Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കേന്ദ്രപദ്ധതികളുടെ പരുകൾ ഷട്ട് ഡൗൺ ഇന്ത്യ, സിറ്റ് ഡൗൺ ഇന്ത്യ, ഷട്ട് അപ് ഇന്ത്യ എന്നിങ്ങനെ മാറ്റണമെന്ന തരൂരിന്റെ വാക്കുകൾക്ക് ബെഞ്ചിൽ അടിച്ചു പ്രോത്സാഹിപ്പിച്ചു അടുത്തിരുന്ന ദയാനിധി മാരൻ; രാജ്യത്തെ ഹിന്ദു-മുസ്ലിം, ഞങ്ങൾ-നിങ്ങൾ എന്നിങ്ങനെ വിഭജിക്കുക അല്ലാതെ എന്താണ് നിങ്ങൾ ചെയ്യുന്നത്? രാജ്യത്തിന്റെ ജനാധിപത്യ, മതേതര ഘടനയ്ക്ക് മേലുള്ള ആക്രമണമാണ് നടക്കുന്നത്; ലോക്‌സഭയിൽ കേന്ദ്രസർക്കാറിനെതിരെ ശശി തരൂർ കത്തിക്കയറിയത് ഇങ്ങനെ; വീണ്ടു താരമായി മഹുവ മോയിത്രയും

കേന്ദ്രപദ്ധതികളുടെ പരുകൾ ഷട്ട് ഡൗൺ ഇന്ത്യ, സിറ്റ് ഡൗൺ ഇന്ത്യ, ഷട്ട് അപ് ഇന്ത്യ എന്നിങ്ങനെ മാറ്റണമെന്ന തരൂരിന്റെ വാക്കുകൾക്ക് ബെഞ്ചിൽ അടിച്ചു പ്രോത്സാഹിപ്പിച്ചു അടുത്തിരുന്ന ദയാനിധി മാരൻ; രാജ്യത്തെ ഹിന്ദു-മുസ്ലിം, ഞങ്ങൾ-നിങ്ങൾ എന്നിങ്ങനെ വിഭജിക്കുക അല്ലാതെ എന്താണ് നിങ്ങൾ ചെയ്യുന്നത്? രാജ്യത്തിന്റെ ജനാധിപത്യ, മതേതര ഘടനയ്ക്ക് മേലുള്ള ആക്രമണമാണ് നടക്കുന്നത്; ലോക്‌സഭയിൽ കേന്ദ്രസർക്കാറിനെതിരെ ശശി തരൂർ കത്തിക്കയറിയത് ഇങ്ങനെ; വീണ്ടു താരമായി മഹുവ മോയിത്രയും

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: കോൺഗ്രസിന്റെ പാർലമെന്റേറിയന്മാരിൽ ഏറ്റവും മികച്ച വ്യക്തി ആരെന്ന് ഉത്തരം ശശി തരൂർ എന്നു തന്നെയാണ്. തരൂർ ഒരു വിഷയം പറയാൻ പാർലമെന്റിൽ എണീറ്റു നിന്നാൽ അതു കേൾക്കാൻ കാതോർക്കുന്നവരാണ് സഹപാർലമെന്റേറിയർ. കുറിക്കു കൊള്ളുന്ന വാക്കുകളുമായി തരൂർ കഴിഞ്ഞ ദിവസവും പാർലമെന്റി്ൽ തിളങ്ങി. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിന് മറുപടിയായി നടന്ന ചർച്ചയിലാണ് കേന്ദ്രസർക്കാറിന്റെ നയങ്ങൾ എണ്ണിയെണ്ണി തെറ്റാണെന്ന് തരൂർ പ്രസംഗിച്ചത്. കാശ്മീർ വിഷയവും പൗരത്വ നിയമവും അടക്കമുള്ള വിഷയങ്ങളും അദ്ദേഹം തന്റെ പ്രസംഗത്തിൽ പരാമർശിച്ചു.

ഇന്ത്യയുടെ ആത്മാവിനെ വിഭജിക്കുന്നതിന്റെ ഉത്തരവാദിത്വം കേന്ദ്രസർക്കാരിനാണെന്ന് തതൂർ തുറന്നടിച്ചു. രാജ്യത്തെ മുന്നോട്ടു നയിക്കേണ്ടവർ നയം ഇല്ലാതെ ഇടുങ്ങിയ ചിന്താഗതികൾ കൊണ്ട് രാജ്യത്തെ നശിപ്പിക്കുകയാണ് ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്രസർക്കാർ സർക്കാർ പദ്ധതികളുടെ പേരുകൾ ഷട്ട് ഡൗൺ ഇന്ത്യ, സിറ്റ് ഡൗൺ ഇന്ത്യ, ഷട്ട് അപ് ഇന്ത്യ എന്നിങ്ങനെ മാറ്റണമെന്നും അദ്ദേഹം പരിഹസിച്ചു.

രാജ്യത്തിന്റെ ജനാധിപത്യ, മതേതര ഘടനയ്ക്ക് മേലുള്ള ആക്രമണമാണ് നടക്കുന്നതെന്ന് തരൂർ ആരോപിച്ചു. രാജ്യത്തെ ഹിന്ദു-മുസ്ലിം, ഞങ്ങൾ-നിങ്ങൾ എന്നിങ്ങനെ വിഭജിക്കുകയാണ് ബിജെപി സർക്കാർ ചെയ്യുന്നതെന്നും തരൂർ പറഞ്ഞു. 1947ൽ ഇന്ത്യയുടെ മണ്ണ് വിഭജിക്കപ്പെടുന്നതിന് നാം സാക്ഷ്യംവഹിച്ചു. 2020ൽ കേന്ദ്രസർക്കാർ ഇന്ത്യയുടെ ആത്മാവിനെ വിഭജിച്ചിരിക്കുന്നു. സ്‌കിൽ ഇന്ത്യ, ഡിജിറ്റൽ ഇന്ത്യ, സ്റ്റാർട്ട് അപ്പ് ഇന്ത്യ എന്നിങ്ങനെ പല പദ്ധതികൾക്കുവേണ്ടിയും പല പ്രചാരണങ്ങളും നടന്നു. എന്നാൽ സ്റ്റാൻഡ് അപ് ഇന്ത്യയ്ക്കു വേണ്ടി ഇവിടെ ആരും മിണ്ടിയില്ല. കാരണം, സ്റ്റാൻഡ് അപ് കൊമേഡിയന്മാർക്ക് വിലക്ക് ഏർപ്പെടുത്തുന്ന തിരക്കിലായിരുന്നു നിങ്ങൾ, കുനാൽ കമ്രയ്ക്ക് യാത്രാവിലക്ക് ഏർപ്പെടുത്തിയത് പരാമർശിച്ച് തരൂർ പറഞ്ഞു.

370-ാം അനുച്ഛേദം റദ്ദാക്കിയതിനോടനുബന്ധിച്ച് ജമ്മു കശ്മീരിൽ കൊണ്ടുവന്ന നിയന്ത്രണങ്ങൾ സംബന്ധിച്ചും തരൂർ വിമർശനമുന്നയിച്ചു. രാജ്യം അഭിമുഖീകരിക്കുന്ന ഭരണഘടനാപരവും രാഷ്ട്രീയവുമായ പ്രതിസന്ധികൾ കൈകാര്യം ചെയ്യാനുള്ള ധാർമിക ഉത്തരവാദിത്വം കൈയൊഴിയുകയാണ് സർക്കാർ ചെയ്തതെന്ന് തരൂർ പറഞ്ഞു. ഈ സർക്കാറിൽ നിന്നും നല്ലതൊന്നും പ്രതീക്ഷിക്കേണ്ടതില്ലെന്ന നിലയിലേക്ക് കാര്യങ്ങൾ എത്തിയിരിക്കുന്നു. സ്വന്തം തോൽവികൾ മറച്ചുവെക്കാൻ വേണ്ടിയുള്ള ശ്രമങ്ങളാണ് സർക്കാൻ നടത്തുന്നത്. - തരൂർ പറഞ്ഞു.

ഈ സർക്കാറിന്റെ ഭരണത്തിൽ എല്ലാ തലത്തിലും രാജ്യം പിന്നോട്ടു പോയി. സാമ്പത്തികമായും സാമൂഹിതമായി ആഗോള തലത്തിൽ ഇന്ത്യ പിന്തള്ളപ്പെട്ടു. അഞ്ച് ട്രില്ല്യൻ സാമ്പത്തിക ശക്തി ആകുമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ പറയുമ്പോഴും അതിനുള്ള വിഷൻ ഇല്ലാത്ത അവസ്ഥയാണ് സർക്കാറിനുള്ളത്. ലോകത്ത് ഏറ്റവും അധികം ഇന്റർനെറ്റ് കട്ട് ചെയ്യുന്ന രാജ്യമെന്ന ചീത്തപ്പേരാണ് ഇന്ത്യയുള്ളത്. കാശ്മീരിനെ മൊത്തം ഷട്ട്ഡൗൺ ചെയ്തിരിക്കയാണ് സർക്കാർ. ഇതെല്ലാം ആഗോള തലത്തിൽ രാജ്യത്തിന് നാണക്കേടാകുന്ന അവസ്ഥ ഉണ്ടാക്കുന്നു.

പാക്കിസ്ഥാനിലെ ഹിന്ദുക്കളുടെ കാര്യത്തിൽ ഗാന്ധിജി ഉത്കണ്ഠപ്പെട്ടിരുന്നുവെന്നും അവർ തിരിച്ചു വരണമെന്ന് ആഗ്രഹിച്ചു എന്നും നയപ്രഖ്യാപന പ്രസംഗത്തിൽ രാഷ്ട്രപതി പറഞ്ഞതിനെയും തരൂർ വിമർശിച്ചു. ഗാന്ധിജി ഇന്ത്യാ വിഭജനത്തിന് എതിരെ നിലകൊണ്ട വ്യക്തിയായിരുന്നു. അദ്ദേഹം ആഗ്രഹിച്ചത് ഹിന്ദുക്കളും സിഖുകാരും മുസ്ലിംങ്ങളും ഒരേ മനസ്സോടെ താമസിക്കുന്ന ഇന്ത്യയാണെന്നും തരൂർ പറഞ്ഞു. ആശയങ്ങൾ രാജ്യത്തെ മുന്നോട്ടു നയിക്കുന്നതിൽ പ്രധാനമാണ്. നെഹ്രുവിന്റെ ആശയങ്ങൾ രാജ്യത്തെ മുന്നോട്ടു നയിച്ചെന്നും കോൺഗ്രസ് ഐഡിയോളജി ഇന്ത്യയെന്ന വികാരത്തെ കൂടുതൽ ഉത്തേജിപ്പിക്കുകയാണ് ചെയ്തതെന്നും തരൂർ പറഞ്ഞു. ശശി തരൂരിന്റെ പ്രസംഗത്തെ പ്രതിപക്ഷ ബെഞ്ചിലെ എംപിമാർ കൈയടിച്ചു പ്രോത്സാഹിപ്പിക്കുകയാണ് ചെയ്തത്. തരൂരിന്റെ വാക്കുകൾക്ക് ബെഞ്ചിൽ അടിച്ചു പ്രോത്സാഹിപ്പിച്ചു അടുത്തിരുന്ന ദയാനിധി മാരൻ ചെയ്തിരുന്നത്.

തരൂരിനെ കൂടാതെ മഹുവ മോയിത്രയും ലോക്‌സഭയിലെ പ്രസംഗം കൊണ്ടു ശ്രദ്ധ നേടി. പൗരത്വ ഭേദഗതി നിയമത്തിനെ രാജ്യമെങ്ങും പ്രക്ഷോഭങ്ങൾ നടന്നുകൊണ്ടിരിക്കെ ലോക്‌സഭയിൽ കേന്ദ്ര സർക്കാരിനെ കടന്നാക്രമിക്കുകയാണ് മഹുവ ചെയ്തത്. നന്ദിപ്രമേയ ചർച്ചയിൽ സംസാരിക്കവെ പൗരത്വഭേദഗതി നിയമത്തെയും അതിനെതിരായ പ്രക്ഷോഭങ്ങളെ കൈകാര്യംചെയ്യുന്ന രീതിയെയും അവർ നിശിതമായി വിമർശിച്ചു. മഹുവ മോയിത്രയുടെ പ്രസംഗത്തിന് സാമൂഹ്യമാധ്യമങ്ങളിൽ വലിയ ചർച്ചയായിരിക്കുകയാണ്.

മഹുവ മോയിത്രയുടെ പ്രസംഗം ഇങ്ങനെ: ''മര്യാദ കെട്ട സർക്കാറാണിത്, നിങ്ങൾക്കു വിലയേറിയ വോട്ട് തന്നു വിജയിപ്പിച്ച ഓരോ വ്യക്തിയേയും നിങ്ങൾ വഞ്ചിച്ചിരിക്കുന്നു. വോട്ട് തന്നവരോട് നിങ്ങൾ ഇപ്പോൾ ചോദിക്കുന്നത് പൗരത്വം തെളിയിക്കാനുള്ള രേഖ. ഇതിൽപ്പരം ഒരു ചതിയും വഞ്ചനയും സ്വതന്ത്ര ഇന്ത്യ കണ്ടിട്ടേയില്ല. 'ദേശീയ പൗരത്വ നിയമവും പൗരത്വ രജിസ്റ്ററും ജനസംഖ്യാ കണക്കെടുപ്പും ഏകാധിപത്യ ഭരണകൂടത്തിന്റെ തന്ത്രങ്ങളാണ്. ഇഷ്ടമില്ലാത്തവരെ ഒറ്റപ്പെടുത്താനും ചാപ്പകുത്തി മാറ്റിനിർത്താനും ഒടുവിൽ അവരെ ഇല്ലാതാക്കാനുമുള്ള ഹീനമായ തന്ത്രം. ഇതിന് ഈ രാജ്യത്തെ ജനങ്ങളുടെ പിന്തുണയുണ്ടെന്ന് വിചാരിക്കരുത്. തങ്ങൾ നേടിയ 'ചരിത്രപരമായ ജനവിധി'ക്ക് വോട്ടുചെയ്ത 67 ശതമാനത്തിൽ 37 ശതമാനത്തിന്റെ പിന്തുണയേ ഉള്ളൂ എന്ന് ബിജെപി ഓർക്കുന്നത് നന്ന്.

ജനങ്ങൾ നിങ്ങളെ വോട്ടു ചെയ്തു വിജയിപ്പിച്ചത് വികസനത്തിനുവേണ്ടിയാണെന്നു മറക്കരുത്. കുടില തന്ത്രങ്ങളിൽനിന്നു രൂപപ്പെടുത്തിയ നിയമങ്ങളും വിദ്വേഷ പ്രസംഗങ്ങളുമാണ് ഭരണകക്ഷിയിലെ ഓരോ അംഗങ്ങളും പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്. ബിജെപി ഇപ്പോൾ നടപ്പാക്കുന്ന ഈ ഭിന്നിപ്പിച്ചു ഭരിക്കൽ തന്ത്രത്തിലൂടെ ഞങ്ങളുടെ പിതാക്കളെ ഭീകരവാദികളും ഞങ്ങളുടെ മക്കളെ ദേശദ്രോഹികളുമാക്കുന്ന നാസി ഭരണകൂടത്തിന്റെ അതേ ആഖ്യാനമാണ് ബിജെപി നിർമ്മിച്ചെടുക്കുന്നത്. ' മഹുവ മോയിത്ര കൂട്ടിച്ചേർത്തു. നേരത്തെ രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദി പ്രമേയ ചർച്ചയിലും മഹുവ സർക്കാരിനെ ശക്തമായി വിമർശിച്ചിരുന്നു. ഫാസിസം നടപ്പാക്കുമ്പോൾ പ്രത്യക്ഷമാകുന്ന ഏഴു ലക്ഷണങ്ങളായിരുന്നു മഹുവ മോയിത്രയുടെ പ്രസംഗത്തിന്റെ മുഖ്യഭാഗം. തൃണമൂൽ കോൺഗ്രസിന് വേണ്ടി ബംഗാളിലെ കൃഷ്ണ നഗർ ലോക്‌സഭാ മണ്ഡലത്തെയാണ് മഹുവ പ്രതിനിധീകരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP