Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കശ്മീരിൽ ഇന്ത്യ നടപ്പാക്കിയ നിയമങ്ങൾ പുനപരിശോധിക്കുകയും സൈന്യത്തെ പിൻവലിക്കുകയും വേണമെന്ന് പാക് പാർലമെന്റിന്റെ പ്രമേയം; അന്താരാഷ്ട്ര മാധ്യമങ്ങളെ പ്രവേശിപ്പിച്ചാൽ കാശ്മീരിലെ മനുഷ്യാവകാശ ലംഘനങ്ങൾ പുറത്ത് വരും; ഫെബ്രുവരി അഞ്ചിന് പാക്കിസ്ഥാനിൽ കശ്മീർ ഐക്യദാർഢ്യ ദിനം; ഇന്ത്യക്കെതിരായ ജിഹാദ് ശക്തമാക്കണമെന്ന ആവശ്യത്തിന് പിന്നാലെ പാക്കിസ്ഥാൻ പാർലമെന്റ് പ്രമേയം പാസാക്കിയത് ഐക്യകണ്‌ഠേന

കശ്മീരിൽ ഇന്ത്യ നടപ്പാക്കിയ നിയമങ്ങൾ പുനപരിശോധിക്കുകയും സൈന്യത്തെ പിൻവലിക്കുകയും വേണമെന്ന് പാക് പാർലമെന്റിന്റെ പ്രമേയം; അന്താരാഷ്ട്ര മാധ്യമങ്ങളെ പ്രവേശിപ്പിച്ചാൽ കാശ്മീരിലെ മനുഷ്യാവകാശ ലംഘനങ്ങൾ പുറത്ത് വരും; ഫെബ്രുവരി അഞ്ചിന് പാക്കിസ്ഥാനിൽ കശ്മീർ ഐക്യദാർഢ്യ ദിനം; ഇന്ത്യക്കെതിരായ ജിഹാദ് ശക്തമാക്കണമെന്ന ആവശ്യത്തിന് പിന്നാലെ പാക്കിസ്ഥാൻ പാർലമെന്റ് പ്രമേയം പാസാക്കിയത് ഐക്യകണ്‌ഠേന

മറുനാടൻ മലയാളി ബ്യൂറോ

ഇസ്ലാമാബാദ്: ജമ്മു കശ്മീർ പുനഃസംഘടനയിൽ പുനപരിശോധന വേണമെന്ന് ഇന്ത്യയോട് പാക്കിസ്ഥാൻ പാർലമെന്റ്. പാക്കിസ്ഥാൻ പാർലമെന്റിന്റെ അധോസഭയായ നാഷണൽ അസംബ്ലി ഐക്യകണ്‌ഠേന പാസാക്കിയ പ്രമേയത്തിൽ, ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370, 35എ എന്നിവ എടുത്തുകളഞ്ഞ നടപടി ഇന്ത്യ പുനപരിശോധിക്കണമെന്നാണ് ആവശ്യപ്പെടുന്നത്. പാക്കിസ്ഥാനിൽ ഫെബ്രുവരി അഞ്ച് കശ്മീർ ഐക്യദാർഢ്യ ദിനമായി ആചരിക്കും.

ഓഗസ്റ്റ് അഞ്ച്, ഒക്ടോബർ 31 തീയതികളിൽ ഇന്ത്യ നടപ്പാക്കിയ നിയമം പിൻവലിക്കുകയും കശ്മീരിൽ നിന്ന് സൈന്യത്തെ പിൻവലിച്ച് കൊട്ടിയടച്ച അവസ്ഥ ഒഴിവാക്കണമെന്നും പാർലമെന്റ് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. അന്താരാഷ്ട്ര സംഘടനകളെ കശ്മീരിൽ പ്രവർത്തിക്കാനനുവദിക്കുക, അന്താരാഷ്ട്ര മാധ്യമങ്ങളെ പ്രവർത്തിക്കാനനുവദിക്കുക, ജനപ്രതിനിധികളെ കടത്തിവിടുക തുടങ്ങിയ ആവശ്യങ്ങളും പ്രമേയം ഉന്നയിച്ചു. അന്താരാഷ്ട്ര മാധ്യമങ്ങളെ പ്രവേശിപ്പിച്ചാൽ കശ്മീരിലെ മനുഷ്യാവകാശ ലംഘനങ്ങൾ പുറത്തുവരുമെന്നും പ്രമേയത്തിൽ പറഞ്ഞു. കശ്മീർ വിഷയത്തിൽ ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോർപറേഷൻ പ്രത്യേക ഉച്ചകോടി വിളിക്കണമെന്നും പാക്കിസ്ഥാൻ ആവശ്യപ്പെട്ടു.

കശ്മീരിനുള്ള പ്രത്യേക പദവി റദ്ദാക്കി, സംസ്ഥാനത്തെ വിഭജിച്ചത് പാക്കിസ്ഥാൻ ശക്തമായി എതിർത്തിരുന്നു. ഇന്ത്യയുടെ നടപടിയെ തുടർന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിൽ വിള്ളൽ വീണു. വിഷയം അന്താരാഷ്ട്ര വേദികളിലെത്തിച്ച് ഇന്ത്യക്കെതിരെ സമ്മർദ്ദം ചെലുത്താനും പാക്കിസ്ഥാൻ ശ്രമിച്ചു. ഒറ്റക്കെട്ടായി പ്രമേയം പാസാക്കിയതാണ് ഒടുവിലത്തെ നടപടി. പാർലമെന്റ് സമ്മേളനത്തിൽ ഇന്ത്യക്കെതിരെ രൂക്ഷ വിമർശനമാണ് പാക് എംപിമാർ ഉന്നയിച്ചത്. ഇന്ത്യക്കെതിരെ ജിഹാദ് ശക്തമാക്കണമെന്നും നേതാക്കൾ സർക്കാരിനോട് ആവശ്യപ്പെട്ടു. ജമ്മുകശ്മീരിനെ മോചിപ്പിക്കുന്ന വിഷയവുമായി ബന്ധപ്പെട്ട് ഏറെ വികാരാധീനനായാണ് പാർലമെന്ററികാര്യ മന്ത്രി മുഹമ്മദ് ഖാൻ സംസാരിച്ചത്. ഇന്ത്യയെ ആക്രമിച്ച് ജമ്മുകശ്മീരിനെ സ്വതന്ത്രമാക്കണമെന്നും മുഹമ്മദ് ഖാൻ പാർലമെന്റിൽ ആവശ്യപ്പെട്ടു.

ഈ മാസം പത്തിന് ശേഷം ഇന്ത്യക്കെതിരായ ആക്രമണം രൂക്ഷമാക്കണമെന്നാണ് എംപിമാരുടെ ആവശ്യം. പാക്കിസ്ഥാനിലെ പ്രമുഖ രാഷ്ട്രീയ പാർട്ടിയായ ജമായത്തുൽ ഉലെമാ എ ഇസ്ലാം ഫസൽ സംഘടനയിൽപ്പെട്ടവരാണ് ഇന്ത്യക്കെതിരെ വീണ്ടും ജിഹാദ് ശക്തമാക്കണമെന്ന പ്രമേയം കൊണ്ടുവന്നത്. ഇന്ത്യക്കെതിരെ അന്താരാഷ്ട്ര സമ്മർദ്ദം ശക്തമാക്കാൻ ജിഹാദല്ലാതെ മറ്റൊരു മാർഗ്ഗവുമില്ലെന്നാണ് നേതാക്കന്മാരുടെ വാദം. കശ്മീർ വിഷയത്തിലും ജിഹാദ് ശക്തമാക്കണമെന്ന അഭിപ്രായമാണ് ഭൂരിപക്ഷം പാക്കിസ്ഥാൻ നേതാക്കന്മാരും സഭയിൽ പ്രകടിപ്പിച്ചതെന്നും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ഫെബ്രുവരി 10ന് ശേഷം ഇന്ത്യക്കെതിരെ യുദ്ധം പ്രഖ്യാപിക്കണമെന്നും ജമായത്തുൽ ഉലെമാ എ ഇസ്ലാം ഫസൽ നേതാവായ മൗലാന അബ്ദുൾ അക്‌ബർ ചിത്രാലി ആവശ്യപ്പെട്ടതായി ടൈംസ് നൗ ന്യൂസ് റിപ്പോർട്ട് ചെയ്തു. ഇന്നലെയാണ് പാക് അസംബ്ലിയിൽ മൗലാന അബ്ദുൾ അക്‌ബർ ചിത്രാലി ഇന്ത്യക്കെതിരെ ജിഹാദിന് ആഹ്വാനം ചെയ്തത്. ഇന്ത്യക്കെതിരെ യുദ്ധം പ്രഖ്യാപിക്കുന്നത് കശ്മീർ വിഷയത്തിൽ അന്താരാഷ്ട്ര സമൂഹം ഇടപെടാൻ സഹായിക്കുമെന്ന വിലയിരുത്തലോടെയാണ് മൗലാന അബ്ദുൾ അക്‌ബർ ചിത്രാലിയുടെ ആവശ്യം.

അക്‌ബർ ചിത്രാലിയുടെ ആവശ്യത്തിന് പിന്തുണയുമായി മറ്റ് എംപിമാരും എത്തിയെന്നാണ് റിപ്പോർട്ട്. കശ്മീരിൽ വിഭജനത്തിന് ശേഷം കുടുങ്ങിയവരുടെ മോചനത്തിന് ജിഹാദ് ആവശ്യമാണെന്ന് ചില എംപിമാർ ആവശ്യപ്പെട്ടു. കശ്മീരിലെ ജനങ്ങൾക്ക് വേണ്ടി തങ്ങൾ ഒന്നും ചെയ്യുന്നില്ലെന്നാണ് മറ്റ് ഇസ്ലാമിക രാജ്യങ്ങൾ പഴിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് ഖ്വാജ ആസിഫ് പറഞ്ഞു. ഇസ്ലാമിക രാജ്യങ്ങൾക്കായുള്ള സംഘടനയിൽ മൂന്നോ നാലോ രാജ്യങ്ങൾക്കല്ലാതെ അവരെ പ്രതിരോധിക്കാൻ സാധിക്കുന്നില്ലെന്നും ഖ്വാജ ആസിഫ് കൂട്ടിച്ചേർത്തു.

കശ്മീരിലെ ജനതയുടെ മോചനം ജിഹാദി യുദ്ധത്തിലൂടെ മാത്രമേ സാധ്യമാകൂ. നിലവിൽ ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മ വെറും ചത്ത സംഘടനയാണെന്നും അതിനാലാണ് കശ്മീർ വിഷയത്തിൽ അവരാരും ഇന്ത്യയെ എതിർക്കാത്തതെന്നും പ്രതിപക്ഷ നേതാവുകൂടിയായ ഖ്വാജാ ആസിഫ് സഭയിൽ പറഞ്ഞു. ഇതിനിടെ പൊട്ടിത്തെറിച്ച പാർലമെന്ററി കാര്യ മന്ത്രി അലി മുഹമ്മദ് ഖാൻ ഇന്ത്യയെ ആക്രമിച്ച് ജമ്മുകശ്മീർ മോചിപ്പിക്കണമെന്ന വാദമാണ് മുന്നോട്ട് വച്ചത്. ഏതായാലും സഭയിൽ എല്ലാം കേട്ടിരുന്ന ഇമ്രാൻ ഖാൻ ഒരക്ഷരം പോലും പറയാതിരുന്നതും പ്രതിപക്ഷത്തെ ചൊടിപ്പിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP