Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കേന്ദ്രസർക്കാർ വിശദീകരണം വഴി ഒഴിഞ്ഞതു സാധാരണ പ്രവാസികളുടെ ആശങ്ക; പ്രവാസി ഇന്ത്യയിൽ ഉണ്ടാക്കുന്ന വരുമാനത്തിന് മുമ്പും ഇവിടെ നികുതി ബാധകമാകവെ പിന്നെന്തിന് ഇങ്ങനൊരു പ്രഖ്യാപനം എന്ന സംശയം ഇപ്പോഴും ബാക്കി; 245 ദിവസം വിദേശത്തുള്ളവർ പ്രവാസികൾ അല്ലെന്ന പ്രഖ്യാപനം പ്രവാസി ബിസിനസുകാർക്ക് തിരിച്ചടി; പ്രവാസികൾക്ക് നികുതി ഈടാക്കി ഖജനാവു പുഷ്ടിപ്പെടുത്താനുള്ള നീക്കം ഉപേക്ഷിച്ചത് വൻ വിമർശനം ഉയർന്നതു കൊണ്ടു തന്നെ

കേന്ദ്രസർക്കാർ വിശദീകരണം വഴി ഒഴിഞ്ഞതു സാധാരണ പ്രവാസികളുടെ ആശങ്ക; പ്രവാസി ഇന്ത്യയിൽ ഉണ്ടാക്കുന്ന വരുമാനത്തിന് മുമ്പും ഇവിടെ നികുതി ബാധകമാകവെ പിന്നെന്തിന് ഇങ്ങനൊരു പ്രഖ്യാപനം എന്ന സംശയം ഇപ്പോഴും ബാക്കി; 245 ദിവസം വിദേശത്തുള്ളവർ പ്രവാസികൾ അല്ലെന്ന പ്രഖ്യാപനം പ്രവാസി ബിസിനസുകാർക്ക് തിരിച്ചടി; പ്രവാസികൾക്ക് നികുതി ഈടാക്കി ഖജനാവു പുഷ്ടിപ്പെടുത്താനുള്ള നീക്കം ഉപേക്ഷിച്ചത് വൻ വിമർശനം ഉയർന്നതു കൊണ്ടു തന്നെ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: കേന്ദ്രബജറ്റിൽ പ്രവസികൾക്ക് നികുതി ഏർപ്പെടുത്തുന്നതായി കണക്കാക്കി കൊണ്ടുള്ള പ്രഖ്യാപനം വന്നത് ലക്ഷക്കണക്കിന് വരുന്ന പ്രവാസി തൊഴിലാളികളെ കടുത്ത ആശങ്കയിലാക്കി. ഇന്ത്യയുടെ വളർച്ചയിൽ സുപ്രധാന പങ്കുവഹിക്കുന്ന പ്രവാസികൾക്കുള്ള ഇരുട്ടിടി ആയാണ് നിർമ്മല സീതാരാമന്റെ പ്രഖ്യാപനത്തെ പ്രവാസി സമൂഹം കണ്ടത്. പ്രവാസികളായ വമ്പന്മാരെ ലക്ഷ്യമിട്ടു കൊണ്ടാണ് ഈ പ്രഖ്യാപനമെന്ന വിലയിരുത്തലെങ്കിലും ഗൾഫിൽ അടക്കം തൊഴിലെടുക്കുന്നവർക്ക് കടുത്ത ആശങ്കയുണ്ടായി. വിമർശനം കടുത്തതോടെയാണ് ഈ വിഷയത്തിൽ പ്രതികരണവുമായി കേന്ദ്രസർക്കാർ രംഗത്തെത്തിയത്.

ഇന്ത്യൻ ബിസിനസിൽനിന്നോ ജോലിയിൽനിന്നോ വിദേശത്തുനേടുന്ന വരുമാനത്തിനുമാത്രമേ പ്രവാസികൾ ഇവിടെ നികുതി നൽകേണ്ടതുള്ളൂ എന്നാണ് കേന്ദ്രസർക്കാർ വ്യക്തമാക്കിയത്. അല്ലാതെ വിദേശത്തെ ജോലിയിൽനിന്നോ ബിസിനസിൽനിന്നോ ലഭിക്കുന്ന വരുമാനത്തിന് ഇന്ത്യയിൽ നികുതി നൽകേണ്ടതില്ലെന്നും ധനകാര്യമന്ത്രാലയും വിശദീകരിച്ചു. പ്രവാസിയായി കണക്കാക്കാൻ ചുരുങ്ങിയത് 240 ദിവസം വിദേശത്തു താമസിക്കണമെന്ന ബജറ്റുനിർദ്ദേശം മാധ്യമങ്ങളിൽ തെറ്റായ വ്യാഖ്യാനങ്ങൾക്ക് ഇടനൽകിയ പശ്ചാത്തലത്തിൽ ഞായറാഴ്ച ധനമന്ത്രാലയം ഇതുസംബന്ധിച്ച് വിശദീകരണക്കുറിപ്പിറക്കി. വിദേശത്തുള്ള യഥാർഥ തൊഴിലാളികളെ നികുതിപരിധിയിൽ കൊണ്ടുവരാൻ ഉദ്ദേശിച്ചുള്ളതല്ല ബജറ്റുനിർദ്ദേശം.

ഗൾഫിലും മറ്റു രാജ്യങ്ങളിലുമുള്ള പ്രവാസികൾ അവിടെനിന്ന് ഉണ്ടാക്കുന്ന വരുമാനത്തിന് ഇന്ത്യയിൽ നികുതി നൽകണമെന്ന തെറ്റായ വ്യാഖ്യാനമാണുവന്നത്. യഥാർഥ തൊഴിലാളികൾ അവിടെ സമ്പാദിക്കുന്നതിന് ഇന്ത്യയിൽ നികുതി നൽകേണ്ടിവരുമെന്നതരത്തിലുള്ള വ്യാഖ്യാനം ശരിയല്ലെന്ന് പ്രസ്താവന വിശദീകരിച്ചു. 'നിർദിഷ്ട നിർവചനമനുസരിച്ച്, ഇന്ത്യയിലെ താമസക്കാരനായി കണക്കാക്കപ്പെടുന്ന ഇന്ത്യൻ പൗരൻ, ഇന്ത്യൻ ബിസിനസിലൂടെയോ ജോലിയിലൂടെയോ അല്ലാതെ ഇന്ത്യക്കു പുറത്തുണ്ടാക്കുന്ന വരുമാനത്തിന് ഇന്ത്യയിൽ നികുതി ചുമത്തില്ല' എന്നാണ് വിശദീകരണം. ഇക്കാര്യം നിർദിഷ്ട ഭേദഗതിയിൽ ഉൾപ്പെടുത്തുമെന്നും മന്ത്രാലയം പത്രക്കുറിപ്പിൽ പറഞ്ഞു.

നിലവിൽ എൻ.ആർ.ഐ. ആയി കണക്കാക്കുന്നതിന് 182 ദിവസം വിദേശത്തു താമസിച്ചാൽ മതി. 182 ദിവസത്തെ താമസം നാട്ടിലാണെങ്കിൽ സ്ഥിരവാസിയായി കണക്കാക്കും. എന്നാൽ, ബജറ്റുനിർദ്ദേശമനുസരിച്ച് 240 ദിവസം വിദേശത്തു താമസിച്ചാലേ എൻ.ആർ.ഐ. ആനുകൂല്യം ലഭിക്കൂ. പലമേഖലകളിലും ജോലിചെയ്യുന്ന പ്രവാസികളെ ഈ നിർദ്ദേശം ബാധിക്കും. ബജറ്റുനിർദ്ദേശം പിൻവലിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്രത്തിനു കത്തയച്ചിട്ടുണ്ട്.

ആശങ്കയിൽ ഗൾഫ് മേഖല

പ്രവാസികൾക്ക് നികുതി ഏർപ്പെടുത്തിക്കൊണ്ടുള്ള സർക്കാർ തീരുമാനം ഗൾഫ് മേഖലയിൽ കടുത്ത ആശങ്കയ്ക്കാണ് ഇടയാക്കിയത്. യു.എ.ഇ.യിൽ വീടുസ്വന്തമാക്കി അവിടെത്തന്നെ ജോലിയോ ബിസിനസോ ചെയ്യുന്ന ഇന്ത്യക്കാരൻ വർഷത്തിൽ ഭൂരിഭാഗവും അവിടത്തന്നെ കഴിയുന്നയാളാണെങ്കിൽ പുതിയ നികുതിനിർദ്ദേശം ബാധകമാവില്ല. മാത്രമല്ല, അയാളെ യു.എ.ഇ. വാസിയായി കണക്കാക്കുകയും ചെയ്യുമെന്നാണ് പുതിയ വിശദീകരണം.

പ്രവാസിയുടെ സ്ഥിരംവീട് എവിടെയാണ് എന്നതിനെ അടിസ്ഥാനമാക്കിയാണ് കാര്യങ്ങൾ തീരുമാനിക്കുന്നത്. യു.എ.ഇ.യിൽ മാത്രമാണു സ്ഥിരവസതിയുള്ളതെങ്കിൽ അയാളെ അവിടത്തെ താസക്കാരനായി കണക്കാക്കും. അയാൾക്ക് ഇന്ത്യയിലും യു.എ.ഇ.യിലും സ്ഥിരവസതിയുണ്ടെങ്കിൽ, അതിലേതുമായി ബന്ധപ്പെട്ടാണ് വ്യക്തിപരവും സാമ്പത്തികവുമായ ഇടപാടുകളെന്നു പരിശോധിക്കും. യു.എ.ഇ.യിൽ മാത്രമാണ് അയാൾ ജോലി ചെയ്യുന്നതെങ്കിൽ, അവിടെമാത്രമാണ് ബിസിനസും വരുമാനവുമുള്ളതെങ്കിൽ സാന്പത്തികബന്ധം അവിടെമാത്രമെന്നു വിലയിരുത്തും. അതോടെ ഇയാളെ യു.എ.ഇ. വാസിയായി പരിഗണിക്കും. ഇന്ത്യയിലും യു.എ.ഇ.യിലും ജോലിയോ ബിസിനസോ ഉണ്ടെങ്കിൽ, ഇയാൾ സ്ഥിരമായി എവിടെയാണു താമസിക്കുന്നതെന്നു നോക്കും. യു.എ.ഇ.യിൽ താസമിച്ച്, ഇടയ്ക്കുമാത്രം ഇന്ത്യയിലെത്തുകയാണെങ്കിൽ ഇയാളെ പ്രവാസിയായി കണക്കാക്കും.

ഇന്ത്യൻ പൗരന് ഇന്ത്യയിൽ മാത്രം സ്ഥിരവസതിയുണ്ടാവുകയും ഇവിടെ നികുതിയടയ്ക്കുന്നത് ഒഴിവാക്കാൻ യു.എ.ഇ.യിൽ താമസമാക്കുകയും ചെയ്തു എന്നുവിചാരിക്കുക. ഈ സാഹചര്യത്തിൽ, അയാളെ ഇന്ത്യക്കാരനായി കണക്കാക്കും. അയാളുണ്ടാക്കുന്ന വരുമാനത്തിന് ഇന്ത്യയിൽ നികുതിയടയ്‌ക്കേണ്ടിയും വരുമെന്നാണ് കേന്ദ്രം വിശദീകരിക്കുന്നത്. ഇന്ത്യൻ പൗരന് ഇന്ത്യയിൽ സ്ഥിരവസതിയുണ്ടെന്നും വരുമാനമാർഗങ്ങൾ ഇവിടെ മാത്രമാണുള്ളതെന്നും കരുതുക. അയാൾ യു.എ.ഇ.യിലും വീടുവാങ്ങുകയും ഇന്ത്യയിലെ സാമ്പത്തിക ഇടപാടുകൾ നിലനിർത്തുകയും ചെയ്താൽ, ഇന്ത്യയിലെ താമസക്കാരനായി കരുതും. അയാളുടെ മൊത്തം വരുമാനത്തിനും ഇവിടെ നികുതിയൊടുക്കേണ്ടിയുംവരും.

ഇന്ത്യൻ പൗരന് യു.എ.ഇ.യിൽ മാത്രമാണ് സ്ഥിരവസതിയുള്ളതെങ്കിൽ, അയാളെ അവിടത്തെ താമസക്കാരനായി കണക്കാക്കും. അവിടെയുണ്ടാക്കുന്ന വരുമാനത്തിന് ഇവിടെ നികുതിയടയ്‌ക്കേണ്ട. ഇന്ത്യയിലും യു.എ.ഇ.യിലും സ്ഥിരവസതിയുണ്ടെന്നു കരുതുക. യു.എ.ഇ.യിൽ മാത്രമാണ് സാമ്പത്തിക സ്രോതസ്സുള്ളതെങ്കിൽ, അയാളെ അവിടത്തുകാരനായി കണക്കാക്കും. അവിടത്തെ വരുമാനത്തിന് ഇവിടെ നികുതിയടക്കേണ്ട. ഇന്ത്യയിലും യു.എ.ഇ.യിലും സ്ഥിരവസതിയും ബിസിനസുമുണ്ടെന്നു വെക്കുക. യു.എ.ഇ.യിൽ പതിവായും ഇന്ത്യയിൽ വല്ലപ്പോഴും താമസിക്കുന്നുവെന്നും കരുതുക. അയാളെ യു.എ.ഇ.യിലുള്ളയാളായി കണക്കാക്കും അവിടത്തെ വരുമാനത്തിന് ഇവിടെ നികുതിയടയ്‌ക്കേണ്ട.

240 ദിവസം വിദേശത്തു താമസിച്ചാൽ പ്രവാസി

ആരാണ് പ്രവാസി എന്ന നിർവ്വചനം കേന്ദ്രസർക്കാർ കൊണ്ടുവന്നതും കടുത്ത എതിർപ്പുകൾക്ക് ഇടയാക്കിയിട്ടുണ്ട്. 120 ദിവസമോ അതിൽ കൂടുതലോ ഇന്ത്യയിൽ താമസിക്കുന്നവർ നികുതി നൽകണം എന്ന നിർദ്ദേശത്തിൽ പ്രവാസലോകം അക്ഷരാർഥത്തിൽ ഞെട്ടി. നേരത്തെ 182 ദിവസം ഇന്ത്യയ്ക്കു പുറത്ത് താമസിക്കുന്നവരെയാണ് പ്രവാസിയായി കണക്കാക്കിയിരുന്നത്. അതാണിപ്പോൾ 240 ദിവസമാക്കി ഉയർത്തിയിട്ടുണ്ട്. നികുതി ഇല്ലാത്ത രാജ്യങ്ങളിൽ താമസിക്കുന്നവർക്കാണ് നികുതി ബാധകമാകുക എന്ന പ്രഖ്യാപനം വന്നതോടെ ജിസിസി രാജ്യങ്ങളിൽ താമസിക്കുന്ന എല്ലാവരും നികുതി നൽകേണ്ടി വരും എന്ന നിലയിലായി ആശങ്ക. ഇതു സംബന്ധിച്ച് കൂടുതൽ വിശദീകരണം കാത്തിരിക്കേണ്ട സാഹചര്യമാണ്. അതേസമയം, ഇന്ത്യയിലും വ്യവസായം നടത്തുന്ന പ്രവാസികൾക്കു മാത്രമേ പുതിയ നയം കൊണ്ട് ബുദ്ധിമുട്ടുണ്ടാകൂ എന്നാണ് വിശദീകരണം. അവർക്ക് 120 ദിവസത്തിൽ കൂടുതൽ ഇന്ത്യയിൽ തങ്ങാൻ കഴിയില്ല. അപ്പോൾ ഇന്ത്യയിലെ സംരംഭങ്ങളിൽ കൂടുതൽ ശ്രദ്ധ നൽകാനാവാതെ വരും.ഒരു രാജ്യത്തും താമസ വീസ ഇല്ലാത്തവർക്കേ ആഗോളതലത്തിലുള്ള വരുമാനത്തിനു നികുതി നൽകേണ്ടി വരൂ എന്നും വിശദീകരണമുണ്ട്.

വിവിധ രാജ്യങ്ങളിൽ വൻ വ്യവസായങ്ങൾ നടത്തുകയും അവിടെയൊന്നും നികുതി നൽകാതെ പ്രവാസി പദവി നിലനിർത്താൻ ഇന്ത്യയിലെത്തി അവിടെയും നികുതി നൽകാത്തവരെ കുടുക്കാനാണ് ഈ നയം എന്നാണ് വിശദീകരണം. ദുബായിലെ ഇന്ത്യൻ അധികൃതരും ഇതാണ് വ്യക്തമാക്കുന്നത്. പ്രവാസികൾക്ക് കാര്യമായി ഒന്നും ബജറ്റിൽ ഇല്ലെങ്കിലും കുറഞ്ഞ വരുമാനത്തിൽ നിന്ന് കൂടുതൽ വളർച്ചാ അവസരങ്ങൾ കണ്ടെത്താനും ആരോഗ്യമേഖലയ്ക്കു ഗുണകരമായ ചില കാര്യങ്ങളുമുണ്ടെന്ന് ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ സ്ഥാപക ചെയർമാൻ ഡോ. ആസാദ് മൂപ്പൻ പ്രതികരിച്ചു.

അതേ സമയം 120 ദിവസത്തിൽ കൂടുതൽ ഇന്ത്യയിൽ തങ്ങിയാൽ പ്രവാസിയുടെ ആനുകൂല്യം നഷ്ടമാകുമെന്ന വ്യവസ്ഥ ഇന്ത്യയിലും ബിസിനസ്സു ചെയ്യുന്ന പ്രവാസികൾക്ക് ബുദ്ധിമുട്ടാകുമെന്ന് പ്രവാസി വ്യവസായി ക്രെസ്റ്റൺ മേനോൻ എന്ന രാജു മേനോൻ പ്രതികരിച്ചു. 240 ദിവസം ഇന്ത്യയ്ക്ക് പുറത്തല്ലെങ്കിൽ ലോകത്ത് എവിടെ നിന്ന് ബിസിനസിലൂടെ ലഭിക്കുന്ന വരുമാനത്തിനും ഇന്ത്യയിൽ നികുതി നൽകേണ്ടിവരും. പല രാജ്യങ്ങളിൽ ബിസിനസ് ചെയ്യുകയും ഒരിടത്തും നികുതി നൽകാതിരിക്കുകയും ചെയ്യുന്നവരെ ഇതിലൂടെ നികുതിദായകരാക്കുന്നത് ഇന്ത്യൻ സമ്പദ് വ്യവസ്ഥയ്ക്ക് ആദായകരം തന്നെ. അതേസമയം, നികുതി രഹിത രാജ്യങ്ങളിൽ കഴിയുന്നവർ ഇന്ത്യയിൽ നികുതി അടയ്ക്കണമെന്ന വ്യവസ്ഥ സംബന്ധിച്ച് കൂടുതൽ വ്യക്തത ഉണ്ടാകണം - രാജു മേനോൻ പറഞ്ഞു.

അതേസമയം ശരിയായ പ്രവാസികൾക്കേ ഇനി ആനുകൂല്യം ലഭിക്കൂ എന്ന അഭിപ്രായവും ഇതോടൊപ്പം ഉയരുന്നുണ്ട്. മുൻപ് ധാരാളം ആളുകൾ പല വ്യവസ്ഥകളും ദുരുപയോഗം ചെയ്ത സാഹചര്യത്തിലാവാം ഇത്. ഉയർന്ന തസ്തികകളിൽ നിന്നു വിരമിച്ചവരടക്കം വിദേശത്ത് മക്കൾക്കൊപ്പം പോയി താമസിച്ചിട്ട് പ്രവാസി എന്ന നിലയിലുള്ള നികുതി ആനുകൂല്യങ്ങൾ നേടിയിരുന്നു. ഇതില്ലാതാകുമെന്ന് അഭിപ്രായപ്പെടുന്നവരുണ്ട്. അതേസമയം പ്രവാസി ഇന്ത്യയിൽ ഉണ്ടാക്കുന്ന വരുമാനത്തിന് മുമ്പും ഇവിടെ നികുതി അടയ്ക്കണമെന്ന വ്യവസ്ഥ നിലനിൽക്കുന്നുണ്ട്. ഇത് ബാധകമായിരിക്കവേ എന്തിനാണ് ഇങ്ങനൊരു പ്രഖ്യാപനം ആശങ്കയും ഉയരുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP