Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഡൽഹിയിൽ ആം ആദ്മി ഭരണം നിലനിർത്തുക മികച്ച ഭൂരിപക്ഷത്തോടെ; ആകെയുള്ള 70ൽ 55 സീറ്റുകൾ വരെ പാർട്ടി നേടുമെന്ന് എബിപി-സി വോട്ടർ സർവ്വെ; ആദ്യഘട്ടത്തിലെ മന്ദത മാറി ബിജെപി നില മെച്ചപ്പെടുത്തും എങ്കിലും രാജ്യ തലസ്ഥാനത്തെ ഭരണം ഇനിയും ഒരുപാടകലെ; കോൺഗ്രസിന് നേരിടേണ്ടി വരുന്നത് വീണ്ടും ദയനീയ പരാജയം; അരവിന്ദ് കെജ്രിവാൾ ഡൽഹി രാഷ്ട്രീയത്തിലെ ചാമ്പ്യനാകുന്നത് ഇങ്ങനെ

ഡൽഹിയിൽ ആം ആദ്മി ഭരണം നിലനിർത്തുക മികച്ച ഭൂരിപക്ഷത്തോടെ; ആകെയുള്ള 70ൽ 55 സീറ്റുകൾ വരെ പാർട്ടി നേടുമെന്ന് എബിപി-സി വോട്ടർ സർവ്വെ; ആദ്യഘട്ടത്തിലെ മന്ദത മാറി ബിജെപി നില മെച്ചപ്പെടുത്തും എങ്കിലും രാജ്യ തലസ്ഥാനത്തെ ഭരണം ഇനിയും ഒരുപാടകലെ; കോൺഗ്രസിന് നേരിടേണ്ടി വരുന്നത് വീണ്ടും ദയനീയ പരാജയം; അരവിന്ദ് കെജ്രിവാൾ ഡൽഹി രാഷ്ട്രീയത്തിലെ ചാമ്പ്യനാകുന്നത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി മികച്ച ഭൂരിപക്ഷത്തോടെ അധികാരം നിലനിർത്തും എന്ന് എബിപി-സി വോട്ടർ സർവ്വെ. ആകെയുള്ള 70 സീറ്റുകളിൽ 55 സീറ്റുകൾ വരെ എഎപി നേടുമെന്നാണ് സർവെ പ്രവചിക്കുന്നത്. അതേസമയം, തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ബിജെപി നില മെച്ചപ്പെടുത്തിയതായും സർവെ ചൂണ്ടിക്കാട്ടുന്നു. നാളെയാണ് ഡൽഹിയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കൊട്ടിക്കലാശം.

ആംആദ്മി പാർട്ടിയുമായി തുടക്കത്തിലുണ്ടായിരുന്ന വൻവ്യത്യാസം ധ്രുവീകരണത്തിലൂന്നിയുള്ള പ്രചാരണത്തിലൂടെ കുറച്ചെന്നാണ് ബിജെപിയുടെ വിലയിരുത്തൽ. ഒട്ടും ആവേശമില്ലാതെ തുടങ്ങിയ പ്രചാരണം അവസാനിക്കുന്നത് ധ്രുവീകരണത്തിലൂന്നിയുള്ള പ്രസ്താവനകളിലാണ്. ആം ആദ്മി പാർട്ടി വീണ്ടും തൂത്തുവാരുമെന്ന വിലയിരുത്തൽ പ്രചാരണത്തിന്റെ നിറം തുടക്കത്തിൽ കെടുത്തി. പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങൾ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്ന് ശ്രദ്ധ മാറ്റിയിരുന്നു. ബിജെപി ക്യാമ്പിൽ ഒരാവേശവും തുടക്കത്തിൽ ദൃശ്യമല്ലായിരുന്നു. അതേസമയം, ഡൽഹിയുടെ തെരുവുകളെ അരവിന്ദ് കെജ്രിവാളിന്റെ റോഡ് ഷോകൾ ഇളക്കിമറിച്ചു. സ്‌കൂളും ആശുപത്രിയും സ്ത്രീകളുടെ ബസ് യാത്രയും ചർച്ചയായപ്പോൾ ബിജെപിക്ക് മറുപടി ഇല്ലായിരുന്നു.

എഎപി 55 സീറ്റ് വരെ നേടാമെന്നാണ് സർവ്വെ വിലയിരുത്തൽ. കഴിഞ്ഞ ദിവസം പുറത്തുവന്ന ടൈംസ് നൗ ഐപിഎസ്ഒഎസ് സർവേയും എഎപിയുടെ വിജയമായിരുന്നു പ്രവചിച്ചത്. 54 മുതൽ 60 സീറ്റുകൾ വരെ ആം ആദ്മി പാർട്ടി നേടുമെന്നായിരുന്നു സർവേ പ്രവചിച്ചത്. ബിജെപിക്ക് 10 മുതൽ 14 സീറ്റുകളിലാണ് വിജയസാധ്യതയെന്നും റിപ്പോർട്ട് പറഞ്ഞിരുന്നു. പൂജ്യം മുതൽ രണ്ട് സീറ്റുകൾ വരെ മാത്രമാണ് കോൺഗ്രസിന് സർവേയിൽ സാധ്യത കൽപ്പിച്ചത്. മിക്ക മണ്ഡലങ്ങളിൽ ആം ആദ്മിയും ബിജെപിയും തമ്മിലാണ് ഏറ്റമുട്ടൽ. ആംആദ്മിക്ക് 52 ശതമാനം വോട്ടും ബിജെപിക്ക് 34 ശതമാനവും കോൺഗ്രസിന് 4 ശതമാനവുമാണ് സർവേ പ്രവചിച്ചത്.

ശനിയാഴ്ചയാണ് വോട്ടെടുപ്പ്. കഴിഞ്ഞ തവണ 70 ൽ 67 സീറ്റിലും ജയിച്ച് ഭരണത്തിലേറിയ ആംആദ്മി സർക്കാർ തുടർച്ചയായ ഭരണം നേടാനുള്ള ശ്രമത്തിലാണ്. നിയമസഭാ തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം നാളെ അവസാനിക്കും. അവസാനവട്ട പ്രചാരണ തിരക്കിലാണ് രാഷ്ട്രീയ പാർട്ടികൾ. അരവിന്ദ് കെജ്‌രിവാളിന്റെ മണ്ഡല പര്യടനം ഇന്ന് അവസാനിക്കും. രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഇന്ന് റാലികളെ അഭിസംബോധന ചെയ്യും. ബിജെപിക്കായി കേന്ദ്രമന്ത്രിമാരും യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥും പ്രചാരണ രംഗത്തുണ്ട്.

തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഏറെ മുന്നിലാണ് കെജ്‌രിവാളും ആം ആദ്മി പാർട്ടിയും. ബിജെപിയുടെ ആരോപണങ്ങൾക്ക് കൃത്യമായ മറുപടി നൽകിയും വികസന പദ്ധതികൾ ഉയർത്തിക്കാട്ടിയുമാണ് പ്രചാരണം. 60 സീറ്റോളം ഉറപ്പിച്ചതായി നേതാക്കൾ അവകാശപ്പെടുന്നു.

വർഗീയ പ്രസ്താവനകൾ നടത്തിയാണ് ബിജെപി മുന്നോട്ട് പോകുന്നത്. ഷഹീൻ ബാഗ്, സീലംപൂർ, ജാമിഅ എന്നിവിടങ്ങളിലെ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം രാജ്യത്തെ ഭിന്നിപ്പിക്കാനാണ് എന്നാണ് പ്രചാരണം. ഇതിനെല്ലാം ഊർജം പകരുന്നത് കെജ്‌രിവാളാണെന്നും ബിജെപി ആരോപിക്കുന്നു.

പ്രചാരണത്തിൽ ഏറെ പിന്നിലാണ് കോൺഗ്രസ്. ഇന്നലെ രാഹുൽ ഗാന്ധി ഇറങ്ങിയതോടെയാണ് പ്രചാരണം ചെറുതായെങ്കിലും ശക്തമായത്. കോൺഗ്രസ് ശക്തമായി രംഗത്തിറങ്ങാത്തത് എ.എ.പി വോട്ടുകൾ ഭിന്നിക്കാനുള്ള സാധ്യത ഇല്ലാതാക്കാനാണെന്ന റിപ്പോർട്ടുകളുമുണ്ട്. ബിജെപിയുടെ വർഗീയ പ്രസ്താവനകൾക്ക് ശക്തമായ മറുപടി നൽകുന്നുണ്ടെങ്കിലും അവയിലേക്ക് മാത്രം ചർച്ചകൾ കേന്ദ്രീകരിക്കപ്പെടാതിരിക്കാൻ എ.എ.പിയും കോൺഗ്രസും ശ്രദ്ധിക്കുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP