Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ആരോഗ്യമല്ല പ്രായമാണ് പ്രധാനം; വി എസ് ഇനി കേന്ദ്ര കമ്മറ്റിയിൽ പ്രത്യേക ക്ഷണിതാവ് മാത്രം; സിപിഎമ്മിന്റെ സ്ഥാപക നേതാവിന് ഇനി അഭിപ്രായം പറയാതെ എല്ലാം കേട്ടിരിക്കാം; യെച്ചൂരിയുടെ നേട്ടത്തിൽ കോട്ടത്തിലും തൃപ്തനായി മടക്കം

ആരോഗ്യമല്ല പ്രായമാണ് പ്രധാനം; വി എസ് ഇനി കേന്ദ്ര കമ്മറ്റിയിൽ പ്രത്യേക ക്ഷണിതാവ് മാത്രം; സിപിഎമ്മിന്റെ സ്ഥാപക നേതാവിന് ഇനി അഭിപ്രായം പറയാതെ എല്ലാം കേട്ടിരിക്കാം; യെച്ചൂരിയുടെ നേട്ടത്തിൽ കോട്ടത്തിലും തൃപ്തനായി മടക്കം

മറുനാടൻ മലയാളി ബ്യൂറോ

വിശാഖപട്ടണം: സിപിഐ(എം) കേന്ദ്രകമ്മറ്റിയിൽ ഇനി പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന് സംസാരിക്കാൻ കഴയില്ല. വോട്ടെടുപ്പിലും പങ്കെടുക്കാനാകില്ല. പ്രായപരിധി ചൂണ്ടിക്കാട്ടി വി എസ് അച്യുതാനന്ദനെ പാർട്ടിയുടെ കേന്ദ്ര കമ്മറ്റിയിലെ സ്ഥിരാംഗമെന്ന സ്ഥാനത്ത് നിന്ന് വിശാഖപട്ടണം പാർട്ടി കോൺഗ്രസ് നീക്കി. എന്നാൽ കമ്മറ്റിയിൽ പ്രത്യേക ക്ഷണിതാവായി നിലനിർത്തി. സംസ്ഥാന സമിതിയിലെ അംഗത്വത്തെ കുറിച്ച് അനിശ്ചിതത്വം തുടരുന്നതിനാൽ വ്യക്തമായ പാർട്ടി ഘടകമില്ലാത്ത നേതാവായി വി എസ് മാറി. എന്നാൽ പാർട്ടി കോൺഗ്രസിലെ തീരുമാനത്തിൽ സന്തുഷ്ടി അറിയിച്ചാണ് വി എസ് കേരളത്തിലേക്ക് മടങ്ങുന്നത്. കാര്യങ്ങളിൽ പൂർണ്ണ തൃപ്തനാണെന്നും വി എസ് അച്യുതാനന്ദൻ വ്യക്തമാക്കി.

കേരളത്തിൽ നിന്ന് എളമരം കരീമും, എ.കെ ബാലനും ഉൾപ്പടെ 16 പുതുമുഖങ്ങളെ പുതിയ കേന്ദ്രകമ്മിറ്റിയിൽ ഉൾപ്പെടുത്തി. 80 വയസ്സ് പിന്നിട്ടവരെ കേന്ദ്രകമ്മിറ്റിയിൽ നിന്ന് ഒഴിവാക്കുകയെന്ന പൊതുനയത്തിന് അനുസരിച്ച് പാലോളി മുഹമ്മദ് കുട്ടി സ്വയം ഒഴിവായി. അതേ സമയം 80 ന്റെ പടിവാതിലിൽ നിൽക്കുന്ന പി.കെ ഗുരുദാസനെ കേന്ദ്രകമ്മിറ്റിയിൽ നിലനിർത്തി. മുതിർന്ന നേതാവ് എന്ന പരിഗണന വച്ചാണ് വി.എസിനെ പ്രത്യേക ക്ഷണിതാവാക്കിയത്. കഴിഞ്ഞ തവണയും പ്രായത്തിന്റെ കാര്യത്തിൽ ഇളവ് നൽകിയാണ് വി.എസിനെ കേന്ദ്രകമ്മിറ്റിയിൽ നിലനിർത്തിയത്. ഇത്തവണ സംസ്ഥാന നേതൃത്വത്തിന്റെ ഉറച്ചനിലപാട് വി എസ്സിനെ ഒഴിവാക്കണമെന്നായിരുന്നു. സ്ഥാപകനേതാവ് എന്ന നിലയിൽ ഒടുവിൽ വി.എസിന് പ്രത്യേക പരിഗണന നൽകി ക്ഷണിതാവാക്കാൻ തീരുമാനിക്കുകയായിരുന്നു.

പ്രത്യേക ക്ഷണിതാവ് മാത്രമായതോടെ കേന്ദ്രകമ്മിറ്റിയിൽ വോട്ടെടുപ്പ് വരുന്ന ഘട്ടത്തിലൊന്നും ഇനി അതിൽ പങ്കെടുക്കാൻ വി എസ്സിന് കഴിയില്ല. പാർട്ടി തീരുമാനത്തിൽ അസ്വാഭാവികതയില്ലെന്ന് വി എസ് തീരുമാനത്തോട് പ്രതികരിച്ചു. പ്രായം ഒരു ഘടകമാണല്ലോയെന്ന് വി എസ് പറഞ്ഞു. സമ്മേളനം അവസാനിക്കുന്നതിന് മുമ്പ് തന്നെ ചെന്നൈ വഴിയാണ് കേരളത്തിലേക്ക് മടങ്ങുന്നത്. താൻ പ്രതിഷേധിച്ചല്ല പോകുന്നതെന്ന് അദ്ദേഹം പറയുകയുണ്ടായി. ശനിയാഴ്ച രാഷ്ട്രീയ സംഘടന റിപ്പോർട്ടിന്മേൽ നടന്ന ചർച്ചയിൽ കേരളത്തെ പ്രതിനിധീകരിച്ച് സംസാരിച്ച എളമരം കരീം വി എസ്സിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടു. ആലപ്പുഴയിൽ നടന്ന പാർട്ടി സംസ്ഥാന സമ്മേളനത്തിൽ നിന്ന് ഇറങ്ങിപ്പോയ വി എസ്സിന്റെ നടപടി അണികൾക്കും ജനങ്ങൾക്കും മുന്നിൽ വിശദീകരിക്കാനാകാത്ത നിലയിൽ പാർട്ടിയെ കൊണ്ടെത്തിച്ചു കരീം പറഞ്ഞു. എന്നാൽ സീതാറാം യെച്ചുരിയുടെ ഇടപെടലുകളിലൂടെ വി എസ് പ്രത്യേക ക്ഷണിതാവാക്കുകയായിരുന്നു.

പാർട്ടി തീരുമാനത്തിൽ പ്രതികരണവും അറിയിച്ച ശേഷമാണ് വി എസ് വിശാഖപട്ടണത്ത് നിന്ന് മടങ്ങുന്നത്. കേന്ദ്ര കമ്മിറ്റി യോഗത്തിൽ നിന്ന് തന്നെ ഒഴിവാക്കി പ്രത്യേക ക്ഷണിതാവാക്കിയതിൽ അസ്വാഭാവികതയില്ലെന്ന് പ്രതിപക്ഷ നേതാവ് വി എസ്.അച്യുതാനന്ദൻ പറഞ്ഞു. ഒഴിവാക്കിയതിൽ പ്രതിഷേധമുണ്ടോയെന്ന ചോദ്യത്തിന് ഇല്ല എന്നും അദ്ദേഹം മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു. പാർട്ടിയുടെ മാനദണ്ഡങ്ങൾ അനുസരിച്ചാണ് ഇത്തരമൊരു തീരുമാനം കൈക്കൊണ്ടത്. അതിൽ അസ്വാഭാവികമായി യാതൊന്നും തന്നെയില്ല. പി.കെ.ഗുരുദാസനെ കേന്ദ്ര കമ്മിറ്റിയിൽ നിലനിർത്തിയല്ലോ എന്ന ചോദ്യത്തിന് അയാൾക്ക് എൺപതോ എൺപത്തിരണ്ടോ വയസല്ലേ ആയുള്ളൂ. ആരോഗ്യമല്ല, വയസാണ് പ്രധാനമാണെന്നും വി എസ് കൂട്ടിച്ചേർത്തു. തുടർന്നും പാർട്ടിയുമായി സഹകരിക്കുമോയെന്ന ചോദ്യത്തിന് അതെല്ലാം പാർട്ടിയുടെ പ്രവർത്തനം നോക്കി തീരുമാനിക്കുമെന്നായിരുന്നു മറുപടി. നിലപാടുകളിൽ ഉറച്ചു നിൽക്കുമോയെന്ന ചോദ്യത്തിന് അദ്ദേഹം മറുപടി പറഞ്ഞില്ല.

സീതാറാം യെച്ചൂരി ജനറൽ സെക്രട്ടറി ആവുമോയെന്ന ചോദ്യത്തിന് അറിയില്ലെന്നായിരുന്നു വി.എസിന്റെ മറുപടി. താൻ പ്രതിഷേധിച്ച് പോവുകയല്ല. ഫ്‌ളൈറ്റിന്റെ സമയം നോക്കി പോവുകയാണ്. ഇവിടെ നിന്ന് മദ്രാസിലേക്ക് പോണം. അവിടെ നിന്ന് കേരളത്തിലേക്കും. അതിനാൽ നിങ്ങൾ എനിക്ക് വഴി തരണം....വഴി തരണം എന്ന് പറഞ്ഞ് വി എസ് കൂടുതൽ ചോദ്യങ്ങൾക്ക് കാത്തുനിൽക്കാതെ കാറിലേക്ക് കയറി. അങ്ങനെ വേദി വിട്ട വി എസ് വീണ്ടും സമ്മേളന സ്ഥലത്ത് എത്തി. സീതാറാം യെച്ചൂരിയാണ് ജനറൽ സെക്രട്ടറിയെന്ന് അറിഞ്ഞതോടെയാണ് ഇത്. യെച്ചൂരിയുടെ സ്ഥാനലബ്ദിയെ മാറ്റങ്ങളുടെ തുടക്കമെന്നാണ് വി എസ് വിശേഷിപ്പിച്ചത്. അങ്ങനെ സന്തോഷത്തോടെ വി എസ് കേരളത്തിലേക്ക് മടങ്ങി. കേരളത്തിൽ സെക്രട്ടറിയായി കോടിയേരി ബാലകൃഷ്ണനും കേന്ദ്രത്തിൽ യെച്ചൂരിയും എത്തുമ്പോൾ തനിക്ക് കൂടുതൽ പരിഗണന കിട്ടുമെന്നാണ് വിഎസിന്റെ കണക്ക് കൂട്ടൽ. ആ സന്തോഷം തന്നെയാണ് വിഎസിന്റെ മുഖത്ത് ഇന്ന് പ്രകടമായതും.

പക്ഷേ സംഘടനാ തലത്തിൽ വിഎസിന് തിരിച്ചടി തന്നെയാണ് കേന്ദ്രകമ്മറ്റിയിലെ പ്രത്യേക ക്ഷണിതാവെന്ന സ്ഥാനം. ഒരു വർഷത്തിന് ശേഷം പ്രതിപക്ഷ നേതൃസ്ഥാനം ഒഴിഞ്ഞാൽ പിന്നെ വലിയ റോൾ വിഎസിന് ലഭിക്കില്ലെന്നാണ് പാർട്ടി കോൺഗ്രസ് നൽകുന്ന സൂചന. പ്രായമായത് വിഎസും അംഗീകരിക്കുന്നു. അതിനും ഒരു കാരണമുണ്ട്. വിഎസിനെ കേന്ദ്ര കമ്മറ്റിയിൽ നിന്ന് പുറത്താക്കണമെന്നായിരുന്നു കേരളാ ഘടകത്തിന്റെ ആവശ്യം. ഇന്ന് പാർട്ടിയിലെ ഏറ്റവും പ്രമുഖ ഘടകമാണ് കേരളം. എന്നിട്ടും വിഎസിനെ പ്രത്യേക ക്ഷണിതാവാക്കി. സംസ്ഥാന രാഷ്ട്രീയത്തിൽ വിഎസിന്റെ പ്രസക്തി കേന്ദ്ര നേതൃത്വം അംഗീകരിച്ചതിന്റെ സൂചനയാണ് ഇത്. അതിനൊപ്പം യുവത്വത്തിന് വഴിമാറണമെന്ന നിർദ്ദേശവുമുണ്ട്. അടുത്ത തെരഞ്ഞെടുപ്പിലൊന്നും പാർട്ടി ടിക്കറ്റ് വിഎസിന് മത്സരിക്കാനായി ലഭിക്കില്ലെന്ന് കൂടി വ്യക്തമാക്കുന്നതാണ് തീരുമാനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP