ സർട്ടിഫിക്കറ്റ്

എസ്‌പി ഹരിശങ്കർ ഐപിഎസിന്റെ ഭാര്യാ പിതാവ് നിർമ്മിക്കുന്ന വൈറ്റില മേൽപ്പാലത്തിനെതിരെ ഉയരുന്നത് വ്യാജ ആരോപണങ്ങളോ? മേൽപ്പാലത്തിന്റെ മധ്യഭാഗത്തുള്ള തുണുകളുടെ ഉയരം തമ്മിൽ രണ്ടടി വ്യത്യാസമുണ്ടെന്ന് ചൂണ്ടിക്കാട്ടുന്ന ചിത്രങ്ങൾക്ക് എതിരെ പൊതുമാരമത്ത് വകുപ്പ്; നിർമ്മാണം പൂർത്തിയാകുമ്പോൾ ഉയര വ്യത്യാസം ഉണ്ടാകില്ലെന്ന് വിശദീകരണം; പ്രചരണം നടക്കുന്നവർക്കെതിരെ കേസ് വന്നേക്കും; കോൺട്രാക്ടർക്ക് സർക്കാർ എഞ്ചിനിയർമാരുടെ ക്ലീൻ സർട്ടിഫിക്കറ്റ്

ആർ പീയൂഷ്

കൊച്ചി: നിർമ്മാണം അന്തിമ ഘട്ടത്തിലേക്ക് അടുത്തുകൊണ്ടിരിക്കുന്ന വൈറ്റില മേൽപ്പാല നിർമ്മാണത്തെ ചൊല്ലി സോഷ്യൽ മീഡിയയിൽ ഉയരുന്നത് സംശയങ്ങൾ. പണി ശരിയായ രീതിയിലല്ലേ നടക്കുന്നതെന്ന സംശയമാണ് സോഷ്യൽ മീഡിയ ഉയർത്തുന്നത്. എന്നാൽ പ്രചരിക്കുന്ന ചിത്രത്തിലെ ആശങ്കകൾ അടിസ്ഥാനമില്ലാത്തതാണെന്ന് പൊതുമരാമത്ത് വിഭാഗവും പറയുന്നു.

വൈറ്റില മേൽപ്പാലം നിർമ്മാണത്തിൽ അപാകമുണ്ടെന്ന് റിപ്പോർട്ട് ചെയ്ത ക്വാളിറ്റി കൺട്രോൾ വിഭാഗം അസിസ്റ്റന്റ് ഏക്സിക്യുട്ടീവ് എൻജിനിയർ വി.കെ. ഷൈലാമോളെ അന്വേഷണത്തിന്റെ ഭാഗമായി സർവീസിൽ നിന്ന് സംസ്പെൻഡ് ചെയ്ത് ഏറെ ചർച്ചയായിരുന്നു. മേൽപ്പാലം നിർമ്മാണത്തിലെ അപാകം ചൂണ്ടിക്കാട്ടിയുള്ള റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കാതെ, പുറത്ത് നൽകിയതിന്റെ പേരിലായിരുന്നു സസ്‌പെൻഷൻ.

നേരത്തെ പാലാരിവട്ടം മേൽപാലത്തിലെ തട്ടിപ്പ് പുറത്തു വന്നപ്പോൾ ഉദ്യോഗസ്ഥ ജാഗ്രത കുറവ് ചർച്ചയാക്കിയ മന്ത്രിയാണ് പൊതുമരാമത്ത് മന്ത്രി ജി സുധാകരൻ. എന്നാൽ വൈറ്റിലയിൽ ഈ കഥമാറി. അതായത് ഇടതുപക്ഷത്തെ പ്രതിക്കൂട്ടിൽ നിർത്തുന്ന അഴിമതി ചർച്ചയാക്കിയാൽ ഉദ്യോഗസ്ഥർക്ക് ജോലി നഷ്ടം ഉറപ്പെന്ന് പ്രഖ്യാപിക്കുകായായിരുന്നു മന്ത്രിയെന്ന ചർച്ച സോഷ്യൽ മീഡിയ ഉയർത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ പ്രചരണം. ഇതും വ്യാജമാണെന്നാണ് പൊതുമരാമത്ത് വകുപ്പ് പറയുന്നത്.

മേൽപ്പാലത്തിന്റെ മധ്യഭാഗത്തുള്ള തുണുകളുടെ ഉയരം തമ്മിൽ രണ്ടടി വ്യത്യാസമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് സോഷ്യൽ മീഡിയയിലെ ചർച്ചകൾ. വൈറ്റിലയും മറ്റൊരു പാലാരിവട്ടമാകുമോ എന്നതാണ് സോഷ്യൽ മീഡിയയുടെ സംശയം. ഇതു മൂലം നിർമ്മാണം അവസാന ഘട്ടത്തിലെത്തുമ്പോൾ പാലം വീണ്ടും പൊളിച്ചു പണിയേണ്ടി വരുമെന്നാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. എന്നാൽ ആശങ്കയുടെ ആവശ്യമില്ലെന്നാണ് നിർമ്മാണ രംഗത്തെ വിദഗ്ദ്ധർ പറയുന്നത്. സാങ്കേതികതയെ കുറിച്ച് അറിയാത്തതാണ് ചർച്ചയ്ക്ക് കാരണമെന്നും പറയുന്നു.

എന്നാൽ ഇത് തെറ്റായ പ്രചരണമെന്നാണ് പൊതുമരാമത്ത് ഉദ്യോഗസ്ഥർ പറയുന്നത്. മധ്യഭാഗത്ത് 40 മീറ്റർ നീളമുള്ള വലിയ സ്പാൻ വയ്ക്കുന്നതിനായാണ് രണ്ടു നിര തൂണുകൾ പൊക്കം കുറച്ച് ചെയ്തിരിക്കുന്നത്. 40 മീറ്റർ നീളമുള്ള സ്പാനിന് വീതിയും കൂടുതലാണ്. മറ്റ് സ്പാനുകൾക്ക് 30 മീറ്റർ മാത്രം നീളമുള്ളതിനാൽ വീതിയും കുറവാണ്. അതിനാൽ രണ്ടു നിര തൂണുകൾ ഒഴികെ മറ്റെല്ലാ തൂണുകൾക്കും പൊക്കം കൂടുതലാണ്. നിർമ്മാണം പൂർത്തിയാകുമ്പോൾ ഉയര വ്യത്യാസം ഉണ്ടാകില്ല. ഇത് കണ്ട് തെറ്റിദ്ധരിച്ചാണ് വ്യാജ പ്രചാരണം നടത്തുന്നത്.

വൈറ്റിലയ്ക്ക് സമീപം താമസിക്കുന്ന വിദ്യാർത്ഥിയുടെ പേരിൽ വാട്ട്സാപ്പ് സന്ദേശമാണ് ആദ്യം പ്രചരിച്ചത്. 10 ബിയിൽ പഠിക്കുകയാണ് വിദ്യാർത്ഥിയെന്നും പാലം നിർമ്മാണം പാലാരിവട്ടം പാലത്തിന് സമാനമായാണ് നടക്കുന്നതെന്നും സന്ദേശത്തിൽ പറയുന്നു. തൂണുകൾ രണ്ടടി പൊങ്ങിയും താഴ്ന്നും നിൽക്കുന്നതിനാൽ വാഹനങ്ങൾക്ക് കടന്നു പോകാൻ ബുദ്ധിമുട്ടുണ്ടാകും അതിനാൽ എത്രയും വേഗം ഇതിനെതിരെ പ്രതികരിക്കണമെന്നും വിദ്യാർത്ഥി ആവശ്യപ്പെടുന്നു. ഈ സന്ദേശം വളരെ വേഗമാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായത്.

പൊതുമരാമത്ത് വകുപ്പിനും നിർമ്മാണം നടത്തുന്ന കൺസ്ട്രക്ഷൻ കമ്പനിക്കുമെതിരെ വ്യാപകമായ പ്രതിഷേധം ഉയർന്നിരുന്നു. ചിത്രം കൂടി കണ്ടപ്പോൾ സത്യമാണെന്ന് വിശ്വസിച്ചാണ് എല്ലാവരും പ്രതിഷേധം രേഖപ്പെടുത്തിയതും വീണ്ടും മറ്റുള്ളവരിലേക്ക് ഷെയർ ചെയതതും. ഇതോടെ പൊതുമരാമത്ത് വകുപ്പ് പൊലീസിൽ പരാതിയും നൽകി. ശ്രീധന്യ കൺസ്ട്രക്ഷനാണ് പാലം നിർമ്മിക്കുന്ന കരാർ കമ്പനി. ഐപിഎസ് ഉദ്യോഗസ്ഥനായ ഹരിശങ്കറിന്റെ ഭാര്യാ പിതാവും എസ് എൻ ഡി പി നേതാവുമായിരുന്ന ചന്ദ്ര ബാബുവിന്റേതാണ് ശ്രീധന്യ.

കഴിഞ്ഞ വർഷം ഒക്ടോബറിലും വൈറ്റില പാലം നിർമ്മാണത്തിൽ അപാകത എന്ന് ചൂണ്ടികാട്ടി വ്യാജ പ്രചരണം നടന്നിരുന്നു. വൈറ്റില മേൽപ്പാലം മുകളിലൂടെ പോകുന്ന മെട്രോ ഗാർഡറിൽ തട്ടിയെന്നും. അതുവഴി വാഹനം പോകുവാൻ കഴിയില്ലെന്നും അതിനാൽ പണി നിർത്തിയെന്നുമാണ് പ്രചരണം. ഇതിനായി ചില വശങ്ങളിൽ നിന്നും എടുത്ത ചിത്രങ്ങളും പ്രചരിപ്പിക്കുകയായിരുന്നു.

ഉയരമുള്ള കണ്ടെയ്നർ ലോറികൾക്ക് വരെ കടന്നുപോകുവാൻ സാധിക്കുന്ന രീതിയിലുള്ള ക്ലീയറൻസ് പാലത്തിനും മെട്രോ ഗാർഡറിനും ഇടയിലുണ്ടെന്ന് പൊതുമരാമത്ത് വകുപ്പ് അന്ന് വ്യക്തമാക്കി. ദേശീയ പാത അതോററ്ററിയുടെ മാനദണ്ഡം അനുസരിച്ച് 5.5 മീറ്റർ ക്ലിയറൻസാണ് വേണ്ടത്. കേന്ദ്ര ഉപരിതല ഗതാഗത വകുപ്പിന്റെ എല്ലാ മാനദണ്ഡങ്ങളും ഉപയോഗിച്ചാണ് പാലം പണി പൂർത്തിയായി വരുന്നത്.

മാർച്ച് മാസത്തോടെ പണികൾ പൂർത്തിയാക്കാൻ കഴിയും എന്നാണ് ഉദ്യോഗസ്ഥർ വിലയിരുത്തുന്നത്. മധ്യഭാഗത്തെ കോൺക്രീറ്റും ഇടപ്പള്ളി ഭാഗത്തെ അപ്രോച്ച് റോഡിന്റെ നിർമ്മാണവും കഴിഞ്ഞാൽ പാലം പണി പൂർത്തായാകും. ഇപ്പോൾ മധ്യഭാഗത്ത് 40മീറ്റർ സ്പാൻ വയ്ക്കുന്ന പണികളാണ് നടന്നു വരുന്നത്. ഒപ്പം തന്നെ അപ്രോച്ച് റോഡിന് വേണ്ടി പൈലിങ്ങും ആരംഭിച്ചു കഴിഞ്ഞു. ദ്രുത ഗതിയിലാണ് നിർമ്മാണം പൂർത്തിയായികൊണ്ടിരിക്കുന്നത്. മാസങ്ങൾക്കുള്ളിൽ തന്നെ മേൽപ്പാലം പൊതുജനങ്ങൾക്കായി തുറന്ന് കൊടുക്കാൻ കഴിയും എന്നാണ് പൊതുമരാമത്ത് വകുപ്പ് പറയുന്നത്.

ഇടതു പക്ഷത്തോട് ചേർന്ന് നിൽക്കുന്ന ശ്രീ ധന്യ കൺസ്ട്രക്ഷൻ ആണ് വൈറ്റില പാലത്തിന് പിന്നിലെ ശക്തി. മുൻ എസ് എൻ ഡി പി നേതാവായ കിളിമാനൂർ ചന്ദ്രബാബുവിന്റേതാണ് ഈ നിർമ്മാണ കമ്പനി. ഇതിനൊപ്പം ഐപിഎസ് ഉദ്യോഗസ്ഥനായ ഹരിശങ്കറിന്റെ ഭാര്യാ പിതാവും. അതായത് ദേവസ്വം ബോർഡ് അംഗമായ കെ പി ശങ്കരദാസിന്റെ മകന്റെ ഭാര്യാ പിതാവ്. അങ്ങനെ ഇടതുപക്ഷവുമായി ചേർന്ന് നിൽക്കുന്ന മുതലാളിയാണ് ചന്ദ്രബാബു. ശബരിമല യുവതി പ്രവേശനം സാധ്യമാക്കാൻ ഇടത് സർക്കാരിന് വേണ്ടി ചുക്കാൻ പിടിച്ചത് കോട്ടയം എസ് പിയായിരുന്ന ഹരിശങ്കറാണ്. അങ്ങനെ സർക്കാരിന് വളരെ വേണ്ടപ്പെട്ട നേതാവാണ് ചന്ദ്രബാബു. ചന്ദ്രബാബുവിനെ വിശ്വാസത്തിലെടുത്താണ് ശബരിമലയിലെ ഓപ്പറേഷൻ സർക്കാർ ഹരിശങ്കറിനെ ഏൽപ്പിച്ചതെന്നും വിലയിരുത്തലെത്തിയിരുന്നു.

ചട്ടവിരുദ്ധമായി ഡെപ്യൂട്ടി ചീഫ് എൻജിനീയർക്കു റിപ്പോർട്ട് നൽകിയെന്നും വിശദാംശങ്ങൾ മാധ്യമങ്ങളെ അറിയിച്ചെന്നുമാണു അസി. എക്‌സിക്യൂട്ടീവ് എൻജിനീയർ വി.കെ. ഷൈലാമോൾക്കുമേൽ ആരോപിക്കുന്ന കുറ്റം. പാലാരിവട്ടം പാലത്തിനു പിന്നാലെ വൈറ്റില മേൽപ്പാലനിർമ്മാണത്തിലും ക്രമക്കേടുണ്ടെന്ന റിപ്പോർട്ട് ശനിയാഴ്ചയാണു പുറത്തുവന്നത്. ഉദ്യോഗസ്ഥർക്കെതിരേ പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ രൂക്ഷവിമർശനവും നടത്തിയിരുന്നു. ജില്ലാ ക്വാളിറ്റി കൺട്രോളർ എന്ന നിലയിൽ പാലത്തിന്റെ ഗുണനിലവാരം സംബന്ധിച്ച രണ്ടാംഘട്ട റിപ്പോർട്ടായിരുന്നു ഉദ്യോഗസ്ഥ നൽകിയത്. എന്നാൽ സ്വതന്ത്ര ഏജൻസിയുടെ മൂന്നാംഘട്ട അന്വേഷണത്തിൽ പാലം നിർമ്മാണത്തിൽ തകരാറില്ലെന്നാണു കണ്ടെത്തൽ. ഇത്തരമൊരു നിഗമനം ഉണ്ടായിരിക്കെ രണ്ടാംഘട്ട റിപ്പോർട്ട് മാധ്യമങ്ങൾക്ക് ചോർത്തിനൽകിയെന്നും ഇതു മനഃപൂർവമാണെന്നുമാണ് ആരോപണം.

ശ്രീ ധന്യ കൺസ്ട്രക്ഷൻ എന്ന കോൺട്രാക്ടർ കോട്ടയം സംക്രാന്തിയിൽ എം സി റോഡിൽ ഒരു പാലം പണിതിരുന്നു. കെ എസ് ടി പി ആയതുകൊണ്ട് ലോക ബാങ്കിന്റെ ഇൻസ്‌പെക്ഷൻ ടീം അതിൽ നിർമ്മാണപിഴവ് മൂലം ബിൽ പാസാക്കുന്നതിന് എതിർപ്പ് രേഖപ്പെടുത്തി. തുടർന്ന് ചെന്നൈ ഐഐടി ടീം അവരുടെ പഠനത്തിലും ഇത് ശരി വെച്ച് കൊണ്ട് റിപ്പോർട്ട് നൽകിയിരുന്നു. ഇത് കാരണം ഉദ്ഘാടനം വൈകി. പിന്നീട് ബിൽ പാസാക്കി പാലം തുറന്നതും വിവാദമായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP