Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

അച്യൂതമേനോൻ സർക്കാരിന്റെ കാലത്ത് വ്യാജ രേഖകൾ ചമച്ച് സഹായം; ലാൻഡ് റവന്യു കമ്മീഷന്റെ അന്വേഷണ റിപ്പോർട്ടുകൾ മുക്കിയത് വി.എസിന്റെ ഭരണകാലത്ത്; കേരളത്തിലെ നാടുവാഴികളിൽ നിന്നും കള്ള ആധാരത്തിൽ കൈക്കലാക്കിയ വനഭൂമി ഹാരിസൺ പ്ലാന്റേഷനടക്കം സ്വന്തമാക്കിയത് കള്ളപ്പട്ടയത്തിലും; യു.ഡി.എഫ് സർക്കാർ നിയമിച്ച റവന്യു സെപ്ഷ്യൽ ഓഫീസറുടെ അന്വേഷണ റിപ്പോർട്ടുകൾ തിരഞ്ഞു നോക്കാതെ പിണറായി സർക്കാരും; രാജമാണിക്യത്തെ തെറിപ്പിച്ചതോടെ തെളിയുന്നത് ഇടത് സർക്കാരിന്റെ വൻ ഒത്തുകളി

മറുനാടൻ മലയാളി ബ്യൂറോ

പത്തനംതിട്ട : ഹാരിസൺസ് ഉൾപ്പെടെ തോട്ടം മേഖലയിൽ കുത്തക കമ്പനികൾ കൈയടക്കിയ ആറുലക്ഷം ഏക്കർ സർക്കാർഭൂമി ഏറ്റെടുക്കാനുള്ള നടപടികളിൽനിന്നു റവന്യൂ സ്പെഷൽ ഓഫീസർ എം.ജി. രാജമാണിക്യത്തെ പുറത്താക്കി. ഇതോടെ, വമ്പന്മാർ ഉൾപ്പെട്ട അനധികൃതഭൂമി ഇടപാട് കേസിൽ അട്ടിമറി പൂർത്തിയായി!

കുത്തക കമ്പനികളുടെ ദീർഘകാലമായുള്ള ആവശ്യമാണു കഴിഞ്ഞ 31-ന് ഇറക്കിയ ഉത്തരവിലൂടെ സർക്കാർ നടപ്പാക്കിയത്. ഭൂമി ഏറ്റെടുക്കൽ നടപടി നിർണായകഘട്ടത്തിൽ എത്തിനിൽക്കേ, രാജമാണിക്യത്തെ നീക്കിയതിനെതിരേ റവന്യൂ വകുപ്പിൽത്തന്നെ വൻപ്രതിഷേധമുയർന്നു. രാജമാണിക്യം വഹിച്ചിരുന്ന സ്പെഷൽ ഓഫീസർ, ഭൂമി ഏറ്റെടുക്കൽ ചുമതലകൾ ലാൻഡ് ബോർഡ് സെക്രട്ടറി എ. കൗശികനു കൈമാറി.
ഹാരിസൺസ് കേസിൽ ഹൈക്കോടതി നിർദ്ദേശപ്രകാരം, 2013 ഏപ്രിൽ 24-നാണ് രാജമാണിക്യത്തെ സ്പെഷൽ ഓഫീസറായി അന്നത്തെ യു.ഡി.എഫ്. സർക്കാർ നിയമിച്ചത്. 2015-ൽ തോട്ടം മേഖലയിലെ മുഴുവൻ അനധികൃതഭൂമിയും ഏറ്റെടുക്കാനുള്ള ചുമതല അദ്ദേഹത്തിനു നൽകി. ഇതുസംബന്ധിച്ചു രാജമാണിക്യം സമർപ്പിച്ച റിപ്പോർട്ട് മൂന്നുവർഷമായി സർക്കാർ പൂഴ്‌ത്തിയിരിക്കുകയാണ്.

തോട്ടങ്ങളുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിലുണ്ടായിരുന്ന കേസുകളിൽ ഹാജരായ ഗവ. പ്ലീഡർ സുശീല ആർ. ഭട്ടിന്റെ വാദങ്ങളാണു സ്പെഷൽ ഓഫീസറെ നിയമിക്കുന്നതിൽ കലാശിച്ചത്. പിന്നീടു വന്ന ഇടതുസർക്കാർ ഗവ. പ്ലീഡർ സ്ഥാനത്തുനിന്നു സുശീലയെ നീക്കി. രാജമാണിക്യത്തെയും നീക്കണമെന്നു തോട്ടമുടമകൾ ആവശ്യപ്പെട്ടെങ്കിലും പ്രതിഷേധം ഭയന്നു സർക്കാർ മടിച്ചു. ഉപരിപഠനത്തിനായി അമേരിക്കയിലായിരുന്ന രാജമാണിക്യം മടങ്ങിയെത്തിയിട്ട് മാസങ്ങളായെങ്കിലും സ്പെഷൽ ഓഫീസറായി ചുമതലയേൽക്കാൻ അനുവദിച്ചില്ല.

ഹാരിസൺസിന്റെ പക്കലുള്ള ഒരു ലക്ഷത്തിലേറെ ഏക്കർ അനധികൃതഭൂമി ഏറ്റെടുക്കാൻ സിവിൽ കോടതികളെ സമീപിക്കുന്നതിനുള്ള നടപടി പുരോഗമിക്കുകയാണ്. സംസ്ഥാനത്തെ മലയോരമേഖലകളിലെ മുൻസിഫ് കോടതികളിൽ നൂറുകണക്കിനു കേസുകളാണു ഫയൽ ചെയ്യേണ്ടത്. അതിനിടെയാണു രാജമാണിക്യത്തെ നീക്കിക്കൊണ്ടു പൊതുഭരണവകുപ്പ് ഉത്തരവിറക്കിയത്.

ഒരു നൂറ്റാണ്ടിലേറെ ആയി സംസ്ഥാനത്ത് നടപ്പാകുന്ന ഭൂമി കുംഭകോണം. ജനാധിപത്യ ഭരണം കേരളത്തിൽ തുടങ്ങിയ കാലംമുതലേ വൻകിട മുതലാളിമാർക്കായി ഇടതുവലതു സർക്കാരുകൾ മാറിമാറി കൈക്കൊണ്ട തെറ്റായ നിലപാടുകൾ. ഇതിൽത്തന്നെ സിപിഎമ്മും സിപിഐയും ഒരേപോലെ വൻകിട തോട്ടമുതലാളിമാർക്ക് വേണ്ടി നടത്തിയ ഒത്തുകളികളികളികൾ. ഈ ഒത്തുകളികളുടെ അന്തിമ വിജയത്തിലേക്ക് കോടതിയിൽ ഒരു കേസ് തോറ്റുകൊടുക്കുന്ന സ്ഥിതിയിലേക്ക് കാര്യങ്ങൾ എത്തിച്ച്, സർക്കാരിന്റെ കയ്യിൽ എത്തേണ്ട ഭൂമി വിട്ടുകൊടുത്തിരിക്കുകയാണ് പിണറായി സർക്കാർ.

ഇത്തരത്തിൽ രണ്ടു ദശാബ്ദത്തിലേറെ നീണ്ട നിയമപോരാട്ടത്തിൽ തോറ്റുകൊടുത്ത് സർക്കാർ കേരളത്തിൽ സ്വകാര്യ കുത്തകകളുടെ കൈവശം ഇരുന്ന ഒരുലക്ഷത്തിലേറെ ഏക്കർ ഭൂമിയാണ് ഇത്തരത്തിൽ വിട്ടുകൊടുക്കുന്ന സ്ഥിതിയിലേക്ക് കാര്യങ്ങൾ എത്തിയത്. ഹാരിസണിന്റേയും ടാറ്റയുടേയും ഉൾപ്പെടെ വൻതോതിൽ സ്വകാര്യ കുത്തകമുതലാളിമാർ കൈവശം വച്ചിരുന്ന ഭൂമിയെല്ലാം അവരിലേക്ക് തന്നെ ചെന്നുചേരുന്ന സ്ഥിതിയിലേക്ക് രാഷ്ട്രീയ ഗൂഢാലോചന നടത്തിയിരിക്കുകയാണ് സർക്കാർ എന്ന നിലയിലാണ് കാര്യങ്ങൾ വിലയിരുത്തപ്പെടുന്നത്.രാജഭരണകാലത്ത് ഇത്തരം കമ്പനികൾ കൈവശം വച്ചിരുന്ന ഭൂമി സ്വാതന്ത്ര്യാനന്തരം സർക്കാരുകൾക്ക് ഏറ്റെടുക്കാവുന്നതേയുള്ളൂ. ഇത് സ്വന്തമാക്കാൻ സൃഷ്ടിക്കപ്പെട്ട ആധാരങ്ങളും മറ്റും എല്ലാം വ്യാജമാണെന്നും പലകുറി കണ്ടെത്തി. എന്നാൽ അതെല്ലാം അട്ടിമറിച്ച് സിപിഐക്കാരനായ അച്യുതമേനോൻ മുഖ്യമന്ത്രി ആയിരുന്ന കാലം തൊട്ട് തുടങ്ങിയ തട്ടിപ്പ് അവസാന ആണിയടിച്ച് ഉറപ്പിച്ചു കൊടുത്തിരിക്കുകയാണ് ഇപ്പോഴത്തെ ഭരണകക്ഷി.

ഒരുനൂറ്റാണ്ടിലേറെ കാലം നീളുന്ന ചരിത്രമാണ് ഈ ഭൂമി കുംഭകോണത്തിനുള്ളത്. കേരളത്തിലെ വളകൂറുള്ള മണ്ണിൽ കൃഷി ഇറക്കാൻ താത്പര്യം പ്രകടിപ്പിച്ച് വിവിധ പേരുകളോടെ ബ്രിട്ടീഷ് കമ്പനികൾ സ്ഥലത്തെത്തി. അക്കാലത്ത് ഭൂമിക്കുമേൽ അവകാശം സ്ഥാപിച്ചിരുന്ന കോവിലകങ്ങളിൽ നിന്നും പ്രഭുക്കന്മാരിൽ നിന്നും സർക്കാരിൽ നിന്നും അവർ ഭൂമി പാട്ടത്തിന് ഏറ്റെടുത്ത് കാപ്പി, റബ്ബർ, തേയില എന്നിവ കൃഷിചെയ്യാൻ ആരംഭിച്ചു. 1920-ൽ ഈ കമ്പനികൾ എല്ലാം ഒന്നിച്ച് 'മലയാളം പ്ലാന്റേഷൻ ലിമിറ്റഡ്'എന്ന പേര് സ്വീകരിച്ചു. തുടർന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കമ്പനികൾ പാട്ടത്തിന് വാങ്ങിയ 75,000-ൽപരം ഏക്കർ ഭുമി മലയാളം പ്ലാന്റേഷൻ ലിമിറ്റഡിന്റെ പേരിലേക്ക് മാറ്റി ആധാരം രജിസ്റ്റർ ചെയ്തു. നിശ്ചിത കാലയളവിലേക്ക് പാട്ടത്തിന് വാങ്ങിയ ഭൂമി ജന്മിയറിയാതെ മറ്റൊരു കമ്പനിയുടെ പേരിലേക്ക് മാറ്റിയതോടെ ഭൂമിയുടെ അവകാശം മലയാളം പ്ലാന്റേഷനായി. പിന്നീട് റവന്യൂ ഉന്നതരെ സ്വാധീനിച്ച് ഇല്ലാത്ത രേഖകൾ അവർ സൃഷ്ടിച്ചു.

ആർ.പി.ഗോയങ്കയെന്ന വൻ വ്യവസായിയെ വെറും ബിനാമിയാക്കി വച്ചാണ് ഈ ഭൂമി ഹാരിസൺ സ്വന്തമാക്കിയത്. പതിറ്റാണ്ടുകൾ ഭൂമി കൈവശം വച്ച് അനുഭവിച്ചുവന്ന മലയാളം പ്ലാന്റേഷന് ഏറ്റ പ്രഹരമായിരുന്നു 1963-ലെ ഭൂപരിഷ്‌ക്കരണ നിയമം. വിദേശ കമ്പനി കേരളത്തിന്റെ മണ്ണിൽ 75,000 ഏക്കർ ഭൂമി കൈവശം വച്ചിരുക്കുന്നു എന്നത് ഭൂപരിഷ്‌ക്കരണ നിയമങ്ങൾക്ക് വിരുദ്ധമാണ്. വൈകാതെ 1971-ൽ ഫെറാ നിയമവും നിലവിൽ വന്നു.1982-ൽ കേരളത്തിൽ നിന്നും തേയില കാപ്പി എന്നിവ വാങ്ങിയിരുന്ന മറ്റൊരു ബ്രിട്ടീഷ് കമ്പനിയായ ഹാരിസൺ ആൻഡ് ക്രോസ്ഫീൽഡ് ലിമിറ്റഡ് എന്ന കമ്പനിയുടെ ഷെയർ കൂടി വാങ്ങി ഹാരിസൺസ് മലയാളം പ്ലാന്റഷൻ( ഇന്ത്യാ) ലിമിറ്റഡ് എന്ന കമ്പനിയായി മാറി.

യു.ഡി.എഫ് ഭരണകാലളവിൽ മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണനും പിന്നീട് എത്തിയ അടൂർ പ്രകാശും ഇക്കാര്യത്തിൽ വലിയ പങ്കുവഹിച്ചു. ഹാരിസന്റെ ഭൂമി ഇടപാടുകളെപ്പറ്റി അന്വേഷിക്കാൻ വിജിലൻസ് ഡിവൈ.എസ്‌പി നന്ദനൻപിള്ളയെ നിയമിച്ചത് അടൂർ പ്രകാശാണ്. ഹാരിസന്റെ ആധാരം പോലും വ്യാജമാണെന്ന് അങ്ങനെയാണ് കണ്ടെത്തുന്നത്.

തുടർന്ന് റവന്യൂ വകുപ്പ് പ്ലീഡർ സുശീലാ ഭട്ടിനെ കേസ് വാദിക്കാനായി നിയമിച്ചു. ചെയ്യുന്ന ജോലിയോട് നൂറ് ശതമാനം കൂറുപുലർത്തിയ അവർ സർക്കാരിനുവേണ്ടി സമർഥമായി വാദിച്ചു. ഒടുവിൽ ഹാരിസൺ ഭൂമി ഏറ്റെടുക്കാൻ സർക്കാരിന് കഴിയുമെങ്കിൽ അതിനുള്ള നടപടികൾ തുടങ്ങാൻ കോടതി വിധിച്ചു. അങ്ങനെയാണ് എറണാകുളം ജില്ലാ കലക്ടറായിരുന്ന രാജമാണിക്യത്തെ സ്പെഷ്യൽ ഓഫീസറായി നിയമിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP