Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'ഇതൊരു ഉൽസവമാണ്..കൊറോണ മഹോൽസവം..നിപ്പ മഹോൽസവം; ഇടയ്ക്കിടയ്ക്ക് ഇങ്ങനെ ചെണ്ടയിൽ കോലുകെട്ടി ഒരുമേളം ഒരുക്കിയാൽ മാത്രമാണ് ആരോഗ്യമേഖലയ്ക്ക് ഒരു ഉന്മേഷം ഉണ്ടാവുക; കൊറോണ വൈറസ് എന്നൊന്നില്ല; ഇവിടെ നടക്കുന്നത് ഒരു പൊളിറ്റിക്കൽ ഡ്രാമയാണ്'; അശാസ്ത്രീയ പ്രചാരണങ്ങളുമായി ജേക്കബ് വടക്കൻചേരി എത്തുമ്പോൾ എലിപ്പനിക്കെതിരെ വ്യാജപ്രചാരണം നടത്തി ജയിലിലായിട്ടും ഒന്നും പഠിച്ചില്ലേ എന്ന് സോഷ്യൽ മീഡിയ

'ഇതൊരു ഉൽസവമാണ്..കൊറോണ മഹോൽസവം..നിപ്പ മഹോൽസവം; ഇടയ്ക്കിടയ്ക്ക് ഇങ്ങനെ ചെണ്ടയിൽ കോലുകെട്ടി ഒരുമേളം ഒരുക്കിയാൽ മാത്രമാണ് ആരോഗ്യമേഖലയ്ക്ക് ഒരു ഉന്മേഷം ഉണ്ടാവുക; കൊറോണ വൈറസ് എന്നൊന്നില്ല; ഇവിടെ നടക്കുന്നത് ഒരു പൊളിറ്റിക്കൽ ഡ്രാമയാണ്'; അശാസ്ത്രീയ പ്രചാരണങ്ങളുമായി ജേക്കബ് വടക്കൻചേരി എത്തുമ്പോൾ എലിപ്പനിക്കെതിരെ വ്യാജപ്രചാരണം നടത്തി ജയിലിലായിട്ടും ഒന്നും പഠിച്ചില്ലേ എന്ന് സോഷ്യൽ മീഡിയ

മറുനാടൻ മലയാളി ബ്യൂറോ

 തിരുവനന്തപുരം: കൊറോണ വൈറസ് ഉണ്ടെന്ന് തെളിയിക്കാൻ വെല്ലുവിളിച്ച് പ്രകൃതി ചികിത്സകൻ ജേക്കബ് വടക്കൻചേരിയുടെ വീഡിയോ സന്ദേശം വൻ വിവാദത്തിലേക്ക്. നിപ കാലത്തും അങ്ങനെയൊരു വൈറസ് ഇല്ലായെന്ന് പ്രചരിപ്പിച്ചതിന് ജേക്കബ് വടക്കഞ്ചേരിക്ക് എതിരെ കേസെടുത്തിരുന്നു. ശാസ്ത്രത്തെയും ആധുനിക വിജ്ഞാനത്തെയും ചോദ്യം ചെയ്ത് ജേക്കബ് വടക്കൻചേരി തെറ്റിദ്ധാരണ പരത്തുകയാണെന്ന് ചൂണ്ടിക്കാണിച്ച് ഡോക്ടർമാർ സാമൂഹ്യമാധ്യമങ്ങളിലൂടെ രംഗത്തെത്തി. വടക്കൻചേരിക്കെതിരെ കേസ് എടുത്ത് അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സോഷ്യൽ മീഡിയയിൽ വൻ കാമ്പയിനും ഇതോടൊപ്പം നടക്കുന്നുണ്ട്.

'നിപ്പക്ക് പിന്നാലെ ഇതാ കൊറോണ വൈറസും കേരളം സന്ദർശിക്കാൻ എത്തിയിരിക്കയാണ്. ഇതൊരു ഉൽസവമാണ്. കൊറോണ മഹോൽസവം, നിപ്പ മഹോൽസവം,... ഇടക്കിടക്ക് ഇങ്ങനെ ചെണ്ടയിൽ കോലുകെട്ടി ഒരു മേളം ഒരുക്കിയാൽ മാത്രമാണ്, ആരോഗ്യമേഖലക്ക് ഒരു ഉന്മേഷവും ഉണ്ടാവുക.ഉൽസാഹം ഉണ്ടാവുക. ലോകം ഒരു യുദ്ധം കണ്ടുകൊണ്ടരിക്കയാണ്. മൂൻകരുതൽ എടുക്കണമെന്ന് ഞാനും സമ്മതിക്കുന്നു. ആരോഗ്യവകുപ്പ് അത് എഴുതിയിട്ടുണ്ട്. അങ്ങനെ ചെയ്തില്ലെങ്കിൽ ആരോഗ്യവകുപ്പിനുനേരെ അന്താരാഷ്ട്ര സമ്മർദം ഉണ്ടാവും. ഞാനാണ് ആരോഗ്യമന്ത്രിയെങ്കിൽ ഞാനും അത് ചെയ്യേണ്ടിവരും. ഇവിടെ നടക്കുന്നത് ഒരു പൊളിറ്റിക്കൽ ഡ്രാമയാണ്.ടെക്ക്നോളജിക്കൽ വാറാണ് നടക്കുന്നത്. ജൈവായുധത്തിന്റെപേരിലാണ് യുദ്ധം. - എന്നിങ്ങനെ പോവുന്ന വീഡിയോയിലാണ് വടക്കൻചേരി കൊറോണ വൈറസ്് ഇല്ലെന്ന് വ്യക്തമാക്കുന്നത്.

നിപ കാലത്ത് ഉന്നയിച്ച തരത്തിലുള്ള അതേ വാദങ്ങളാണ് ഇപ്പോഴും ജേക്കബ് വടക്കൻചേരി ഉന്നയിച്ചിരിക്കുന്നത്. കൊറോണ എന്നൊരു വൈറസ് നിലവിലില്ല. ആരോഗ്യമേഖലയ്ക്ക് കൂടുതൽ ശ്രദ്ധ കിട്ടുന്നതിനു വേണ്ടിയാണ് ഇങ്ങനെയൊരു വൈറസ് ഉണ്ടെന്ന് പ്രചരിപ്പിക്കുന്നത്. ഇത്തരത്തിൽ എന്തെങ്കിലും അടിയന്തരസാഹചര്യം ഉണ്ടെന്ന് കാണിച്ചാൽ മാത്രമേ ആരോഗ്യമേഖലയ്ക്ക് ശ്രദ്ധ കിട്ടുകയുള്ളൂ. അതിനു വേണ്ടിയുണ്ടാക്കിയ കള്ളക്കഥയാണ് കൊറോണ വൈറസ് എന്നാണ് ജേക്കബ് വടക്കഞ്ചേരിയുടെ വാദം. കഴിഞ്ഞ എലിപ്പനിക്കാലത്ത് വ്യാജപ്രചാരണം നടത്തിയതിന് ജയിലിലായിട്ടും ഇദ്ദേഹം ഒന്നു പഠിച്ചില്ലേ എന്നാണ് സോഷ്യൽ മീഡിയയിൽ ജനകീയ ആരോഗ്യ പ്രവർത്തകർ ചോദിക്കുന്നത്.

സംസ്ഥാനത്ത് ആരോഗ്യവകുപ്പ് സാധ്യമായ എല്ലാ സംവിധാനങ്ങളും ഉപയോഗിച്ച് പ്രവർത്തനം നടത്തുന്നതിനിടയിലാണ് ജേക്കബ് വടക്കഞ്ചേരി വ്യാജ പ്രചരണവുമായി രംഗത്തെ എത്തിയിരിക്കുന്നത്. അതേസമയം, വ്യാജ പ്രചാരകർക്ക് എതിരെ കർശന നടപടിയെടുക്കുമെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി.എന്നാൽ, ഇത്തരം വ്യാജപ്രചരണങ്ങളിൽ വീണ് ചികിത്സ മുടക്കരുതെന്ന് ഡോക്ടർമാർ ആവശ്യപ്പെട്ടു.

എലിപ്പനി നിയന്ത്രിക്കാനുള്ള പ്രതിരോധ മരുന്നിനെതിരെ വ്യാജ പ്രചാരണം നടത്തിയ കേസിൽ കഴിഞ്ഞവർഷം ജേക്കബ് വടക്കൻചേരിയെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് അദ്ദേഹം രണ്ടാഴ്ചയോളം റിമാൻഡിൽ ആയിരുന്നു. വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിൽ പല വിധ പ്രവർത്തനങ്ങൾക്ക് മുന്നിട്ടിറങ്ങിയവർ പ്രതിരോധ മരുന്നുകൾ കഴിക്കണമെന്ന നിർദ്ദേശത്തിന്റെ ആധികാരികതയെ ചോദ്യം ചെയ്ത് വടക്കാഞ്ചേരി പ്രതിരോധ മരുന്ന് കഴിക്കരുതെന്ന് ആവശ്യപ്പെട്ടിരുന്നു. ഫേസ്‌ബുക്ക് ലൈവിലൂടെ നടത്തിയ ആഹ്വാനത്തിനെതിരെ വലിയ പ്രതിഷേധമുയർന്നു.

സംഭവത്തിൽ ജേക്കബ് വടക്കൻചേരിക്കെതിരെ കേസെടുക്കാൻ ആരോഗ്യ മന്ത്രി കെ.കെ.ശൈലജയാണ് ഡിജിപിക്ക് കത്ത് നൽകിയത്. ഡിജിപി കേസെടുക്കാൻ നിർദ്ദേശം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വടക്കുംചേരിയെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തത്. നടപടിയെടുക്കാൻ ആരോഗ്യമന്ത്രി നിർദ്ദേശം നൽകിയതിന് പിന്നാലെയും എലിപ്പനി പ്രതിരോധ പ്രവർത്തനങ്ങളെ വിമർശിച്ച് ജേക്കബ് വടക്കൻചേരി രംഗത്ത് വന്നിരുന്നു. കൊലക്കുറ്റത്തിന് കേസെടുക്കേണ്ടത് അലോപ്പതി ഡോക്ടർമാർക്കെതിരെയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.യാതൊരടിസ്ഥാനമില്ലാതെയും ജേക്കബ് വടക്കാഞ്ചേരി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ സോഷ്യൽ മീഡിയയിലൂടെ വ്യാജ പ്രചാരണം നടത്തിക്കൊണ്ടിരിക്കുകയാണ്. ജനങ്ങളും മാധ്യമങ്ങളും ഒറ്റക്കെട്ടായി പ്രതിരോധ പ്രവർത്തനങ്ങൾ നടത്തിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ പ്രവർത്തിക്കുന്നവർക്കെതിരെ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആരോഗ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP