Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രണ്ട് വർഷമായി ശമ്പളവും ഒരു വർഷമായി അലവൻസുമില്ല; സംസ്ഥാനത്തെ ഏറ്റവും മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥൻ നേരിടുന്നത് സമാനതകളില്ലാത്ത വിവേചനം; ഷൊർണൂർ മെറ്റൽ ഇൻഡസ്ട്രീസിൽ ജീവനക്കാർക്ക് ശമ്പളം നൽകാനുള്ള ഫണ്ടും നൽകുന്നില്ലെന്ന് എംഡി

രണ്ട് വർഷമായി ശമ്പളവും ഒരു വർഷമായി അലവൻസുമില്ല; സംസ്ഥാനത്തെ ഏറ്റവും മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥൻ നേരിടുന്നത് സമാനതകളില്ലാത്ത വിവേചനം; ഷൊർണൂർ മെറ്റൽ ഇൻഡസ്ട്രീസിൽ ജീവനക്കാർക്ക് ശമ്പളം നൽകാനുള്ള ഫണ്ടും നൽകുന്നില്ലെന്ന് എംഡി

മറുനാടൻ മലയാളി ബ്യൂറോ

പാലക്കാട്: രണ്ട് വർഷമായി ശമ്പളവും ഒരു വർഷവുമായി അലവൻസുമില്ലാതെ ഒരു ഐപിഎസ് ഉദ്യോഗസ്ഥൻ. ഷൊർണൂർ മെറ്റൽ ഇൻഡസ്ട്രീസ് എംഡിയായ ഡിജിപി ജേക്കബ് തോമസിനാണ് ശമ്പളവും അലവൻസും ലഭിക്കാത്തത്. ഏറ്റവുമൊടുവിൽ ശമ്പളം കിട്ടിയത് 2017 ഡിംസംബറിലാണെന്ന് ജേക്കബ് തോമസ് വെളിപ്പെടുത്തിയതായി മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു. ശമ്പളം നൽകുന്നതിലെ തടസ്സമെന്തെന്ന് വ്യക്തമാക്കേണ്ടത് സർക്കാരാണെന്നും ജേക്കബ് തോമസ് വ്യക്തമാക്കുന്നു. 1987 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ ജേക്കബ് തോമസ് സംസ്ഥാനത്തെ ഏറ്റവും മുതിർന്ന ഐ.പി.എസ് ഉദ്യോഗസ്ഥനാണ്.

ജേക്കബ് തോമസിന് ഐ.എം.ജി. മേധാവിയായിരിക്കുമ്പോഴാണ് 2017 ഡിസംബറിൽ അവസാനമായി ശമ്പളം നൽകിയത്. 2018 ജനുവരിക്കുശേഷം അലവൻസും ലഭിക്കുന്നില്ല. ഒക്ടോബറിലാണ് മെറ്റൽ ഇൻഡസ്ട്രീസ് മേധാവിയായി ജേക്കബ് തോമസ് ചുമതലയേറ്റത്. മെറ്റൽ ഇൻഡസ്ട്രീസിൽ ഡിസംബറിനുശേഷം ജീവനക്കാർക്കും ശമ്പളംനൽകാൻ ഫണ്ട് ലഭിച്ചിട്ടില്ല.

70 മുതൽ 80 ശതമാനംവരെ നഷ്ടത്തിലാണ് സ്ഥാപനം പ്രവർത്തിക്കുന്നത്. 2019-ൽ ലഭിച്ച ഒരുകോടിരൂപ ഉപയോഗിച്ചായിരുന്നു ശമ്പളവിതരണം. 2018-ൽ ഒന്നരക്കോടിയും ശമ്പളമടക്കമുള്ള ചെലവുകൾക്കായി ലഭിച്ചു. മെറ്റൽ ഇൻഡസ്ട്രീസിൽ ഓഫീസ് സ്റ്റാഫോ വാഹനമോ അനുവദിച്ചിട്ടില്ല.

വികസനത്തിന് അനിവാര്യമായ കയറ്റുമതിയും വിദേശവിപണിയും മെറ്റൽ ഇൻഡ്‌സ്ട്രീസിന് ലഭ്യമാക്കുന്നതിനായി ഇംഗ്ലണ്ടിലെ കമ്പനിയുമായി കരാറുണ്ടാക്കാൻ ശ്രമം നടക്കുന്നുണ്ട്. ഇത് ദീർഘകാല കരാറായതിനാൽ കമ്പനിയുടെ സാമ്പത്തികനില മെച്ചപ്പെടുത്തുന്നതിന് സമയം വേണ്ടിവരും. അതുവരെ പ്രവർത്തനം കാര്യക്ഷമമാക്കുന്നതിന് സർക്കാർസഹായം അനിവാര്യമാണെന്നും ജേക്കബ്‌തോമസ് പറഞ്ഞു.

രണ്ടു വർഷം നീണ്ട സസ്പെൻഷന് ശേഷമാണ് കേന്ദ്ര അഡ്‌മിനിസട്രേറ്റീവ് ട്രിബ്യൂണൽ വിധിയുടെ പിൻബലത്തിൽ ജേക്കബ് തോമസ് സർവീസിൽ തിരിച്ചെത്തിയത്. തിരിച്ചെത്തിയ ജേക്കബ് തോമസിനെ ഷൊർണൂർ സ്റ്റീൽ ആൻഡ് മെറ്റൽ ഇൻഡസ്ട്രീസ് സിഎംഡി ആയാണ് തസ്തിക അനുവദിച്ചത്. തീർത്തും അപ്രധാനമായ ഈ തസ്തികയിൽ ആദ്യമായാണ് ഒരു ഐപിഎസ് ഉദ്യോഗസ്ഥൻ നിയമിക്കപ്പെടുന്നത്.

ചുമതലയേറ്റ ഉടനെ ജേക്കബ് തോമസ് മാധ്യമങ്ങളോട് പങ്കുവെച്ച ചില അഭിപ്രായ പ്രകടനം വൻ വിവാദമായിരുന്നു. 'നൂറ്റിയൊന്നു വെട്ടിയാലും വായ്ത്തല പോകാത്ത വാക്കത്തി ഉണ്ടാക്കാമെന്നായിരുന്നു' വിവാദ പരാമർശം. സ്വയം വിരമിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് കഴിഞ്ഞ മേയിൽ ജേക്കബ് തോമസ് കേന്ദ്ര പേഴ്സണൽ മന്ത്രാലയത്തിന് അപേക്ഷ നൽകിയിരുന്നു. എന്നാൽ സംസ്ഥാന സർക്കാർ ഈ അപേക്ഷയെ എതിർത്തു. മാത്രമല്ല, ജേക്കബ് തോമസിനെതിരെ വിശദമായ റിപ്പോർട്ട് കേന്ദ്രത്തിനു നൽകുകയും ചെയ്തിരുന്നു. സർവീസിലിരിക്കെ മൂന്നുമാസം മുമ്പ് നോട്ടീസ് നൽകിയില്ലെന്ന കാരണത്താൽ കേന്ദ്രം അപേക്ഷ തള്ളുകയായിരുന്നു. സർവീസിൽ തിരിച്ചെടുക്കണമെന്ന ഹർജി നിലനിൽക്കെ കഴിഞ്ഞ ഓഗസ്റ്റിൽ സ്വയം വിരമിക്കൽ അപേക്ഷയുമായി അദ്ദേഹം അഡ്‌മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ചിരുന്നു.

2017 മുതലാണ് സർക്കാരിന് ജേക്കബ് തോമസ് അനഭിമതനാകുന്നത്. വിജിലൻസ് ഡയറക്ടറായിരിക്കെ അഴിമതി പരാതിയിൽ രണ്ട് മന്ത്രിമാർക്കെതിരെ അദ്ദേഹം ക്യുക്ക് വേരിഫിക്കേഷന് ഉത്തരവിട്ടിരുന്നു. പിന്നീട് ഓഖി ദുരന്തത്തിന്റെ പേരിൽ സർക്കാരിനെ വിമർശിച്ചതിന് അദ്ദേഹം സസ്‌പെൻഷനിലായി. സർവീസ് ചട്ടം ലംഘിച്ച് പുസ്തകം എഴുതി, ഡ്രെഡ്ജർ വാങ്ങിയതിൽ അഴിമതി കാട്ടി, ബിനാമി പേരിൽ സ്വത്ത് സമ്പാദിച്ചു എന്നീ ആരോപണങ്ങളിൽ മൂന്ന് എഫ് ഐ ആർ അദ്ദേഹത്തിനെതിരെ നിലവിലുണ്ട്.

സർവീസിൽ തിരിച്ചെടുത്തുകൊണ്ടുള്ള ഉത്തരവിൽ വിജിലൻസ് ഡയറക്ടറുടെ പദവിയോടെയാണ് നിമയനമെന്ന് വ്യക്തമായി സൂചിപ്പിച്ചിട്ടുണ്ടായിരുന്നെങ്കിലും, അടിസ്ഥാന സൗകര്യങ്ങൾ പോലും ഇല്ലാത്ത ഒരു ഓഫീസിലാണ് ജേക്കബ് തോമസിനെ നിയമിച്ചത്. ടെലിഫോൺ, ഔദ്യോഗിക വാഹനം, ഡ്രൈവർ, പ്യൂൺ, സുരക്ഷ തുടങ്ങിയവ ഒന്നും സംസ്ഥാനത്തെ മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥന് അനുവദിച്ചില്ല. ഓഖി ദുരന്തവുമായി ബന്ധപ്പെട്ട് സർക്കാർ നടപടികളെ വിമർച്ചതിനാണ് ജേക്കബ് തോമസിനെ 2017ൽ ആദ്യം സസ്പെൻഡ് ചെയ്യുന്നതത്.

മാത്രമല്ല, 'സ്രാവുകൾക്കൊപ്പം നീന്തുമ്പോൾ' എന്ന ആത്മകഥയിൽ സർക്കാറിനെ വിമർശിച്ചതും സസ്പെൻഷനൊപ്പം വകുപ്പുതല അന്വേഷണത്തിനും കാരണമായിരുന്നു. തുറമുഖ വകുപ്പിൽ മണ്ണുമാന്തിക്കപ്പൽ വാങ്ങിയതിൽ അഴിമതി ചൂണ്ടിക്കാട്ടി വിജിലൻസ് അദ്ദേഹത്തിനെതിരെ കേസ് എടുത്തിരുന്നു. മാത്രമല്ല, ഇതിനൊപ്പം മുമ്പ് ഉണ്ടായിരുന്ന സസ്പെൻഷൻ കാലാവധി നീട്ടി നൽകുകയും ചെയ്തു. തന്റെ ആത്മകഥയിൽ ഔദ്യോഗിക രഹസ്യനിയമം ലംഘിച്ചു എന്ന ക്രൈംബ്രാഞ്ച് കേസും ജേക്കബ് തോമസിനെതിരെ നിലവിലുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP