Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'ആണും പെണ്ണും ഒരുമിച്ച് നടക്കട്ടെ; അത് കണ്ട് അസ്വസ്ഥരാകുന്നവർ മുരിക്കിൻ തൈ നടട്ടെ'; നാടക പരിശീലനത്തിനിടെ വിദ്യാർത്ഥികൾക്ക് നേരെ സദാചാര ഗുണ്ടാ ആക്രമണം; ആക്രമികൾക്ക് തെരുവ് നാടകത്തിലൂടെ മറുപടി നൽകി നാടക വിദ്യാർത്ഥികൾ; ആക്രമണം അരങ്ങേറിയത് കണ്ടൽ പഠന ബോധവൽക്കരണ കേന്ദ്രത്തിൽ നാടകപരിശീലനത്തിന് എത്തിയ വിദ്യാർത്ഥികൾക്ക് നേരെ

മറുനാടൻ ഡെസ്‌ക്‌

കണ്ണൂർ: നാടക പരിശീലനത്തിനിടെ തങ്ങളെ അക്രമിച്ച സദാചാര ഗുണ്ടകളോട് തെരുവ് നാടകത്തിലൂടെ പ്രതികരിച്ച് കോളെജ് വിദ്യാർത്ഥികൾ.ആണും പെണ്ണും ഒന്നിച്ചു നടക്കട്ടെ അതു കാണുമ്പോൾ ചൊറിയുന്നവർ മുരിക്കിൻ തയ്കൾ നട്ടുവളർത്തട്ടെയെന്ന് നാടകത്തിലെ കലാകാരന്മാരും കലാകാരികളും വിളിച്ചു പറഞ്ഞപ്പോൾ കൂടി നിന്ന വിദ്യാർത്ഥികൾ ആവേശ പൂർവം കയ്യടിച്ചു.മുരിക്കിൻ തൈകളുടെ ഗുണഗണങ്ങൾ വിവരിച്ച് ആൾക്കൂട്ടത്തിൽ വിൽപന നടത്തുന്ന വിദ്യാർത്ഥി പറയുന്നു

'കേരളത്തിലങ്ങോളമിങ്ങോളമുള്ളവർക്ക് മുരിക്കിൻ തൈകൾ ഏറെ ആവശ്യമുള്ള കാലമാണിത് , മടിച്ചു നിൽക്കാതെ കടന്നു വന്ന് മുരിക്കിൻ തൈ വാങ്ങിയാൽ നിങ്ങളുടെ രോഗം കുറഞ്ഞു കിട്ടും 'മുരിക്കിൻ തൈ വാങ്ങി ഉപയോഗിച്ച ശേഷം ആണും പെണ്ണും ഒന്നിച്ചു നടക്കുന്നത് കാണുമ്പോൾ പഴയതുപോലുള്ള അസുഖം ഉണ്ടാകുന്നില്ലെന്ന് ചിലർ സാക്ഷ്യപ്പെടുത്തുകയും ചെയ്യുന്നു. സദാചാര പൊലീസുകാർക്ക് മുരിക്കിൻ കമ്പുകളാണ് പരിഹാരമെന്ന് പ്രഖ്യാപിച്ചു കൊണ്ട് നാടകം അവസാനിക്കുകയും ചെയ്യുന്നു.

ഞായറാഴ്ച വൈകിട്ടാണ് പയ്യന്നൂർ എടാട്ട് തുരുത്തിയിൽ കണ്ടൽ പഠന ബോധവൽക്കരണ കേന്ദ്രത്തിൽ നാടക പരിശീലനത്തിന് എത്തിയ പെൺകുട്ടികളുൾപ്പടെയുള്ള വിദ്യാർത്ഥികൾക്കു നേരെ സദാചാര പൊലീസ് ചമഞ്ഞെത്തിയവർ അതിക്രൂരമായ ആക്രമണം അഴിച്ചു വിട്ടത്.

ജില്ലാ പഞ്ചായത്തിന്റെ തണ്ണീർത്തട ദിനാഘോഷത്തിന്റെ ഭാഗമായി അഴീക്കോട് കണ്ടൽച്ചെടികൾ നട്ടും, തെരുവു നാടകം അവതരിപ്പിച്ചും ഫോട്ടോ പ്രദർശനം നടത്തിയും തിരിച്ചുവന്ന ശേഷമായിരുന്നു നാടകത്തിൽ ചില കൂട്ടിച്ചേർക്കലുകൾക്കായി വിദ്യാർത്ഥികൾ കണ്ടൽ പഠനകേന്ദ്രത്തിൽ ഒത്തു ചേർന്നത്.

അക്രമത്തിൽ മൂന്ന് പെൺകുട്ടികളുൾപ്പടെ ഏഴ് പേർക്ക് പരിക്കേറ്റു. അക്രമത്തിനിടെ ഒരു വിദ്യാർത്ഥിനിക്ക് ബോധ ക്ഷയം വരെയുണ്ടായി. സാരമായി പരിക്കേറ്റ കണ്ടൽ ബോധവൽക്കരണ പ്രവർത്തകനായ വിമൽ പരിയാരം ഗവ. മെഡിക്കൽ കോളജിലും മറ്റ് വിദ്യാർത്ഥികൾ പയ്യന്നൂർ താലൂക്ക് ആശുപത്രിയിലും ചികിത്സ തേടി. ഒൻപത് പേരാണ് അക്രമി സംഘത്തിൽ ഉണ്ടായിരുന്നതെന്ന് പറയപ്പെടുന്നു.
നാടക പരിശീലനത്തിനെത്തിയ ആൺകുട്ടിയെയും പെൺകുട്ടിയെയും വഴിയിൽ തടഞ്ഞു വച്ച് ചിലർ ചോദ്യം ചെയ്യുകയായിരുന്നു. പിന്നീട് നാടക പരിശീലനം നടക്കുന്ന കെട്ടിടത്തിലേക്ക് സംഘം ചേർന്നെത്തി മർദിക്കുകയുമായിരുന്നു. പെൺകുട്ടികളെ പോലും നിലത്ത് തള്ളിയിട്ടായിരുന്നു മർദനം.

സംഭവവുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികളുടെ പരാതിയിൽ പയ്യന്നൂർ പൊലീസ് അഞ്ച് പേരെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു. കുഞ്ഞിമംഗലം എടാട്ട് സ്വദേശികളായ എംപി.മനോഹരൻ (49), സി.പവിത്രൻ (45), എ.വി. ആകാശ് (29), സി.സി. മനോജ് (35), എം. സതീശൻ (46) എന്നിവരെയാണ് അറസ്റ്റു ചെയ്ത് ജാമ്യത്തിൽ വിട്ടത്. സംഭവത്തിൽ ഇവരുൾപ്പടെ ഒൻപത് പേർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.സദാചാര പൊലീസിംഗിനും അക്രമത്തിനുമെതിരെ ശക്തമായ പ്രതിഷേധമാണ് വിദ്യാർത്ഥികളിൽ നിന്നും ഉയർന്നു വന്നത്. വിദ്യാർത്ഥികൾ എടാട്ട് പ്രതിഷേധ പ്രകടനവും സംഘടിപ്പിച്ചു.

പെൺകുട്ടികളുൾപ്പടെ ആക്രമിക്കപ്പെട്ട സംഭവത്തിൽ പൊലീസിന്റെ ഭാഗത്തു നിന്നും ഗൗരവമുള്ള ഇടപെടൽ ഉണ്ടായില്ലെന്ന ആരോപണം ഉയർന്നിട്ടുണ്ട്. അഞ്ചു പേരെ അറസ്റ്റു ചെയ്തു എങ്കിലും സ്റ്റേഷൻ ജാമ്യം കിട്ടാവുന്ന വകുപ്പുകൾ മാത്രമാണ് ഇവരുടെ മേൽ ചുമത്തപ്പെട്ടത്. ഇവരെ അറസ്റ്റു ചെയ്ത് ജാമ്യത്തിൽ വിട്ടയച്ച ശേഷമാണ് പെൺകുട്ടികളുടേത് ഉൾപ്പടെയുള്ള മൊഴി പൊലീസ് രേഖപ്പെടുത്തിയത് എന്നും പറയപ്പെടുന്നു. ഒരു സ്ഥാപനത്തിൽ തള്ളിക്കയറി സാമൂഹ്യ വിരുദ്ധർ ക്രൂരമായ ആക്രമണം നടത്തിയിട്ടും പൊലീസ് സ്വീകരിച്ച മൃദു സമീപനത്തിനെതിരെ വ്യാപകമായ പ്രതിഷേധമുയർന്നിട്ടുണ്ട്. പട്ടികജാതി വിഭാഗക്കാരനായ വിദ്യാർത്ഥിയെ ജാതിപ്പേര് ചേർത്ത് അസഭ്യം പറഞ്ഞതായും പരാതിയുണ്ട്.

മർദനമേറ്റവരിൽ പയ്യന്നൂർ കോളജിലെ സ്റ്റുഡന്റ് എഡിറ്ററും എസ്.എഫ്.ഐ നേതാവുമായ വിദ്യാർത്ഥിയും ഉൾപ്പെടുന്നുണ്ട്. അക്രമത്തിന് ഇരയായവരിൽ പലരും എസ്.എഫ് .ഐ ഡിവൈഎഫ്ഐ പ്രവർത്തകരാണ്. ഒരു വിദ്യാർത്ഥിനി ജനാധിപത്യ മഹിളാ അസോസിയേഷൻ ഭാരവാഹി കൂടിയാണ്.സദാചാര ഗുണ്ടായിസത്തിനെതിരെ പ്രദേശത്ത് വിദ്യാർത്ഥികൾ വ്യാപകമായി പോസ്റ്റർ പതിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP