Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പാർലമെന്റ് പാസാക്കിയ നിയമം ചോദ്യം ചെയ്ത് വെട്ടിലായി പിണറായി സർക്കാർ; കെഎസ്ഇബിയിലെ തൊഴിലാളി യൂണിയനുകളുടെ സമ്മർദ്ദത്തിന് വഴങ്ങി കേന്ദ്ര വൈദ്യുത നിയമത്തിന് എതിരെ പ്രമോഷൻ യോഗ്യതയിൽ വെള്ളം ചേർത്ത് ഇറക്കിയ ഓർഡിനൻസ് തള്ളി ഹൈക്കോടതി; കോടതി കയറിയത് യോഗ്യതയില്ലാത്തവർ കയറിക്കൂടുമെന്ന് മണത്തറിഞ്ഞ ഒരുകൂട്ടം ജീവനക്കാർ; പതിനായിരക്കണക്കിന് ജീവനക്കാർക്ക് പ്രമോഷൻ നഷ്ടമാകുമെന്ന ആശങ്കയിൽ യൂണിയനുകൾ; സർക്കാർ പിടിച്ച പുലിവാൽ ഇങ്ങനെ

പാർലമെന്റ് പാസാക്കിയ നിയമം ചോദ്യം ചെയ്ത് വെട്ടിലായി പിണറായി സർക്കാർ; കെഎസ്ഇബിയിലെ തൊഴിലാളി യൂണിയനുകളുടെ സമ്മർദ്ദത്തിന് വഴങ്ങി കേന്ദ്ര വൈദ്യുത നിയമത്തിന് എതിരെ പ്രമോഷൻ യോഗ്യതയിൽ വെള്ളം ചേർത്ത് ഇറക്കിയ ഓർഡിനൻസ് തള്ളി ഹൈക്കോടതി; കോടതി കയറിയത് യോഗ്യതയില്ലാത്തവർ കയറിക്കൂടുമെന്ന് മണത്തറിഞ്ഞ ഒരുകൂട്ടം ജീവനക്കാർ; പതിനായിരക്കണക്കിന് ജീവനക്കാർക്ക്  പ്രമോഷൻ നഷ്ടമാകുമെന്ന ആശങ്കയിൽ യൂണിയനുകൾ; സർക്കാർ പിടിച്ച പുലിവാൽ ഇങ്ങനെ

എം മനോജ് കുമാർ

തിരുവനന്തപുരം: സെൻട്രൽ ഇലക്ട്രിസിറ്റി അഥോറിറ്റി റെഗുലേഷൻസിന് എതിരെ ഓർഡിനൻസ് ഇറക്കി ഹൈക്കോടതിയെ സമീപിച്ച കേരള സർക്കാരിനു തിരിച്ചടി. പാർലമെന്റ് പാസാക്കിയ നിയമം ചോദ്യം ചെയ്യാൻ സർക്കാരിനു അവകാശമില്ലെന്നു പറഞ്ഞാണ് സർക്കാർ ഓർഡിനൻസ് ഹൈക്കോടതി തള്ളിക്കളഞ്ഞത്. ഇലക്ട്രിസിറ്റി ബോർഡിലെ പ്രമോഷനുമായി ബന്ധപ്പെട്ട് സിഇഎയുടെ റൂൾസ് നടപ്പാക്കാതിരിക്കാൻ സർക്കാരിനു അധികാരമുണ്ടെന്നു കാണിച്ചാണ് സർക്കാർ ഓർഡിനൻസ് ഇറക്കിയത്. പക്ഷെ ഇലക്ട്രിസിറ്റി ബോർഡുകൾ സിഇഎ റൂൾസ് അനുവദിച്ചാണ് പ്രവർത്തിക്കേണ്ടത് എന്ന് നിയമമുള്ളതിനാൽ സർക്കാർ വാദവും ഓർഡിനൻസുമെല്ലാം ഹൈക്കോടതി തള്ളുകയായിരുന്നു. സിഇഎ റൂൾസ് അനുസരിച്ച് പ്രവർത്തിക്കാൻ ബാധ്യതയുള്ള സർക്കാരിനു സിഇഎ റൂൾസിന് എതിരെ ഓർഡിനൻസ് ഇറക്കാൻ അധികാരമുണ്ടോ എന്ന് ചോദിച്ചാണ് ജീവനക്കാർ കോടതിയെ സമീപിച്ചത്. നിലവിലെ രീതി പ്രകാരം സീനിയോറിറ്റി അനുസരിച്ച് മാത്രം ബോർഡ് മുന്നോട്ടു പോയാൽ മതിയെന്ന് തീരുമാനിച്ച സർക്കാരിനെ സമ്മർദ്ദത്തിലാക്കിയാണ് യൂണിയനുകൾ സർക്കാരിനെക്കൊണ്ട് ഓർഡിനൻസ് ഇറക്കിപ്പിച്ചത്. ഈ ഓർഡിനൻസാണ് ഹൈക്കോടതി തള്ളിക്കളഞ്ഞത്.

കെഎസ്ഇബി യൂണിയനുകളുടെ സമ്മർദ്ദം കാരണമാണ് യോഗ്യതയിൽ വെള്ളം ചേർക്കുന്ന കാര്യത്തിൽ ഓർഡിനൻസിന് സർക്കാർ തയ്യാറായത്. യോഗ്യതയിൽ വെള്ളം ചേർക്കപ്പെട്ടാൽ യോഗ്യതയുള്ള തങ്ങളെ നോക്കുകുത്തിയാക്കി യോഗ്യതയില്ലാത്തവർ പ്രമോഷൻ പോസ്റ്റുകളിലേക്ക് പോകുമെന്ന് മനസിലാക്കിയാണ് അതുവരെ യൂണിയനു കീഴിൽ ഉറച്ചു നിന്ന ടെക്‌നിക്കൽ സൈഡിലെ ജീവനക്കാർ നേരിട്ട് ഹൈക്കോടതിയെ സമീപിച്ചത്. ഇവരുടെ ഹർജിയിലാണ് സർക്കാർ വാദവും ഓർഡിനൻസും തള്ളി ഹൈക്കോടതി വിധി വന്നത്. പക്ഷെ ഈ വിഷയത്തിൽ അപ്പീലിന് പോകാൻ ഹൈക്കോടതി സർക്കാരിനു അനുവാദം നൽകിയിട്ടുണ്ട്.

പൗരത്വ നിയമ പ്രശ്‌നത്തിൽ പാർലമെന്റ് പാസാക്കിയ നിയമത്തിനു എതിരെ സുപ്രീംകോടതിയെ സമീപിച്ച സർക്കാർ നീക്കം മുന്നിൽ നിൽക്കെതന്നെയാണ് പാർലമെന്റ് പാസാക്കിയ നിയമത്തിനു എതിരെ ഹൈക്കോടതിയെ സമീപിച്ച് സർക്കാരിനു കൈപൊള്ളിയത്. പൗരത്വ നിയമപ്രശ്‌നത്തിൽ കേന്ദ്ര നിയമത്തിനു എതിരെ തന്നെ അറിയിക്കാതെ സുപ്രീംകോടതിയെ സമീപിച്ചതിന്റെ പേരിൽ പരസ്യമായി സർക്കാരുമായി ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ ഉടക്കിയിരുന്നു. ഈ പ്രശ്‌നം മുന്നിൽ നിൽക്കെതന്നെയാണ് പാർലമെന്റ് പാസാക്കിയ സിഇഎറൂൾസിന് എതിരെ സർക്കാർ ഹൈക്കോടതിയെ സമീപിച്ചത്. സർക്കാരിനു തിരിച്ചടിയേറ്റപ്പോൾ മറുവശത്ത് യൂണിയനുകൾക്കും തിരിച്ചടിയേറ്റു. യൂണിയനുകളുടെ അപ്രമാദിത്വത്തിനു പ്രഹരമേൽപ്പിച്ചാണ് ജീവനക്കാർ യൂണിയനുകളെ തള്ളി ഹൈക്കോടതിയെ സമീപിച്ചത്.

കടുത്ത പ്രഹരമാണ് യൂണിയനുകൾക്ക് മേൽ ജീവനക്കാർ ഏൽപ്പിച്ചതും. ഹൈക്കോടതി വിധി പ്രകാരം സാങ്കേതിക പോസ്റ്റുകളിൽ ഒരാൾക്ക് പോലും യോഗ്യതയില്ലാതെ പ്രമോഷൻ ലഭിക്കില്ല. യോഗ്യതയില്ലാത്തവർക്ക് ജോലി നഷ്ടമാകില്ലെന്നു മാത്രം. അവർക്ക് അതേ തസ്തികയിൽ ജീവിതകാലം മുഴുവൻ തുടരേണ്ട അവസ്ഥ വരും. അതുകൊണ്ട് തന്നെ യൂണിയനുകൾ ആശങ്കാകുലരാണ്. സെൻട്രൽ ഇലക്ട്രിസിറ്റി അഥോറിറ്റി റെഗുലേഷൻസ് നിയമപ്രകാരം വർക്കേഴ്‌സ് തൊട്ടു മുകളിലുള്ളവർക്ക് ഐടിഐ യോഗ്യത വേണം. പാർലമെന്റ് പാസാക്കിയ നിയമ പ്രകാരമാണ് കെഎസ്ഇബി കമ്പനിയാക്കി മാറ്റിയത്. കമ്പനിയാക്കി മാറ്റുമ്പോൾ ത്രികക്ഷി കരാറുണ്ട്. യൂണിയനുകളും സർക്കാരും ബോർഡുമാണ് കരാർ ഉണ്ടാക്കിയത്. 2010 ലാണ് സിഇഎ റെഗുലേഷൻസ് നിയമം പാർലമെന്റ് പാസാക്കിയത്. പാർലമെന്റ് പാസാക്കിയ നിയമത്തിനു എതിരെ സുപ്രീംകോടതിയിൽ പോയാലും നിയമത്തിന്റെ ആനുകൂല്യം സർക്കാരിനു ലഭിക്കില്ല. ഇതാണ് യൂണിയനുകളെ കുഴയ്ക്കുന്നത്. ടെക്‌നീഷ്യന്മാർക്കുള്ള മിനിമം യോഗ്യത ഐടിഐയാണ്. മിനിമം യോഗ്യതയുള്ളവർക്ക് മാത്രമേ പ്രമോഷൻ നൽകാവൂ. ഇതാണ് കേരള സർക്കാർ അട്ടിമറിക്കാൻ ശ്രമിച്ചത്.

നിലവിലെ ധാരണ പ്രകാരം പത്ത് ശതമാനമാണ് ഐടിയുള്ളവർക്ക് പ്രമോഷൻ ലഭിക്കുന്നത്. നൂറു പേരെ ലൈന്മാന്മാരിൽ നിന്ന് ഓവർസിയർ ആക്കുമ്പോൾ 90 പേർ നോൺ ആയിട്ടും പത്ത് ശതമാനം ഐടിയുള്ളവരിൽ നിന്നും വരും. നിലവിലെ രീതി പ്രകാരം യോഗ്യതയില്ലാത്തവർക്ക് അനായാസം സീനിയോറിറ്റി അനുസരിച്ച് പ്രമോഷൻ ലഭിക്കും. ലൈന്മാന്മാർ മാത്രമല്ല, വർക്കർ അടക്കമുള്ള ആർക്കും കയരിപ്പോകാം. ഇതാണ് സർക്കാർ-ബോർഡ്-യൂണിയൻ കരാർ. ഇലക്ട്രിക്കൽ അല്ലാത്ത ഡ്രൈവർമാർ വരെ ഇതിൽ ഉൾപ്പെടും. യൂണിയന്റെ വൻ പ്രഷർ ആണ് ഇതിനു പിന്നിൽ. സിഇഎ റെഗുലേഷൻ വന്നത് ജീവനക്കാർ ആയുധമാക്കുകയായിരുന്നു. ഇതോടെ ജീവനക്കാർ യൂണിയനെ കവച്ചുവെച്ച് കെഎസ്ഇബിക്ക് നോട്ടീസ് നൽകി. യോഗ്യതയുള്ളവർ ഇവിടെയുണ്ട്. യോഗ്യതയുള്ളവരെ ആദ്യം പ്രമോട്ട് ചെയ്യണം. സിഇഎ നിയമ പ്രകാരം യോഗ്യതയുള്ളവരെ മാത്രമേ പ്രമോട്ട് ചെയ്യാൻ കഴിയൂ. ഇതാണ് ജീവനക്കാർ നിരത്തിയ വാദമുഖങ്ങൾ. ഇതോടെയാണ് ഓർഡിനൻസുമായി സർക്കാർ രംഗത്ത് വന്നത്. തസ്തികയിൽ ഉള്ള യോഗ്യതയില്ലാത്തവരെ 80 മണിക്കൂർ പരിശീലനം നൽകി അതേ തസ്തികയിൽ നിലനിർത്തുക. ഇതാണ് കേന്ദ്ര നിയമം പറയുന്നത്. പ്രമോഷൻ നൽകാൻ പാടില്ല. ഇതാണ് ഓർഡിനൻസ് എന്ന പേരിൽ കേന്ദ്ര നിയമത്തെ യൂണിയനുകളും സർക്കാരും അള്ളു വെച്ചത്.

യോഗ്യതയുള്ളവർ നോക്കിനിൽക്കുമ്പോൾ യോഗ്യതയില്ലാത്തവർ കയറിപ്പോകുന്ന അവസ്ഥ വന്നു. ഇതോടെയാണ് ഐടിഐ അടിസ്ഥാന യോഗ്യതയുള്ളവർ ഹൈക്കോടതിയെ സമീപിച്ചത്. യൂണിയൻ സമ്മർദ്ദം വന്നപ്പോൾ സർക്കാർ അടിയന്തിരമായി ഓർഡിനൻസ് ഇറക്കുകയായിരുന്നു. പാര്‌ലമെന്റ്‌റ് പാസാക്കിയ നിയമം ഉണ്ടെങ്കിലും യോഗ്യതയിൽ വിട്ടുവീഴ്ചചെയ്യാൻ സംസ്ഥാന സർക്കാറിന് അധികാരമുണ്ടെന്ന ഓർഡിനൻസ് ആണ് സർക്കാർ പാസാക്കിയത്. പാർലമെന്റ് പാസാക്കിയ നിയമത്തെ ചോദ്യം ചെയ്യാൻ സർക്കാരിനു അധികാരമില്ലാ എന്നാണ് ഹൈക്കോടതി വിധിച്ചത്. ഡിവിഷൻ ബെഞ്ചിൽ അപ്പീൽ പോകാൻ സർക്കാരിനു ഹൈക്കോടതി അനുവാദം നൽകിയിട്ടുണ്ട്. സിഇഎ പറയുന്നത് കേൾക്കാനാണ് ബോർഡിനു താത്പര്യം.കേന്ദ്ര നിയമം നടപ്പിലാക്കുമ്പോഴേ കേന്ദ്രഫണ്ട് കെഎസ്ഇബിയിലേക്ക് എത്തുകയുള്ളൂ. പാർലമെന്റ് പാസാക്കിയ നിയമ പ്രകാരം നൂറു ശതമാനം പ്രമോഷനും ക്വാളിഫൈഡ് ആളുകൾക്ക് നൽകണമെന്നാണ് ജീവനക്കാർ കോടതിയിൽ ആവശ്യപ്പെട്ടത്. ക്വാളിഫൈഡ് ഉള്ള ആളുകൾ കുറവ് എന്ന് ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിക്കാനും ശ്രമം നടന്നു. 450 ഓളം ആളുകൾ ക്വാളിഫൈഡ് ആയി ബോർഡിൽ നിലനിൽക്കെയാണ് ആളുകൾ കുറവാണ് എന്ന രീതിയിൽ ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമം നടന്നത്.

യൂണിയനുകൾ നിരന്തര സോഷ്യൽ മീഡിയാ സന്ദേശങ്ങളാണ് ഇപ്പോൾ ജീവനക്കാർക്ക് അയക്കുന്നത്. എംഡി അടക്കമുള്ളവർക്ക് യൂണിയൻ ലെറ്റർപാഡിൽ കത്ത് നൽകുകയും ചെയ്യുന്നുണ്ട്. ഗവൺമെന്റ് ഓർഡർ റദ്ദാക്കിയ ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധിക്കെതിരെ ഉടൻ തന്നെ അപ്പീൽ ഫയൽ ചെയ്തില്ലെങ്കിൽ കണ്ടംപ്റ്റ് ഫയൽ ചെയ്യുമെന്നും എല്ലാ പ്രൊമോഷനുകളും റദ്ദാക്കേണ്ടി വരുമെന്നുമാണ് കത്തുകളിൽ യൂണിയനുകൾ പറയുന്നത്. ഈ രീതിയിൽ നിയമോപദേശം ലഭിച്ചതിനെ തുടർന്ന് കഴിഞ്ഞ ജനുവരി മുപ്പതിന് സി.എം.ഡി.യെ കണ്ട് കത്തുകൊടുക്കുകയും അപ്പീൽ ഫയൽ ചെയ്യുന്നതിനുള്ള നീക്കം നടത്തുകയും ചെയ്തു. യൂണിയനുകൾ വ്യക്തമാക്കുന്നു. ചെറിയ ഒരു വിഭാഗം തൊഴിലാളികൾ ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്ന് പതിനായിരക്കണക്കിന് പേർക്കാണ് പ്രമോഷൻ നഷ്ടമാകുന്നത്. അതിനാൽ യൂണിയനുകൾക്ക് ഒപ്പം ഹൈക്കോടതിയെ സമീപിച്ചവരെക്കൂടി ചർച്ചയ്ക്ക് വിളിച്ച് പ്രശ്‌ന പരിഹാരത്തിനു കെഎസ്ഇബി ചെയർമാൻ തന്നെ മുൻകൈ എടുക്കണമെന്നാണ് കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോൺഫെഡറേഷൻ ( ഐഎൻടിയുസി) ചെയർമാന് നൽകിയ കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്. പ്രശ്‌നത്തിന്റെ ഗൗരവം പൂർണമായും ഉൾക്കൊണ്ടുകൊണ്ടുള്ള കത്താണ് ഐഎൻടിയുസി കൈമാറിയിരിക്കുന്നത്. തുരുതുരെ സന്ദേശങ്ങളാണ് ഇപ്പോൾ ഈ വിഷയത്തിൽ തൊഴിലാളികളുടെ ഇടയിൽ പറന്നു നടക്കുന്നത്.



സോഷ്യൽ മീഡിയകളിൽ യൂണിയനുകൾ നൽകുന്ന സന്ദേശം ഇങ്ങനെ:

നിങ്ങൾ വായിക്കാതെ പോകരുത്.. ഗവൺമെന്റ് ഓർഡർ നിലനിൽക്കില്ല എന്ന വിധി വന്നപ്പോൾ എല്ലാ ജീവനക്കാരും ആശങ്കയിലാണ്.ഇതിനെല്ലാം ഉത്തരവാദികൾ നമ്മൾ ജയ് വിളിക്കുന്ന ട്രേഡ് യൂണിയനുകൾ മാത്രമാണ്.നിലവിൽ കേസ്സിലുള്ള 200 LM To over, 68 over To SE, ഇവരുടെ കേസ്സ് ആണ് കോടതിയിൽ ഉള്ളത് ഇവർക്ക് നിലവിലുള്ള കോട്ട പ്രമോഷൻ 10 വർഷമായിട്ട് ഒരു വർദ്ധനവും വരുത്തിയിട്ടില്ല എന്നാൽ I TI എടുക്കുന്നവരുടെ എണ്ണം വർദ്ധിച്ചു വരുന്നു, സേവന വേതന വ്യവസ്ഥയിൽ വേതനം മാത്രമാണ് കഴിഞ്ഞ 10 വർഷമായിട്ടുള്ള ശമ്പള പരിഷ്‌ക്കരണത്തിൽ നടത്തിയിട്ടുള്ളത് സേവന മേഖല ഒന്നും ചെയ്തില്ല. ട്രേഡ് യൂണിയനുകൾ വിചാരിച്ചാൽ തീരാവുന്ന വിഷയം മാത്രമെ ഉള്ളൂ. ഒരു ഉപകരാർ ഉണ്ടാക്കി കോട്ട പ്രമോഷനിൽ വർദ്ധനവ് വരുത്തി കേസ്സിലുള്ള 300-ൽ താഴെ വരുന്നവർക്ക് പ്രമോഷൻ നൽകിയാൽ പ്രശ്‌നങ്ങൾ തീരുന്നതെ ഉള്ളൂ, അതിന് തയ്യാറാവാതെ വല്യോട്ടൻ ചമഞ്ഞ് നടക്കുന്ന ട്രേഡ് യൂണിയനും അവർക്ക് ഒത്താശ പാടുന്ന ഭരണ പ്രതിപക്ഷ ട്രേഡ് യൂണിയനുകളുടെ വാശി മാത്രമാണ്ഇപ്പോൾ ബഹു:ഹൈക്കോടതിയിൽ സിങ്കിൾ ബെഞ്ച് വിധി.

ഇപ്പോഴും പറയുന്നത് നമ്മൾ ഡിവിഷൻ ബെഞ്ചിൽ പോകും അവിടെയും തോറ്റാൽ സുപ്രിം കോടതിയിൽ പോകും എന്ന് പറഞ്ഞ് ജീവനക്കാരെ പറ്റിച്ചുകൊണ്ടിരിക്കുകയാണ് ഈ ത്രിമൂർത്തികൾ. സിങ്കിൾ ബെഞ്ചിൽ ഇവർ കൊണ്ടുവന്ന വക്കീലുമാർ ബോർഡ് പൈസ മുടക്കി വെച്ച വക്കീലിന്റെ കൂടെ എഴുന്നേറ്റ് നിൽക്കുക എന്നല്ലാതെ ഒരു ആർ ഗിമെന്റ് പോലും നടന്നിയിട്ടില്ല, INTUC ആണെങ്കിൽ 8-1-2020-ന് കേസ്സുള്ളപ്പോൾ 6 - 1 - 2020-ന് വന്ന് കക്ഷി ചേരാൻ വന്നത് .ഈ കേസ്സിൽ ഒരു കൗണ്ടർ പോലും ഇടാൻ പറ്റാത്ത അവസ്ഥ ഉണ്ടായി, കേസ്സിൽ അലോ ചെയ്യണമെങ്കിൽ ആർ ഗിമെന്റ് നടത്താൻ കോടതി നിർദ്ധേശിച്ചു അങ്ങിനെയാണ് കക്ഷി ചേർന്നത് തന്നെ 11 മാസമായിട്ട് ഉറങ്ങുകയായിരുന്നു അവർ.ഇനിയും മേൽകോടതിയിൽ പോയാൽ തോൽക്കും എന്ന് ഉറപ്പ് ഉണ്ടായിട്ടും ജീവനക്കാരെ പറ്റിക്കുന്നതിനു വേണ്ടി ജീവനക്കാരിൽനിന്ന് പിരിവും നടത്തി അവരെ, ജയ് വിളിപ്പിച്ചും, മീറ്റിങ്ങുകൾക്കും, സമ്മേളനങ്ങൾക്കും ആളെ കൂട്ടുക എന്ന തന്ത്രം മാത്രമാണ് ഈ ത്രീ മൂർത്തി യൂണിയനുകൾക്ക് ഉള്ളത് ഇതിനെ ജീവനക്കാർ തിരിച്ചറിയണം. ട്രേഡ് യൂണിയൻ നേതാക്കന്മാർക്ക് വേണ്ട പ്രമോഷനുകൾ എല്ലാം കിട്ടി കഴിഞ്ഞു, സ്ഥാനമാനങ്ങളും കിട്ടി കഴിഞ്ഞു ഇനി അവർക്ക് വേണ്ടത് ജീവനക്കാരിൽ നിന്നും പണം പിരിച്ച് സുഖവാസം മാത്രം ഇവിടെ ആരാണ് കുലംകുത്തികൾ ജീവനക്കാർ തിരിച്ചറിയുക ?നിങ്ങളെ പറ്റിച്ചു കൊണ്ടെയിരിക്കും ജാഗ്രത

മറ്റൊരു സന്ദേശം ഇങ്ങനെ:

CEA റഗുലേഷ നും, KSEB ജീവനക്കാരന്റ സങ്കടവും KSEB യിൽ, 2010 ൽ വന്ന CEAറഗു ലേഷൻ അത് നടപ്പിലാക്കി എന്നു പറഞ്ഞ് 24/11/2018ൽ കോടതിയിൽ കൊടുത്ത് ശേഷം വന്ന പ്രമോഷനുകളെല്ലാം തുലാസിൽ കിടക്കുന്ന സാഹചര്യമാണ് നിലവിലുള്ളത് സത്യത്തിനിലവിലുള്ള ജീവനക്കാർക്ക് പ്രശ്‌നമില്ല എന്ന് പറഞ്ഞ് പോസ്റ്റർ ഇറക്കുകയും പറഞ്ഞു നടക്കുകയും ചെയ്ത ട്രേഡു യുനിൻകാര് ഒന്നു മിണ്ടാൻ പറ്റാത്ത സഹചര്യത്തിലാണ് നിൽക്കുന്നത് ഇപ്പോൾ ഹൈക്കോടതിൽ നിന്നും CEA റഗുലേഷനിൽ പറഞ്ഞ 6, 7, ക്ലോസുകൾ എടുത്തു മാറ്റാൻ സർക്കാറിനോ, KSEBക്കോ തിരുത്തൽ നടത്തി നിലവിലുള്ള ജീവനക്കാർക്ക് പ്രമോഷൻ കൊടുക്കാൻ സാധിക്കില്ല എന്ന 33 പേജ് ഉള്ള വിധി എന്തുകൊണ്ട് കൊടുക്കാൻ സാധിക്കാത്തത് എന്ന വിശദ്ധമായി പറയുന്നുണ്ട് എന്നാണ് അറിയാൻ കഴിഞ്ഞത് ഇത് മൂലം യോഗ്യത ഇല്ലാത്ത ജീവനക്കാർക്ക് ഒരു പ്രമോഷനും കിട്ടാത്ത സാഹചര്യം ഒരുക്കിയത് കുലംകുത്തികൾ എന്നു പറയുന്നവരോ അതോ ജീവനക്കാരനെ എന്നും പറഞ്ഞു പറ്റിച്ചു കൊണ്ടിരിക്കുന്ന ട്രേഡ് യൂനിയൻ കാരോ 10,000 പേരോളം വരുന്ന ജീവനക്കാർക്ക് പ്രെമോഷൻ കൊടുക്കാൻ500 ഓളം വരുന്ന യോഗ്യതയുള്ളവർക്ക് കൊടുത്താൽ തീരുമെങ്കിൽ അങ്ങനെയൊരു വഴി തേടാതെ യോഗ്യത ഇല്ലാത്തവർക്ക് ഒരിക്കലും കിട്ടാത്ത സാഹചര്യം ഉണ്ടാക്കുകയല്ല ട്രേഡ് യൂനിയൻ കാർ ചെയ്യേണ്ടത് സത്യത്തിൽ പിടിവാശി ഉപേക്ഷിക്കണ്ടത് യൂണിയൻ കാരല്ലേ അല്ലാതെ കേസ് കൊടുത്തവരെ ഒറ്റപ്പെടുത്തണം നമ്മൾ സുപ്രീകോടതിയിൽ പോയാലും അവർക്ക് കൊടുക്കില്ല എന്ന് പറഞ്ഞ് ജിവനക്കാരനെ തൽക്കാലം സുഖിപ്പിക്കാൻ വേണ്ടി നാല് പോസ്റ്റ്ർ ഇറക്കാതെ വിവേജനമായി പെരുമാറി എല്ലാവർക്കും പ്രമോഷൻ കിട്ടാൻ വേണ്ടി യൂനിയൻ കാർ ഇനിയെങ്കിലും തീരുമാനമെടുക്കൂ അല്ലങ്കിൽ നമ്മുക്ക് എല്ലാവർക്കും ഒരു പ്രമോഷനും കിട്ടാതെ റി വർഷൻ ആയിവർക്കറായി മാറാം എന്ന് എപ്പോൾ വേണമെങ്കിലും വർക്കറായി മാറാൻ കാത്തിരിക്കുന്നു ഒരു ലൈൻ മാൻ

CEA റെഗുലേഷനുമായിബന്ധപ്പെട്ട് ബോർഡ്‌ചെയർമാൻ,സെക്രട്ടറി, CE(HRM) എന്നിവർക്കെതിരെ കോടതിയലക്ഷ്യം ചൂണ്ടിക്കാട്ടി ചില കുലംകുത്തികൾ ചേർന്ന് ഹൈക്കോടതിയിൽ രണ്ടുകേസുകൾ ഫയൽ ചെയ്തിരുന്നു. രണ്ടുകേസുകളും ബഹുമാനപ്പെട്ട കോടതി 29/11/19-ന് ഒരുമിച്ച് പരിഗണിക്കുകയും,10 ദിവസത്തിനകം ബോർഡ് മാനേജ്‌മെന്റ് മറുപടി നൽകണണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. മറുപടി ലഭിച്ചശേഷം തുടർനടപടികളിലേയ്ക്ക് നീങ്ങും. അങ്ങനെ സംഭവിച്ചാൽ കുറച്ചുദിവസങ്ങൾക്ക് മുൻപ് നടത്തിയ വർക്കർ - ലൈൻ മാൻ പ്രമോഷൻ CE (HRM)ന് പിൻവലിക്കേണ്ടിവരും. ഇതിനിടവരുത്താതെ ട്രേഡ് യൂണിയനുകൾ അനാവശ്യ വാശി ഉപേക്ഷിച്ച്, ITI പാസ്സായ 160 ലൈന്മാന്മാരെ ഓവർസീയർ തസ്തികയിലേക്കും, DIPLOMA ക്കാരായ 100 ൽ താഴെ വരുന്ന ഓവർസീയർമാരെ സബ്ബ്എഞ്ചിനീയറായും പ്രമോട്ട് ചെയ്ത് പ്രശ്‌നം പരിഹരിച്ചില്ലെങ്കിൽ 8 വർഷം വർക്കറായി ജോലിചെയ്യേണ്ടിവന്നവർക്ക് ലഭിച്ച പ്രമോഷൻ റിവർട്ട് ചെയ്യപ്പെടും എന്നുമാത്രമല്ല റെഗുലേഷൻ പ്രകാരം യോഗ്യതയില്ലാത്ത ആർക്കും ഇനിമേലിൽ പ്രമോഷൻ ലഭിക്കാത്ത സാഹചര്യം കൂടി ഉണ്ടാകും. ചെയർമാന്റെ പ്രത്യേക നിർദ്ദേശപ്രകാരം കേസുകളുടെ നിരീക്ഷണത്തിനായി ബോർഡിന്റെ ലോ സെക്ഷനുമായി ബന്ധപ്പെട്ട സീനിയർസൂപ്രണ്ട് കോടതിയിൽ നേരിട്ടെത്തി കാര്യങ്ങൾ ബോധ്യപ്പെട്ടിട്ടുള്ളതാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP