Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'റോ'യുടെ ദുബായി ഏജന്റെന്ന് നാട്ടിൽ പ്രചരണം; വ്യാജ പാസ്‌പോർട്ട് കേസിലും പ്രതി; സംഘപരിവാർ ദക്ഷിണേന്ത്യൻ നേതാക്കളെ വധിക്കാൻ പദ്ധതിയിട്ട കേസിലും പൊലീസ് പൊക്കിയ പ്രതി; ജുവലറി മോഷണമടക്കം 11ലധികം കേസുകൾ; നാട്ടിൽ സ്വയം പ്രഖ്യാപിത അധോലോകവും; ഗുണ്ടാനേതാവ് ഡോൺ തസ്ലിമിനെ വധിച്ചത് ഗൾഫ് ക്വട്ടേഷൻ; സ്വർണക്കടത്തു സംഘത്തെ കസ്റ്റംസിന് ഒറ്റിക്കൊടുത്ത പക കൊലയ്ക്ക് കാരണമായെന്ന് പൊലീസ്; ഡോണിന്റെ മരണത്തോടെ ഗുണ്ടാസംഘങ്ങൾ നേർക്കുനേർ

'റോ'യുടെ ദുബായി ഏജന്റെന്ന് നാട്ടിൽ പ്രചരണം; വ്യാജ പാസ്‌പോർട്ട് കേസിലും പ്രതി; സംഘപരിവാർ ദക്ഷിണേന്ത്യൻ നേതാക്കളെ വധിക്കാൻ പദ്ധതിയിട്ട കേസിലും പൊലീസ് പൊക്കിയ പ്രതി; ജുവലറി മോഷണമടക്കം 11ലധികം കേസുകൾ; നാട്ടിൽ സ്വയം പ്രഖ്യാപിത അധോലോകവും; ഗുണ്ടാനേതാവ് ഡോൺ തസ്ലിമിനെ വധിച്ചത് ഗൾഫ് ക്വട്ടേഷൻ;  സ്വർണക്കടത്തു സംഘത്തെ കസ്റ്റംസിന് ഒറ്റിക്കൊടുത്ത പക കൊലയ്ക്ക് കാരണമായെന്ന് പൊലീസ്; ഡോണിന്റെ മരണത്തോടെ ഗുണ്ടാസംഘങ്ങൾ നേർക്കുനേർ

മറുനാടൻ മലയാളി ബ്യൂറോ

മംഗളൂരു: ഗുണ്ടാ നേതാവ് ഡോൺ തസ്ലിമിന്റെ കൊലപാതകത്തിന് പിന്നിൽ അധോലോക പകയെന്ന് സൂചന. കാസർകോട് ചെമ്പരിക്ക സ്വദേശി 'ഡോൺ' തസ്ലിം എന്ന സി.എം. മുഹ്തസിമിനെ(40) തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത് കഴിഞ്ഞ ദിവസമാണ്. ഇന്നോവ കാറിൽ ഒഴിഞ്ഞ പ്രദേശത്തായി മൃതദേഹം കണ്ടെത്തുകയായിരുന്നു. ദുബായി കേന്ദ്രകീകരിച്ച് പ്രവർത്തിക്കുന്ന ഗൾഫ് ക്വട്ടേഷനാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. നാട്ടിലെ ഹീറോയായിരുന്ന ഡോൺ തസ്ലിം സ്വയം വിശേഷിപ്പിച്ചിരുന്നത് താൻ അധോലോക ബന്ധമുള്ള ആളാണെന്നും ഇന്ത്യയുടെ രഹസ്യാന്വേഷണ വിഭാഗമായ റോയുടെ ദുബായി ഏജന്റ് ആയിരുന്നെന്നാണ്. ദുബായി പൊലീസിന്റെയും ഏജന്റാണെന്നാണ് നാട്ടിൽ ഇയാൾ പറഞ്ഞിരുന്നത്. അധോലോകവുമായി അടുപ്പമുള്ള ഇയാൾ ഇവരെ ഒറ്റിക്കൊടുത്തതിലെ പകയാണ് കൊലയിലേക്ക് നയിച്ചതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.

രണ്ടു കോടി രൂപ വിലമതിക്കുന്ന സ്വർണം കസ്റ്റംസിന് ഒറ്റിക്കൊടുത്തതിനുള്ള വൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്നാണ് പൊലീസിന് ലഭിച്ച വിവരം. കാസർകോട് പൈവളിഗെ അട്ടഗോളി സ്വദേശിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കൊലപാതകത്തിനു പിന്നിലെന്നാണ് സൂചന. തസ്ലിം കൊല്ലപ്പെട്ടതോടെ ഗുണ്ടാസംഘങ്ങൾ തമ്മിൽ പകപോക്കൽ ഉണ്ടാകുമെന്ന ആശങ്കയിലാണ് പൊലീസ്.കർണാടകയിൽ പ്രശ്‌നങ്ങൾ ഉണ്ടാക്കുന്ന ക്വട്ടേഷൻ സംഘങ്ങൾക്കെതിരെ ശക്തമായ നടപടിയുമായി മുന്നോട്ടു പോകുന്നതിനിടെയാണു തസ്‌ലീം കൊല്ലപ്പെടുന്നത്. മലയാളികളായ ക്വട്ടേഷൻ സംഘങ്ങളുടെ വിവരങ്ങൾ ശേഖരിച്ചു വരുകയായിരുന്നു കർണാടക പൊലീസ്. അതിർത്തി പ്രദേശങ്ങളിലാണു ക്വട്ടേഷനുകൾ ഏറെ നടക്കുന്നത്. ഉപ്പള, മഞ്ചേശ്വരം എന്നിവിടങ്ങളിലെ സംഘാംഗങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ കർണാടക പൊലീസ് അന്വേഷിച്ചുവരുന്നതിനിടെയാണ് തസ്ലിം കൊല്ലപ്പെടുന്നത്.

ഈ കേസിൽ കർണാടക പൊലീസിന്റെ കസ്റ്റഡിയിലുള്ളത് ഉപ്പള സ്വദേശികൾ ഉൾപ്പെടെയുള്ള സംഘമാണെന്നാണ് സൂചന. ഇതിൽ ഒരാൾ തസ്ലിമിനെ തട്ടിക്കൊണ്ടുപോയ വാഹനം ഓടിച്ചിരുന്നയാളാണെന്നും സംശയമുണ്ട്. നിലവിൽ കർണാടകയിലെ ഹൂബ്ലി കേന്ദ്രീകരിച്ചാണ് ഗുൽബർഗ് പൊലീസിന്റെ അന്വേഷണം. ഇവിടെ നിന്നുള്ള സംഘമാണ് തസ്ലിമിനെ തട്ടിക്കൊണ്ടുപോയതെന്നും തുടർന്ന് കൃത്യമായ ആസൂത്രണത്തിലൂടെയാണ് കൊലപാതകം നടത്തിയതെന്നുമാണ് പൊലീസ് നിഗമനം. ഉപ്പളയിലെ ഒരു ക്വട്ടേഷൻ സംഘത്തലവനുമായുള്ള തർക്കമാണ് കൊലപാതകത്തിനിടയാക്കിയതെന്നാണ് സൂചന.

സംഘപരിവാറിന്റെ ദക്ഷിണേന്ത്യൻ നേതാക്കളെ വധിക്കാൻ ഗൂഢാലോചന നടക്കുന്നെന്നു കേന്ദ്ര രഹസ്യാന്വേഷണ ഏജൻസി റിപ്പോർട്ടിനെ തുടർന്നു ഡൽഹി പൊലീസിന്റെ ആവശ്യപ്രകാരം വിദ്യാനഗർ പൊലീസ് 2019 ജനുവരി 11നു തസ്ലിമിനെ ചട്ടഞ്ചാലിൽ നിന്നാണ് നേരത്തെ പിടികൂടിയത്.

എന്നാൽ പിന്നീട് ജാമ്യം നേടി പുറത്തിറങ്ങി. ബേക്കൽ, കാസർകോട് സ്റ്റേഷനുകളിലായി പന്ത്രണ്ടോളം കേസുകളിലും തസ്ലിം പ്രതിയാണ്.ദുബായിലായിരുന്ന തസ്ലിം അവിടെ പലരോടും ദുബായ് പൊലീസിന്റെയും ഇന്ത്യൻ രഹസ്യാന്വേഷണ വിഭാഗമായ 'റോ'യുടെയും ഏജന്റാണെന്നും പറഞ്ഞാണ് പരിചയപ്പെട്ടിരുന്നത്. വ്യാജ പാസ്‌പോർട്ട് നിർമ്മിച്ചതുൾപ്പടെ ഒട്ടേറെ കേസുകളിൽ പ്രതിയാണ്. 'ഡോൺ' (അധോലോകത്തലവൻ) എന്ന് സ്വയം വിശേഷിപ്പിച്ചു വന്ന തസ്ലിം വ്യാജ പാസ്പോർട്ടുകൾ ഉപയോഗിച്ച് ഒട്ടേറെ വിദേശയാത്രകൾ നടത്തിയതായും പാസ്പോർട്ടിനു വേണ്ടി വ്യാജരേഖകളും സീലുകളും നിർമ്മിച്ചതായും വർഷങ്ങൾക്കു മുൻപു പൊലീസ് കണ്ടെത്തിയിരുന്നു. മലപ്പുറം തിരൂരിൽ വ്യാജ പാസ്‌പോർട്ട് കേസിലും അറസ്റ്റിലായി.

ഒടുവിൽ മംഗളൂരു ഭവന്തി സ്ട്രീറ്റിലെ അരുൺ ജൂവലറിയുടെ ഭിത്തി തുരന്ന് 1.11 കോടി രൂപയുടെ ആഭരണം കവർന്ന കേസിൽ 2019 സെപ്റ്റംബറിൽ അറസ്റ്റിലായ തസ്ലിം ഗുൽബർഗ ജയിലിൽ റിമാൻഡിലായി. ഇക്കഴിഞ്ഞ ജനുവരി 31നു ജാമ്യം ലഭിച്ചു സഹോദരനും സുഹൃത്തിനുമൊപ്പം നാട്ടിലേക്കു പോകുമ്പോഴാണു കലബുറഗിക്കടുത്ത നെലോഗിയിൽ ആറംഗ ഗുണ്ടാസംഘം വാഹനം തടഞ്ഞു തട്ടിക്കൊണ്ടു പോയത്.

മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് അന്വേഷണത്തിൽ ഗുണ്ടകളുടെ ഒളിസങ്കേതം കണ്ടെത്തിയെങ്കിലും പൊലീസ് എത്തുന്നതിനു മുൻപു സംഘം തസ്ലിമിനെയും കൊണ്ടു കാറിൽ കടന്നുകളഞ്ഞു. പൊലീസ് പിന്തുടർന്നതോടെ മംഗളൂരു ബിസി റോഡിനു സമീപം തസ്ലിമിനെ കാറിനകത്തു കൊലപ്പെടുത്തിയ ശേഷം വാഹനമുപേക്ഷിച്ച് ഗുണ്ടാസംഘം രക്ഷപ്പെടുകയായിരുന്നു. ജൂവലറി കൊള്ളയടിച്ച കേസിൽ രണ്ട് അഫ്ഗാനിസ്ഥാൻ സ്വദേശികളും തസ്ലിമിനൊപ്പം അറസ്റ്റിലായിരുന്നു. കാസർകോട് സ്വദേശി കുഞ്ഞി അഹമ്മദ്, അഫ്ഗാൻ സ്വദേശി ഫരീദ് എന്നിവരെ ആ കേസിൽ പിടികിട്ടാനുണ്ട്.

കാസർകോട് ജില്ലയിലും പുറത്തും ഒട്ടേറെ കേസിൽ പ്രതിയാണെങ്കിലും സ്വന്തം നാടായ കാസർകോട് കീഴൂർ ചെമ്പരിക്കയിൽ സ്റ്റാർ പരിവേഷമായിരുന്നു തസ്ലിമിന്. പ്രാദേശിക ക്ലബുകൾക്കും മറ്റും വലിയതോതിൽ പണം ചെലവഴിച്ചു വന്ന തസ്ലിം ചെമ്പരിക്ക കടപ്പുറത്ത് കടുക്കക്കല്ലിനു സമീപം ഇരുനില വീട് നിർമ്മാണം പുരോഗമിക്കുന്നതിനിടെയാണ് കൊല്ലപ്പെട്ടത്. മേൽപ്പറമ്പ് പൊലീസ് സ്റ്റേഷനിൽ തോക്ക് കൈവശം വച്ചതിനുള്ള കേസ് ഉൾപ്പെടെ പന്ത്രണ്ടോളം കേസിൽ പ്രതിയാണ്.

ഉപ്പള കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന പൈവളിഗെ സ്വദേശിയായ ഗുണ്ടാസംഘത്തലവനു തസ്ലിം ഒന്നരക്കോടി രൂപയോളം നൽകാനുണ്ടെന്നാണ് വിവരം. അതു വാങ്ങിയെടുക്കാൻ മംഗളൂരു ബണ്ട്വാളിലെ മറ്റൊരു സംഘത്തിനു ക്വട്ടേഷൻ നൽകിയതായും പറയപ്പെടുന്നു. കൊലക്കേസ് പ്രതി അടക്കമുള്ള ബണ്ട്വാൾ സംഘമാണു തസ്ലിമിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത് എന്നാണു പൊലീസിനു ലഭിച്ച പ്രാഥമിക വിവരം. തസ്ലിമിനെ തട്ടിക്കൊണ്ടുപോയപ്പോൾ പൈവളിഗെ സ്വദേശിയെ സംശയിക്കുന്നതായി ബന്ധുക്കൾ പൊലീസിനോടു പറഞ്ഞിരുന്നു.

ഗുണ്ടാത്തലവനായിരുന്ന കാലിയാ റഫീഖിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണെങ്കിലും തസ്ലീമിനെ ഇതുവരെ അറസ്റ്റ് ചെയ്തിരുന്നില്ല. നേരത്തെ റഫീഖിന്റെ സംഘാംഗമായിരുന്നെങ്കിലും പിന്നീട് പണത്തിനായി എതിർ സംഘത്തോടൊപ്പം ചേർന്ന റഫീഖിനെ കൊലപ്പെടുത്താൻ തസ്‌ലീം കൂട്ടുനിൽക്കുകയായിരുന്നുവെന്നാണു പൊലീസ് പറയുന്നത്. എന്നാൽ അടുത്തിടെയായി കാലിയാ റഫീഖിന്റെ സംഘാംഗങ്ങളുമായി അടുത്ത ബന്ധത്തിലായിരുന്നു തസ്ലിം. അതു കൊണ്ടു തന്നെ സംഭവത്തിനു പിന്നിൽ കാലിയാ സംഘമാകാൻ സാധ്യത കുറവാണെന്നാണു പൊലീസിന്റെ നിഗമനം.

ബണ്ട്വാൾ സിഐ ടി.നാഗരാജ്, ബണ്ട്വാൾ ടൗൺ എസ്ഐ അവിനാശ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം. ഉഡുപ്പി എസ്‌പി വിഷ്ണുവർധൻ, അഡീഷനൽ എസ്‌പി വിക്രം ആംതെ, ദക്ഷിണ കന്നഡ ജില്ലാ ക്രൈം ഇന്റലിജൻസ് ബ്യൂറോ ഇൻസ്പെക്ടർ ചെലുവരാജു എന്നിവർ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. തസ്ലിമിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനു ശേഷം തിങ്കളാഴ്ച പുലർച്ചെ ബന്ധുക്കൾക്കു വിട്ടുകൊടുത്തു. തുടർന്നു ചെമ്പരിക്കയിലെത്തിച്ചു ഖബറടക്കി.മംഗളൂരു ബിസി റോഡിൽ തസ്ലിമിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ വാഹനത്തിനു ചുറ്റും തടിച്ചു കൂടിയവർ.വിധി കുറിച്ചത് ഗൾഫിൽ, കൃത്യം നിർവഹിക്കാൻ ക്വട്ടേഷൻ

മഞ്ചേശ്വരം, ഉപ്പള എന്നിവിടങ്ങളിൽ ചെറുതും വലുതുമായി ഒട്ടേറെ ക്വട്ടേഷൻ സംഘങ്ങളാണുള്ളത്. ഇതിനെ നിയന്ത്രിക്കുന്ന സംഘത്തലവന്മാരായ രണ്ടു പേർ ഗൾഫിലാണ്. അവിടെ നിന്നാണു ക്വട്ടേഷനുകളുടെ കരാറുകൾ നൽകുന്നത്. സ്വർണം, സാമ്പത്തികം ഉൾപ്പെടെയുള്ളവയിലാണു പ്രധാന ക്വട്ടേഷനുകൾ ഏറ്റെടുക്കുന്നത്. പണം കിട്ടേണ്ടവരും സ്വർണം നഷ്ടപ്പെട്ടവരും ഗൾഫിൽ നിന്നാണു കരാർ ഉണ്ടാക്കുന്നത്. തുടർന്നു സംഘാംഗങ്ങൾക്കു ഫോട്ടോ ഉൾപ്പെടെയുള്ള വിവരങ്ങൾ കൈമാറും. പിന്നീട് കൃത്യം നിർവഹിക്കുകയാണു പതിവ്. വധത്തിനു മുൻപേ മുഴുവൻ കരാർ തുകയും ബന്ധപ്പെട്ട കേന്ദ്രങ്ങളിലെത്തിക്കണമെന്നു മാത്രം. മഞ്ചേശ്വരം, കുമ്പള പൊലീസ് സ്റ്റേഷൻ പരിധിയിൽ അടുത്തിടെ നടന്ന തട്ടിക്കൊണ്ടു പോകൽ ഉൾപ്പെടെയുള്ള ക്വട്ടേഷനുകളുടെ പിന്നിലും ഇതേ സംഘമാണെന്നാണ് സൂചന.

ഇതിൽ ഒരു സംഘത്തലവന്റെ വിവാഹം നടന്നത് അടുത്തിടെ ഗൾഫിലാണ്. ഇതിൽ പങ്കെടുക്കാനായി നൂറോളം പേർക്കാണു വീസയും വിമാനം ടിക്കറ്റ് ഉൾപ്പെടെ എടുത്ത് നൽകിയത്. കാലിയ റഫീഖിന്റെ കൊലപാതകത്തോടെയാണ് ഇതിൽ ഒരാൾ സംഘത്തലവനായി മാറുന്നത്. ഉപ്പളയിലും പരിസര പ്രദേശങ്ങളിലുമായി പട്ടാപ്പകൽ ഉൾപ്പെടെ വെടിവയ്‌പ്പ് നടക്കുന്നുണ്ട്. അടുത്തിടെയാണു കാറിലെത്തിയ സംഘം ഒരു യുവാവിനെ വെട്ടിവീഴ്‌ത്തിയത്. ആശുപത്രിയിലേക്ക് ഓടിക്കയറിയതിനാലാണ് ഈ യുവാവിന് ജീവൻ രക്ഷിക്കാനായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP