Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

എഴുപതിൽ അറുപതും ഉറപ്പിച്ച് കെജ്രിവാൾ മുൻപോട്ട്; ഡൽഹിയെ കീഴടക്കിയ ആം ആദ്മി വിപ്ലവത്തിന് ഒന്നും സംഭവിച്ചിട്ടില്ല; ആദിത്യ നാഥ് മുതൽ മോദി വരെ കഠിന പ്രയത്‌നം നടത്തിയത് വെറുതെയാവും; ടൈംസ് നൗ സർവ്വേയിലും ആം ആദ്മി തന്നെ ജേതാക്കൾ: ഇന്ത്യയിലെ അപൂർവ്വമായ രാഷ്ട്രീയ മാതൃകയെ സാധാരണക്കാർ നെഞ്ചിലേറ്റിയത് ഇങ്ങനെ

എഴുപതിൽ അറുപതും ഉറപ്പിച്ച് കെജ്രിവാൾ മുൻപോട്ട്; ഡൽഹിയെ കീഴടക്കിയ ആം ആദ്മി വിപ്ലവത്തിന് ഒന്നും സംഭവിച്ചിട്ടില്ല; ആദിത്യ നാഥ് മുതൽ മോദി വരെ കഠിന പ്രയത്‌നം നടത്തിയത് വെറുതെയാവും; ടൈംസ് നൗ സർവ്വേയിലും ആം ആദ്മി തന്നെ ജേതാക്കൾ: ഇന്ത്യയിലെ അപൂർവ്വമായ രാഷ്ട്രീയ മാതൃകയെ സാധാരണക്കാർ നെഞ്ചിലേറ്റിയത് ഇങ്ങനെ

സ്വന്തം ലേഖകൻ

ന്യൂഡൽഹി: ഡൽഹിയിൽ തകർക്കാനാവാത്ത വിശ്വാസമായി ആം ആദ്മി പാർട്ടി വളരുന്നു. ഓരോ ദിവസം കഴിയുന്തോറും ജനങ്ങൾക്ക് ആം ആദ്മിയിലും അരവിന്ദ് കെര്ജിവാളിലുമുള്ള വിശ്വാസം കൂടി വരികയാണ്. അതിന്റെ ഉത്തമ ഉദാഹരണങ്ങളാണ് ഓരോ പുതിയ തെരഞ്ഞെടുപ്പ് സർവ്വേകളും. പുതിയ പുതിയ തെരഞ്ഞെടുപ്പ് സർവ്വേകൾ പിന്നിടുമ്പോൾ ആം ആദ്മി പാർട്ടി ജനങ്ങളുടെ മനസ് എത്രമാത്രം കീഴടക്കിയിരിക്കുന്നു എന്ന വാർത്തയാണ് പുറത്ത് വരുന്നത്. ഡൽഹി വൻ ഭൂരിപക്ഷത്തോടെ തന്നെ അരവിന്ദ് കെജ്രിവാൾ നിലനിർത്തുമെന്ന് തന്നെയാണ് പുത്തൻ പുതിയ അഭിപ്രായ സർവ്വേകൾ സൂചിപ്പിക്കുന്നത്.

ഡൽഹിയിലെ എഴുപത് സീറ്റുകളിൽ അറുപതും ആം ആദ്മിക്ക് ലഭിക്കുമെന്നാണ് ടൈംസ് നൗ സർവ്വേയിൽ വ്യക്തമായിരിക്കുന്നത്. ഇതോടെ വൻ ഭൂരിപക്ഷത്തോടെ അരവിന്ദ് കെജ്രിവാൾ ഡൽഹിയുടെ ഭരണ ചക്രത്തിൽ എത്തുമെന്നുമാണ് ടൈംസ് നൗ സർവ്വേ റിപ്പോർട്ട്. കെജ്രിവാളിന്റെ ആം ആദ്മി പാർട്ടിക്ക് 54 മുതൽ 60 സീറ്റ് വരെ ലഭിക്കുമെന്നാണ് സർവ്വേ സൂചിപ്പിക്കുന്നത്. അതേ സമയം ബിജെപി 10 മുതൽ 14 സീറ്റുകളിലൊതുങ്ങുമെന്നും സർവേ പ്രവചിക്കുന്നു. കോൺഗ്രസിന് പൂജ്യം മുതൽ രണ്ട് സീറ്റുകൾ മാത്രമാണ് സർവേയിൽ പറയുന്നത്.

ഡൽഹിയെ പിടിച്ചെടുക്കാൻ കച്ചകെട്ടിയിറങ്ങിയ ബിജെപിക്ക് വൻ തിരിച്ചടിയാവും ഇത്തവണത്തെ ഡൽഹി തിരഞ്ഞടെപ്പെന്ന് ഇതോടെ ഉറപ്പിക്കാം. യോഗി ആദിത്യ നാഥ് മുതൽ മോദി വരെ കഠിന പ്രയത്‌നം നടത്തിയെങ്കിലും ഡൽഹിയെ കീഴടക്കിയ ആം ആദ്മി വിപ്ലവത്തിന് ഒന്നും സംഭവിച്ചിട്ടില്ലെന്ന് വ്യക്തമാക്കുകയാണ് ജനങ്ങൾ. 2015-ൽ 55 ശതമാനം വോട്ട് നേടിയ എ.എ.പിക്ക് ഇത്തവണ 52 ശതമാനം വോട്ടുകളേ ലഭിക്കുകയുള്ളൂ. ബിജെപിക്ക് 34 ശതമാനം വോട്ടുകളാണ് ലഭിക്കുക. കോൺഗ്രസിന് നാല് ശതമാനം വോട്ട് ലഭിക്കുമെന്നും സർവേ വ്യക്തമാക്കുന്നു.

ഈ മാസം എട്ടിനാണ് 70 അംഗ ഡൽഹി നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ്. 11ന് ഫലം പുറത്ത് വരും. 2015-ൽ എ.എ.പിക്ക് 67 സീറ്റ് ലഭിച്ചിരുന്നു. ബിജെപി മൂന്ന് സീറ്റിലൊതുങ്ങി. ടൈംസ് നൗ സർവ്വേയും ആം ആദ്മി തന്നെ ജേതാക്കൾ എന്ന് വ്യക്തമാക്കുമ്പോൾ ഇന്ത്യയിലെ അപൂർവ്വമായ രാഷ്ട്രീയ മാതൃകയെ സാധാരണക്കാർ നെഞ്ചിലേറ്റിയത് എങ്ങനെയാണെന്നാണ് വ്യക്തമാകുന്നത്. മുൻപ് നടന്ന അഭിപ്രായ സർവ്വേകളിലും ആം ആദ്മിയും കെജ്രിവാളും വൻ മുന്നേറ്റമാണ് കാഴ്ച വെച്ചത്. ഓരോ തിരഞ്ഞെടുപ്പ് കഴിയുന്തോറും കെജ്രിവാളും കൂട്ടരും നില മെച്ചപ്പെടുത്തുകയും ചെയ്തു.

ഡൽഹി പിടിച്ചെടുക്കാൻ ബിജെപിയും ഒപ്പം നിർത്താൻ കോൺഗ്രസും തലകുത്തി നിന്ന് പരിശ്രമിക്കുമ്പോഴും ഡൽഹി നിവാസികൾക്ക് അരവിന്ദ് കെജ്രിവാളിനോടുള്ള പ്രിയം ദിനം തോറും കൂടിവരികയാണ്. തലസ്ഥാന നഗരിയിൽ നിന്നും കെജ്രിവാളിനെയും കൂട്ടരേയും തൂത്തുവാരാൻ സകല മാധ്യമങ്ങളും സമ്പന്ന വർഗവും കിണഞ്ഞ് പരിശ്രമിച്ചിട്ടും ഡൽഹിയിൽ വൻ മുന്നേറ്റമാണ് തിരഞ്ഞെടുപ്പ് അടുക്കും തോറും ആം ആദ്മി പാർട്ടിയും കെജ്രിവാളും കാഴ്‌ച്ചവയ്ക്കുന്നത്. ഇതോടെ ബിജെപിയുടെയും കോൺഗ്രസിന്റെയും കണ്ണു തള്ളിച്ചുകൊണ്ട് ഡൽഹിയിൽ ആം ആദ്മി പാർട്ടി തകർക്കാനാകാത്ത വിശ്വാസമായി മാറുകയാണ്.

ആം ആദ്മി അധികാരത്തിൽ വരണമെന്നാണ് ഡൽഹിയിലെ ഭൂരിഭാഗം ജനങ്ങളും ആഗ്രഹിക്കുന്നതെന്ന് ഐ.എ.എൻ.എസ്.-സി നേരത്തെ നടത്തിയ രണ്ട് സർവ്വേകളിലും വ്യക്തമാക്കിയിരുന്നു. രണ്ടാംവട്ട സർവേയിൽ 54.6 ശതമാനംപേർ എ.എ.പി. അധികാരത്തിൽവരണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് വെളിപ്പെടുത്തി. മുഖ്യമന്ത്രിസ്ഥാനത്ത് അരവിന്ദ് കെജ്രിവാൾ തുടരണമെന്ന് 67.6 ശതമാനംപേർ അഭിപ്രായപ്പെട്ടു. ഒരാഴ്ചമുമ്പ് നടത്തിയ ഒന്നാംഘട്ട സർവേയിൽ 53.3 ശതമാനം ആളുകളാണ് എ.എ.പി.യെ പിന്തുണച്ചത്. ഇതോടെ ആദ്യ അഭിപ്രായ സർവ്വേയേക്കാൾ ഫലം മെച്ചപ്പെടുത്തി.

തെരഞ്ഞെടുപ്പ് പ്രചരണത്തിന് പണമില്ലായ്മ തലവേദനായാകുമ്പോഴും ജനപ്രീതിയിൽ ബഹുദൂരം മുന്നേറ്റം കാഴ്ചവയ്ക്കുകയാണ് ആം ആദ്മംി പാർട്ടിയും അരവിന്ദ് കെജ്രിവാളും. പ്രധാനമന്ത്രി പദവിയിലേക്ക് പോലും മോദി കഴിഞ്ഞാൽ ഡൽഹിക്കാർക്കിഷ്ടം കെജ്രിവാളിനെയാണ്. രാഹുൽ ഗാന്ധിയേയും സോണിയ ഗാന്ധിയേയും പോലും ഡൽഹിക്കാർ തള്ളിക്കളയുന്നു. ജനങ്ങൾക്ക് വേണ്ടതെല്ലാം ചെയ്ത് നൽകി ജനങ്ങൾക്കിടയിൽ അത്രമാത്രം സ്വാധീനമാണ് ഇക്കാലയളവിൽ കെജ്രിവാളും കൂട്ടരും ഉണ്ടാക്കി എടുത്തിരിക്കുന്നത്.

എന്നാൽ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വ്യക്തിപ്രഭാവത്തിന് മങ്ങലേറ്റിട്ടില്ലെന്നും ഐ.എ.എൻ.എസ്. സർവേഫലം തെളിയിക്കുന്നു. പ്രധാനമന്ത്രിയായി 70.7 ശതമാനംപേരാണ് മോദിയെ പിന്തുണച്ചത്. 9.4 ശതമാനം പേരുടെ പിന്തുണയോടെ കെജ്രിവാൾ രണ്ടാംസ്ഥാനത്തെത്തി. മുൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെ മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളിയാണ് കെജ്രിവാൾ രണ്ടാംസ്ഥാനത്തെത്തിയത്. രാഹുൽ പ്രധാനമന്ത്രിയാകണമെന്ന് 4.1 ശതമാനംപേർ അഭിപ്രായപ്പെട്ടു. കോൺഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയെ പിന്തുണച്ചവരുടെ എണ്ണം ഒരു ശതമാനത്തിൽ താഴെയാണ്.

നിയമസഭാ തിരഞ്ഞെടുപ്പിനുള്ള രണ്ടാംഘട്ട സർവേയിൽ ബിജെപി.യെ 24.1 ശതമാനംപേർ പിന്തുണച്ചു. കോൺഗ്രസിനെ വെറും 2.4 ശതമാനമാളുകളാണ് പിന്തുണച്ചത്. 13.4 ശതമാനംപേർ മറുപടി നൽകിയില്ല. സ്ഥാനാർത്ഥിയുടെ പ്രതിച്ഛായ നോക്കിയാണ് വോട്ടുചെയ്യുന്നതെന്ന് 40 ശതമാനംപേർ അഭിപ്രായപ്പെട്ടപ്പോൾ, മുഖ്യമന്ത്രിസ്ഥാനാർത്ഥിയെനോക്കിയാണ് വോട്ടുചെയ്യുന്നതെന്ന് 22.6 ശതമാനംപേർ അഭിപ്രായപ്പെട്ടു. സ്ഥാനാർത്ഥിയുടെ പാർട്ടി നോക്കിയാണ് വോട്ടുചെയ്യുന്നതെന്ന് 13.9 പേർ അഭിപ്രായപ്പെട്ടു. സർവേയിൽ പങ്കെടുത്തവരിൽ 93.8 ശതമാനംപേരും ഉറപ്പായി വോട്ടുചെയ്യുമെന്ന് വ്യക്തമാക്കി.

 

 

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP