Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ആക്രമിക്കപ്പെട്ട നടിയുടെ പ്രോസിക്യൂഷൻ വിസ്താരം പൂർത്തിയായി; നടിയുടെ ഭർത്താവിനെയും പൾസർ സുനിയും സംഘവും സംഭവ ദിവസം രാത്രി ഭക്ഷണം കഴിച്ച തട്ടുകട ഉടമയെയും വിസ്തരിച്ചു; അമ്മയുടെ വിസ്താരം അനാരോഗ്യം മൂലം നടന്നില്ല; നടൻ ലാലിന്റെയും മകൻ ജീൻപോളിന്റെയും കുടുംബാംഗങ്ങളുടെയും വിസ്താരം ഇന്ന്; കേസിലെ മുഖ്യ തെളിവായ ദൃശ്യങ്ങളുടെ ഫൊറൻസിക് പരിശോധനാ റിപ്പോർട്ട് ലഭിച്ച ശേഷം ക്രോസ് വിസ്താരം നടത്താൻ പ്രതിഭാഗത്തിന്റെ നീക്കം; അതിവേഗം വിചാരണ പുരോഗമിക്കുമ്പോൾ നെഞ്ചിടിപ്പോടെ ദിലീപ്

ആക്രമിക്കപ്പെട്ട നടിയുടെ പ്രോസിക്യൂഷൻ വിസ്താരം പൂർത്തിയായി; നടിയുടെ ഭർത്താവിനെയും പൾസർ സുനിയും സംഘവും സംഭവ ദിവസം രാത്രി ഭക്ഷണം കഴിച്ച തട്ടുകട ഉടമയെയും വിസ്തരിച്ചു; അമ്മയുടെ വിസ്താരം അനാരോഗ്യം മൂലം നടന്നില്ല; നടൻ ലാലിന്റെയും മകൻ ജീൻപോളിന്റെയും കുടുംബാംഗങ്ങളുടെയും വിസ്താരം ഇന്ന്; കേസിലെ മുഖ്യ തെളിവായ ദൃശ്യങ്ങളുടെ ഫൊറൻസിക് പരിശോധനാ റിപ്പോർട്ട് ലഭിച്ച ശേഷം ക്രോസ് വിസ്താരം നടത്താൻ പ്രതിഭാഗത്തിന്റെ നീക്കം; അതിവേഗം വിചാരണ പുരോഗമിക്കുമ്പോൾ നെഞ്ചിടിപ്പോടെ ദിലീപ്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ ഇരയും മുഖ്യസാക്ഷിയുമായ യുവനടിയുടെ പ്രോസിക്യൂഷൻ വിസ്താരം പൂർത്തിയായി. നടിയുടെ ഭർത്താവിന്റെയും വിസ്താരം കോടതിയിൽ നടന്നു. കുറ്റകൃത്യം നടത്തുന്നതിനു മുൻപ് മുഖ്യപ്രതി സുനിൽകുമാറും (പൾസർ സുനി) കൂട്ടുപ്രതികളും സംഭവ ദിവസം രാത്രി ഭക്ഷണം കഴിച്ച തട്ടുകടയുടെ ഉടമയെയും ഇന്നലെ വിസ്തരിച്ചു. നടിയുടെ അമ്മയുടെ വിസ്താരം അവരുടെ അനാരോഗ്യം കാരണം ഇന്നലെ നടന്നില്ല. നടിയുടെ സഹോദരൻ, നടനും സംവിധായകനുമായ ലാൽ, മകൻ ജീൻപോൾ കുടുംബാംഗങ്ങൾ എന്നിവരെ ഇന്നു വിസ്തരിക്കും.

കേസിലെ മുഖ്യ തെളിവായ ദൃശ്യങ്ങളുടെ ഫൊറൻസിക് പരിശോധനാ റിപ്പോർട്ട് ലഭിച്ച ശേഷം ക്രോസ് വിസ്താരം നടത്താനാണു പ്രതിഭാഗത്തിന്റെ നീക്കം. ദിലീപിന്റെ ക്വട്ടേഷൻ പ്രകാരമായിരുന്നു തട്ടിക്കൊണ്ടു പോകൽ. ലാലിന്റെ സിനിമ കമ്പനി നിർമ്മിച്ച ചിത്രത്തിന്റെ ജോലികൾക്കിടയിലാണു നടി ഉപദ്രവിക്കപ്പെടുന്നത്. തട്ടിക്കൊണ്ടു പോകുമ്പോൾ നടി സഞ്ചരിച്ചിരുന്നതു ലാലിന്റെ ബന്ധുവിന്റെ പേരിലുള്ള വാഹനത്തിലാണ്. അതിക്രമത്തിനു ശേഷം ലാലിന്റെ വീടിനു സമീപമാണു നടിയെ പ്രതികൾ ഇറക്കിവിട്ടത്. ലാലിന്റെ വീട്ടിൽ അഭയം പ്രാപിച്ച നടി സംഭവം വിവരിച്ചതിനെ തുടർന്ന് അവിടെ എത്തിയ പി.ടി.തോമസ് എംഎൽഎയാണു പൊലീസിനെ വിവരം അറിയിച്ചത്. ലാലിൽ നിന്നു വിവരം അറിഞ്ഞ നിർമ്മാതാവ് ആന്റോ ജോസഫിനൊപ്പമാണ് എംഎൽഎ എത്തിയത്.

കേസിലെ മുഖ്യതെളിവായ ദൃശ്യങ്ങളുടെ ആധികാരികത സംബന്ധിച്ച കേന്ദ്ര ഫൊറൻസിക് സയൻസ് ലാബിന്റെ റിപ്പോർട്ട് ഇന്നു കോടതിയിൽ ലഭിച്ചേക്കും. റിപ്പോർട്ട് കൈപ്പറ്റാൻ കോടതി നിയോഗിച്ച 2 പൊലീസ് ഉദ്യോഗസ്ഥർ ചണ്ഡീഗഢിലെ ലാബിൽ എത്തിയിട്ടുണ്ട്. അതേസമയം കേസിലെ മുഖ്യതെളിവായ ദൃശ്യങ്ങളുടെ ഫോറൻസിക് പരിശോധനാ ഫലം വന്നശേഷം ക്രോസു വിസ്താരം നടത്താനാണ് ദിലീപിന്റെ നീക്കം. യുവനടിയെ ആക്രമിച്ച് അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തിയ കേസിൽ, ദൃശ്യങ്ങളുടെ ശാസ്ത്രീയ പരിശോധന പൂർത്തിയായിട്ടുണ്ട്.. ചണ്ഡീഗഡിലെ സെൻട്രൽ ഫോറൻസിക് ലാബിലാണ് വീഡിയോ ദൃശ്യങ്ങൾ പരിശോധനയ്ക്ക് വിധേയമാക്കിയത്.

ചണ്ഡീഗഡിൽ പരിശോധന പൂർത്തിയായതായി അറിയിച്ചതിനെ തുടർന്ന് റിപ്പോർട്ട് വാങ്ങാൻ കൊച്ചിയിലെ പ്രത്യേക കോടതി രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ ചണ്ഡീഗഡിലേക്ക് അയച്ചിട്ടുണ്ട്. റിപ്പോർട്ട് പകർത്താൻ പെൻഡ്രൈവും ഇവർക്ക് നൽകിയിട്ടുണ്ട്. സുപ്രീംകോടതി ഉത്തരവ് അനുസരിച്ചാണ് ദിലീപിന് റിപ്പോർട്ട് കൈമാറുന്നതെന്ന് ഉന്നത അധികൃതർ സൂചിപ്പിച്ചു. ദൃശ്യങ്ങളിൽ കൃത്രിമം നടന്നതായാണ് ദിലീപ് ആരോപിച്ചത്. ഓടുന്ന വാഹനത്തിലാണ് നടി ആക്രമിക്കപ്പെട്ടത്. ദൃശ്യങ്ങൾ നിർത്തിയിട്ട വാഹനത്തിലേതാണ്. എഡിറ്റ് ചെയ്ത ദൃശ്യങ്ങളുടെ പകർപ്പാണ് അഭിഭാഷകനെ കാണിച്ചത്. ഇതിൽ കൃത്രിമം ഉണ്ട്. വീഡിയോയിലെ സ്ത്രീശബ്ദം നടിയുടേതല്ല. നടിയുടെ ഒഴികെ മറ്റുള്ളവരുടെ മുഖം വ്യക്തമല്ല തുടങ്ങിയ വാദങ്ങളാണ് ദിലീപ് ഉന്നയിച്ചിരുന്നത്.

ദിലീപിന്റെ വാദം പരിഗണിച്ചാണ് സുപ്രീംകോടതി ആക്രമണ ദൃശ്യങ്ങളിൽ കൃത്രിമം നടന്നിട്ടുണ്ടോയെന്ന് സെൻട്രൽ ഫോറൻസി ഏജൻസി പേലെയുള്ള സ്വതന്ത്ര ഏജൻസികളെക്കൊണ്ട് പരിശോധിപ്പിക്കാൻ ദിലീപിന് അനുമതി നൽകിയത്. ഈ റിപ്പോർട്ട് ലഭിച്ചശേഷം, വിടുതൽ ഹർജി തള്ളിയ ഹൈക്കോടതി വിധിക്കെതിരെ ദിലീപ് നൽകിയ ഹർജി പരിഗണിക്കാമെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. മൂന്നാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് നൽകണമെന്നാണ് ഫോറൻസിക് ലാബിന് സുപ്രീംകോടതി നിർദ്ദേശം നൽകിയത്.

അതിനിടെ രണ്ട് ദിവസം മുമ്പ് നടിയെ ആക്രമിച്ച കേസിന്റെ വിചാരണയ്ക്കിടെ അടച്ചിട്ട കോടതി മുറിയിൽനിന്ന് പ്രതികളുടെ ദൃശ്യങ്ങൾ പകർത്തിയ സംഭവം ഉണ്ടായിരുന്നു. നടിയെ ആക്രമിച്ച കേസിലെ പ്രതിക്കും കൂട്ടാളിക്കുമെതിരേ തന്നെയാണ് കേസ്. അഞ്ചാം പ്രതി സലിം, സുഹൃത്ത് ആഷിഖ് എന്നിവർക്കെതിരേയാണ് പ്രത്യേക വിചാരണ കോടതിയുടെ നിർദ്ദേശപ്രകാരം എറണാകുളം നോർത്ത് പൊലീസ് കേസെടുത്തത്. നടിയെ ആക്രമിച്ച് പീഡന ദൃശ്യങ്ങൾ പകർത്തിയ കേസിൽ അറസ്റ്റിലായ സലിം ജാമ്യത്തിലിറങ്ങിയിരുന്നു.

തിങ്കളാഴ്ച വൈകീട്ട് അടച്ചിട്ട കോടതിമുറിക്കുള്ളിൽ വിസ്താരം നടക്കുന്നതിനിടെയാണ് സലിം മറ്റ് പ്രതികളുടെ ദൃശ്യങ്ങൾ പകർത്തിയത്. പ്രതിക്കൂട്ടിലുണ്ടായിരുന്ന ഒന്നാം പ്രതി പൾസർ സുനി ഉൾപ്പെടെയുള്ള പ്രതികളുടെയും കോടതി മുറിയുടെയും ദൃശ്യങ്ങൾ മൊബൈൽ ഫോൺ ക്യാമറയിൽ പകർത്തി. വിസ്താരത്തിനായി സലീമിന്റെയൊപ്പം എത്തിയ ഓട്ടോറിക്ഷാ തൊഴിലാളിയായ ആഷിഖ്, നടിയുടെ കാറിന്റെയും വിചാരണ കോടതിയുടെയും ചിത്രങ്ങൾ പകർത്തി. നടിയുടെ കാറിനെ ഇടിച്ച ടെമ്പോ ട്രാവലറിനൊപ്പം സെൽഫിയുമെടുത്തു.

തിങ്കളാഴ്ച രാവിലെ മുതൽ കോടതി പരിസരത്ത് സംശായസ്പദമായി കറങ്ങി നടന്ന ആഷിഖിനെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ബൈജു പൗലോസ് ചോദ്യം ചെയ്തതോടെയാണ് വിവരങ്ങൾ പുറത്തുവന്നത്. ഇരുവരുടെയും മൊബൈൽ ഫോൺ കസ്റ്റഡിയിലെടുത്തു. അടച്ചിട്ട കോടതിയിലെ നടപടിക്രമങ്ങൾ ലംഘിച്ചത് ചൂണ്ടിക്കാട്ടി സലീം, ആഷിഖ് എന്നിവർക്കെതിരേ കോടതിയിൽ റിപ്പോർട്ട് നൽകി. തുടർന്നാണ് കേസെടുക്കാൻ വിചാരണ കോടതി എറണാകുളം നോർത്ത് പൊലീസിന് നിർദ്ദേശം നൽകിയത്. സലീമിന്റെ ജാമ്യം റദ്ദാക്കാൻ കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ബൈജു പൗലോസ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP