Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ലോക കേരളസഭയുടെ ആദ്യസമ്മേളന നടത്തിപ്പിന് ചെലവഴിച്ചത് 2.21 കോടി രൂപ; ഈവർഷം ജനുവരിയിൽ നടന്ന രണ്ടാം സമ്മേളനത്തിന്റെ കണക്ക് തിട്ടപ്പെടുത്തുന്നേ ഉള്ളൂവെന്നും മുഖ്യമന്ത്രി; പ്രാഞ്ചിയേട്ടന്മാർക്ക് ഉല്ലാസം തീർക്കാൻ മാത്രമായി ലോകകേരള സഭയുടെ പേരുടെ ഖജനാവ് ധൂർത്തിടിച്ച കണക്കുകകൾ പുറത്ത്; മോടി പോരെന്ന് പറഞ്ഞ് സ്ഥിരം വേദിക്കായി അത്യാഢംബരം തീർക്കാൻ ധൂർത്തടിച്ചതും 16.5 കോടി രൂപയോളം; പ്രതിസന്ധിയിൽ മുണ്ടു മുറുക്കി ഉടുക്കുമ്പോഴും ധൂർത്തു തുടർന്നു പിണറായി സർക്കാർ

ലോക കേരളസഭയുടെ ആദ്യസമ്മേളന നടത്തിപ്പിന് ചെലവഴിച്ചത് 2.21 കോടി രൂപ; ഈവർഷം ജനുവരിയിൽ നടന്ന രണ്ടാം സമ്മേളനത്തിന്റെ കണക്ക് തിട്ടപ്പെടുത്തുന്നേ ഉള്ളൂവെന്നും മുഖ്യമന്ത്രി; പ്രാഞ്ചിയേട്ടന്മാർക്ക് ഉല്ലാസം തീർക്കാൻ മാത്രമായി ലോകകേരള സഭയുടെ പേരുടെ ഖജനാവ് ധൂർത്തിടിച്ച കണക്കുകകൾ പുറത്ത്; മോടി പോരെന്ന് പറഞ്ഞ് സ്ഥിരം വേദിക്കായി അത്യാഢംബരം തീർക്കാൻ ധൂർത്തടിച്ചതും 16.5 കോടി രൂപയോളം; പ്രതിസന്ധിയിൽ മുണ്ടു മുറുക്കി ഉടുക്കുമ്പോഴും ധൂർത്തു തുടർന്നു പിണറായി സർക്കാർ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ലോക കേരളസഭയുടെ പേരിൽ സംസ്ഥാന സർക്കാർ പണം ധൂർത്തടിച്ചത് വലിയ തോതിലാണ്. പ്രാഞ്ചിയേട്ടന്മാർക്ക് ഉല്ലസിക്കാൻ മാത്രം ഉപകാരപ്പെടുന്ന ലോക കേരളസഭയുടെ ആദ്യസമ്മേളന നടത്തിപ്പിന് 2.21 കോടിരൂപ ചെലവായതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ദുബായിൽ നടന്ന മേഖലാസമ്മേളന ചെലവുൾപ്പെടെ ഉള്ള കണക്കാണ് പുറത്തുവന്നത്. ഈവർഷം ജനുവരിയിൽ നടന്ന രണ്ടാം സമ്മേളനത്തിന്റെ കണക്ക് തിട്ടപ്പെടുത്തുന്നതേയുള്ളൂവെന്ന് എൽദോസ് പി. കുന്നപ്പിള്ളിയുടെ ചോദ്യത്തിന് മുഖ്യമന്ത്രി മറുപടി നൽകി.

കേരളസഭയുടെ തീരുമാനങ്ങൾ ഇതിനകം നടപ്പാക്കിയിട്ടുണ്ട്. എൻ.ആർ.ഐ. ബാങ്ക്, എൻ.ആർ.ഐ. കലോത്സവം എന്നീ ശുപാർശകൾ താത്കാലികമായി മാറ്റിവെച്ചു. അപ്പാർട്ട്മെന്റുകൾ, ടൗൺഷിപ്പ് പ്രോജക്ടുകൾ, വൃദ്ധസദനങ്ങൾ, റോഡുകൾ, പാലങ്ങൾ എന്നിവയുടെ നിർമ്മാണം ഏറ്റെടുത്തുനടത്താൻ എൻ.ആർ.ഐ. ഇൻവെസ്റ്റ്മെന്റ് കമ്പനിയുടെ അനുബന്ധമായി എൻ.ആർ.ഐ. കൺസ്ട്രക്ഷൻ കമ്പനി തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു. ലോക കേരള സഭയുടെ രണ്ടാം സമ്മേളനം തിരുവനന്തപുരത്ത് നടന്നത് പ്രതിപക്ഷത്തിന്റെ ശക്തമായ എതിർപ്പുകൾക്കും ബഹിഷ്‌ക്കരണത്തിലൂടെയുമായിരുന്നു. നാൽപ്പത്തിയേഴ് രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുത്തത്. കോടികൾ തന്നെ ഇതിന് വേണ്ടി മുടക്കുകയും ചെയ്തു.

വിദേശ മലയാളികളുടെ പ്രശ്നങ്ങളെക്കുറിച്ച് ചർച്ച ചെയ്യുകയും സർക്കാരിന്റെ മുന്നിൽ ഉപദേശ നിർദ്ദേശങ്ങൾ സമർപ്പിക്കുകയും ചെയ്യുന്നതാണ് ലോക കേരള സഭയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്. ലോകമെമ്പാടുമുള്ള പ്രവാസി മലയാളികളുടെ പ്രതിനിധികൾ ഉൾപ്പടെ 351 അംഗങ്ങൾ ആണ് സഭയിൽ ഉള്ളത്. നിയമസഭാ അംഗങ്ങളും ലോക്സഭാ അംഗങ്ങളും നിലവിൽ ലോക കേരള സഭയിൽ അംഗങ്ങളാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യത്യസ്ത മേഖലകളിൽ ഉള്ള പ്രമുഖ മലയാളികളും പ്രത്യേക ക്ഷണിതാക്കളുമാണ്. അഞ്ചു കോടിയോളം രൂപ ബജറ്റിൽ ലോക കേരള സഭയ്ക്ക് വേണ്ടി നീക്കിവെച്ചിട്ടുണ്ട്. നിയമസഭയിലെ ശങ്കരനാരായണൻ തമ്പി ലോഞ്ച് പുതുക്കി പണിഞ്ഞാണ് ലോക കേരള സഭയ്ക്ക് സ്ഥിരം വേദി തയാറാക്കിയത്.

ഈ തീരുമാനം വിവാദമായിരുന്നു. ഊരാളുങ്കൽ സൊസൈറ്റിക്ക് 16 കോടി രൂപയുടെ എസ്റ്റിമേറ്റിനാണ് കരാർ നൽകിയത്. ഇത് തന്നെ വിവാദമായിരുന്നു. ഈ വിവാദം വന്നപ്പോൾ ബാക്കി തുക ഊരാളുങ്കൽ സൊസൈറ്റി സർക്കാരിനു തിരികെ നല്കും എന്നാണ് സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ അറിയിച്ചത്. വിവിധ രാജ്യങ്ങളിൽ നിന്ന് വരുന്ന പ്രതിനിധികളുടെ ചെലവ് വിമാന ടിക്കറ്റ് ചെലവ് ഒഴികെയുള്ള മറ്റ് ചെലവ് പൂർണമായും കേരള സർക്കാർ ആണ് വഹിക്കുന്നത്. ചില പ്രതിനിധികൾ സ്വന്തം ചെലവിൽ തന്നെയാണ് വന്നു മടങ്ങുന്നത്. ഇവർ ഈ കാര്യം മുൻകൂട്ടി തന്നെ സർക്കാരിനെ അറിയിച്ചിട്ടുണ്ട്. അല്ലാതെയുള്ളവരുടെ ചെലവ് സർക്കാർ തന്നെയാണ് വഹിക്കുന്നത്. രണ്ട് വർഷം കൂടുമ്പോൾ ലോക കേരള സഭ സമ്മേളനം ചേരും. എല്ലാ വർഷവും മൂന്നിലൊന്ന് അംഗങ്ങൾ വിരമിക്കുകയും പകരം പുതിയ അംഗങ്ങളെ ചേർക്കുകയും ചെയ്യുന്നതാണ് സംവിധാനം.

ലോക കേരള സഭയുടെ ആദ്യസമ്മേളനത്തിൽ യാതൊരു മുൻവിധികളുമില്ലാതെ പ്രതിപക്ഷം സഹകരിച്ചത്. നല്ല ചർച്ചകളാണ് ഉദ്ഘാടന സമ്മേളനത്തിൽ നടന്നത്. കുറെയധികം തീരുമാനങ്ങളും എടുത്തു. ലോക കേരള സഭ ഒരു ആഡംബര വസ്തുവായി മാറരുതെന്ന മുന്നറിയിപ്പാണ് പ്രതിപക്ഷം നൽകുന്നത്. കേരള സഭാ സമ്മേളനം എത്തുമ്പോൾ ഇത് ഒരു ആഡംബര വസ്തുവാക്കി മാറ്റുകയാണ് സർക്കാർ ചെയ്തിരിക്കുന്നത് എന്ന ആക്ഷേപവും ശക്തമായിരുന്നു. ഒരു പ്രഹസനം എന്നതിനപ്പുറം ഒരു നേട്ടവുമുണ്ടാക്കാൻ കഴിഞ്ഞില്ല. കഴിഞ്ഞ ലോക്‌സഭാ സമ്മളേനത്തിന് ശേഷം ഇപ്പോഴത്തെ സമ്മേളനത്തിനിടിയിൽ കേരളത്തിൽ സംരംഭങ്ങൾ ആരംഭിക്കാൻ വന്ന രണ്ടു പ്രവാസികൾക്ക് കെട്ടിത്തൂങ്ങി ആത്മഹത്യ ചെയ്യേണ്ടി വന്നു. രണ്ടും സംരംഭങ്ങൾ ആരംഭിക്കാൻ അനുവദിക്കാതെ ഭരണകക്ഷിക്കാരും അധികൃതരും അവരെ പീഡിപ്പിച്ചത് കാരണം.

ആകെ നടന്ന രണ്ടു കാര്യങ്ങൾ ലോക കേരള സഭയ്ക്കായി സെക്രട്ടേറിയറ്റ് രൂപീകരിച്ചതും നിയമസഭയിലെ പ്രൗഢഗംഭീരമായിരുന്ന ശങ്കരനാരായണൻ തമ്പി ഹാൾ പൊളിച്ച് പണം വാരിയെറിഞ്ഞ് മറ്റൊന്നു നിർമ്മിക്കുകയും ചെയ്തതാണ്. ശരറാന്തൽ വിളക്കുകൾ തൂങ്ങിനിന്നിരുന്ന കമനീയമായ ഹാളായിരുന്നു പഴയത്. 16.5 കോടി രൂപ ചെലവിട്ടാണ് ആ ഹാൾ പുതുക്കിയത്. ആദ്യ കേരള സഭ ചേരുന്നതിനായി 1.85 കോടി രൂപ ചെലവിൽ രണ്ടു വർഷം മുമ്പ് ഹാൾ മോടി പിടിപ്പിച്ചിരുന്നു. ആ മോടി പോരെന്ന് തോന്നിയിട്ടാണ് 16.5 കോടി കൂടി ചെലവാക്കി വീണ്ടും മോടി കൂട്ടിയത്. രണ്ടു വർഷത്തിലൊരിക്കൽ രണ്ടു ദിവസം മാത്രം ചേരുന്ന ഒരു സമ്മേളനത്തിനായി ഇത്രയും വൻതുക ചെലവാക്കേണ്ട കാര്യമുണ്ടോ എന്ന ചോദ്യം പൊതുസമൂഹത്തിൽ ഉയരുന്നുണ്ട്. പ്രത്യേകിച്ച് സംസ്ഥാനം നിത്യചെലവ്ക്ക് പോലും പണമില്ലാത്ത അത്ര കഠിനമായ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോൾ. ഗൾഫിൽ ലക്ഷക്കണക്കിന് മലയാളികൾ ആടു ജീവിതം നയിച്ച് നരകിക്കുകയാണ്. ഇവിടെ അവരുടെ പേരിൽ ആർഭാടവും നടത്തുന്നു.

ഗൾഫിൽ തടവിലായവരുടെ കണക്ക് പോലും സർക്കാരിന്റെ കയ്യിൽ ഇല്ല. അവരുടെ പ്രശ്‌നങ്ങൾ കണ്ടെത്താനോ പരിഹരിക്കാൻ ഒരു ഉദ്യമവും ഉണ്ടായിട്ടില്ല. വിദേശത്ത് പണിയെടുക്കുന്ന മലയാളികളുടെ പ്രശ്‌നങ്ങൾ അഡ്‌റസ് ചെയ്യാതെ ഇവിടെ കണ്ണഞ്ചിക്കുന്ന ആർഭാടത്തോടെ സമ്മേളനം ചേരുന്നത് അർത്ഥരഹിതമാണ്. മുഖ്യമന്ത്രി ഇടയ്ക്ക് വിദേശത്ത് പോയി വാഗ്ദാനങ്ങൾ വാരിച്ചൊരിഞ്ഞ് പ്രവാസികളെ കബളിപ്പിക്കുകയാണ് ചെയ്യുന്നത്. കേരള സഭയുടെ ഉദ്ദേശ്യ ലക്ഷ്യങ്ങൾ നിറവേറ്റുന്നതിൽ സർക്കാർ പൂർണ്ണമായും പരാജയപ്പെട്ടു എന്ന ആക്ഷേപങ്ങളും ഉയർന്നിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP