Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ആക്രി സാധനങ്ങളെന്ന വ്യാജേന കളറുമാറ്റി സ്വർണം കടത്തി; നിസാർ അലിയാരും സംഘവും ചേർന്ന് ഗൾഫിൽനിന്ന് കള്ളക്കടത്തായി എത്തിച്ചത് 4,522 കിലോ സ്വർണം; ഗുജറാത്തിലെ മുന്ദ്ര തുറമുഖം വഴി കപ്പലുകളിൽ എത്തിച്ച സ്വർണം രഹസ്യ കേന്ദ്രത്തിൽ നിന്നും കേരളത്തിലേക്ക് അടക്കം എത്തിച്ചു; എളമക്കര സ്വദേശിയും ബ്രോഡ്വേയിലെ വ്യാപാരിയുമായ വി.ഇ. സിറാജിനെയും സ്വർണ്ണക്കടത്തു കേസിൽ ഡിആർഐ പൊക്കിയതോടെ കണ്ണിപൊട്ടുന്നത് അന്താരാഷ്ട്ര ബന്ധമുള്ള വമ്പൻ സ്വർണ്ണക്കടത്തു സംഘത്തിന്റേത്; വഴിത്തിരിവെന്ന് ഡിആർഐ

ആക്രി സാധനങ്ങളെന്ന വ്യാജേന കളറുമാറ്റി സ്വർണം കടത്തി; നിസാർ അലിയാരും സംഘവും ചേർന്ന് ഗൾഫിൽനിന്ന് കള്ളക്കടത്തായി എത്തിച്ചത് 4,522 കിലോ സ്വർണം; ഗുജറാത്തിലെ മുന്ദ്ര തുറമുഖം വഴി കപ്പലുകളിൽ എത്തിച്ച സ്വർണം രഹസ്യ കേന്ദ്രത്തിൽ നിന്നും കേരളത്തിലേക്ക് അടക്കം എത്തിച്ചു; എളമക്കര സ്വദേശിയും ബ്രോഡ്വേയിലെ വ്യാപാരിയുമായ വി.ഇ. സിറാജിനെയും സ്വർണ്ണക്കടത്തു കേസിൽ ഡിആർഐ പൊക്കിയതോടെ കണ്ണിപൊട്ടുന്നത് അന്താരാഷ്ട്ര ബന്ധമുള്ള വമ്പൻ സ്വർണ്ണക്കടത്തു സംഘത്തിന്റേത്; വഴിത്തിരിവെന്ന് ഡിആർഐ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ഇന്ത്യകണ്ട ഏറ്റവും വലിയ സ്വർണ്ണക്കടത്തുകാരൻ പെരുമ്പാരൂവുകാരൻ നിസാർ പി അലിയാരാണെന്ന വാർത്ത പുറത്തുവന്നിട്ടു കാലം കുറച്ചായി. പെരുമ്പാവൂരിലെ സ്വർണ്ണക്കടത്തു സംഘം ഗൾഫ് കേന്ദ്രീകരിച്ചായിരുന്നു നിരന്തരമായി സ്വർണ്ണക്കടത്തു നടത്തിയത്. ഈ സംഘത്തിലെ മുഖ്യ കണ്ണിയാണ് കഴിഞ്ഞ ദിവസം മുംബൈ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് പൊക്കിയ എളമക്കര സ്വദേശിയും ബ്രോഡ്വേയിലെ വ്യാപാരിയുമായ വി.ഇ. സിറാജ് (40). കൊച്ചി ബ്രോഡ്വേയിലെ 'ക്രസന്റ്' എന്ന സ്ഥാപനം മറയാക്കിയാണ് സിറാജ് കള്ളക്കടത്തു സ്വർണ്ണത്തിന്റെ ഇടപാടുകൾ നടത്തിയത്. കൃത്യമായ തെളിവോടു കൂടി തന്നയാണ് ഇയാളെ പൊക്കിയത്.

കടത്തിക്കൊണ്ടുവന്ന സ്വർണം കേരളത്തിൽ വിതരണംചെയ്യാൻ സഹായം നൽകിയതും സിറാജാണെന്നാണ് ഡിആർഐയുടെ കണ്ടെത്തൽ. അന്വേഷണ സംഘത്തിൽനിന്ന് പല പ്രതികളെയും രക്ഷപ്പെടുത്താനുള്ള ക്രമീകരണങ്ങളൊരുക്കാൻ ചുക്കാൻപിടിച്ചതും ഇയാളാണെന്നു ഡി.ആർ.ഐ. വ്യക്തമാക്കുന്നു. ഗുജറാത്തിലെ മുന്ദ്ര തുറമുഖംവഴിയാണ് പിച്ചളപൂശി സ്വർണം കടത്തിയത്. കഴിഞ്ഞവർഷം മാർച്ച്, ഏപ്രിൽ മാസങ്ങളിലായി 170 കിലോ സ്വർണം 16 പേരിൽനിന്നു കണ്ടെത്തി. പല കടത്തുകൾക്കും ഒത്താശചെയ്ത സിറാജ് സംഘത്തിലെ പങ്കാളിയാണെന്നാണു ഡി.ആർ.ഐ.യുടെ കണ്ടെത്തൽ. പിടിയിലാകാത്ത പ്രധാന സംഘാംഗങ്ങളായ ആസിഫിന്റെയും ഫാസിലിന്റെയും കൂട്ടാളിയാണ് സിറാജെന്നും അന്വേഷണ സംഘം പറയുന്നു.

കേസിൽ മുഖ്യപ്രതികളിലൊരാളായ നിസാർ പി. അലിയാരടക്കം ഇതുവരെ 16 പേർ അറസ്റ്റിലായി. നിസാർ പിടിയിലായതോടെ, ഗൾഫിലേക്കു മുങ്ങിയ സിറാജിന്റെ നീക്കങ്ങൾ അന്വേഷണ സംഘം നിരീക്ഷിക്കുകയായിരുന്നു. ജനുവരി അവസാനം ഗൾഫിൽനിന്ന് കോയമ്പത്തൂർവഴി ഇയാൾ നാട്ടിലേക്കു വന്നു. പിന്തുടർന്നെത്തിയ ഡി.ആർ.ഐ. സംഘം ചോദ്യംചെയ്യാൻ സിറാജിനെ കസ്റ്റഡിയിലെടുത്തു. രണ്ടുദിവസത്തെ ചോദ്യംചെയ്യലിൽ, ഇയാൾക്ക് സംഘവുമായുള്ള ബന്ധത്തെപ്പറ്റി വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. സിറാജിന്റെ അറസ്റ്റോടെ കേസിൽ നിർണായക വഴിത്തിരിവുണ്ടാകുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ. അന്താരാഷ്ട്ര സംഘങ്ങളുടെ പങ്കാളിത്തം വ്യക്തമായ കള്ളക്കടത്തിന്റെ പ്രധാനകേന്ദ്രം കേരളമാണെന്ന നിഗമനത്തിലാണ് ഡി.ആർ.ഐ.

പിച്ചളനുറുക്കുകളെന്ന വ്യാജേനയാണ് സംഘം സ്വർണം കടത്തിയതെന്ന് ഡി.ആർ.ഐ. കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറയുന്നു. 15 കിലോ വീതമുള്ള 10 ഡിസ്‌കുകളുടെ രൂപത്തിൽ 150 കിലോ സ്വർണം ഷൊയ്ബ് സരോദർവാല, അബ്ദുൾഅഹദ് സരോദർവാല, ഷെയ്ഖ് അബ്ദുൾഅഹദ് എന്നിവരിൽനിന്ന് ആദ്യംപിടിച്ചു. തുടർന്നുനടത്തിയ അന്വേഷണത്തിൽ 'ഏക്ദന്തുകൊമേഴ്സ്യൽ പ്രൈവറ്റ് ലിമിറ്റഡ്' എന്ന സ്ഥാപനത്തിൽനിന്ന് 20.4 കിലോ പിടിച്ചു. ഇവ ലോഹക്കഷണങ്ങളുടെ രൂപത്തിലായിരുന്നു. ഈ സ്വർണം നിസാർ പി. അലിയാരിൽനിന്നു കിട്ടിയതായിരുന്നു.

ഗൾഫിൽനിന്ന് കള്ളക്കടത്ത് സംഘം കടത്തിയത് 4,522 കിലോ സ്വർണമെന്ന് ഡി.ആർ.ഐ. റിപ്പോർട്ട്. കഴിഞ്ഞ വർഷം മാർച്ച് വരെയുള്ള കാലയളവിൽ പെരുമ്പാവൂർ സ്വദേശികളുടെ നേതൃത്വത്തിലുള്ള സംഘം കടത്തിയ ലോഹത്തിന്റെ മൂല്യം 1,473 കോടി രൂപ വരുമെന്നും കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. മുഹമ്മദ് ഫാസിൽ എന്നയാൾക്കും സംഘത്തിൽ നിക്ഷേപമുണ്ട്. സഹനിക്ഷേപകൻ എന്നതിനു പുറമേ ഫാസിലിനും ആസിഫിനും വേണ്ട സഹായങ്ങൾ ചെയ്തുകൊടുത്തിരുന്നതും സിറാജാണ്. ആസിഫും ഫാസിലും പിടികിട്ടാപ്പുള്ളികളാണ്.

വിദേശനാണ്യ വിനിമയച്ചട്ട പ്രകാരം ഇരുവരുടെയുംപേരിൽ കേസുകളുണ്ട്. ആസിഫിന്റെ 'ഐമെൽറ്റ്' എന്ന സ്ഥാപനത്തിലെ ജീവനക്കാരനായിരുന്ന ടി.എം. അൻവർ നൽകിയ മൊഴിയിൽനിന്നാണ് സംഘവുമായി സിറാജിനുള്ള ബന്ധം വെളിവാകുന്നത്. അന്വേഷകരിൽനിന്ന് രക്ഷപ്പെടാൻ പാകത്തിൽ ആസിഫിന് ഗതാഗതസൗകര്യം ഒരുക്കിയത് സിറാജാണെന്നും മൊഴിയിലുണ്ട്. 'ഐമെൽറ്റ് എക്‌സ്ട്രൂഷൻസി'ൽ ജോലിചെയ്തിരുന്നപ്പോൾ മിക്ക ദിവസവും ബ്രോഡ്വേയിലെ ശ്രീധർ തിയേറ്ററിനു പിന്നിലുള്ള സിറാജിന്റെ സ്ഥാപനത്തിൽനിന്ന് വൻതുകകൾ ആസിഫിനുവേണ്ടി കൈപ്പറ്റിയിരുന്നെന്നും അൻവർ മൊഴിയിൽ സമ്മതിച്ചിട്ടുണ്ട്.

ആസിഫിന്റെ മറ്റൊരു സുഹൃത്തായ എ.എ. അജാസിന്റെ മൊഴിയനുസരിച്ച് ആസിഫിന്റെ കേരളത്തിലെ യാത്രകളെല്ലാം സജ്ജീകരിച്ചിരുന്നത് സിറാജാണ്. ആസിഫും സിറാജും തമ്മിലുള്ള സംഭാഷണങ്ങളിൽ പണം ദുബായിൽ കിട്ടിയാൽ നന്നായിരുന്നുവെന്നു പറയുന്നത് ശ്രദ്ധയിൽപ്പെട്ടിരുന്നതായും അജാസ് വെളിപ്പെടുത്തിയിട്ടുണ്ട്. ഇത്തരം മൊഴികളും മറ്റു തെളിവുകളുമെല്ലാം കോർത്തിണക്കിയാണ് ഡി.ആർ.ഐ. കേസ് മുന്നോട്ടുനീക്കുന്നത്.

സ്വർണ്ണക്കടത്തിന്റെ രാജാവായ നിസാർ അലിയാർ

ഇന്ത്യയിൽ സ്വർണ്ണക്കടത്തിന്റെ രാജാവായ നിസാർ അലിയാർ തുറമുഖങ്ങൾ വഴി കണ്ടെയ്നർ വഴി കടത്തിയ സ്വർണം ആർക്കാണ് വിതരണം ചെയ്തത്? സ്വർണ ഉപഭോഗത്തിൽ മുൻപന്തിയിൽ നിൽക്കുന്ന കേരളത്തിലേക്കാണ് വലിയ തോതിൽ അലിയാരുടെ കടത്ത് സ്വർണം എത്തിയതെന്നാണ് ഡിആർഐ നൽകുന്ന വിവരം. ദുബായിൽ നിന്നും അലിയാർ ചെറിയ തോതിൽ സ്വർണം കടത്തിയ ശേഷം പിന്നീട് അത് വിപുലമാക്കുകയാണ് ചെയ്തത്. ഒരിക്കൽ പ്രമുഖ ജുവല്ലറി ഉടമയായ ജോയ് ആലുക്കാസ് കണ്ടെയ്നറുകൾ വഴി സ്വർണം കടത്തുന്ന വിവരം ഒരു ചാനൽ ചർച്ചയിൽ വെളിപ്പെടുത്തിയത്. കേരളത്തിലെ പ്രമുഖ ജുവല്ലറി ഉടമകളാണ് ഈ കള്ളക്കടത്തിനെ പ്രോത്സാഹിപ്പിക്കുന്നത് എന്നതാണ് ഡിആർഐക്കും ലഭിച്ച വിവരം. നിസാർ അലിയാർക്ക് വേണ്ടി മുകൾ റോത്തഗിയെ പോലുള്ള പ്രമുഖ അഭിഭാഷകർ കളത്തിലിറങ്ങിയതിന് പിന്നിലും കേരളത്തിലെ വമ്പന്മാരാണ്.

ഇതിനിടെ ദുബായിയിൽ നിന്ന് മുംബൈയിലേക്കും കേരളത്തിലേക്കും സ്വർണം കള്ളക്കടത്ത് നടത്താൻ 22 നിക്ഷേപകരുടെ കൂട്ടായ്മ കേന്ദ്ര റവന്യു ഇന്റലിജൻസ് കണ്ടെത്തിയെന്ന റിപ്പോർട്ടു പുറത്തുവന്നിരുന്നു. നിസാർ അലിയാനാണ് സ്വർണ്ണക്കടത്തിന്റെ സൂത്രധാരൻ എങ്കിലും മറ്റു കൂട്ടാളികളും ഇയാൾക്ക് ഉണ്ടായിരുന്നതായി കേന്ദ്ര റവന്യു ഇന്റലിജൻസ് തയ്യാറാക്കിയിട്ടുള്ള അന്വേഷണ റിപ്പോർട്ടിൽ ആരോപിക്കുന്നു. നിസാർ അലിയാരെ മുംബൈയിൽനിന്ന് പിടികൂടി അതീവ രഹസ്യമായി നിസാർ സൂക്ഷിച്ചിരുന്ന രേഖകൾ കണ്ടെടുത്തതോടെയാണ് അന്വേഷണ ഉദ്യോഗസ്ഥരെ ഞെട്ടിച്ച കള്ളക്കടത്ത് നിക്ഷേപകരുടെ ശൃംഖല വെളിച്ചത്തുവന്നത്. പെൻഡ്രൈവിൽ നിസാർ സൂക്ഷിച്ച വിവരങ്ങളാണ് പുറത്തുവന്നത്.

കള്ളക്കടത്ത് സംരംഭത്തിനായി 22 പേർ ഒത്തുചേർന്ന് ലക്ഷങ്ങളും കോടികളും നിസാർ അലിയാരെ ഏൽപ്പിച്ചിരുന്നു. ഇന്ത്യയിലുള്ള നിക്ഷേപകർ നൽകിയ തുക, ഹവാല ഇടപാട് വഴി നിസാർ അലിയാർ ദുബായിയിൽ എത്തിച്ചു. തന്റെ ജോലിക്കാരനായ കൽപ്പേഷ് നന്ദയുടെ പേരിൽ നിസാർ അലിയാർ ആരംഭിച്ച 'അൽ റംസ് മെറ്റൽ', 'ഡി.പി. മെറ്റൽ സ്‌ക്രാപ്പ്' എന്നീ സ്ഥാപനങ്ങൾ വഴിയായിരുന്നു ഇറക്കുമതി. നിസാർ അലിയാരെ പിടികൂടി അധികൃതർ ചോദ്യം ചെയ്തപ്പോൾ, കള്ളക്കടത്തിനു പിന്നിലുണ്ടായ ആസൂത്രണവും കോടികൾ നിക്ഷേപിക്കാൻ തയ്യാറായവരുടെ പേരുകളും വെളിപ്പെടുത്തി. നിസാർ ഒളിച്ചുെവച്ചിരുന്ന ഒരു പെൻഡ്രൈവ് അന്വേഷണ സംഘം കണ്ടെത്തി. അതിൽ ഇടപാടുകളുടെ വിശദമായ കണക്കുകൾ ഉണ്ടായിരുന്നു. മുൻകാലങ്ങളിൽ കോടികളുടെ സ്വർണം കള്ളക്കടത്ത് നടത്തിയതിന്റെ വിശദാംശങ്ങൾ നിസാർ തുടർന്ന് വെളിപ്പെടുത്തുകയും ചെയ്തുവെന്ന് അധികൃതർ പറഞ്ഞു.

നിരവധി പേരെ തുടർന്ന് അധികൃതർ ചോദ്യംചെയ്തു. അവരിൽനിന്ന് സ്വർണവും പണവും കണ്ടെടുത്തു. 'പുരൻ സിങ് രജപുത്' എന്നയാളുടെ മേശയിൽ നിന്ന് മാത്രമായി 68 ലക്ഷം രൂപ കണ്ടെടുത്തു. ഒരു ഇടനിലക്കാരനായിരുന്നു അയാൾ. ഓരോ നിക്ഷേപകന്റെ പേരും നിസാറിൽനിന്ന് കണ്ടെടുത്ത പെൻഡ്രൈവിൽ ഉണ്ടായിരുന്നു. ഇത്ര തുക നിക്ഷേപിച്ചുവെന്നും തുടർന്ന് ഇടപാടിൽനിന്ന് ലഭിച്ച കോടികളുടെ ലാഭം എത്രയെന്നും അതിൽ വ്യക്തമാക്കിയിരുന്നു. നിസാറിനോടൊപ്പം ചേർന്ന് പ്രവർത്തിച്ചിരുന്നത് വിശ്വസ്തരായ അഞ്ചുപേരായിരുന്നു. പലരെയും ചോദ്യം ചെയ്തതിൽനിന്ന്, ഇനിയും കോടികളുടെ ഇടപാടുകൾ വെളിച്ചത്തുവരാനുണ്ടെന്ന് അധികൃതർ റിപ്പോർട്ടിൽ പറയുന്നു. നിയമം ലംഘിച്ച് സ്വർണം ഇറക്കുമതി ചെയ്തതിന് നിസാർ അലിയാർ നയിക്കുന്ന സംഘത്തിലെ 22 പേർക്കും കേന്ദ്ര റവന്യു ഇന്റലിജൻസ് നോട്ടീസ് നൽകിയിട്ടുണ്ട്. കേസിൽ ഉൾപ്പെട്ടവരുടെ ബാങ്ക് അക്കൗണ്ടുകൾ അധികൃതർ പരിശോധിച്ചു. പത്തോളം വാഹനങ്ങളാണ് പിടികൂടിയിട്ടുള്ളത്. അവ കണ്ടുകെട്ടുന്നതാണ്.

നിസാർ അലിയാർക്ക് ദുബായിയിലും ജാംനഗറിലും മുംബൈയിലും കൊച്ചിയിലും വലിയ സുഹൃദ് ബന്ധങ്ങളുണ്ട്. ദുബായിയിൽ വലിയ ഓഫീസ് സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ജാംനഗറിലെ 'എസ്.എം. കോർപ്പറേഷൻ' എന്ന സ്ഥാപനത്തിന്റെ ഉടമ 'വിമൽ മോഹൻഭായി നരിയ' എന്നയാളാണ് മറ്റ് പലരെയും കള്ളക്കടത്ത് സംഘത്തിൽ ഉൾപ്പെടുത്തിയത്. അന്വേഷണ സംഘത്തിന്റെ ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടികൾ നൽകിയില്ല. ഈ സംഘത്തിൽപ്പെട്ട മൂന്നുപേരിൽ നിന്നുമായി 49 കോടി രൂപ വിലവരുന്ന സ്വർണം അധികൃതർ പിടിച്ചെടുത്തിട്ടുണ്ട്. അവ കണ്ടുകെട്ടുന്നതിനായി നടപടി സ്വീകരിച്ചു.

പെരുമ്പാവൂർ സ്വദേശിയാണെങ്കിലും ആലുവയ്ക്ക് സമീപമുള്ള കാഞ്ഞൂർ കിഴക്കുംഭാഗം തുറവുങ്കര പള്ളാത്തുകടവിൽ വീട്ടിലാണ് താൻ താമസിക്കുന്നതെന്ന് നിസാർ അലിയാർ അധികൃതരോട് വെളിപ്പെടുത്തിയിട്ടുണ്ട്. അതേസസമയം സ്വർണക്കടത്ത് തുടങ്ങിയ ശേഷം തൊട്ടലെത്താം പൊന്നാക്കിയാണ് നിസാർ അലിയാർ വളർന്നത്. കടത്തു തുടങ്ങി ആറ് വർഷം കഴിഞ്ഞപ്പോൾ നിസാർ അലിയാർ ശതകോടികളുടെ സ്വർണം കൈകാര്യം ചെയ്യാൻ തുടങ്ങി. ഇതോടെ കോടികൾ കൊണ്ട് അമ്മാനമാടുകയായിരുന്നു ഇയാൾ. അതിനിടയിൽ, അലുമിനിയം പാഴ്‌വസ്തുക്കളുടെ ബിസിനസും തുടങ്ങി. അതുകൊച്ചിയിലേക്ക് കയറ്റി അയയ്ക്കാൻ തുടങ്ങി. ഈ രംഗത്ത് നിരവധി കച്ചവടക്കാരുമായി ബന്ധപ്പെടാൻ അവസരം കിട്ടി. ബന്ധം വളർന്നപ്പോൾ സ്വർണ വ്യാപാരികളുമായി കൂടുതൽ അടുക്കാൻ കഴിഞ്ഞു. ഷാർജയിൽ ഒരു ഗോഡൗൺ വാങ്ങി. അവിടെ പാഴ്‌വസ്തുക്കൾ കണ്ടെയ്‌നറിൽ നിറച്ച് ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്തു.

അപ്പോഴാണ്, സ്വർണം കള്ളക്കടത്തിന്റെ വഴി പറഞ്ഞുതന്ന സുഹൃത്തിനെ കണ്ടെത്തിയത്. പാഴ്‌വസ്തുക്കളായ പിച്ചളയുമായി കലർത്തി, സ്വർണം കറുത്ത ചായം തേച്ച് കള്ളക്കടത്തായി ഇന്ത്യയിൽ എത്തിക്കാൻ കഴിയുമോ എന്ന് ഒരു സുഹൃത്ത് ചോദിച്ചു. വൻ കമ്മിഷനാണ് വാഗ്ദാനം കിട്ടിയത്. അതോടെ, 'അൽറംസ് മെറ്റൽ സ്‌ക്രാപ്പ് കമ്പനി' തുടങ്ങി. തന്റെ ജീവനക്കാരനായ കൽപ്പേഷ് നന്ദ അതിന് കളമൊരുക്കി. ആദ്യമായി അഞ്ച് കിലോഗ്രാമിന്റെ ഒരു സ്വർണക്കട്ടി പിച്ചള പാഴ്‌വസ്തുക്കളോടൊപ്പം കയറ്റി അയച്ചു. സഹായിക്കാൻ സുഹൃത്തുക്കൾ ഉണ്ടായിരുന്നു. ആദ്യ സംരംഭം വിജയിച്ചു. അതാണ് പ്രചോദനമായത്. തുടർന്ന് തൊട്ടതെല്ലാം പൊന്നായ പ്രതീതി. കോടികളുടെ സ്വർണം കള്ളക്കടത്തായി ഇന്ത്യയിലേക്ക് അയച്ചു. വലിയ സുഹൃദ്ബന്ധം അതിന് വഴിയൊരുക്കുകയും ചെയ്തുവെന്ന് നിസാർ, അധികൃതർ മുമ്പാകെ മൊഴി നൽകി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP