Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പൗരത്വ നിയമത്തിൽ എസ്ഡിപിഐ സംഘർഷത്തിന് ശ്രമിക്കുന്നു എന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞതുകൊടുങ്ങല്ലൂരിലെ അക്രമ സംഭവങ്ങളിലെ അടക്കം റിപ്പോർട്ടു കിട്ടിയ ശേഷം; വത്സൻ തില്ലങ്കേരി പങ്കെടുത്ത പൊതുസമ്മേളനത്തിൽ ഒരുവിഭാഗം വ്യാപാരികൾ കടയടച്ച് പ്രതിഷേധിച്ചപ്പോൾ ചോദ്യം ചെയ്തു ബിജെപി പ്രവർത്തകർ; പ്രതിരോധിക്കാൻ രംഗത്തിറങ്ങിയത് എസ്ഡിപിഐക്കാരും; പിന്നാലെ ആർഎസ്എസ് നേതാക്കളുടെ വീടുകളും വാഹനങ്ങളും തകർത്ത ആക്രമണങ്ങളും; സിഎഎയുടെ പേരിലെ കൊടുങ്ങല്ലൂരിലെ തീക്കളി കേരളത്തിന് പാഠമാകണം

പൗരത്വ നിയമത്തിൽ എസ്ഡിപിഐ സംഘർഷത്തിന് ശ്രമിക്കുന്നു എന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞതുകൊടുങ്ങല്ലൂരിലെ അക്രമ സംഭവങ്ങളിലെ അടക്കം റിപ്പോർട്ടു കിട്ടിയ ശേഷം; വത്സൻ തില്ലങ്കേരി പങ്കെടുത്ത പൊതുസമ്മേളനത്തിൽ ഒരുവിഭാഗം വ്യാപാരികൾ കടയടച്ച് പ്രതിഷേധിച്ചപ്പോൾ ചോദ്യം ചെയ്തു ബിജെപി പ്രവർത്തകർ; പ്രതിരോധിക്കാൻ രംഗത്തിറങ്ങിയത് എസ്ഡിപിഐക്കാരും; പിന്നാലെ ആർഎസ്എസ് നേതാക്കളുടെ വീടുകളും വാഹനങ്ങളും തകർത്ത ആക്രമണങ്ങളും; സിഎഎയുടെ പേരിലെ കൊടുങ്ങല്ലൂരിലെ തീക്കളി കേരളത്തിന് പാഠമാകണം

മറുനാടൻ മലയാളി ബ്യൂറോ

കൊടുങ്ങല്ലൂർ: പൗരത്വ നിയമത്തിന്റെ പേരിൽ എസ്ഡിപിഐ സംഘർഷത്തിന് ശ്രമിക്കുന്നു എന്ന ആക്ഷേപം മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ ഇന്നലെ ഉന്നയിക്കുകയുണ്ടായി. ഇത്തരം സംഘർഷങ്ങൾ വെച്ചു പൊറുപ്പിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. എന്നാൽ, മുഖ്യമന്ത്രി ഈ വിഷയത്തിൽ പ്രതികരണം നടത്തിയത് പൊലീസ് റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണെന്നാണ് പുറത്തുവരുന്ന വിവരം. പൗരത്വ നിയമത്തിന്റെ പേരിൽ പൊതുസമ്മേളനങ്ങൾ സംഘടിപ്പിക്കുമ്പോൾ ഒരു വിഭാഗം വ്യാപാരികൾ കടകൾ അടയ്ക്കുന്നതുമായി ബന്ധപ്പെട്ടാണ് പലപ്പോഴും സംഘർഷം ഉണ്ടാകുന്നത്. ഇങ്ങനെ കടകൾ അടക്കാൻ വ്യാപാരികളെ പ്രേരിപ്പിക്കുന്നതിൽ എസ്ഡിപിഐക്ക് കൃത്യമായ റോൾ ഉണ്ടെന്നാണ് പൊലീസിന്റെ റിപ്പോർട്ട്. കൊടുങ്ങല്ലൂരിൽ സംഘർഷത്തിന് ഇടയാക്കിയതും കടയടപ്പുമായി ബന്ധപ്പെട്ടു തുടങ്ങിയ തർക്കമാണ്.

ഏതാനും ദിവസങ്ങളായി നഗരത്തിൽ ബിജെപി.-സംഘപരിവാർ പ്രവർത്തകരും എസ്.ഡി.പി.ഐ. അടക്കമുള്ള ചില സംഘടനകളും തമ്മിൽ ഉടലെടുത്ത സംഘർഷം സമീപപ്രദേശങ്ങളിലേക്ക് വ്യാപിക്കുകയാണ് ചെയ്യുന്നത്. തിങ്കളാഴ്ച പുലർച്ചെ നഗരത്തിന്റെ സമീപപ്രദേശങ്ങളിൽ ബിജെപി.-ആർഎസ്എസ്. പ്രവർത്തകരുടെ വാഹനങ്ങൾക്കും വീടുകൾക്കും ക്ലബ്ബുകൾക്കും നേരെ വ്യാപകമായി നടന്ന തീവെപ്പും കല്ലേറും ജനങ്ങൾക്കിടയിൽ പരിഭ്രാന്തി സൃഷ്ടിച്ചിട്ടുണ്ട്.

പൗരത്വനിയമഭേദഗതിയെ അനുകൂലിച്ച് ബിജെപി. നേതൃത്വത്തിലുള്ള ജനജാഗ്രതാ സമിതി നടത്തിയ റാലിയും ആർഎസ്എസ്. നേതാവ് വത്സൻ തില്ലങ്കേരി പങ്കെടുത്ത പൊതുസമ്മേളനവുമായി ബന്ധപ്പെട്ട് ഒരുവിഭാഗം വ്യാപാരികൾ നടത്തിയ കടയടപ്പാണ് സംഘർഷത്തിന് കാരണമായത്. കടകൾ അടയ്ക്കുന്നതിനെ ചോദ്യംചെയ്ത ബിജെപി. പ്രവർത്തകരും എസ്.ഡി.പി.ഐ. പ്രവർത്തകരും തമ്മിലാണ് ആദ്യം സംഘർഷം നടന്നത്. പൊലീസ് ഇടപെട്ട് എസ്.ഡി.പി.ഐ. നേതാക്കളെ മുൻകരുതലായി കസ്റ്റഡിയിലെടുത്ത് സംഘർഷം ഒഴിവാക്കിയെങ്കിലും രാത്രിയിൽ അടച്ചിട്ടിരുന്ന ഏതാനും കടകൾക്കു നേരെ കല്ലേറും ഷട്ടറുകളിൽ പോസ്റ്റർ ഒട്ടിക്കലും നടന്നത് വീണ്ടും സംഘർഷത്തിന് കാരണമായി. ഇതിൽ പ്രതിഷേധിച്ച് വ്യാപാരി കൂട്ടായ്മയുടെ പേരിൽ ഒരുവിഭാഗം നഗരത്തിൽ നടത്തിയ പ്രകടനം പൊലീസ് ഇടപെട്ട് പാതിവഴിയിൽ അവസാനിപ്പിച്ച് കൂടുതൽ സംഘർഷം ഒഴിവാക്കുകയായിരുന്നു.

ഇതിനു പിന്നാലെയാണ് തിങ്കളാഴ്ച പുലർച്ചെ ബിജെപി.-ആർഎസ്എസ്. പ്രവർത്തകരുടെ വീടുകൾക്കും വാഹനങ്ങൾക്കും ക്ലബ്ബുകൾക്കും നേരെ കല്ലേറും തീവെപ്പും നടന്നത്. സംഭവത്തെ തുടർന്ന് മേഖലയിൽ പൊലീസ് കാവലും മറ്റും ശക്തമാക്കിയിട്ടുണ്ടെങ്കിലും പല മേഖലകളിലും സംഘർഷം ഉടലെടുക്കുന്നതായി പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കുന്നതിന് ജില്ലാ ഭരണകൂടം അതിവേഗത്തിൽ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. വ്യാപകമായ ആക്രമമാണ് എസ്ഡിപിഐ അഴിച്ചു വിട്ടത്. ഒരു കാറും രണ്ട് ബൈക്കുകളും പൂർണമായും കത്തിയമർന്നു. ഒരു ക്ലബ്ബും ഒരു മരണാനന്തരസഹായസംഘവും ഭാഗികമായി കത്തിനശിച്ചു. മറ്റൊരു കാർ കല്ലെറിഞ്ഞുതകർത്തു. ബിജെപി.യുടെ കൊടിമരങ്ങളും ബോർഡുകളും വ്യാപകമായ നിലയിൽ നശിപ്പിച്ചു.

ജനജാഗ്രതാസമിതിയുടെ റാലിയിലും പൊതുസമ്മേളനത്തിലും പങ്കെടുക്കാനെത്തിയ ആർഎസ്എസ്. നേതാവ് വത്സൻ തില്ലങ്കേരി ഭക്ഷണം കഴിച്ച് വിശ്രമിച്ച തണ്ടാൻകുളം തെക്കുവശത്തുള്ള സേവാഭാരതി പ്രവർത്തകൻ വലിയപറമ്പിൽ ഉണ്ണികൃഷ്ണന്റെ വീടിന് മുന്നിൽ വെച്ചിരുന്ന ബൈക്കാണ് അക്രമികൾ മണ്ണെണ്ണയൊഴിച്ച് കത്തിച്ചത്. വീട്ടുകാരും നാട്ടുകാരും ചേർന്ന് തീയണയ്ക്കുകയായിരുന്നു. ഇവിടെനിന്ന് രണ്ട് കിലോമീറ്ററോളം അകലെയുള്ള എടവിലങ്ങിലെ സുകൃതം കൂട്ടുകുടുംബം ഓഫീസ് പ്രവർത്തിച്ചിരുന്ന വത്സലായത്തിന് മുന്നിൽ നിർത്തിയിട്ടിരുന്ന കാറും ബൈക്കുമാണ് പൂർണമായും കത്തിനശിച്ചത്. സമീപത്തെ വീട്ടിൽ താമസിക്കുന്ന തെക്കൂട്ട് അനിലിന്റെ കാറും എടവിലങ്ങ് പഞ്ചായത്തംഗവും ആർഎസ്എസ്. പ്രവർത്തകനുമായ പി.കെ. സുരേഷ്‌കുമാറിന്റെ സ്‌കൂട്ടറുമാണ് അക്രമികൾ തീവെച്ച് നശിപ്പിച്ചത്. കാർ നിർത്തിയിട്ടിരുന്ന വീടിനോട് ചേർന്നുള്ള ഷെഡ്ഡും പൂർണമായും കത്തിയമർന്നു. വീടിന് തീപടരുന്നതിനുമുമ്പ് അഗ്‌നിരക്ഷാസേനയെത്തി തീയണയ്ക്കുകയായിരുന്നു.

പുലർച്ചെ രണ്ടുമണിയോടെയായിരുന്നു സംഭവം. തണ്ടാൻകുളത്തുനിന്ന് ഇവിടേക്കുള്ള റോഡരികിൽ സ്ഥിതിചെയ്യുന്ന പറപ്പുള്ളി ബസാറിലെ നരേന്ദ്ര ആർട്സ് ആൻഡ് സ്‌പോർട്സ് ക്ലബ്ബിനും അക്രമികൾ തീവെച്ചു. ക്ലബ്ബിന്റെ ഒരുഭാഗം ഭാഗികമായി കത്തിയ നിലയിലാണ്. ആല കളരിപ്പറമ്പ്, ത്രിവേണി എന്നിവിടങ്ങളിലും അക്രമികൾ അഴിഞ്ഞാടി. കളരിപ്പറമ്പിലെ വിവേകാനന്ദ ആർട്സ് ആൻഡ് സ്‌പോർട്സ് ക്ലബ്ബിന്റെ പഴയ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന മരണാനന്തരസഹായസംഘത്തിന്റെ ഉൾവശം അക്രമികൾ കത്തിച്ചു. ഫയലുകളും മറ്റു രേഖകളുമെല്ലാം കത്തിയ നിലയിലാണ്. നാട്ടുകാരെത്തിയാണ് തീ കെടുത്തിയത്. ഇവിടെനിന്ന് അരക്കിലോമീറ്റർ ദൂരെ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന കാറിന്റെ ചില്ലുകൾ കല്ലെറിഞ്ഞ് തകർത്തിട്ടുണ്ട്.

ഇതിൽ ഒരു വാഹനം പഞ്ചായത്ത് മെമ്പറുടെ വാഹനമാണ്. ടാക്സി ആയി ഓടിക്കുന്ന ടവേറയാണ് ഇതിനൊപ്പം കത്തി നശിച്ചത്. വാഹനങ്ങൾ കത്തുന്നത് കണ്ട അയൽക്കാരാണ് വീട്ടുകാരെ വിവരം അറിയിച്ചത്. ബുള്ളറ്റ് കത്തിക്കാനുള്ള ശ്രമത്തിന്നിടെ ബൈക്കിന്റെ ഹോൺ തുടർച്ചയായി മുഴങ്ങി. ഇതോടെ വീട്ടുകാർ ലൈറ്റിട്ടപ്പോൾ അക്രമികൾ ഓടിമറയുകയായിരുന്നു. വീട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് തൃശൂർ റൂറൽ എസ്‌പി അടക്കമുള്ളവർ രാത്രി തന്നെ സ്ഥലം സന്ദർശിച്ചിട്ടുണ്ട്.

ഇടത്-ജിഹാദി സംഘടനകളാണ് ആക്രമണത്തിനു പിന്നിൽ എന്ന ആരോപണവുമായി ബിജെപി നേതൃത്വം രംഗത്ത് വരുകയും ചെയ്തിട്ടുണ്ട്. ഇടത്-ജിഹാദി സംഘടനകളാണ് വാഹനം കത്തിക്കലിനു പിന്നിൽ എന്നാണ് ബിജെപി തൃശൂർ ജില്ലാ പ്രസിഡന്റ് കെ.കെ.അനീഷ് കുമാർ മറുനാടൻ മലയാളിയോട് പറഞ്ഞത്. പൊലീസിന്റെ അനുകൂല സമീപനവും പൗരത്വ നിയമത്തിനു എതിരായ സർക്കാർ മനോഭാവവും കാരണമാണ് അക്രമങ്ങൾ അധികരിക്കുന്നത്. വത്സൻ തില്ലങ്കേരി ഞായാറാഴ്ച പ്രസംഗിച്ച യോഗത്തിന് വൻ ജനക്കൂട്ടമാണ് എത്തിയത്. ഇതിൽ ഭീതി പൂണ്ടവരാണ് ആക്രമണത്തിനു പിന്നിൽ. ഇന്നലെ ചന്ദ്രശേഖർ ആസാദ് പങ്കെടുത്ത പരിപാടിയിൽ ജനപങ്കാളിത്തം കുറവായിരുന്നു. ഇതോടെയാണ് ആക്രമണത്തിനു അരങ്ങൊരുങ്ങിയത്. ആക്രമണത്തിനു പിന്നിൽ ഗൂഢാലോചനയുണ്ട്. ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. നേതാക്കളുടെ വീടുകൾ തിരഞ്ഞുപിടിച്ചാണ് ആക്രമണങ്ങൾ നടന്നത്. കലാപത്തിനു കോപ്പ് കൂട്ടാൻ ചിലർ ശ്രമിക്കുന്നു. പൊലീസ് ഇതിനു കൂട്ട് നിൽക്കുന്നു. അക്രമികളെ സംരക്ഷിക്കുന്ന സമീപനമാണ് പൊലീസിന്റെത്. പൗരത്വ നിയമത്തിനു എതിരായ പരിപാടികൾക്ക് എല്ലാം തന്നെ സർക്കാരിന്റെ മൗന പിന്തുണയുണ്ട്. ഇത് അക്രമികൾക്ക് വളംവയ്ക്കുന്നു. വാഹനങ്ങൾ കത്തിക്കലിനു പിന്നിൽ ആരെന്നു കണ്ടെത്തി പ്രതികളെ പൊലീസ് പിടികൂടട്ടെ-അനീഷ്‌കുമാർ പറയുന്നു.

സംഭവസ്ഥലം സന്ദർശിച്ചിട്ടുണ്ട്. വാഹനം കത്തിക്കലുമായി ബന്ധപ്പെട്ടു അന്വേഷണവും നടക്കുന്നുണ്ട്. ആരാണ് ആക്രമങ്ങൾക്ക് പിന്നിൽ എന്ന മുൻവിധി ഈ കാര്യത്തിൽ പൊലീസിനില്ല-തൃശൂർ റൂറൽ എസ്‌പി കെ.പി.വിജയകുമാർ മറുനാടനോട് പറഞ്ഞു. പൗരത്വ നിയമവുമായി ബന്ധപ്പെട്ടു ഇന്നലെ മുസ്ലിം സംഘടനകളുടെ റാലി നടന്നിരുന്നു. പക്ഷെ ആരാണ് ആക്രമത്തിനു പിന്നിൽ എന്ന മുൻവിധി ഞങ്ങൾ സ്വീകരിച്ചിട്ടില്ല. തെളിവുകൾ നോക്കിയാണ് അന്വേഷണം പുരോഗമിക്കുന്നത്. മനഃപൂർവം പ്രകോപനം സൃഷ്ടിക്കാൻ ശ്രമം നടന്നോ എന്ന കാര്യവും അന്വേഷിക്കും. സംഘപരിവാർ സംഘടനകളുമായി ബന്ധമില്ലാത്തവരുടെ വാഹനങ്ങളും കത്തിച്ചിട്ടുണ്ട്. എന്തായാലും അന്വേഷണത്തിൽ തെളിയേണ്ട വസ്തുതകൽ അന്വേഷണത്തിൽ തെളിയട്ടെ- റൂറൽ എസ്‌പി പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP