Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പിഎസ്‌സി എൽഡിക്ലാർക്ക് ചോദ്യ പേപ്പർ ചോർച്ച: തൊണ്ടിമുതൽ വീണ്ടെടുക്കാനായില്ല; ഒന്നാം പ്രതിയെ കോടതി വിട്ടയച്ചു; ക്രൈംബ്രാഞ്ചിന്റെ പാകപ്പിഴകളെ അക്കമിട്ട് നിരത്തി വിമർശിച്ച് മജിസ്‌ട്രേറ്റ് കോടതി; ചോർത്തിയ ചോദ്യപേപ്പർ ഉപയോഗിച്ച് പരീക്ഷയെഴുതി ലിസ്റ്റിൽ കടന്നു കൂടിയ 24 പേരെ കൂട്ടു പ്രതികളാക്കാത്തതിനും വിമർശനം

പിഎസ്‌സി  എൽഡിക്ലാർക്ക് ചോദ്യ പേപ്പർ ചോർച്ച: തൊണ്ടിമുതൽ വീണ്ടെടുക്കാനായില്ല; ഒന്നാം പ്രതിയെ കോടതി വിട്ടയച്ചു; ക്രൈംബ്രാഞ്ചിന്റെ പാകപ്പിഴകളെ അക്കമിട്ട് നിരത്തി വിമർശിച്ച് മജിസ്‌ട്രേറ്റ് കോടതി; ചോർത്തിയ ചോദ്യപേപ്പർ ഉപയോഗിച്ച് പരീക്ഷയെഴുതി ലിസ്റ്റിൽ കടന്നു കൂടിയ 24 പേരെ കൂട്ടു പ്രതികളാക്കാത്തതിനും വിമർശനം

അഡ്വ.പി.നാഗ് രാജ്

തിരുവനന്തപുരം: ഭരണഘടനാ സ്ഥാപനമായ കേരളാ പബ്ലിക് സർവീസ് കമ്മീഷൻ നടത്തിയ എൽ.ഡി.ക്ലാർക്ക് പരീക്ഷയുടെ ചോദ്യ പേപ്പർ ചോർത്തിയ കേസിൽ ഒന്നാം പ്രതിയെ തിരുവനന്തപുരം അഞ്ചാം ജുഡീഷ്യൽ ഒന്നാം ക്ലാസ്സ് മജിസ്‌ട്രേട്ട് കോടതി വിട്ടയച്ചു. ഒന്നാം പ്രതിയായ തലസ്ഥാനത്തെ ഗവ.മോഡൽ സ്‌ക്കൂളിലെ ക്ലാസ്സ് ഫോർ ജീവനക്കാരനായ വിജയകുമാറിനെയാണ് കോടതി വിട്ടയച്ചത്. ക്രൈംബ്രാഞ്ച് ചാർജ് ചെയ്ത കേസിൽ കേസന്വേഷണത്തിലെ പാകപ്പിഴകൾ വിധിന്യായത്തിൽ അക്കമിട്ട് നിരത്തിയാണ് മജിസ്ട്രേട്ട് അമൽ പ്രതിയെ വിട്ടയച്ചത്. തൊണ്ടി മുതൽ വീണ്ടെടുക്കാത്തതിനെയും ചോർത്തിയ ചോദ്യപേപ്പർ ഉപയോഗിച്ച് പരീക്ഷയെഴുതി ലിസ്റ്റിൽ കടന്നു കൂടിയ 24 പേരെ കൂട്ടു പ്രതികളാക്കാതെ സാക്ഷികളാക്കിയതിനെയും കോടതി രൂക്ഷമായി വിമർശിച്ചു.

വിചാരണ നേരിട്ട ഒന്നാം പ്രതിക്കെതിരായ കേസ് സംശയാതീതമായി തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടതായി വിലയിരുത്തിയാണ് കോടതി ഒന്നാം പ്രതിയെ വിട്ടയച്ചത്. അതേ സമയം വിചാരണക്കിടെ കോടതിയിൽ ഹാജരാകാതെ ഒളിവിൽ പോയ രണ്ടും മൂന്നും പ്രതികൾക്കെതിരെ കോടതി ജാമ്യമില്ലാ അറസ്റ്റ് വാറണ്ടും സ്ഥാവര ജംഗമ സ്വത്തുക്കളുടെ ജപ്തി വാറണ്ടും പുറപ്പെടുവിച്ചു.

ചോദ്യ പേപ്പർ മോഷണ കേസിലെ ഒന്നു മുതൽ മൂന്നു വരെ പ്രതികളായ തലസ്ഥാന നഗരത്തിൽ സ്ഥിതി ചെയ്യുന്ന ഗവ: മോഡൽ സ്‌ക്കൂളിലെ ക്ലാസ് ഫോർ ജീവനക്കാരനായ വിജയകുമാർ , ചോദ്യ പേപ്പർ വിറ്റഴിച്ച ഇടനിലക്കാരും കൊല്ലം സ്വദേശികളുമായ മിഥുൻ , ചന്ദ്രൻ എന്നിവർക്കെതിരെയാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചത്.

2003 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഞായറാഴ്ച നടത്തേണ്ട ലോവർ ഡിവിഷൻ ക്ലാർക്ക് പരീക്ഷയുടെ ചോദ്യ പേപ്പറുകൾ മുദ്ര വച്ച കവറിൽ ഗവ: മോഡൽ സ്‌ക്കൂളിൽ വെള്ളിയാഴ്ചയോടെ എത്തി. സ്‌കൂളിലെ പ്രധാന അദ്ധ്യാപകൻ അവ തന്റെ ഓഫീസിലെ അലമാരയിൽ ഭദ്രമായി പൂട്ടി വച്ച് താക്കോൽ കൈവശം സൂക്ഷിച്ചു. പ്രധാന അദ്ധ്യാപകനടക്കമുള്ള ജീവനക്കാർ സ്‌ക്കൂൾ വിട്ട് പോയ ശേഷം ക്ലാസ് ഫോർ ജീവനക്കാരനായ ഒന്നാം പ്രതി വിജയകുമാർ കള്ള താക്കോലുപയോഗിച്ച് അലമാരയുടെ പൂട്ട് തുറന്ന് ഒരു ചോദ്യ പേപ്പർ കൈവശപ്പെടുത്തിയ ശേഷം അതിലെ ചോദ്യങ്ങൾ മറ്റൊരു പേപ്പറിൽ പകർത്തിയെഴുതി കൊല്ലം സ്വദേശികളായ ഇട നിലക്കാർ വഴി ഫോട്ടോക്കോപ്പിയെടുത്ത് 24 ഉദ്യോഗാർത്ഥികൾക്ക് വിറ്റഴിച്ചതായാണ് കേസ്.

ഈ ചോദ്യ പേപ്പറിലെ ചോദ്യങ്ങളുടെ ഉത്തരങ്ങൾ കാണാതെ പഠിച്ച് പരീക്ഷയെഴുതിയ 24 പേരും ഫലം വന്നപ്പോൾ ചുരുക്കപ്പട്ടികയിൽ കടന്നു കൂടി. സ്വതവേ കട്ടിയായ ചോദ്യങ്ങളായിരുന്നു പരീക്ഷക്ക് ചോദിച്ചത്. ചോർത്തിയ ചോദ്യ പേപ്പർ ഉപയോഗിച്ച് പഠിച്ച് ലിസ്റ്റിൽ ഇടം നേടിയ കൊല്ലം സ്വദേശികളായ 24 ഉദ്യോഗാർത്ഥികളിൽ ചിലർ മറ്റു ഉദ്യോഗാർത്ഥികളോട് സംഭവം സംബന്ധിച്ച് വീമ്പിളക്കിയതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. ഇതോടെ മറ്റുള്ളവർ പരാതിയുമായി പി എസ് സി സെക്രട്ടറിയെ സമീപിക്കുകയായിരുന്നു. പരാതി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പി.എസ്.സി സെക്രട്ടറി സംസ്ഥാന ഡി. ജി. പിക്ക് കൈമാറി. ഡി ജി പി ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടു. പരീക്ഷ പി.എസ്.സി റദ്ദാക്കുകയും പുനർ വിജ്ഞാപനം നടത്തി പുതിയ ചോദ്യ പേപ്പർ അച്ചടിച്ച് പി എസ് സി പരീക്ഷ വീണ്ടും നടത്തേണ്ടതായും വന്നു.

ക്രൈം ബ്രാഞ്ച് അന്വേഷണത്തിൽ ചോദ്യ പേപ്പർ വിറ്റഴിച്ചത് അമ്പതിനായിരം മുതൽ ഒരു ലക്ഷം രൂപ വരെയുള്ള തുകയ്ക്കാണെന്ന് കണ്ടെത്തി. 2005 ൽ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചു. 82 പേരടങ്ങുന്ന സാക്ഷിപ്പട്ടികയാണ് കുറ്റപത്രത്തോടൊപ്പം ഹാജരാക്കിയിട്ടുള്ളത്. അതേ സമയം പ്രതികളിൽ നിന്ന് തൊണ്ടി മുതലായ മോഷ്ടിച്ച ചോദ്യപേപ്പറിന്റെ ഒരു ഫോട്ടോ കോപ്പി പോലും വീണ്ടെടുക്കാൻ ക്രൈംബ്രാഞ്ചിനായിട്ടില്ല. മൂന്ന് അന്വേഷണ ഉദ്യോഗസ്ഥർ വിവിധ ഘട്ടങ്ങളിലായിി അന്വേഷിച്ചിട്ടും തൊണ്ടി മുതൽ വീണ്ടെടുക്കാൻ കഴിയാതെ പോയതാാണ് പ്രതിക്ക് ഗുണം ചെയ്തത്. അതോടെ സംശയത്തിന്റെ ആനുകൂല്യം പ്രതിക്ക് ലഭ്യമായി. ശിക്ഷാ നിയമത്തിലെ വകുപ്പുകളായ 120 ബി ( കുറ്റകരമായ ഗൂഢാലോചന ) , 461 ( വസ്തു അടങ്ങിയ അലമാര നേരു കേടായി കുത്തിത്തുറക്കൽ ) , 420 ( വിശ്വാസ വഞ്ചന ), 409 ( പൊതു സേവകൻ ചെയ്യുന്ന കുറ്റകരമായ ട്രസ്റ്റ് ലംഘനം) എന്നീ കുറ്റങ്ങളാണ് കോടതി പ്രതികൾക്ക് മേൽ ചുമത്തി വിചാരണ ചെയ്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP