Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നവദമ്പതികൾക്കുള്ള വിവാഹ വസ്ത്രങ്ങൾ നൽകിയത് മുൻപ് നടന്ന സമൂഹ വിവാഹങ്ങളിലൂടെ മംഗല്യഭാഗ്യം ലഭിച്ചവർ; ഇന്നലെ വിവാഹ ജീവിതത്തിലേക്ക് കാലെടുത്തു വെച്ചവരിൽ മുൻ സമൂഹവിവാഹങ്ങളിൽ മംഗല്യ ഭാഗ്യം ലഭിച്ചവരുടെ മക്കളും: പുത്തൻവീടിന്റെ കൈപിടിച്ച പുതുജീവിതത്തിലേക്ക് കടന്നത് 47 ദമ്പതികൾ

നവദമ്പതികൾക്കുള്ള വിവാഹ വസ്ത്രങ്ങൾ നൽകിയത് മുൻപ് നടന്ന സമൂഹ വിവാഹങ്ങളിലൂടെ മംഗല്യഭാഗ്യം ലഭിച്ചവർ; ഇന്നലെ വിവാഹ ജീവിതത്തിലേക്ക് കാലെടുത്തു വെച്ചവരിൽ മുൻ സമൂഹവിവാഹങ്ങളിൽ മംഗല്യ ഭാഗ്യം ലഭിച്ചവരുടെ മക്കളും: പുത്തൻവീടിന്റെ കൈപിടിച്ച പുതുജീവിതത്തിലേക്ക് കടന്നത് 47 ദമ്പതികൾ

സ്വന്തം ലേഖകൻ

പുത്തൻകുന്ന്: വയനാട്ടിൽ ഇന്നലെ നടന്ന കല്യാണ മാമാങ്കത്തിൽ മംഗല്യ ഭാഗ്യം ലഭിച്ചത് 94 പേർക്ക്. പുത്തൻവീടിന്റെ കൈ പിടിച്ച് സമൂഹ വിവാഹത്തിലൂടെ ഈ 94 പേർ ഒരുമിച്ചപ്പോൾ അത് കണ്ടു നിന്നവർക്കെല്ലാം അസുലഭ നിമിഷമായി മാറി. സമൂഹ വിവാഹത്തിലൂടെ 47 ദമ്പതിമാർ പുതുജീവിതത്തിലേക്ക് പ്രവേശിക്കുന്ന ചടങ്ങിന് ആശിർവാദവുമായി ഒരു നാട് മുഴുവനും ഒഴുകി എത്തി. പുത്തൻവീട് ആസ്ഥാനമായി പ്രവർത്തിക്കുന്ന നഖ്ശബന്ദിയ്യ ത്വരീഖത്ത കേന്ദ്ര കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് സമൂഹ വിവാഹം നടന്നത്.

നഖ്ശബന്ദിയ്യ ത്വരീഖത്ത കേന്ദ്ര കമ്മറ്റി സംഘടിപ്പിച്ച പതിനെട്ടാമത് സമൂഹ വിവാഹമാണ് വയനാട് പുത്തൻകുന്നിൽ നടന്നത്. പുത്തൻ കുന്ന് ശാഖയിൽ പുതുതായി നിർമ്മിച്ച സാംസ്‌കാരിക വിദ്യാഭ്യാസ നിലയത്തിലൊണ് വിവാഹം നടന്നത്. ഈ കെട്ടിടത്തിന്റെ ഉദ്ഘാടനവും വിവാഹത്തോടനുബന്ധിച്ച് നടന്നു.

വിവാഹച്ചടങ്ങുകളിലെ പണച്ചെലവും മനുഷ്യപ്രയത്‌നവും പരമാവധി ചുരുക്കി സമൂഹത്തിലെ വിവിധ ശ്രേണികളിലുള്ള ആളുകൾ വലുപ്പച്ചെറുപ്പമില്ലാതെ ഒരേ പന്തലിൽ വെച്ച് വിവാഹിതരാവുന്നു എന്നതാണ് ഇത്തരം സമൂഹ വിവാഹങ്ങളുടെ സവിശേഷത. 94 വീടുകളിൽ വ്യത്യസ്ത ദിവസങ്ങളിൽ നടക്കേണ്ട വിവാഹങ്ങൾ ഒറ്റ വേദിയിൽ നടക്കുമ്പോൾ ആളുകൾക്ക് ഒരുമിച്ചു പങ്കെടുക്കാനുള്ള അവസരമുള്ളതിനാൽ സമയം പരമാവധി ലാഭിക്കാനും വിവാഹച്ചെലവ് ഗണ്യമായി കുറയ്ക്കാനും കഴിയും.

ദമ്പതികൾക്ക് നൽകുന്ന പാരിതോഷികങ്ങൾ, സ്വീകരണങ്ങൾ, ഉല്ലാസയാത്രകൾ, വാർഷിക സംഗമങ്ങൾ, ഓരോ ബാച്ചിന്റെയും ഒത്തുകൂടൽ, സർവ്വോപരി പ്രസ്ഥാനത്തിന്റെ ശ്രദ്ധ ഇവയെല്ലാം സമൂഹവിവാഹത്തിന്റെ പ്രത്യേകതകളാണ്. മഹദ്വ്യക്തികളുടെ സാന്നിധ്യത്തിലും അവരുടെ ആശീർവാദത്തോടെയും വിവാഹിതരാവാൻ കഴിയുന്നു എന്ന പ്രത്യേകതയുമുണ്ട്.

1988 ൽ പുത്തൻ കുന്നിൽ വച്ചാണ് ആദ്യ സമൂഹ വിവാഹം നടന്നത്. തുടർന്ന് കൊടുവള്ളിക്കടുത്ത കാവിലുമ്മാരം, സംഘടനയുടെ ആസ്ഥാനമായ പുത്തൻ വീട്, കാന്തപുരം, കിഴിശ്ശേരി, മാറാക്കര, കാക്കഞ്ചേരി, തോട്ടശ്ശേരിയറ, നീറാട് എന്നിവിടങ്ങളിലായി 17 സമൂഹ വിവാഹങ്ങൾ നടന്നിട്ടുണ്ട്. ഇന്നത്തേതടക്കം 18 സമൂഹ വിവാഹങ്ങളിലായി 487 ജോഡികൾ വിവാഹിതരായിട്ടുണ്ട്. ആദ്യ സമൂഹവിവാഹത്തിൽ വിവാഹിതരായവരുടെ രണ്ടു മക്കളടക്കം വിവിധ സമൂഹവിവാഹങ്ങളിലൂടെ മംഗല്യ ഭാഗ്യം ലഭിച്ചവരുടെ 16 മക്കളും ഇന്ന് വിവാഹിതരായിട്ടുണ്ട്.

പ്രസ്ഥാനത്തിന്റെ പേട്രൻ സയ്യിദ് പി. വി. ഷാഹുൽ ഹമീദ് രൂപം നൽകിയ വിവാഹ ബ്യൂറോകൾ വഴിയാണ് വിവാഹ പ്രായമെത്തിയ യുവതീ യുവാക്കളെ സമൂഹ വിവാഹങ്ങളിലേക്ക് സജ്ജരാക്കുന്നത്. നവദമ്പതികൾക്കുള്ള വിവാഹ വസ്ത്രങ്ങൾ നൽകിയത് മുൻപ് നടന്ന സമൂഹ വിവാഹങ്ങളിലൂടെ മംഗല്യഭാഗ്യം ലഭിച്ചവരാണ്.

വധൂവരന്മാർക്ക് ആശംസകൾ അർപ്പിച്ചുകൊണ്ട് കല്പറ്റ എംഎ‍ൽഎ സി.കെ.ശശീന്ദ്രൻ, എംഎസിടി ജഡ്ജി കെ ബൈജുനാഥ്, സബ് ജഡ്ജ് അനിൽ ജോസഫ്, ബിജെപി നേതാവ് പി മോഹനൻ, യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് നജീബ് കാന്തപുരം, സിഐടിയു വയനാട് ജില്ല സെക്രട്ടറി വി വി ബേബി, സുൽത്താൻ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലത ശശി, സുൽത്താൻ ബത്തേരി നഗരസഭ ചെയർമാൻ ടി.എൽ.സാബു, നെന്മേനി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പത്മനാഭൻ, സുൽത്താൻ ബത്തേരി നഗരസഭ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ സഹദേവൻ, കൊടുവള്ളി നഗരസഭ ചെയർമാൻ ഷരീഫ് കണ്ണാടിക്കുന്ന്, യുവമോർച്ച ജില്ലാ പ്രസിഡന്റ് പ്രശാന്ത്, നൂൽപ്പുഴ ഗ്രാമപഞ്ചായത്ത് അംഗം ബെന്നി, നെന്മേനി ഗ്രാമപഞ്ചായത്ത് , സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ പി.കെ.രാമചന്ദ്രൻ, ഡെപ്യൂട്ടി ഡി എം ഒ നൂന മർജ, പട്ടാമ്പി ഖാദർ സാഹിബ്, ഡോ.ഷിഹാബ് ഷാ, കെ.ജെ.ദേവസ്യ, വില്ലേജ് ഓഫീസർ സുബൈദ, ലക്ഷ്മണൻ, എ.കെ.കുമാരൻ,റിസാനത്ത് സലീം,രാജൻ പൂതാടി, നസീറ ഇസ്മയിൽ, ഇ.കെ.മാധവൻ, എ.സുരേന്ദ്രൻ, അരവിന്ദൻ, സലീം മടവൂർ, സിദീഖ് കൊടിയത്തൂർ, ഷബീർ അഹമ്മദ്, അബ്ദുല്ല മാടക്കര, സുരേന്ദ്രൻ കെ, ഫാ. ജോൺസൺ, അബ്ദുല്ല, ഷാജി, ബഷീർ മാറാക്കര, അഷ്റഫ് കുഴിമണ്ണ, ഡോ: അബ്ദുറഹിമാൻ, ഗഫൂർ വെണ്ണിയോട് , ഷബീർ, ജോയ് ചീരാൽ, പി കെ സുലൈമാൻ മാസ്റ്റർ തുടങ്ങിവർ സംസാരിച്ചു. സിഎനാസർ നന്ദി രേഖപ്പെടുത്തി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP