Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

'ചെമ്പരിക്ക ഖാസി കൊല്ലപ്പെട്ടതല്ല'; നീണ്ട കാലത്തെ അന്വേഷണത്തിന് ഒടുവിൽ സിബിഐയുടെ കണ്ടെത്തൽ ഇങ്ങനെ; തെളിവിനു പകരമായി മനഃശാസ്ത്ര അപഗ്രഥന റിപ്പോർട്ടുകളെ ആരാധാരമായിക്കി സിബിഐ നിഗമനം; മൊഴികൾ വിശ്വസനീയം അല്ലെന്ന് കണ്ടെത്തൽ; ഖാസി എങ്ങനെ കടപ്പുറത്ത് എത്തിയെന്നത് ഇപ്പോഴും ദുരൂഹമായി തുടരുന്നു; കെട്ടുകഥകളും ആശങ്കകളും ബാക്കിയാക്കി സി.എം.അബ്ദുല്ല മൗലവിയുടെ മരണത്തിലെ അന്തിമ റിപ്പോർട്ട്

'ചെമ്പരിക്ക ഖാസി കൊല്ലപ്പെട്ടതല്ല'; നീണ്ട കാലത്തെ അന്വേഷണത്തിന് ഒടുവിൽ സിബിഐയുടെ കണ്ടെത്തൽ ഇങ്ങനെ; തെളിവിനു പകരമായി മനഃശാസ്ത്ര അപഗ്രഥന റിപ്പോർട്ടുകളെ ആരാധാരമായിക്കി സിബിഐ നിഗമനം; മൊഴികൾ വിശ്വസനീയം അല്ലെന്ന് കണ്ടെത്തൽ; ഖാസി എങ്ങനെ കടപ്പുറത്ത് എത്തിയെന്നത് ഇപ്പോഴും ദുരൂഹമായി തുടരുന്നു; കെട്ടുകഥകളും ആശങ്കകളും ബാക്കിയാക്കി സി.എം.അബ്ദുല്ല മൗലവിയുടെ മരണത്തിലെ അന്തിമ റിപ്പോർട്ട്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കാസർകോട് ചെമ്പരിക്ക ഖാസി സി.എം.അബ്ദുല്ല മൗലവിയുടെ (77) മരണം കൊലപാതകമല്ലെന്നു ചൂണ്ടിക്കാട്ടി സിബിഐ കേസ് അന്വേഷണം അവസാനിപ്പിച്ചു. വ്യക്തമായ തെളിവുകളുടെ അഭാവത്തിൽ മരണകാരണം ആത്മഹത്യയാണോ അപകടമാണോയെന്നു പറയാൻ കഴിയില്ലെന്നാണു മനഃശാസ്ത്ര അപഗ്രഥന (സൈക്കോളജിക്കൽ ഓട്ടോപ്‌സി) റിപ്പോർട്ടുകളെ ആധാരമാക്കി സിബിഐയുടെ നിഗമനത്തിൽ എത്തിച്ചേർന്നത്. തിരുവനന്തപുരം യൂണിറ്റ് ഡിവൈഎസ്‌പി കെ.ജെ.ഡാർവിനാണു കേസന്വേഷണം അവസാനിപ്പിക്കാൻ അനുവാദം തേടി എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതിയിൽ അന്തിമ റിപ്പോർട്ട് സമർപ്പിച്ചത്. ഇതോടെ വിവാദമായ ഒരു അന്വേഷണ ഏടിനാണ് അവസാനമാകുന്നത്.

കേസന്വേഷണം അവസാനിപ്പിക്കാൻ ഇതു നാലാം തവണയാണു സിബിഐ റിപ്പോർട്ട് നൽകുന്നത്. മൗലവി കൊല്ലപ്പെട്ടതാണെന്ന പ്രചാരണമുണ്ടായിരുന്നു. ഖാസിയുടെ ശരീരത്തിലോ താമസിച്ചിരുന്ന വീട്ടിലോ കൊലപാതകത്തിന്റെ തെളിവു കണ്ടെത്താൻ സിബിഐക്കു കഴിഞ്ഞില്ല. 2017 ജനുവരിയിൽ അന്വേഷണം അവസാനിപ്പിച്ച കേസിൽ ഹൈക്കോടതി നിർദേശപ്രകാരമാണു സിബിഐ തുടരന്വേഷണം നടത്തിയത്. ഓട്ടോറിക്ഷാ ഡ്രൈവറായ ആദൂർ അഷ്‌റഫ് എന്നയാളുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു മൂന്നാം തവണ അന്വേഷണം. ഈ മൊഴികൾ വിശ്വസനീയമല്ലെന്നാണു സിബിഐയുടെ കണ്ടെത്തൽ.

2010 ഫെബ്രുവരി 15 നാണു മൗലവിയെ കർണാടക അതിർത്തിയിലെ ചെമ്പരിക്ക കടപ്പുറത്തെ കടുക്കക്കല്ല് പാറക്കെട്ടിനു സമീപം മരിച്ച നിലയിൽ കണ്ടത്. അബ്ദുല്ല മൗലവി ആത്മഹത്യ ചെയ്യില്ലെന്നു ചൂണ്ടിക്കാട്ടി മകൻ മുഹമ്മദ് ഷാഫി നൽകിയ ഹർജിയിലാണു ശാസ്ത്രീയ അന്വേഷണം നടത്തി സിബിഐ വീണ്ടും റിപ്പോർട്ട് സമർപ്പിച്ചത്. ഖാസിയുടെ ഭാര്യ ആയിഷ, മകൻ ഉസ്മാൻ, മറ്റൊരു മകനായ മുനീറിന്റെ ഭാര്യ, ഖാസിയുടെ അനുജൻ ഉബൈദ്, ഖാസി മരിച്ച ദിവസം ചെമ്പരിക്ക കടപ്പുറത്ത് രാത്രിയിൽ കാറും ആൾക്കാരുടെ ശബ്ദവും കേട്ടു എന്നു പറയുന്ന സ്ത്രീ എന്നിവരോടു മനഃശാസ്ത്രജ്ഞരുടെ സംഘം വിശദമായി സംസാരിച്ചു.

പുതുച്ചേരി ജിപ്‌മെറിലെ സൈക്യാട്രി അഡീഷനൽ പ്രഫസർ ഡോ. വികാസ് മേനോൻ, ഫൊറൻസിക് മെഡിസിൻ മേധാവി ഡോ. കുസ കുമാർ സാഹ, സൈക്യാട്രി പ്രഫ. ഡോ. മൗഷ്മി പുർകായസ്ത, ക്ലിനിക്കൽ സൈക്കോളജിസ്റ്റ് കെ.അറിവഴകൻ, സൈക്യാട്രി സോഷ്യൽ വർക്കർ കെ.ഗ്രീഷ്മ എന്നിവരാണു സൈക്കളോജിക്കൽ ഓട്ടോപ്‌സിക്കു നേതൃത്വം നൽകിയത്.

അതേസമയം ചെമ്പരിക്ക ഖാസിയുടെ മരണം കൊലപാതകമാണെന്ന നിലപാടിൽ മാറ്റമില്ലെന്നും, അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി പുതിയ സംഘത്തെ നിയോഗിക്കണമെന്നും ആക്ഷൻ കമ്മിറ്റി വ്യക്തമാക്കി. കൊലപാതകമാണെന്നു തെളിയിക്കുന്നതു വരെ പ്രക്ഷോഭം തുടരും. വ്യാഴാഴ്ച യോഗം ചേർന്നു ഭാവി സമര പരിപാടികൾ ആവിഷ്‌കരിക്കുമെന്നു ഭാരവാഹികളായ അബൂബക്കർ ഉദുമ, ഉബൈദുല്ല കടവത്ത് എന്നിവർ അറിയിച്ചു. ഖാസി ആത്മഹത്യ ചെയ്യില്ലെന്ന തങ്ങളുടെ നിലപാട് ശരിവയ്ക്കുന്നതാണ് ഇപ്പോഴത്തെ സിബിഐ റിപ്പോർട്ട് എന്നും അവർ പറഞ്ഞു.

സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സംസ്ഥാന ഉപാധ്യക്ഷനും കാസർകോട് ചെമ്പരിക്ക ഖാസിയുമായിരുന്ന സി.എം അബ്ദുല്ല മുസ്ല്യാർ. ഒരു ഡസനിലേറെ പ്രാമാണിക ഗ്രന്ഥങ്ങളുടെ കർത്താവും സമസ്ത ഫത്വാ കമ്മിറ്റിയംഗവുമായിരുന്നു അദ്ദേഹം. സി.എം അബ്ദുല്ല മുസ്ല്യാരുടെ അപമൃത്യുവിൽ കാലം ഉത്തരം കണ്ടെത്തേണ്ട ചോദ്യങ്ങൾ നിരവധിയാണ്. ചെമ്പരിക്ക ഖാസിയുടേത് ആത്മഹത്യ തന്നെയെന്ന നിലപാടിൽ പൊലീസ് ഉറച്ചുനിൽക്കുകയായിരുന്നു. ഇതേ നിലപാടിലേക്കാണ് സിബിഐയും എത്തിച്ചേർന്നത്.

2010 ഫെബ്രുവരി 15ന് രാവിലെ 6.50നാണ് സി.എം അബ്ദുല്ല മുസ്ല്യാരുടെ മൃതദേഹം വീട്ടിൽ നിന്നു മാറി 900 മീറ്റർ അകലെയുള്ള ചെമ്പരിക്ക കടപ്പുറത്തുനിന്ന് 40 മീറ്റർ അകലെ പൊങ്ങിക്കിടക്കുന്ന നിലയിൽ കണ്ടത്. നാട്ടുകാർ മൽസ്യത്തൊഴിലാളികളുടെ സഹായത്തോടെ മയ്യിത്ത് കരയ്ക്കെത്തിച്ചു. ഖാസിയുടെ ചെരിപ്പും ഊന്നുവടിയും ടോർച്ചും കരയോടു ചേർന്ന പാറക്കൂട്ടങ്ങളുടെ മുകളിൽ അടുക്കിവച്ച നിലയിലായിരുന്നു. വീടിനോടു ചേർന്ന ഖാസിയുടെ സ്വകാര്യ മുറി പുറത്തുനിന്നു താഴിട്ട് പൂട്ടിയ നിലയിലായിരുന്നു.

വാർഡ് മെംബർ അബ്ദുൽ മജീദിന്റെ പരാതിപ്രകാരം ക്രൈം നമ്പർ 102/2019 ആയി ബേക്കൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. 12 ദിവസം കഴിഞ്ഞാണ് പൊലീസ് ഖാസിയുടെ വീട്ടിൽ മൊഴിയെടുക്കാനെത്തിയത്. 2010 മാർച്ചിൽ കേസ് ക്രൈംബ്രാഞ്ചിനു കൈമാറി. ഒരു മാസം തികയുന്നതിനു മുമ്പേ സംസ്ഥാന സർക്കാർ കേസ് സിബിഐക്ക് കൈമാറി. സിബിഐ തുടക്കത്തിൽ ചില നിർണായക നീക്കങ്ങൾ നടത്തിയെങ്കിലും അന്വേഷണം വഴിമുട്ടി.

തുടർന്ന്, ആത്മഹത്യയെന്ന നിഗമനത്തിൽ അന്വേഷണം നിർത്തി. അന്വേഷണം അവസാനിപ്പിച്ചതിനെതിരേ ഖാസിയുടെ മകൻ നൽകിയ ഹരജിയിൽ രണ്ടു പ്രാവശ്യം കോടതി ആവശ്യപ്പെട്ടിട്ടും സിബിഐ സംഘം സമയം നീട്ടിച്ചോദിച്ചു. മൂന്നാം തവണ റീജ്യനൽ കോടതി ശാസിച്ചപ്പോഴാണ് സിബിഐ റിപോർട്ട് സമർപ്പിച്ചത്. സിബിഐ കോടതിയിലും മകൻ സിബിഐക്കെതിരേ 2013ൽ പ്രൊട്ടസ്റ്റ് ഫയൽ ചെയ്തു. ഹൈക്കോടതിയിൽ ജസ്റ്റിസ് കെമാൽ പാഷ കീഴ്ക്കോടതിയിൽ വാദം തുടരാൻ നിർദേശിച്ചു റിട്ട് പെറ്റീഷൻ ക്ലോസ് ചെയ്തു. സി.ജെ.എം കോടതിയിൽ നടന്ന വാദങ്ങൾക്കൊടുവിൽ 2016ൽ സിബിഐയുടെ റിപോർട്ട് തള്ളിയ കോടതി കൂടുതൽ ശാസ്ത്രീയ അന്വേഷണങ്ങൾക്ക് ഉത്തരവിട്ടു. അന്വേഷണം അവസാനിപ്പിച്ചതായി അറിയിച്ചു തൊട്ടടുത്ത വർഷം സിബിഐ നൽകിയ രണ്ടാമത്തെ റിപോർട്ടും തൃപ്തികരമല്ലെന്നു കണ്ടു കോടതി 2018ൽ നിരസിച്ചു. പക്ഷേ, പുനരന്വേഷണത്തിനു സിബിഐ തയ്യാറായില്ല. പിന്നീടും അന്വേഷണം നടന്നപ്പോഴും മരണം കൊലപാതകമല്ലെന്ന നിഗമനത്തിലേക്ക് എത്തുകയാണ് സിബിഐ.

അബ്ദുല്ല മുസ്ല്യാരുടേത് ആത്മഹത്യയല്ല എന്ന് ഉറച്ചു വിശ്വസിക്കുന്ന നാട്ടുകാരും ബന്ധുക്കളും നിരത്തുന്ന കാരണങ്ങൾ ഗൗരവമുള്ളതാണ്. എന്നാൽ, പൊലീസ്, ക്രൈംബ്രാഞ്ച്, സിബിഐ അന്വേഷണത്തിന്റെ ഒരു ഘട്ടത്തിലും പ്രധാന സംശയങ്ങളിലേക്കൊന്നും പരിശോധനകൾ നീണ്ടതുമില്ല. പരസഹായമില്ലാതെ പുറത്തിറങ്ങാത്ത സി.എം അബ്ദുല്ല മുസ്ല്യാർ വീട്ടിൽനിന്ന് 900 മീറ്റർ അകലെ കടപ്പുറത്ത് പാതിരാത്രി എങ്ങനെ എത്തിപ്പെട്ടു എന്നതിന് അന്വേഷണ ഏജൻസികൾ ഇതുവരെ തൃപ്തികരമായ വിശദീകരണം നൽകിയിട്ടില്ല. മരിക്കുന്നതിനു മാസങ്ങൾക്കു മുമ്പ് ശസ്ത്രക്രിയയ്ക്കു വിധേയനായ ഖാസി അവശനായിരുന്നു. കണ്ണടയും തലപ്പാവും ധരിക്കാതെ അദ്ദേഹം പുറത്തിറങ്ങാറില്ല. എന്നാൽ, മരിച്ച നിലയിൽ കാണപ്പെട്ട ദിവസം അവ രണ്ടും മുറിയിലാണ് കണ്ടെത്തിയത്.

ആത്മഹത്യ ചെയ്യാനായി ഖാസി പാറക്കെട്ടുകളുള്ള കടലിലേക്ക് ചാടിയതാണെങ്കിൽ തലയ്ക്കോ മുൻഭാഗത്തോ നട്ടെല്ലിനോ ക്ഷതമേൽക്കേണ്ടതാണ്. എന്നാൽ, പോസ്റ്റ്മോർട്ടം റിപോർട്ടിൽ അത്തരം യാതൊരു ചതവും കണ്ടെത്തി യില്ല. പോസ്റ്റ്മോർട്ടം റിപോർട്ടിൽ കഴുത്തെല്ല് പൊട്ടിയിട്ടുണ്ട്. കടലിലേക്കു ചാടുമ്പോൾ പിന്നിലെ കഴുത്തെല്ല് പൊട്ടാൻ സാധ്യതയില്ല. കണ്ണിന്റെ ഇരുവശത്തെയും മുറിവുകൾ, കടലിൽ ചാടി ആത്മഹത്യ ചെയ്യുന്ന ഒരാൾക്ക് ഉണ്ടാവാൻ സാധ്യതയില്ല. ഖാസിയുടെ മൃതദേഹം കാണപ്പെട്ടതിനടുത്ത പാറയിൽ അദ്ദേഹത്തിന്റെ ചെരിപ്പ്, വടി, ടോർച്ച് എന്നിവ ചിട്ടയോടെ അടുക്കിവച്ചതായാണ് കാണപ്പെട്ടത്. ആത്മഹത്യക്കൊരുങ്ങുന്ന മനോവിഭ്രാന്തിയുള്ളൊരാൾ ഇങ്ങനെ ചിട്ടയോടെ പെരുമാറുമോ?

ചെമ്പരിക്ക കടപ്പുറത്തെ താമസക്കാരനായ അബ്ദുല്ല എന്നയാൾ ഖാസിയുടെ മൃതദേഹം കാണപ്പെട്ടതിന്റെ തൊട്ടുമുമ്പത്തെ രാത്രി മൂന്നു മണിയോടെ കടപ്പുറത്ത് വെളുത്ത കാർ കണ്ടതായി സാക്ഷിമൊഴി നൽകിയിരുന്നു. അതേ രാത്രി ഒരാളുടെ അലർച്ച കേട്ടതായി അയൽവാസി സ്ത്രീയുടെ മൊഴിയുമുണ്ട്. രാത്രികാലങ്ങളിൽ സ്ഥിരമായി മണൽ ഊറ്റാൻ ധാരാളം പേർ എത്തുന്നതാണ് ചെമ്പരിക്ക കടപ്പുറം. അവിടെ ഖാസി മരിച്ച ദിവസം മാത്രം ആരും മണൽ വാരാനെത്തിയില്ലത്രേ. അന്നു രാത്രി മണൽക്കടത്ത് പരിശോധിക്കാൻ പൊലീസ് എത്തുമെന്ന് ആരോ മണൽക്കടത്തുകാരെ അറിയിച്ചെന്നും അത് ആസൂത്രിത നീക്കമെന്നുമാണ് ആരോപണം. ഖാസി മരിച്ച ദിവസം ചെമ്പരിക്ക പ്രദേശത്ത് അസാധാരണമായി വൈദ്യുതി വിച്ഛേദിക്കപ്പെട്ടിരുന്നതായും ചിലർ പറയുന്നു. എന്നാൽ, ഇത്തരം ആരോപണങ്ങൾക്കൊന്നും അടിസ്ഥാനമില്ലെന്നാണ് പൊലീസ് നിലപാട്. സിബിഐയും ഈ ആക്ഷേപങ്ങൾ മുഖവിലയ്ക്കെടുത്തില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP