Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വരയിൽ നൂറു പുഞ്ചിരി വിരിയിച്ച് ഹരിശ്രീ സ്‌കൂളിലെ കൊച്ചു കലാകാരന്മാർ; ഭിന്നശേഷി കൂട്ടുകാർക്ക് വേറിട്ട സമ്മാനം

വരയിൽ നൂറു പുഞ്ചിരി വിരിയിച്ച് ഹരിശ്രീ സ്‌കൂളിലെ കൊച്ചു കലാകാരന്മാർ; ഭിന്നശേഷി കൂട്ടുകാർക്ക് വേറിട്ട സമ്മാനം

സ്വന്തം ലേഖകൻ

തൃശൂർ: മാറാരോഗങ്ങളുടെ തീരാവേദനയിൽ ജീവിതത്തിൽ നിന്നു ചിരി മാഞ്ഞു പോയ കൂട്ടുകാർക്കു വേണ്ടി പൂങ്കുന്നം ഹരിശ്രീ വിദ്യാ നിധി സ്‌കൂളിലെ കലാ വിദ്യാർത്ഥികൾ വേറിട്ട സമ്മാനമൊരുക്കി ശ്രദ്ധ നേടി. പുതുതായി ഫാബ്രിക് പെയ്ന്റിങ് പരിശീലിച്ച വിദ്യാർത്ഥികൾ അത് ഡിസൈനർ സാരികളിലേക്ക് പകർത്തുകയും ഇവ വിൽപ്പന നടത്തി സമാഹരിച്ച തുക ഭിന്നശേഷിക്കാരായ കൂട്ടുകാരുടെ പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങൾക്കായി സംഭാവന നൽകുകയും ചെയ്താണ് വേറിട്ട മാതൃക കാണിച്ചത്. ഹരിശ്രീ സ്‌കൂളിലെ ഏഴു മുതൽ പ്ലസ് ടു വരെയുള്ള ക്ലാസുകളിലെ ചിത്രകലയിൽ അഭിരുചിയുള്ള തിരഞ്ഞെടുത്ത വിദ്യാർത്ഥികളാണ് വീവിങ് സ്മൈൽസ് എന്ന പേരിലുള്ള ഈ ഉദ്യമത്തിന്റെ ഭാഗമായത്. പ്രമുഖ ഫാഷൻ ഡിസൈനർ അഞ്ജലി വർമയും ഹരിശ്രീ സ്‌കൂളും ചേർന്നാണ് വിദ്യാർത്ഥികൾക്കു വേണ്ടി ചിത്രകലാ ശിൽപ്പശാലയും മേളയും സംഘടിപ്പിച്ചത്.

ചിത്രകലാ വിദ്യാർത്ഥികൾക്ക് നൽകിയ ഒരു മാസത്തോളം നീണ്ടു നിന്ന ഫാബ്രിക് പെയ്ന്റിങ് പരിശീലനത്തിന് നേതൃത്വം നൽകിയത് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ അടക്കമുള്ള ഫാഷൻ ഡിസൈൻ കോളെജുകളിൽ നിന്നുള്ള ഡിസൈനർമാരാണ്. പുതുതായി പഠിച്ചെടുത്ത ചിത്രകലാരീതി മികവോടെ തന്നെ വിദ്യാർത്ഥികൾ ഡിസൈനർ സാരികളിലേക്കു പകർത്തുകയും ചെയ്തു. സ്‌കൂളിൽ സംഘടിപ്പിച്ച മേളയിൽ ഇവ പ്രദർശിപ്പിക്കുകയും വിതരണം നടത്തുകയും ചെയ്തു. ഈ കൊച്ചു കലാകാരന്മാർ അദ്ധ്യാപകരുടേയും രക്ഷിതാക്കളുടേയും മേളയിൽ പങ്കെടുത്തവരുടേയും പ്രശംസ പിടിച്ചുപറ്റുകയും ചെയ്തു. ഡിസൈൻ മേളയിലൂടെ സമാഹരിച്ച തുകയാണ് വിദ്യാർത്ഥികൾ കാൻസർ പോലുള്ള മാരക രോഗങ്ങൾ ബാധിച്ച് ദുരിതമനുഭവിക്കുന്ന കുട്ടികളുടെ സാന്ത്വന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന സൊലേസ് എന്ന സന്നദ്ധ സംഘടനയ്ക്കു കൈമാറിയത്. ഏഴു ജില്ലകളിലായി രണ്ടായിരത്തോളം കുട്ടികളാണ് സൊലേസിന്റെ സാന്ത്വന പരിചരണത്തിൽ ഇപ്പോഴുള്ളത്.

ഓർഗൻസ, മൾബറി ടിഷ്യൂ സാരിത്തുണികളിലാണ് വിദ്യാർത്ഥികളുടെ കരവിരുത് തെളിഞ്ഞത്. അജ്ഞലി വർമയുടെ നേതൃത്വത്തിലുള്ള പരിശീലനം തങ്ങളുടെ ചിത്രകലാ പഠനത്തിന് മുതൽക്കൂട്ടായെന്ന് ശിൽപ്പശാലയുടെ ഭാഗമായ വിദ്യാർത്ഥികൾ പറഞ്ഞു.

വസ്ത്ര ഡിസൈൻ രംഗത്തെ ചിത്രകലാ സങ്കേതങ്ങൾ വളരെ വേഗത്തിലാണ് ഹരിശ്രീ സ്‌കൂൾ വിദ്യാർത്ഥികൾ പഠിച്ചെടുത്തതെന്ന് പരിശീലകരിൽ ഒരാളായ ഡിസൈനർ രാജി പറഞ്ഞു. തങ്ങളുടെ സാരി കളക്ഷനുകളിൽ വളരെ ആകർഷകമായ ചിത്രങ്ങളാണ് ഈ കുരുന്നുകൾ വരച്ചെടുത്തതെന്നും ഇതുവഴി ഈ കുട്ടികളിൽ നിന്നും പലകാര്യങ്ങളും പഠിക്കാൻ കഴിഞ്ഞുവെന്നും രാജി പറയുന്നു.

കുട്ടികൾ സഹാനുഭൂതിയും അനുകമ്പയും മനുഷ്യത്വത്തിലൂന്നിയ സാമൂഹിക ബോധവും വളർത്തുന്നതിനാണ് ഈ ഡിസൈൻ ശിൽപ്പശാലയും മേളയും സംഘടിപ്പിച്ചതെന്ന് ഹരിശ്രീ വിദ്യാ നിധി സ്‌കൂൾ സ്ഥാപക നളിനി ചന്ദ്രൻ പറഞ്ഞു.

ദുരിതമനുഭവിക്കുന്ന കുട്ടികൾക്കു വേണ്ടി വിദ്യാർത്ഥികളുടെ ഡിസൈൻ മേള

തൃശൂർ: ഭിന്നശേഷിക്കാരും രോഗബാധിതരുമായ കുട്ടികളെ സഹായിക്കാൻ പൂങ്കുന്നം ഹരിശ്രീ വിദ്യാ നിധി സ്‌കൂളിലെ ഒരു കൂട്ടം കലാ വിദ്യാർത്ഥികൾ ഒരുക്കിയ ഡിസൈൻ സാരികളുടെ പ്രദർശനവും വിതരണ മേളയും തിങ്കളാഴ്ച സ്‌കൂളിൽ നടന്നു. സാഹിത്യ അക്കാദമി അധ്യക്ഷൻ വൈശാഖൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പമുഖ ഫാഷൻ ഡിസൈനർ അജ്ഞലി വർമയും ഹരിശ്രീ സ്‌കൂളും സഹകരിച്ചാണ് 'വീവിങ് സമൈൽസ്' എന്ന പേരിൽ വിദ്യാർത്ഥികൾക്കായി പരിപാടി സംഘടിപ്പിച്ചത്. അജ്ഞലി വർമ ഒരുക്കിയ ഡിസൈൻ സാരികൾക്ക് മാറ്റു കൂട്ടി ഹരിശ്രീ സ്‌കൂളിലെ കൊച്ചു കലാകാരന്മാർ ചിത്രം വരച്ചാണ് വിതരണത്തിന് തയാറാക്കിയത്.

സ്‌കൂളിലെ തിരഞ്ഞെടുത്ത 60 വിദ്യാർത്ഥികൾക്ക് ചിത്രകലയിൽ പ്രത്യേക പരിശീലനവും നൽകിയിരുന്നു. പരിശീലനം പൂർത്തിയാക്കിയ വിദ്യാർത്ഥികൾ ചേർന്നാണ് ഡിസൈനർ സാരികളിൽ തങ്ങളുടെ സർഗാത്മക രചന നടത്തിയത്. രണ്ടു ലക്ഷത്തിലേറെ രൂപ ഇതുവഴി സമാഹരിച്ചു. ലഭിച്ച മുഴുവൻ തുകയും ഭിന്നശേഷിക്കാരും മാരക രോഗങ്ങളാൽ കഷ്ടപ്പെടുന്നവരുമായ കുട്ടികളുടെ ദുരിതാശ്വാസ, പുനരധിവാസ രംഗത്ത് പ്രവർത്തിക്കുന്ന സൊലേസിനു കൈമാറി. ഹരിശ്രീ വിദ്യാ നിധി സ്‌കൂൾ സ്ഥാപക നളിനി ചന്ദ്രൻ, സുഷമ നന്ദകുമാർ, സൊലേസ് സ്ഥാപക ഷീബ അമീർ എന്നിവരും പങ്കെടുത്തു. പ്രിൻസിപ്പൽ ജയ നാഗരാജൻ അധ്യക്ഷത വഹിച്ചു.

കുട്ടികളിൽ മാനവികതയും മനുഷ്യസ്നേഹവും വളർത്തുന്നതിൽ ഹരിശ്രീ സ്‌കൂൾ എന്നും മുന്നിലാണെന്നും ഇത്തരം ഉദ്യമങ്ങളിലൂടെ ലക്ഷ്യമിടുന്നത് അതാണെന്നും നളിനി ചന്ദ്രൻ പറഞ്ഞു. ദുരിതം പേറുന്ന കുട്ടികൾക്കു കൈത്താങ്ങാകാനും വിദ്യാർത്ഥികളിൽ ഉയർന്ന സാമൂഹിക ബോധം വളർത്തുന്നതിനും ഹരിശ്രീ വിദ്യാ നിധി സ്‌കൂൾ നടത്തുന്ന ശ്രമങ്ങൾ ഏറെ ശ്ലാഖനീയമാണെന്ന് ഡിസൈൻ മേള ക്യൂറേറ്റ് ചെയ്ത അജ്ഞലി വർമ പറഞ്ഞു. ഭിന്നശേഷിക്കാരായ കുട്ടികളുടെ പാഠ്യ-പാഠ്യേതര ആവശ്യങ്ങൾക്കു വേണ്ടി ധന സമാഹരണത്തിന് മുന്നോട്ടു വന്ന ഹരിശ്രീ സ്‌കൂൾ വിദ്യാർത്ഥികൾ സമൂഹത്തിന് മാതൃകയാണെന്ന് ഷീബ അമീർ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP