Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വാഹനം നിന്നു പോകാതിരിക്കാൻ ആക്സിലേറ്ററിൽ ക്ലിപ്പിടും; മുന്നിലെ ബ്രേക്കും അഴിച്ചുവിടും; എട്ടെടുക്കാൻ വാഹനങ്ങളിൽ ക്രമക്കേടു കാട്ടി ഡ്രൈവിങ് സ്‌ക്കൂളുകളുടെ പൊടിക്കൈ; ജോയിന്റ് ആർടിഒ ഡ്രൈവിങ് ടെസ്റ്റ് നടക്കുന്ന ഗ്രൗണ്ടിൽ മിന്നൽ പരിശോധന നടത്തിയപ്പോൾ കള്ളക്കളി പുറത്തുവന്നു; മൂന്ന് വാഹനങ്ങൾ പിടിച്ചെടുത്ത് മോട്ടോർ വാഹന വകുപ്പ് അധികൃതർ; കൃത്യമായ സിലബസോടെ പഠിപ്പിക്കുന്ന ഡ്രൈവിങ് സ്‌കൂളുകൾക്ക് തലവേദനയായി വ്യാജന്മാർ

വാഹനം നിന്നു പോകാതിരിക്കാൻ ആക്സിലേറ്ററിൽ ക്ലിപ്പിടും; മുന്നിലെ ബ്രേക്കും അഴിച്ചുവിടും; എട്ടെടുക്കാൻ വാഹനങ്ങളിൽ ക്രമക്കേടു കാട്ടി ഡ്രൈവിങ് സ്‌ക്കൂളുകളുടെ പൊടിക്കൈ; ജോയിന്റ് ആർടിഒ ഡ്രൈവിങ് ടെസ്റ്റ് നടക്കുന്ന ഗ്രൗണ്ടിൽ മിന്നൽ പരിശോധന നടത്തിയപ്പോൾ കള്ളക്കളി പുറത്തുവന്നു; മൂന്ന് വാഹനങ്ങൾ പിടിച്ചെടുത്ത് മോട്ടോർ വാഹന വകുപ്പ് അധികൃതർ; കൃത്യമായ സിലബസോടെ പഠിപ്പിക്കുന്ന ഡ്രൈവിങ് സ്‌കൂളുകൾക്ക് തലവേദനയായി വ്യാജന്മാർ

ആർ പീയൂഷ്

കൊച്ചി: വാഹനം നിന്നുപോകാതിരിക്കാനായി ആക്സിലേറ്ററിൽ ക്ലിപ്പിടും. വേഗം കൂടിയോ കുറഞ്ഞോ പോകാതെ എഞ്ചിൻ നിയന്ത്രണത്തിലായിരിക്കും. ഇന്നലെ എറണാകുളം ജോയിന്റ് ആർ.ടി.ഒ ഡ്രൈവിങ് ടെസ്റ്റ് നടക്കുന്ന ഗ്രൗണ്ടിൽ മിന്നൽ പരിശോധന നടത്തിയപ്പോൾ ടെസ്റ്റിന് ഉപയോഗിക്കുന്ന ഇരു ചക്ര വാഹനങ്ങളിൽ കണ്ടെത്തിയ ക്രമക്കേടാണിത്. ചെറിയ വേഗം കണക്കാക്കി ആക്സിലേറ്റർ നിയന്ത്രിച്ചിരിക്കുന്നതിനാൽ എളുപ്പത്തിൽ ടെസ്റ്റ് പാസായി ലൈസൻസ് സ്വന്തമാക്കാൻ കഴിയും. ഇത്തരത്തിൽ വ്യാപക ക്രമക്കേട് നടക്കുന്നതായി ആർ.ടി.ഒയ്ക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ജോയിന്റ് ആർ.ടി.ഒ കെ.മനോജ് നടത്തിയ പരിശോധനയിലാണ് ഗുരുതര ക്രമക്കേട് കണ്ടെത്തിയത്.

കഴിഞ്ഞ ദിവസമാണ് കാക്കനാട് ഡ്രൈവിങ് ടെസ്റ്റ് നടക്കുന്ന ഗ്രൗണ്ടിൽ പരിശോധന നടത്തിയത്. ടെസ്റ്റ് നടത്തിക്കൊണ്ടിരുന്ന ഒരു ഇരു ചക്ര വാഹനം ജോയിന്റ് ആർ.ടി.ഒ ഓടിച്ചു നോക്കിയപ്പോഴാണ് തട്ടിപ്പ് മനസ്സിലായത്. വേഗം കൂട്ടാൻ ശ്രമിച്ചപ്പോൾ കഴിയാതെ വന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ആക്സിലേറ്ററിൽ ക്ലിപ്പ് ഇട്ട് വേഗം നിയന്തിച്ചിരിക്കുകയാണ് എന്ന് മനസ്സിലായത്. ഡ്രൈവിങ് സ്‌ക്കൂളിന്റെ വാഹനത്തിലായിരുന്നു പരിശോധന നടത്തിയത്. ഇതോടെ മറ്റ്് സ്‌ക്കൂളുകാരുടെ വാഹനങ്ങളും പരിശോധിച്ചപ്പോൾ സമാന രീതിയിലുള്ള ക്രമക്കേട് കണ്ടെത്തി. ഇതോടെ മൂന്ന് വാഹനങ്ങൾ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തു.

ഡ്രൈവിങ് ടെസ്റ്റ് എളുപ്പമാക്കാനുള്ള ചില ഡ്രൈവിങ് സ്‌ക്കൂളുകാരുടെ സൂത്രപ്പണിയാണിതെന്ന് ജോയിന്റ് ആർ.ടി.ഒ പറഞ്ഞു. ടെസ്റ്റിനെത്തുന്നവർ ഓടിച്ചു പഠിക്കുന്നതും ടെസ്റ്റിന് ഉപയോഗിക്കുന്നതും ഡ്രൈവിങ് സ്‌ക്കൂളിലെ വാഹനങ്ങളാണ്. ഇതിൽ ഇരു ചക്ര വാഹനങ്ങളിൽ എളുപ്പത്തിൽ എട്ടെടുക്കാനും ആക്സിലേറ്ററിന്റെ വേഗം നിയന്ത്രിക്കാനുമാണ് ക്ലിപ്പിടുന്നത്. ഇതു മൂലം വാഹനം നിന്നു പോകില്ല. ചെറിയ വേഗത്തിൽ പോകുന്നതിനാൽ എളുപ്പത്തിൽ ടെസ്റ്റ് ജയിക്കാനാവും. അതു പോലെ തന്നെ വണ്ടിയുടെ മുന്നിലെ ബ്രേക്കും അഴിച്ചിടും. ടെസ്റ്റിനിടയിൽ വാഹനം ഓടിക്കുന്നവർ അബദ്ധത്തിൽ ബ്രേക്ക് പിടിച്ച് കാൽ താഴെകുത്തി തോൽക്കാതിരിക്കാൻ വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നതെന്നും ജോയിന്റ് ആർ.ടി.ഒ പറഞ്ഞു. പിടികൂടിയ വാഹനങ്ങൾക്ക് പിഴ ചുമത്തിയ ശേഷം ക്രമക്കേടുകൾ പരിഹരിച്ച് ഹാജരാക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്.

കേന്ദ്ര മോട്ടോർ വെഹിക്കിൾ നിയമം പാലിക്കാതെ ഡ്രൈവിങ് സ്‌കൂളുകൾ പ്രവർത്തിക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ വിജിലൻസ് യൂണിറ്റ് ഡ്രൈവിങ് സ്‌കൂളുകളിൽ മിന്നൽ പരിശോധന നടത്തിയിരുന്നു. പരിശോധനയിൽ വ്യാപക ക്രമക്കേടുകൾ കണ്ടെത്തി. മെക്കാനിക്ക് മോട്ടോർ വെഹിക്കിൾ (എം എം വി/ ഐ ടി ഐ) സർട്ടിഫിക്കേറ്റ് യോഗ്യതയുള്ളവരാവണം ഡ്രൈവിങ് ഇൻസ്ട്രക്ടർമാർ എന്ന നിയമം പാലിക്കാതെ ഇത്തരം ഇൻസ്ട്രക്ടർമാരുടെ ലൈസൻസ് ഉപയോഗിച്ച് നിശ്ചിത യോഗ്യത ഇല്ലാത്തവരെ കൊണ്ട് ഡ്രൈവിങ് പഠിപ്പിക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. യോഗ്യതയുള്ള ഇൻസ്ട്രക്ടർമാർ അവരുടെ ലൈസൻസ് ഡ്രൈവിങ് സ്‌കൂളുകൾക്ക് നൽകി മാസപ്പടി പറ്റുകയും മറ്റുജോലികൾക്ക് പോവുകയും ചെയ്യുന്നതായി കണ്ടെത്തി.

മോട്ടോർവെഹിക്കിൾ ഡിപ്പാർട്ടുമെന്റ് ഡ്രൈവിങ് സ്‌കൂൾ നടത്തുന്നതിന് അനുവദിച്ച ലൈസൻസിൽ ഉൾപ്പെടാത്ത വാഹനങ്ങളുപയോഗിച്ച് ഡ്രൈവിങ് പഠിപ്പിക്കുന്നതായും വിജിലൻസ് കണ്ടെത്തി. ഇത്തരം വാഹനങ്ങളിൽ ഡ്രൈവിങ് പഠിപ്പിക്കുന്നതിനിടയിൽ അപകടം സംഭവിച്ചാൽ പഠിതാക്കൾക്കോ മറ്റുള്ളവർക്കോ ഇൻഷ്വറൻസ് പരിരക്ഷ കിട്ടുവാൻ ബുദ്ധിമുട്ടാണെന്നിരിക്കെ മോട്ടോർ വാഹന വകുപ്പ് ഉദ്ധ്യോഗസ്ഥരും ഡ്രൈവിങ് സ്‌കൂൾ ഓണർമാരും ചേർന്നാണ് ഇത്തരത്തിലുള്ള കാര്യങ്ങൾ നടത്തിവരുന്നതെന്നും വിജിലൻസ് സംഘം കണ്ടെത്തി.

അംഗീകാരത്തോടെ, കൃത്യമായ സിലബസോടെ പഠിപ്പിക്കുന്ന ഡ്രൈവിങ് സ്‌കൂളുകൾക്ക് തലവേദനയാകുകയാണ് വ്യാജന്മാർ. ഇവർക്ക് ഡ്രൈവിങ് സ്‌കൂൾ നടത്താനുള്ള അടിസ്ഥാന യോഗ്യതയോ, ഓഫീസോ ഇല്ല. യാഥാർഥ ഡ്രൈവിങ് സ്‌കൂളുകളുടെ പേരിനോട് സാമ്യമുള്ള ബോർഡ് വച്ചാണ് ഇവർ വാഹനവുമായി റോഡിലിറങ്ങുന്നത്. വെഹിക്കിൾ ഡിപ്പാർട്ട്‌മെന്റിന്റ സ്‌ക്വാഡ് പരിശോധനയുള്ള ദിവസംമാത്രം വാഹനം റോഡിലിറക്കില്ല.

ഡ്രൈവിങ് സ്‌കൂൾ ഇൻസ്ട്രക്ടർമാർക്ക് പഠിപ്പിക്കുന്നതിന് പ്രത്യേക ലൈസൻസും പെരുമാറ്റച്ചട്ടവും ഉണ്ട്. പോളിടെക്‌നിക്കിൽ ഓട്ടോമെബൈൽ ഡിപ്ലോമയും എൻജിനീയറിങ്ങിൽ ഡിപ്ലോമയും അഞ്ച് വർഷത്തെ മുൻപരിചയവും വേണം. മോട്ടോർ വാഹന നിയമപ്രകാരം ഡ്രൈവിങ് സ്‌കൂളിൽ പരിശീലനം നൽകാനുള്ള യോഗ്യത വേണം. എന്നാൽ, പഴയകാല ഇൻസ്ട്രക്ടർമാക്ക് പ്രവൃത്തി പരിചയമാണ് കൈമുതൽ. ഇതിന് പുറമെ, മോട്ടോർ വാഹന വകുപ്പും ഇൻസ്ട്രക്ടർമാർക്ക് സുരക്ഷാ പരിശീലനം നൽകുന്നുണ്ട്. ഇതൊന്നുമില്ലാതെ ഏതെങ്കിലും പഴയ വണ്ടി വാടകയ്ക്ക് എടുത്ത് പരിശീലിപ്പിക്കുന്നവരുടെ കീഴിൽ പഠിച്ചവർ പലരുമാണ് വാഹനാപകടങ്ങൾ ഉണ്ടാക്കുന്നതിൽ മുൻപന്തിയിലെന്ന് അംഗീകൃത ഡ്രൈവിങ് സ്‌കൂൾ നടത്തിപ്പുകാർ പറയുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP