Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

രാജമാണിക്യത്തെ നീക്കിയത് തോട്ടം - ഭൂമാഫിയകൾക്കുള്ള ഇടതു സർക്കാറിന്റെ പാദസേവ - വെൽഫെയർ പാർട്ടി

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ഹാരിസണടക്കമുള്ള തോട്ടം കുത്തകകൾ കൈവശം വെച്ചിരിക്കുന്ന ഭൂമി ഏറ്റെടുക്കാനുള്ള സ്‌പെഷ്യൽ ഓഫീസർ പദവിയിൽ നിന്ന് രാജമാണിക്യത്തെ മാറ്റിയത് സ്വദേശ വിദേശ തോട്ടം-ഭൂ മാഫിയകൾക്കായി ഇടതു സർക്കാർ നിരന്തരം തുടരുന്ന പാദസേവയുടെ അവസാന ഉദാഹരണമാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി കെ.എ ഷഫീഖ്. അഞ്ച് ലക്ഷത്തിലധികം ഏക്കർ ഭൂമിയാണ് ഹാരിസണടക്കമുള്ള പ്ലാന്റേഷൻ മാഫിയകൾ കൈവശം വെച്ചതായി രാജമാണിക്യം കമ്മീഷൻ കണ്ടെത്തിയത്.

2013 ലാണ് ഹൈക്കോടതി നിർദ്ദേശ പ്രകാരം അന്നത്തെ യു.ഡി.എഫ് സർക്കാർ രാജമാണിക്യത്തെ സ്‌പെഷ്യൽ ഓഫീസറായി നിശ്ചയിച്ച് ഭൂമി ഏറ്റെടുക്കൽ നടപടികളാരംഭിച്ചത്. ഭൂമി ഏറ്റെടുക്കലിനെ തുടക്കം മുതൽ അട്ടിമറിക്കുന്ന സമീപനമാണ് സിപിഎം സ്വീകരിച്ചിരുന്നത്. സിപിഎമ്മിന്റെ ഇടുക്കി ജില്ലാ സമ്മേളനം തോട്ടം മാഫിയ അനധികൃതമായി കൈവശം വെച്ച ഭൂമി സർക്കാർ തിരിച്ചു പിടിക്കുന്നതിനെതിരെ പ്രമേയം പാസ്സാക്കിയിരുന്നു. ഭൂമി പിടിച്ചെടുക്കുന്നതിനായി 2016 ജൂണിൽ രാജമാണിക്യം നൽകിയ റിപ്പോർട്ട് നാല് വർഷത്തിലേറെയായി റവന്യൂ വകുപ്പും മുഖ്യമന്ത്രിയുടെ ഓഫീസും പൂഴ്‌ത്തി വെച്ചിരിക്കുകയാണ്. ഹാരസണിനെതിരെയുള്ള കേസ് ഭംഗിയായി നടത്തിക്കൊണ്ടിരുന്ന ഹൈക്കോടതിയിലെ ഗവണമെന്റ് പ്ലീഡറായിരുന്ന സുശീല ആർ ഭട്ടിനെ മാറ്റി ഹാരിസണിന്റെ ഇഷ്ടക്കാരെ ഗവണമെന്റ് പ്ലീഡറായി നിശ്ചയിച്ച് കേസ് ആദ്യമേ തന്നെ പിണറായി സർക്കാർ അട്ടിമറിച്ചു. ഇതിന് ശേഷമാണ് ഹൈക്കോടതിയിലും സുപ്രീം കോടതിയിലും സർക്കാർ തോറ്റുകൊടുത്തത്. സർക്കാറിന്റെ സമ്പൂർണ ഒത്താശയായിരുന്നു കോടതി മുറിയിൽ കണ്ടത്.

ഭൂമി ഏറ്റെടുക്കാൻ രാജമാണിക്യം നൽകിയ നോട്ടീസിനെ ഈ ബലത്തിലാണ് ഭൂ മാഫിയ മറികടന്നത്. ഹാരിസണിന്റെ അടക്കം കസ്റ്റഡിയിലുള്ള അഞ്ച് ലക്ഷത്തിലേറെ ഏക്കർ ഭൂമി തിരിച്ചു പിടിക്കാനുള്ള സിവിൽ കോടതി നടപടികളാണ് ഒടുവിൽ സുപ്രീം കോടതി നൽകിയ നിർദ്ദേശം. അതിനുള്ള സിവിൽ നിയമ നടപടികൾ നടന്നു വരുന്നതിനിടയിലാണ് പുതിയ സർക്കാർ നീക്കം. ഇതുവരെയുള്ള നടപടികൾക്ക് നേതൃത്വം നൽകിയിരുന്ന രാജമാണിക്യത്തെ നിർണായകമായ ഈ സമയത്ത് മാറ്റുക വഴി തോട്ടം മാഫിയക്കു വേണ്ടി കേരളത്തിലെ ലക്ഷക്കണക്കിന് ഭൂരഹിതരെ വഞ്ചിക്കുകയാണ് പിണറായി സർക്കാർ ചെയ്യുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ഭൂരഹിതർക്ക് 400 സ്‌ക്വയർ ഫീറ്റിന്റെ ഫ്‌ളാറ്റ് വാഗ്ദാനം മാത്രം നൽകി ഭൂമാഫിയക്ക് ലക്ഷക്കണക്കിന് ഏക്കർ ഭൂമി ദാനം നൽകുന്ന 'പുരോഗമന ഇടതു നയത്തെ' കേരളം വിചാരണ ചെയ്യണമെന്നും ഭൂമി ഏറ്റെടുക്കാൻ പുതിയ നിയമ നിർമ്മാണത്തിന് സർക്കാർ സന്നദ്ധമാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP