Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

മാധ്യമം പത്രത്തിൽ നിന്ന് മുസ്ലീങ്ങളല്ലാത്ത 102 ജീവനക്കാരെ പുറത്താക്കാൻ ഗൂഢാലോചന നടക്കുന്നുവെന്ന് കുപ്രചാരണം; ഹിന്ദു പരിഷത്ത് നേതാവ് പ്രതീഷ് വിശ്വനാഥനെതിരെ കേസ്; നടപടി പബ്ലിഷർ ടി.കെ. ഫാറൂഖ് ചേവായുർ പൊലീസിൽ നൽകിയ പരാതിയെ തുടർന്ന്; സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് വിആർഎസിന് കളമൊരുക്കി മാനേജ്മെന്റ്; 35കോടിയിലധികം രൂപയുടെ നഷ്ടമെന്നും ഈ രീതിയിൽ തുടരാൻ ആവില്ലെന്നും വിശദീകരണം

മാധ്യമം പത്രത്തിൽ നിന്ന് മുസ്ലീങ്ങളല്ലാത്ത 102 ജീവനക്കാരെ പുറത്താക്കാൻ ഗൂഢാലോചന നടക്കുന്നുവെന്ന് കുപ്രചാരണം; ഹിന്ദു പരിഷത്ത് നേതാവ് പ്രതീഷ് വിശ്വനാഥനെതിരെ കേസ്; നടപടി പബ്ലിഷർ ടി.കെ. ഫാറൂഖ് ചേവായുർ പൊലീസിൽ നൽകിയ പരാതിയെ തുടർന്ന്; സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് വിആർഎസിന് കളമൊരുക്കി മാനേജ്മെന്റ്; 35കോടിയിലധികം രൂപയുടെ നഷ്ടമെന്നും ഈ രീതിയിൽ തുടരാൻ ആവില്ലെന്നും വിശദീകരണം

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: മലയാളിയുടെ വായനാരീതികൾ മാറുകയും നിർമ്മാണ ചെലവ് ഉയരുകയും ചെയ്തതോടെ മലയാള പത്രലോകത്ത് കടുത്ത പ്രതിസന്ധിയാണ് രൂപപ്പെട്ടിരിക്കുന്നത്. മനോരമ, മാതൃഭൂമി,ദേശാഭിമാനി എന്നീ പത്രങ്ങൾ അല്ലാതെ മറ്റുള്ളവയക്ക് ഒന്നും സമയത്തിന് ശമ്പളംപോലും കൊടുക്കാൻ പറ്റാത്ത അവസ്ഥയാണ്. ജമാഅത്തെ ഇസ്ലാമിയുടെ അഭിമുഖ്യത്തിൽ നടത്തുന്ന മാധ്യമം പത്രത്തിലും ഇപ്പോൾ കടുത്ത പ്രതിസന്ധി തുടരുകയാണ്. 35കോടിയിലധികം രൂപ നഷ്ടമായതിനെതുടർന്ന് ഡീക്ലാസിഫിക്കേഷനും വിആർഎസും അടക്കമുള്ള നടപടികൾ പത്രം ആലോചിച്ച് വരികയാണ്. ഇതിനിടയിലാണ് പത്രത്തിൽനിന്ന് അമുസ്ലീങ്ങളായ ജീവനക്കാരെ പുറത്താക്കാൻ നീക്കം നടക്കുന്നുണ്ടെന്ന് ഒരു വിഭാഗം അപവാദ പ്രചാരണം തുടങ്ങിയത്. ഇതിനെതിരെ പത്രമാനേജ്മെന്റ് നൽകിയ പരാതിയിൽ പൊലീസ് കേസ് എടുത്തിരിക്കയാണ്.

ഹിന്ദു പരിഷത്ത് നേതാവ് പ്രതീഷ് വിശ്വനാഥനെതിരെ പൊലീസ് കേസെടുത്തത്. മാധ്യമം പത്രത്തിൽ നിന്നും മുസ്ലിങ്ങളല്ലാത്ത 102 ജീവനക്കാരെ പുറത്താക്കാൻ ഗൂഢാലോചന നടക്കുന്നുവെന്ന് ഫേസ്‌ബുക്കിൽ പോസ്റ്റിട്ടതിനെതിരെയാണ് കേസ്. പബ്ലിഷർ ടി.കെ. ഫാറൂഖിന്റെ പരാതിയിലാണ് ചേവായൂർ സിഐ കേസ് എടുത്തത്.വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ, സൈബർ സെൽ ഐ.ജി, കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർ എന്നിവർക്കും പബ്ലിഷർ പരാതി നൽകിയിട്ടുണ്ട്.മത വിദ്വേഷം പ്രചരിപ്പിക്കുന്ന തരത്തിലുള്ള പ്രതീഷ് വിശ്വനാഥന്റെ പോസ്റ്റ് സമൂഹ മാധ്യമങ്ങളിലൂടെ നിരവധി പേർ ഷെയർ ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് അവാസ്തവമായ കാര്യങ്ങൾ പ്രചരിപ്പിച്ച പ്രതീഷ് വിശ്വനാഥിനെതിരെ പത്രം പരാതിയുമായി രംഗത്തെത്തിയത്. മാധ്യമം ചെലവു ചുരുക്കലിന്റെ പാതയിലാണെങ്കിലും ആരെയും പുറത്താക്കാൻ നീക്കമില്ലെന്നാണ് മാനേജ്മെന്റ് പ്രതികരിക്കുന്നത്.

കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ മാധ്യമം ദിനപത്രം വി ആർ എസിനൊരുങ്ങുകയാണ്. താൽപര്യമുള്ളവർക്ക് ആനുകൂല്യങ്ങൾ വാങ്ങി പിരിഞ്ഞ് പോകാനാണ് മാനേജ്‌മെന്റ് അവസരമൊരുക്കുന്നത്. ഇത് സംബന്ധിച്ച് ജമാഅത്തെ ഇസ്ലാമി അനുഭാവികളായ ജീവനക്കാരുടെ യോഗം മാനേജ്‌മെന്റ് വിളിച്ച് ചേർത്തിരുന്നു. ഹിറാസെന്ററിൽ ചേർന്ന യോഗത്തിൽ നൂറ്റിപത്ത് ജീവനക്കാരാണ് പങ്കെടുത്തത്. മുന്നൂറിൽ പരം ജമാഅത്ത ഇസ്ലാമി അനുഭാവികളായ ജീവനക്കാരാണ് മാധ്യമത്തിലുള്ളത്. യോഗത്തിൽ സിഇഒ പി എം സ്വാലിഹ്, ജമാഅത്തെ ഇസ്ലാമി സംസ്ഥാന അമീർ എംഐ അബ്ദുൽ അസീസ് എന്നിവർപങ്കെടുത്തു. ചെലവ് ചുരുക്കലിന്റെ ഭാഗമായി നൂറോളം കരാർ തൊഴിലാളികളെ പിരിച്ച് വിടും. അവധി വേണ്ടവർക്ക് എത്രകൊല്ലവും അവധിയിൽ പ്രവേശിക്കാം. ജീവനക്കാരുടെ പുനർവിന്യാസം, ശമ്പളം വെട്ടിക്കുറക്കൽ തുടങ്ങിയവയും നടപ്പാക്കും. ഫെബ്രവരി രണ്ടാം വാരം ജീവനക്കാരുടെ യൂണിയനുകളുമായി വിഷയം ചർച്ച ചെയ്യും. ജനറൽ ബോഡിയിൽ മാനേജ്‌മെന്റ് തീരുമാനത്തിനൊപ്പം നിൽക്കുന്നതിന് സംഘടനാ ബന്ധമുള്ള ജീവനക്കാരുടെ ശക്തമായ ഇടപെടലുണ്ടാവണം. ഇതായിരുന്നു കഴിഞ്ഞ ദിവസം വിളിച്ച് ചേർത്ത ജമാഅത്ത് അനുഭാവ ജീവനക്കാരോട് നിർദ്ദേശിച്ചിട്ടുള്ളത്. ഈ വിവരമാണ് പ്രതീഷവിശ്വനാഥൻ മറ്റ് ജീവനക്കാരെ പിരിച്ചുവിടാനുള്ള നീക്കമായി ചിത്രീകരിച്ചത്.

ശമ്പളവും ജീവനക്കാരുടെ എണ്ണവും എഡിഷനുകളും മൂന്നിലൊന്നായി വെട്ടിക്കുറക്കാനാണ് നീക്കം. പഴയതുപോലെ വിരമിക്കാറായ ജീവനക്കാർക്ക് കാലാവധി നീട്ടിനൽകില്ല. ചെലവ് ചുരുക്കാനുള്ള ശൂറാ ആംഗം കൂട്ടിൽ മുഹമ്മദലി കമ്മറ്റിയുടെ റിപ്പോർട്ട് പ്രകാരമാണ് നടപടികൾ. നേരത്തെ ശൂറാ അംഗം ഖാലിദ് മൂസാ നദ്വി മാധ്യമത്തിലെ അഴിമതിയും അനാവശ്യ ഫണ്ട് പിരിവും ചൂണ്ടിക്കാട്ടി രംഗത്ത് വന്നതിനെ തുടർന്ന് സസ്‌പെൻഷനിലായിരുന്നു. 35 കോടി രൂപയുടെ ബാധ്യതയാണ് ഉള്ളതെന്ന് മാനേജ്‌മെന്റ് പറയുമ്പോൾ ജീവനക്കാർ ഇത് നിഷേധിക്കുന്നുണ്ട്. പെരുപ്പിച്ച് കാണിച്ച കണക്കാണിതെന്നാണ് ജീവനക്കാരുടെ ആരോപണം. നേരത്തെ സോളിഡാരിറ്റി നേതാവായിരുന്നയാളെ പുതിയ സിഇഒ ആയി അവരോധിച്ചത് മാനേജ്‌മെന്റ് തീരുമാനം നടപ്പിലാക്കാനുള്ള ഗൂഢപദ്ധതിയുടെ ഭാഗമാണെന്ന് ജീവനക്കാർ ആരോപിച്ചിരുന്നു. മംഗലാപുരം, മുബൈ, കോട്ടയം, തൃശൂർ, കണ്ണൂർ എന്നീ അഞ്ച്യൂണിറ്റുകൾ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് പൂട്ടിയിട്ടുണ്ട്. ഇവിടെയുള്ള എഡിറ്റോറിയൽ ഡെസ്‌ക്കും കോഴിക്കോട്ടേക്ക് മാറ്റിയിരിക്കയാണ്. മജീദിയ വേജ്ബോർഡ് പ്രകാരം നിലവിൽ ക്ലാസ് നാലിൽ ഉള്ള മാധ്യമത്തെ ക്ലാസ് ആറിലേക്ക് മാറ്റാണ് പുതിയ തീരുമാനം. ഇതുവഴി ഓരോ ജീവനക്കാരനും മിനിമം പതിനായിരം രുപയെങ്കിലും നഷ്ടമുണ്ടാവും.എന്നാൽ ജീവനക്കാർ ഒറ്റക്കെട്ടായി തീരുമാനത്തെ എതിർത്ത് രംഗത്തെത്തിയിരിക്കയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP