Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കൊലയാളി വൈറസ് അതിശക്തമയി ആഞ്ഞടിച്ചു തുടങ്ങിയതോടെ ആഴ്‌ച്ചയിൽ ഒരു കുടുംബത്തിൽ ഒരാൾക്കു മാത്രം പുറത്തിറങ്ങാൻ അനുമതി നല്കി ചൈനീസ് സർക്കാർ; ആളുകളെ നിയന്ത്രിക്കാൻ ഡ്രോൺ നിരീക്ഷണം ഏർപ്പാടാക്കി; സകല രാജ്യങ്ങളും ഇറക്കുമതി നിരോധിക്കുകയും മിക്ക ഫാക്ടറികളും അടക്കുകയും ചെയ്തതോടെ നീങ്ങുന്നത് വമ്പൻ സാമ്പത്തിക പ്രതിസന്ധിയിലേക്ക്; വൈറസ് ആക്രമണം നിലയ്ക്കാൻ രണ്ടാഴ്‌ച്ച കൂടിയെങ്കിലും വേണ്ടി വരുമെന്ന് വിദഗ്ദ്ധർ

കൊലയാളി വൈറസ് അതിശക്തമയി ആഞ്ഞടിച്ചു തുടങ്ങിയതോടെ ആഴ്‌ച്ചയിൽ ഒരു കുടുംബത്തിൽ ഒരാൾക്കു മാത്രം പുറത്തിറങ്ങാൻ അനുമതി നല്കി ചൈനീസ് സർക്കാർ; ആളുകളെ നിയന്ത്രിക്കാൻ ഡ്രോൺ നിരീക്ഷണം ഏർപ്പാടാക്കി; സകല രാജ്യങ്ങളും ഇറക്കുമതി നിരോധിക്കുകയും മിക്ക ഫാക്ടറികളും അടക്കുകയും  ചെയ്തതോടെ നീങ്ങുന്നത് വമ്പൻ സാമ്പത്തിക പ്രതിസന്ധിയിലേക്ക്; വൈറസ് ആക്രമണം നിലയ്ക്കാൻ രണ്ടാഴ്‌ച്ച കൂടിയെങ്കിലും വേണ്ടി വരുമെന്ന് വിദഗ്ദ്ധർ

മറുനാടൻ ഡെസ്‌ക്‌

ബെയ്ജിങ്: ചൈനയിലെ വുഹാനിൽ പിറവിയെടുത്ത കൊറോണ വൈറസ് അതിവിനാശകാരിയായി ലോകത്തെങ്ങും ആഞ്ഞടിക്കുക ഈ ആഴ്‌ച്ച ആകുമെന്ന് നിഗമനം. ലോകത്ത് ആകമാനം 492 മരണമാണ് കൊറോണ മൂലം ഉണ്ടായിരിക്കുന്നത്. ഫിലിപ്പിൻസിലും ഹോങ്കോങ്കിലുമായി ഇന്നലെ രണ്ട് പേർ വീതം മരിച്ചു. ചൈനയിൽ മാത്രം മരിച്ചത് 490 പേരാണ്. ഔദ്യോഗിക കണക്കുകൾ മാത്രമാണ് ഈ പറയുന്നതെങ്കിലും യഥാർത്ഥ കണക്ക് ഇതിലും കൂടുതൽ വരുമെന്നാണ് നിഗമനം. പരിശോധനയിൽ വൈറസ് ബാധുണ്ടെന്ന് കണ്ടെത്തിയവരിൽ നിന്നുമാണ് ഇത്രയും മരണമെന്ന് കണക്കുകൾ. അതേസമയം പരിശോധനാ ഫലം വരും മുമ്പ് മരണപ്പെട്ടവരുടെ കണക്കുകൾ കൂടി പരിശോധിക്കുമ്പോൾ ഞെട്ടിക്കുന്ന കണക്കുകളാകും ഉണ്ടാകുക എന്നാണ് ലോക ആരോഗ്യ വിദഗ്ധരുടെ വിലയിരുത്തൽ.

കാര്യങ്ങൾ പിടിവിട്ടു പോകുന്ന ഘട്ടം വന്നതോടെ ലോക രാജ്യങ്ങളെല്ലാം ചൈനയിലേക്കുള്ള യാത്രമാർഗ്ഗങ്ങൾ ഒഴിവാക്കിയിട്ടുണ്ട്. ബ്രിട്ടനും അമേരിക്കയും ചൈനയിലുള്ള പൗരന്മാരോട് നാടു വിടാൻ നിർദ്ദേശിച്ചിട്ടുണ്ട്. അമേരിക്ക വിമാനം എത്തിച്ച് പൗരന്മാരെ കൊണ്ടുപോകുകയും ചെയ്തു. 30,000 ബ്രിട്ടീഷ് പൗരന്മാരോട് ചൈന വിടാൻ ബ്രിട്ടൻ നിർദ്ദേശിച്ചട്ടുണ്ട്. ഈ ആഴച്ചയിൽ കാര്യങ്ങൾ കൂടുതൽ വഷളാകും എന്നറിഞ്ഞു കൊണ്ടു കൂടിയാണ് ഈ നിർദ്ദേശം. 24000 പേർക്കാണ് ചൈനയിൽ കൊറോണ ബാധിച്ചതെന്ന വിവരം. വൈറസിന്റെ വ്യാപനം തടയാൻ സാധിക്കാത്തത് ചൈനയെ ലോകത്തിന് മുന്നിൽ ഒറ്റപ്പെടുത്തുന്നുണ്ട്. 1.20 കോടി ജനതയാണ് വുഹാൻ നഗരത്തിൽ തടവിലാക്കപ്പെട്ട സാഹചര്യത്തിൽ കഴിയുന്നത്. നിയന്ത്രണങ്ങളെല്ലാം ഇവിടെ കർക്കശമാക്കിയിരിക്കയാണ്. ഫാക്ടറികൾ അടക്കം അടച്ചതോടെ സാമ്പത്തികമായി ചൈന നേരിടാൻ പോകുന്നത് വലിയ വെല്ലുവിളിയാണ്.

വുഹാനിൽ താൽക്കാലിക ആശുപത്രി സ്ഥാപിച്ചു ആളുകളെ നിരീക്ഷിക്കുകയാണ് അധികൃതർ. ചൈനയിൽ ഏറ്റവും അധികം മരണം സംഭവിച്ചിരിക്കുന്നത് ഇ വൈറസിന്റെ ഉറവിടമായ ഹുബൈ പ്രവിശ്യയിലാണ്. വൈറസ് ബാധിച്ചവരുടെ ചികിൽസയ്ക്കായി വുഹാനിൽ പത്തുദിവസം കൊണ്ട് നിർമ്മിച്ച ആയിരം കിടക്കകളുള്ള ആശുപത്രി തുറന്നിട്ടുണ്ട്. സ്ഥിതിഗതികൾ ആശങ്കാജനകമാകുന്ന അവസ്ഥയിൽ ചൈനയിൽ നിന്ന് ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നത് തുടരുമെന്ന് കേന്ദ്രസർക്കാരും അറിയിച്ചു. പുതിയ കൊറോണ വൈറസിന്റെ പടർച്ച അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ പാരമ്യത്തിലെത്തുമെന്നും അതിനുശേഷം കുറഞ്ഞു തുടങ്ങുമെന്നും വിദഗ്ദ്ധർ പറയുന്നു. ചൈനയിലെ പ്രമുഖ ആരോഗ്യ വിദഗ്ധനായ സോങ് നൻഷാനാണ് ഈ നിഗമനം പങ്കുവച്ചത്. അടുത്ത 10 - 14 ദിവസംകൂടി വൈറസ് ബാധിച്ചവരുടെ എണ്ണം ഉയരുമെന്നാണ് വിലയിരുത്തൽ.

ഇതിനിടെ കടുത്ത നിയന്ത്രണങ്ങളാണ് രോഗം പടരാതിരിക്കാൻ ചൈന നടത്തുന്നത്. ചൈനയിലെ വിവിധ ഇടങ്ങളിൽ പുറത്തിറങ്ങാൻ അനുമതി നൽകിയവരുടെ എണ്ണത്തിൽ കൂടുതൽ നിയന്ത്രണം. അവശ്യവസ്തുക്കൾ വാങ്ങാനും മറ്റും ഒരു വീട്ടിലെ ഒരാൾക്കു മാത്രം 2 ദിവസത്തിലൊരിക്കൽ മാത്രം പുറത്തിറങ്ങാനാണ് പല വൻ നഗരങ്ങളിലും അനുമതി. ഹാങ്ഷൗ പ്രവിശ്യയിലെ 3 ജില്ലകളിൽ ഇന്നലെ മുതൽ ഈ നിയമം കർശനമാക്കി. വൻകിട ടെക്‌നോളജി കമ്പനിയായ ആലിബാബയുടെ ആസ്ഥാനം ഉൾപ്പെട്ട പ്രദേശവും ഇതിൽ പെടും. സാമ്പത്തിക കേന്ദ്രമായ ഷാങ്ഹായ്ക്കു സമീപമുള്ള പട്ടണങ്ങളിലും നിയന്ത്രണമുണ്ട്. വൈറസ് ഷാങ്ഹായിയെയും ബാധിച്ചാൽ സമ്പദ്‌വ്യവസ്ഥ കൂടുതൽ കുഴപ്പത്തിലാകും.

ആളുകൾ പുറത്തിറങ്ങുകയോ കൂട്ടംകൂടുകയോ ചെയ്യുന്നുണ്ടോ എന്നു നിരീക്ഷിക്കാൻ പലയിടത്തും ഡ്രോണുകൾ ഉപയോഗിച്ചു നിരീക്ഷണം വരെ ഏർപ്പെടുത്തിയിട്ടുണ്ട്. എല്ലാ വിധത്തിലും പട്ടാളകേഡർ സംവിധാനത്തിലാണ് നഗരം ചലിക്കുന്നത്. വൈറസിന്റെ പ്രഭവകേന്ദ്രമായ വുഹാനിൽ നിന്നെത്തിയവരെ കണ്ടെത്താൻ ചൈനയുടെ മറ്റു പ്രദേശങ്ങളിൽ തീവ്രശ്രമവും നടക്കുന്നുണ്ട്. ഹെബെയ് പ്രവിശ്യയിലെ ഒരു കൗണ്ടിയിൽ വിവരം നൽകുന്നവർക്ക് 1000 യുവാൻ (10,000 രൂപയിലേറെ) സമ്മാനം പ്രഖ്യാപിക്കുക പോലും ചെയ്തിട്ടുണ്ട്. രോഗവ്യാപനം തടയുകയാണ് ചൈനയുടെ പ്രധാന ലക്ഷ്യം.

രോഗബാധ സംബന്ധിച്ചു വിവരം മറച്ചുവയ്ക്കുകയും മറ്റുവരിലേക്കു പകരാൻ കാരണമാവുകയും ചെയ്താൽ വധശിക്ഷ വരെ നൽകുമെന്ന് ഹെയ്‌ലോങ്ജിയാങ് പ്രവിശ്യ അധികൃതർ അറിയിച്ചു. നിർദ്ദേശങ്ങൾ ലംഘിക്കുന്നവരെയും ഉത്തരവാദിത്തങ്ങൾ നിറവേറ്റാതിരിക്കുന്നവരെയും ശിക്ഷിക്കുമെന്ന് പ്രസിഡന്റ് ഷി ചിൻ പിങ് വ്യക്തമാക്കി. അതിനിടെ 3711 യാത്രക്കാരുള്ള ആഡംബര വിനോദക്കപ്പൽ ജപ്പാനിലെ യോകോഹാമ തീരത്ത് തടഞ്ഞിട്ടുണ്ട്. കപ്പലിൽ മുൻപു യാത്ര ചെയ്ത ഒരാൾക്ക് ഹോങ്കോങ്ങിൽ വൈറസ് ബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണിത്. കപ്പലിലെ 8 യാത്രക്കാർക്ക് പനിയുമുണ്ട്. എല്ലാവരെയും പരിശോധിച്ച ശേഷമേ കരയിലിറക്കൂ.

അതിനിടെ വൈറസ് ബാധ ചികിത്സിക്കാൻ മരുന്നു പരീക്ഷണം തുടങ്ങി. യുഎസിൽ വികസിപ്പിച്ച മരുന്ന് എബോള, സാർസ് തുടങ്ങിയ പകർച്ച വ്യാധികൾ തടയാനുള്ളതാണ്. യുഎസിൽ പുതിയ കൊറോണ വൈറസ് ബാധിച്ച ഒരു രോഗിക്ക് കഴിഞ്ഞയാഴ്ച ഈ മരുന്നു നൽകി. ഒരു ദിവസത്തിനുള്ളിൽ നില ഏറെ മെച്ചപ്പെട്ടുവത്രേ. കൊറോണ വൈറസ് ബാധിതരെ ചികിൽസിക്കാൻ വുഹാനിൽ അടിയന്തരമായി പണിതആശുപത്രി തുറന്നു. ആശുപത്രിയിലേക്കായി സൈന്യത്തിൽ നിന്ന് 1400 മെഡിക്കൽ ജീവനക്കാരെ നിയമിച്ചു. സാധാരണ നിലയിൽ രണ്ടുവർഷം കൊണ്ട് തീരേണ്ട സംരംഭമാണ് ദിവസങ്ങൾക്കൊണ്ട് പൂർത്തിയാക്കാനായതെന്ന ചൈനീസ് ആരോഗ്യമന്ത്രാലയം അറിയിച്ചു.

അതിനിടെ ആരോഗ്യരംഗത്ത് ആശങ്ക വിതച്ചകൊറോണ വൈറസ് ബാധയുടെ വ്യാപനം തടയുന്നതിൽ ചില പിഴവുകളും പ്രയാസങ്ങളുമുണ്ടായെന്ന് ചൈന സമ്മതിച്ചു. ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി പോളിറ്റ് ബ്യൂറോയുടെ സ്റ്റാൻഡിങ് കമ്മിറ്റിയാണ് ഇങ്ങനെ പറഞ്ഞത്. പിഴവുകൾ വരുത്തിയ ഉദ്യോഗസ്ഥരെ ശിക്ഷിക്കുമെന്നും അറിയിപ്പുണ്ട്. ഭാവിയിൽ ഉണ്ടായേക്കാവുന്ന സമാന സന്ദർഭങ്ങളെ കൂടുതൽ ആസൂത്രിതമായി നേരിടാനാകണമെന്ന് സമിതി നിർദ്ദേശിച്ചു. വളരെ അപൂർവമായാണ് ചൈനീസ് നേതൃത്വം ഈ രീതിയിൽ പ്രതികരിക്കാറുള്ളതെന്ന് പ്രമുഖ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

അടുത്തിടെ ചൈനയിലെ ഹുബെയിൽ പോയ വിദേശികൾക്ക് ജപ്പാൻ ഇപ്പോൾ പ്രവേശനം അനുവദിക്കുന്നില്ല. ഹുബെയിൽനിന്ന് ചൈനീസ് പാസ്‌പോർട്ട് ലഭിച്ചവർക്കും ജപ്പാനിൽ വിലക്കുണ്ട്. ഒപ്പം, ഏതെങ്കിലും തരത്തിൽ രോഗലക്ഷണങ്ങൾ കാണിക്കുന്നവരെയും രാജ്യത്തേക്ക് പ്രവേശിപ്പിക്കില്ല. ഇതിനകം എട്ടു വിദേശികൾക്ക് പ്രവേശനം നിഷേധിച്ചിട്ടുണ്ട്. ജപ്പാനിലാകെ ഇതുവരെ 20 പേർക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ഇതിൽ നാലുപേർ ഒരു രോഗലക്ഷണവും പ്രകടിപ്പിക്കാത്തവരാണ്. ചൈനയിലെ വുഹാനിൽനിന്ന് 500ലധികം പൗരന്മാരെ ജപ്പാൻ ഒഴിപ്പിച്ചിട്ടുണ്ട്.

അതേസമയം, ഇന്ത്യയിലേക്ക് മടങ്ങിവരാൻ ആഗ്രഹിക്കുന്ന എല്ലാവരെയും നാട്ടിലെത്തിക്കാനുള്ള സൗകര്യമൊരുക്കുമെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. കൊറോണ വൈറസ് ബാധ നേരിടാനുള്ള അടിയന്തര നടപടികൾക്കായി കേന്ദ്രമന്ത്രിമാരുടെ കർമസമിതി രൂപീകരിച്ചു. ആഭ്യന്തര സഹമന്ത്രി ജി കിഷൻ റെഡ്ഡി, ആരോഗ്യമന്ത്രി ഹർഷ് വർധൻ, വ്യോമയാനമന്ത്രി ഹർദീപ് സിങ്, വനിതശിശുക്ഷേമമന്ത്രി സ്മൃതി ഇറാനി എന്നിവരാണ് സമിതി അംഗങ്ങൾ. കർമ്മസമിതിയുടെ ആദ്യ യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തിയതായി മന്ത്രി കിഷൻ റെഡ്ഡി പറഞ്ഞു. വൈറസ് ബാധ തടയാൻ സ്വീകരിക്കേണ്ട മുൻകരുതൽ നടപടികൾ യോഗം ചർച്ച ചെയ്തതായും അദ്ദേഹം അറിയിച്ചു. കേരളത്തിൽ മൂന്നാമത്തെ കൊറോണയും കേരളത്തിൽ സ്ഥിരീകരിച്ചതിന് പിന്നാലെയാണ് കേന്ദ്രസർക്കാർ കർമ്മസമിതിക്ക് രൂപം നൽകിയിട്ടുള്ളത്.

ഇന്ത്യയിൽ സന്ദർശനം നടത്തുന്നതിന് ചൈനീസ് പൗരന്മാർക്ക് ഇ-വിസ അനുവദിക്കുന്നത് ഇന്ത്യ താൽക്കാലികമായി നിർത്തിവെച്ചിരുന്നു. നിലവിൽ അനുമതി നൽകിയവരുടെ വിസ റദ്ദാക്കുകയും ചെയ്തിട്ടുണ്ട്. ബെൽജിയം, പാക്കിസ്ഥാൻ എന്നീ രാജ്യങ്ങളിൽ പുതുതായി വൈറസ് കണ്ടെത്തി. ചൈന സന്ദർശിക്കാത്തവരിലും രോഗം കണ്ടെത്തിയത് ഭീതി വളർത്തുന്നുണ്ട്. തായ്‌ലൻഡ് സന്ദർശിച്ച് മടങ്ങിയ ദക്ഷിണ കൊറിയക്കാരിയിലും ജപ്പാനിൽനിന്ന് തിരികെയെത്തിയ തായ്‌വാൻ ദമ്പതികൾക്കും വൈറസ് സ്ഥിരീകരിച്ചു. മലേഷ്യയിൽ ആദ്യമായി സ്വന്തം പൗരനിലും രോഗം കണ്ടെത്തി.

നിലവിൽ കൊറോണ വൈറസിനെ പേടിക്കേണ്ടതില്ലെന്നും മഹാമാരിയായി പ്രഖ്യാപിക്കേണ്ട സാഹചര്യമില്ലെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി. ചൈനയടക്കം വിവിധ രാജ്യങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചുവരുകയാണെന്ന് ലോകാരോഗ്യ സംഘടന പകർച്ചവ്യാധി പ്രതിരോധവിഭാഗം ഡയറക്ടർ സിൽവിയ ബ്രാൻഡ് പറഞ്ഞു. മക്കാവു ദ്വീപിലെ ചൂതാട്ടകേന്ദ്രങ്ങൾ രണ്ടാഴ്ചത്തേക്ക് പ്രവർത്തനം നിർത്തി. ഹ്യൂണ്ടായ് വാഹന ഉൽപാദനം വെട്ടിക്കുറച്ചു. നിരവധി വിമാനക്കമ്പനികൾ ചൈനയിലേക്ക് സർവിസ് നിർത്തിയിട്ടുണ്ട്. എയർ ഇന്ത്യ ഫെബ്രുവരി എട്ടു മുതൽ ഹോങ്കോങ് സർവിസും നിർത്തിവെക്കും. കൊൽക്കത്ത- ഗ്യാങ്ഷൂ സർവിസ് ഫെബ്രുവരി ആറു മുതൽ ഇൻഡിഗോയും നിർത്തി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP