Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

വിദേശത്ത് നഴ്‌സിങ് ജോലി വാഗ്ദാനം ചെയ്ത് 200 പേരിൽ നിന്ന് കോടികൾ തട്ടിയ കേസ്: മുഖ്യപ്രതി പിടിയിൽ; കൊച്ചി സിറ്റി പൊലീസ് സ്‌പെഷ്യൽ ടീം ജോർജ് ടി ജോസിനെ പിടികൂടിയത് മഹാരാഷ്ട്രയിലെ ബോയിസറിൽ നിന്ന്; കേസിൽ ഇനി കണ്ടുകിട്ടാനുള്ളത് അഞ്ച് പ്രതികൾ കൂടി

വിദേശത്ത് നഴ്‌സിങ് ജോലി വാഗ്ദാനം ചെയ്ത് 200 പേരിൽ നിന്ന് കോടികൾ തട്ടിയ കേസ്: മുഖ്യപ്രതി പിടിയിൽ; കൊച്ചി സിറ്റി പൊലീസ് സ്‌പെഷ്യൽ ടീം ജോർജ് ടി ജോസിനെ പിടികൂടിയത് മഹാരാഷ്ട്രയിലെ ബോയിസറിൽ നിന്ന്; കേസിൽ ഇനി കണ്ടുകിട്ടാനുള്ളത് അഞ്ച് പ്രതികൾ കൂടി

ആർ പീയൂഷ്

കൊച്ചി: വിദേശത്ത് നഴ്‌സിങ് ജോലി വാഗ്ദാനംചെയ്ത് കോടികൾ തട്ടിയ കേസിലെ മുഖ്യപ്രതി പൊലീസ് പിടിയിൽ. കേസിൽ ഒളിവിൽപ്പോയ ഒന്നാം പ്രതിയായ ജോർജ് ടി. ജോസിനെ കൊച്ചി സിറ്റി പൊലീസിന്റെ സ്പെഷ്യൽ ടീമാണ് അറസ്റ്റ് ചെയ്തത്. മഹാരാഷ്ട്രയിലെ ബോയിസർ എന്ന സ്ഥലത്തുനിന്ന് ബുധനാഴ്ച വെളുപ്പിനാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കൊച്ചി സിറ്റി സൈബർ സെല്ലിന്റെ സഹായത്തോടെയാണ്, ഒളിവിൽ കഴിഞ്ഞ പ്രതിയെ കണ്ടെത്തിയത്.

പനമ്പിള്ളിനഗറിൽ പ്രവർത്തിക്കുന്ന 'ജോർജ് ഇന്റർനാഷണൽ' എന്ന കൺസൾട്ടൻസി സ്ഥാപനത്തിന്റെ പേരിൽ വിദേശത്ത് നഴ്‌സിങ് ജോലി വാഗ്ദാനംചെയ്ത് 200 പേരിൽ നിന്ന് രണ്ടുകോടിയോളം രൂപ തട്ടിപ്പ് നടത്തിയെന്നാണ് കേസ്. എറണാകുളം സൗത്ത് പൊലീസ് സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങിയിരുന്നു. പിന്നീട് കൊച്ചി സിറ്റി ഡി.സി.പി ജി. പൂങ്കുഴലിയുടെ നിർദ്ദേശപ്രകാരം കേസന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിക്കുകയായിരുന്നു.കേസിലെ ആറാം പ്രതി ഇടുക്കി അണക്കര സ്വദേശിനി വിനീത മാത്യുവിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കേസിൽ ആകെ ആറ്പ്രതികളാണുള്ളത്. സ്ഥാപനത്തിന്റെ മറ്റു നടത്തിപ്പുകാരായ ആദർശ് ജോസ്, അനീഷ് ജോസ് തുടങ്ങിയവരാണ് ഇനി അറസ്റ്റിലാകാനുള്ളത്.

കോടികൾ തട്ടിയ കേസിൽ പൊലീസ് അന്വേഷണം നടത്തുന്നില്ലെന്ന് ആരോപിച്ച് തട്ടിപ്പിനിരയായ 102 പേർ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. കുവൈത്ത്, ഷാർജ, കാനഡ എന്നിവിടങ്ങളിൽ ജോലി വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. ഇതു സംബന്ധിച്ച് തട്ടിപ്പിനിരയായവർ എറണാകുളം സൗത്ത് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. എന്നാൽ കേസ് അന്വേഷിക്കാതെ പൊലീസ് പ്രതികളെ സംരക്ഷിക്കുകയാണ് എന്നാരോപിച്ച്. സ്ഥാപനത്തിനു മുന്നിൽ പ്രതിഷേധം ആരംഭിച്ചതോടെയാണ് പൊലീസ് ഉണർന്ന് പ്രവർത്തിച്ചത്.

ഒരു ലക്ഷം മുതൽ ആറു ലക്ഷം രൂപ വരെയാണ് ഓരോരുത്തരിൽനിന്നും വാങ്ങിയത്. ഏകദേശം ആറ് കോടി രൂപ ഇത്തരത്തിൽ മൂന്നു വർഷത്തിനിടെ തട്ടിയെടുത്തിട്ടുണ്ടെന്നാണ് പരാതിക്കാർ പറയുന്നത്. പണം വാങ്ങുമ്പോൾ ഉറപ്പിനായി ചെക്ക് നൽകിയിരുന്നു. ജോലി ലഭിക്കാതെയായതോടെ ചെക്ക് ബാങ്കിൽ നൽകിയപ്പോഴാണ് ചെക്ക് മടങ്ങിയത്. ഇതോടെയാണ് ഉദ്യോഗാർത്ഥികൾ പരാതിയുമായി രംഗത്തെത്തിയത്.

അണക്കര സ്വദേശിനി വിനീത മാത്യു(24)നെയാണ് നേരത്തെ എറണാകുളം ടൗൺ സൗത്ത് പൊലീസ് അറസ്റ്റു ചെയ്തിരുന്നു. വിസ ശരിയാക്കി നൽകാമെന്ന് വാഗ്ദാനം നൽകി വിശ്വസിപ്പിച്ച ശേഷം ആളുകളിൽ നിന്നും പണം വാങ്ങിയത് പനമ്പിള്ളി നഗറിലുള്ള ഫെഡറൽ ബാങ്കിലെ വിനീത മാത്യുവിന്റെ അക്കൗണ്ട് മുഖാന്തിരമായിരുന്നു. ഈ സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്നു വിനീത മാത്യു. സംഭവത്തിനു ശേഷം ഇവർ ഉപയോഗിച്ചിരുന്ന ഫോൺ സ്വിച്ച് ഓഫാക്കിയശേഷം ഒളിവിൽ പോകുകയായിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ അണക്കരിയിലെ വീട്ടിൽ നിന്നാണ് പൊലീസ് ഇവരെ പിടികൂടിയത്. 6.50 ലക്ഷം രൂപയോളം ഇവർ അക്കൗണ്ട് മുഖേന കൈക്കലാക്കിയിരുന്നു. സ്പെഷ്യൽ ടീം അംഗങ്ങളായ കൊച്ചി സിറ്റി ക്രൈം ബ്രാഞ്ച് എ.സി.പി ബിജി ജോർജ്, ഇൻസ്പെക്ടർ കെ.ജി. അനീഷ്, സബ് ഇൻസ്പെക്ടർ വിനേജ്, എഎസ്ഐ സി.എ. ജോസി, സി.പി.ഒ എം. മഹേഷ് എന്നിവർ ചേർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP