Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഗോപി സുന്ദറിന്റെ നേതൃത്വത്തിൽ പ്രശസ്ത ഗായകരായ ഹരിചരൺ, സിതാര, ജ്യോത്സന, നജീം അർഷാദും സംഗീത മഴ പൊഴിക്കാൻ ബഹ്‌റിനിലേക്ക്; ഗോപീ സുന്ദർ ഷോ വെള്ളിയാഴ്‌ച്ച ഏഷ്യൻ സ്‌കൂൾ ഗ്രൗണ്ടിൽ

ഗോപി സുന്ദറിന്റെ നേതൃത്വത്തിൽ പ്രശസ്ത ഗായകരായ ഹരിചരൺ, സിതാര, ജ്യോത്സന, നജീം അർഷാദും സംഗീത മഴ പൊഴിക്കാൻ ബഹ്‌റിനിലേക്ക്; ഗോപീ സുന്ദർ ഷോ  വെള്ളിയാഴ്‌ച്ച ഏഷ്യൻ സ്‌കൂൾ ഗ്രൗണ്ടിൽ

സ്വന്തം ലേഖകൻ

മനാമ:ഒരു ഇടവേളക്ക് ശേഷം പത്തോളം ഗായകരുമായി ബഹ്റൈനിൽ ഗോപി സുന്ദർ ലൈവ് സംഗീതനിശ ഒരുങ്ങുന്നു . ഫെബ്രുവരി ഏഴിന്, വെള്ളിയാഴ്ച വൈകീട്ട് ഏഴരക്ക് ഏഷ്യൻ സ്‌കൂൾ ഗ്രൗണ്ടിലാണ് സംഗീത നിശ. പ്രശസ്ത തെന്ന്യന്ത്യൻ സംഗീത സംവിധായകൻ ഗോപി സുന്ദറിന്റെ നേതൃത്വത്തിൽ പ്രശസ്ത ഗായകരായ ഹരിചരൺ, സിതാര, ജ്യോത്സന, നജീം അർഷാദ്, നിരഞ്ജ സുരേഷ്, അഭയ ഹിരൺമായ്, മഖ്ബൂൽ മൻസൂർ, ക്രിസ്റ്റകല, കാവ്യ അജിത്, റാൽഫിൻ സ്റ്റീഫൻ എന്നിവരാണ് ലൈവ് സംഗീത സന്ധ്യയൊരുക്കുക.

റാമി പ്രൊഡക്ഷൻ മിഡിൽ ഈസ്റ്റാണ് പരിപാടി സംഘടിപ്പിക്കുന്നത്.ഗൾഫ് രാജ്യങ്ങളിലുടനീളം 2004 മുതൽ ഇന്ത്യയിലെ പ്രമുഖരെ അണിനിരത്തികൊണ്ട് സ്റ്റേജ് ഷോകൾ സംഘടിപ്പിക്കുന്ന ഗ്രൂപ്പാണ് റാമി പ്രൊഡക്ഷൻസ് . ബഹ്റൈനിൽ ആദ്യമായാണ് ഗോപി സുന്ദറിന്റെ നേതൃത്വത്തിൽ ഇത്രയും വലിയ ലൈവ് സംഗീത സന്ധ്യ അരങ്ങേറുന്നതെന്ന് പ്രോഗ്രാം ഡയറക്ടർ റഹീം ആതവനാട് വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ഒട്ടനവധി മലയാള ചലച്ചിത്രങ്ങൾക്ക് സംഗീതസംവിധാനം നിർവ്വഹിച്ച ഗോപി സുന്ദർ പ്രമുഖരായ നിരവധി സംഗീതസംവിധായകർക്ക് വേണ്ടി പ്രോഗ്രാമറായും പ്രവർത്തിച്ചിട്ടുണ്ട് . ഗായകൻ, ഗാന രചിയിതാവ്, അഭിനേതാവ് എന്നീ നിലകളിലും കഴിവു തെളിയിച്ച ഗോപി ടെലിവിഷൻ പരസ്യങ്ങൾക്ക് സംഗീതം നിർവഹിച്ചാണ് ചലച്ചിത്ര സംഗീത സംവിധാന മേഖലയിലേക്കു കടന്നുവന്നത്. നിരവധി മലയാളം, തമിഴ്, തെലുങ്കു, ഹിന്ദി സിനിമകളുടെ സംഗീത സംവിധാനം നിർവഹിച്ചിട്ടുണ്ട് .

ഫ്ളാഷ്, ബാംഗ്ലൂർ ഡെയ്സ്, അൻവർ, പുലിമുരുകൻ, ചാർലി, പൂമരം, ബാംഗ്ലൂർ നാട്കൽ (തമിഴ്), ഊപിരി തോഴ (തെലുങ്കു, തമിഴ്) മജ്നു (തെലുങ്കു) തുടങ്ങിയവയാണ് ഗോപി സുന്ദർ സംഗീതം പകർന്ന ചില ശ്രദ്ധേയമായ ചിത്രങ്ങൾ. നോട്ട്ബുക്ക്, ബിഗ് ബി, ഇവിടം സ്വർഗ്ഗമാണ് തുടങ്ങിയ ചിത്രങ്ങളുടെ പശ്ചാത്തലസംഗീതം ഒരുക്കിയ ഇദ്ദേഹം അയ്യായിരത്തിൽപ്പരം പരസ്യചിത്രങ്ങൾക്കും ഈണമിട്ടു. കയ്യെത്തും ദൂരത്ത്, അൻവർ, ഉസ്താദ് ഹോട്ടൽ എന്നിവയുൾപ്പെടെ ഒൻപതോളം ചിത്രങ്ങളിൽ പിന്നണി ഗായകനായി. ഷാരൂഖാന്റെ സൂപ്പർഹിറ്റ് ചിത്രമായ 'ചെന്നൈ എക്സ്പ്രസി'ൽ ചിന്മയിയോടൊപ്പം 'തിത്തിലി' എന്ന ഗാനവും ആലപിച്ചു. 'എന്ന് നിന്റെ മൊയ്തീനി'ലെ 'മുക്കത്തെ പെണ്ണേ' എന്ന ഗാനം മഖ്ബൂർ മൻസൂറിനൊപ്പം ആലപിച്ചു. പുലി മുരുകനിലെ പാശ്ചാത്തല സംഗീതത്തിന് 2017ലെ അക്കാദമി അവാർഡിന് ഷോർട്ലിസ്റ്റ് ചെയ്തിരുന്നു. നിരവധി പുരസ്‌കാരങ്ങൾ കരസ്ഥമാക്കിയ ഗോപി സുന്ദറിന് അൻവർ എന്ന ചിത്രത്തിന്റെ സംഗീതസംവിധാനത്തിന് മികച്ച സംഗീതസംവിധായകനുള്ള ഫിലിംഫെയർ പുരസ്‌കാരം ലഭിച്ചു. 2014ലെ ദേശിയ ചലച്ചിത്ര പുരസ്‌കാരത്തിൽ മികച്ച പശ്ചാത്തല സംഗീതത്തിനുള്ള പുരസ്‌കാരവും ലഭിച്ചു.

കർണാടിക് സംഗീതജ്ഞനും പിന്നണി ഗായകനുമായ ഹരിചരൺ മലയാളം, തമിഴ്, കന്നട, തെലുങ്കു ഭാഷകളിലായി നിരവധി ചിത്രങ്ങളിൽ പിന്നണി പാടി. പൃഥ്വിരാജ് ചിത്രമായ ഇസ്റയിലെ 'ലൈലാകമേ പൂചൂടുമോ', ദുൽഖർ സൽമാൻ ചിത്രമായ ബംഗ്ലൂർ ഡെയ്സിലെ 'അരികിലെ പുതു മന്ദാരമായി വിടരു നീ' എന്നിവയടക്കം നിരവധി ഹിറ്റുകൾ ആലപിച്ചു. മലയാളികൾക്ക് സുപരിചിതയായ സിതാര അറിയപ്പെടുന്ന ഗസൽ ഗായികൂടിയാണ്. രണ്ടു തവണ സംസ്ഥാന സർക്കാരിന്റെ മികച്ച പിന്നണി ഗായികക്കുള്ള പുരസ്‌കാരം ചൂടിയ സിതാര മലയാളം, തമിഴ്, തെലുങ്കു ഭാഷകളിലായി നിരവധി സിനികൾക്ക് പിന്നണി പാടി. കറുപ്പിനഴക്, തെമ്മ തെമ്മ തെമ്മാടിക്കാറ്റ് തുടങ്ങിയ ഹിറ്റ്കളിലൂടെ ശ്രോതാക്കഒളുടെ മനം കവർന്ന ജ്യോത്സന തെന്ന്യന്ത്യൻ സിനിമാ പിന്നണി ഗായകരിൽ അതിപ്രശസ്തയാണ്. 130 ഓളം മലയാള സിനിമകളിൽ പാടി. ഐഡിയാ സ്റ്റാർ സിംറിലൂടെ പിന്നണി ഗാന രംഗത്ത് തന്റേതായ ഇടം കണ്ടെത്തിയ നജീം അർഷാദ് നൂറുകണക്കിന് ഹിറ്റ് ഗാനങ്ങളിലൂടെ മലയാളിയുടെ ഹൃദയം കവർന്ന ഗായകനാണ്. നിരഞ്ജ സുരേഷ്, അഭയ ഹിരൺമായ്, മഖ്ബൂൽ മൻസൂർ, ക്രിസ്റ്റകല, കാവ്യ അജിത്, റാൽഫിൻ സ്റ്റീഫൻ എന്നിവരെല്ലാം തെന്നിന്ത്യൻ ശ്രോതാക്കളുടെ ഇഷ്ട ഗായകരാണ്.

വിവിധ ഭാഷകളിലെ ഹിറ്റ്-മെലഡി ഗാനങ്ങളാൽ സമ്പന്നമായിരിക്കും ഗോപി സുന്ദർ ലൈവ് ഇൻ സംഗീത മേളയെന്ന് റഹീം ആതവനാട് പറഞ്ഞു. എല്ലാവരും കേൾക്കാൻ കൊതിക്കുന്ന, തെരഞ്ഞെടുത്ത മനോഹര ഗാനങ്ങൾ ഗായകർ രംഗത്ത് അവതരിപ്പിക്കും. അനുഗ്രഹീതരായ 30ഓളം കലാകരന്മാർ ഇവരോപ്പം പിന്നണിയിൽ അണിനിരക്കുമെന്നും റഹീം ആതവനാട് പറഞ്ഞു.

ടിക്കറ്റ് നിരക്ക്:
വിഐപി രണ്ടു പേർക്ക് 25 ദിനാർ, വിഐപി - ഒരാൾക്ക് 15 ദിനാർ.
ഗോൾഡ് - ഒരാൾക്ക് പ്രവേശനം- 10 ദിനാർ, സിൽവർ-ഒരാൾക്ക് പ്രവേശനം- 5 ദിനാർ. ടിക്കറ്റുകൾ ലുലു ഹൈപ്പർമാർക്കറ്റ്, എൻഇസി മണി എക്സ്ചേഞ്ച്, ലുലു ഇന്റർനാഷണൽ എക്‌സ്‌ചേഞ്ച്, അൽറീഫ് പാൻഏഷ്യ എന്നിവയുടെ ബഹ്റൈനിലെ എല്ലാ ശാഖകളിലും ലഭിക്കും. വിവരങ്ങൾക്ക്: 33418411 / 33863130 / 33307369.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP