Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഗൾഫ് മലയാളികളുടെ വയറ്റത്തടിക്കാൻ മോദി സർക്കാർ കൂട്ടുനിൽക്കില്ല; കേന്ദ്ര ബജറ്റിൽ നിർദ്ദേശിച്ച പ്രവാസി ഇന്ത്യാക്കാരുടെ നികുതിയിൽ വിശദീകരണം; വിദേശത്തെ വരുമാനത്തിന് നികുതി നൽകേണ്ടതില്ല; നികുതി നൽകേണ്ടത് നാട്ടിലെ വരുമാനത്തിന് മാത്രം; വ്യക്തമാക്കിയത് സംസ്ഥാനം അയച്ച കത്തിനുള്ള മറുപടിയിൽ; എൻആർഐ പദവി മാനദണ്ഡങ്ങളിൽ വരുത്തിയ മാറ്റങ്ങൾ മലയാളികൾ അടക്കമുള്ള പ്രവാസി ഇന്ത്യാക്കാർക്ക് തിരിച്ചടിയെന്നും പുനഃ പരിശോധിക്കണമെന്നും പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ മുഖ്യമന്ത്രി

ഗൾഫ് മലയാളികളുടെ വയറ്റത്തടിക്കാൻ മോദി സർക്കാർ കൂട്ടുനിൽക്കില്ല; കേന്ദ്ര ബജറ്റിൽ നിർദ്ദേശിച്ച പ്രവാസി ഇന്ത്യാക്കാരുടെ നികുതിയിൽ വിശദീകരണം; വിദേശത്തെ വരുമാനത്തിന് നികുതി നൽകേണ്ടതില്ല; നികുതി നൽകേണ്ടത് നാട്ടിലെ വരുമാനത്തിന് മാത്രം; വ്യക്തമാക്കിയത് സംസ്ഥാനം അയച്ച കത്തിനുള്ള മറുപടിയിൽ; എൻആർഐ പദവി മാനദണ്ഡങ്ങളിൽ വരുത്തിയ മാറ്റങ്ങൾ മലയാളികൾ അടക്കമുള്ള പ്രവാസി ഇന്ത്യാക്കാർക്ക് തിരിച്ചടിയെന്നും പുനഃ പരിശോധിക്കണമെന്നും പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ മുഖ്യമന്ത്രി

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ബജറ്റിൽ നിർദ്ദേശിച്ച പ്രവാസി ഇന്ത്യാക്കാരുടെ നികുതിയിൽ കേന്ദ്ര സർക്കാർ വിശദീകരണവുമായി രംഗത്തെത്തി. വിദേശത്തെ വരുമാനത്തിന് നികുതി നൽകേണ്ടതില്ല. നാട്ടിലെ വരുമാനത്തിന് മാത്രം നികുതി നൽകിയാൽ മതിയാകും. സംസ്ഥാനത്തിന്റെ കത്തിനുള്ള മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. നേരത്തെ മുഖ്യമന്ത്രി പിണറായി വിജയൻ ഇക്കാര്യത്തിലുള്ള ആശങ്ക അറിയിച്ച് പ്രധാനമന്ത്രിക്ക് കത്ത് അയച്ചിരുന്നു.

പ്രവാസി ഇന്ത്യക്കാരൻ ഇന്ത്യയിലുള്ള വീട് വാടകയ്ക്ക് കൊടുത്ത് വരുമാനമുണ്ടാക്കുകയാണെങ്കിൽ അതിനു നികുതി നൽകണം. പ്രവാസിയെന്ന കാരണംകൊണ്ട് ഇന്ത്യയിൽനിന്നുള്ള ഈ വരുമാനത്തിനു ഇവിടെയും താമസിക്കുന്ന രാജ്യത്തും നികുതി നൽകാതിരിക്കുന്ന സാഹചര്യം ഉണ്ടാകാൻ പാടില്ല. ഇന്ത്യയിലുള്ള ബിസിനസിൽനിന്നോ വീട്ടുവാടകയിൽനിന്നോ ലഭിക്കുന്ന വരുമാനത്തിനു മാത്രമാണ് നികുതി.

അതേസമയം, ദുബായിൽ നിങ്ങൾ സമ്പാദിക്കുന്ന പണത്തിനല്ല താൻ നികുതി ഏർപ്പെടുത്തിയിരിക്കുന്നതെന്നും ഉദാഹരണമെന്ന നിലയിൽ നിർമല വിശദീകരിച്ചു. പ്രവാസി ഇന്ത്യക്കാർ അവർ താമസിക്കുന്ന രാജ്യത്ത് നികുതി നൽകുന്നില്ലെങ്കിൽ ഇന്ത്യയിൽ വരുമാന നികുതി നൽകേണ്ടിവരുമെന്ന റിപ്പോർട്ട് തെറ്റാണെന്നും ധനമന്ത്രി നിർമല സീതാരാമൻ വ്യക്തമാക്കി.

നിലവിൽ പ്രവാസികൾ നികുതി നൽകുന്നത് അവർക്ക് ഇന്ത്യയിൽ നിന്ന് കിട്ടുന്ന വരുമാനത്തിന് മാത്രമാണ്. അതായത് വിദേശത്ത് ജോലി ചെയ്യുന്നതിനൊപ്പം ഇന്ത്യൻ കമ്പനികളിൽ നിന്ന് ഇന്ത്യയിൽ നൽകുന്ന സേവനങ്ങൾക്ക് പണം വാങ്ങിയാൽ അതിന് നികുതി നൽകണം. ഇതിനൊപ്പം രാജ്യത്ത് വസ്തുവകകളും മറ്റും വാടകയ്ക്ക് കൊടുക്കുന്നതിലൂടെ കിട്ടുന്ന പണത്തിനും നികുതി നൽകേണ്ടതുണ്ട്. എന്നാൽ പുതിയ ഭേദഗതി അനുസരിച്ച് രാജ്യത്തിന് പുറത്ത് നിന്ന് ഉണ്ടാക്കുന്ന സമ്പാദ്യത്തിനും അവിടെ നികുതി നൽകുന്നില്ലെങ്കിൽ ഇന്ത്യയിൽ നികുതി നൽകണം എന്നാണ് ബജറ്റ് അവതരിപ്പിച്ചപ്പോൾ ധാരണ വന്നത്. ആഗോള നികുതി സംവിധാനത്തിലെ മാറ്റങ്ങളെ ഉൾക്കൊള്ളാനാണ് ഇതെന്നാണ് കേന്ദ്ര സർക്കാർ വിശദീകരിക്കുന്നത്. നികുതി നൽകാതെ തട്ടിപ്പ് നടത്തുന്ന ചിലരെ പിടിക്കാനാണിതെന്നും പറയുന്നു.

കഠിനാദ്ധ്വാനത്തിലൂടെ സമ്പാദിക്കുന്ന പണം ജന്മനാട്ടിലേയ്ക്ക് കൊണ്ടുവരുന്ന സാധാരണക്കാരായ പ്രവാസികളെ കടന്നാക്രമിക്കരുതെന്ന് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് അയച്ച് കത്തിൽ ആവശ്യപ്പെട്ടിരുന്നു.' മറ്റൊരു ഭേദഗതി നിർദ്ദേശം ഇപ്പോൾ താമസിക്കുന്ന രാജ്യത്തോ പ്രദേശത്തോ നികുതി അടക്കേണ്ടതില്ലാത്ത ഇന്ത്യൻ പൗരനായ വ്യക്തി, മുൻവർഷങ്ങളിൽ ഇന്ത്യയിൽ താമസിച്ചതായി കണക്കാക്കി നികുതി ചുമത്താനുള്ളതാണ്. നികുതി വെട്ടിപ്പ് തടയുകയും അത് കണ്ടെത്തി ആ പണം സാമൂഹ്യക്ഷേമത്തിനായി ഉപയോഗിക്കുകയും ചെയ്യണം എന്നതിൽ ആർക്കും തർക്കമില്ല. എന്നാൽ അത്തരം നടപടികൾ ആദായ നികുതി അടയ്ക്കാൻ വരുമാനമില്ലാത്ത, സാമ്പത്തികമായി താഴേക്കിടയിലുള്ള ഗൾഫ് മലയാളികളെ തകർക്കുന്നതാകരുത്. കഠിനാദ്ധ്വാനത്തിലൂടെ സമ്പാദിക്കുന്ന പണം ജന്മനാട്ടിലേയ്ക്ക് കൊണ്ടുവരുന്ന സാധാരണക്കാരായ പ്രവാസികളെ കടന്നാക്രമിക്കരുത്.

ഗൾഫ് രാജ്യങ്ങളിലെ പ്രവാസി മലയാളികൾ അയക്കുന്ന പണമാണ് കേരളത്തിന്റെ സമ്പദ് വ്യവസ്ഥയുടെ വലിയ കൈത്താങ്ങ്. ഈ ഭേദഗതി അതുകൊണ്ട് തന്നെ കേരളത്തിന്റെ സമ്പദ് വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുമെന്നത് നിസ്സംശയമാണ്.നികുതി വെട്ടിപ്പ് പരിശോധിക്കാനെന്ന പേരിൽ നടപ്പിലാക്കുന്ന ഈ ഭേദഗതി വിദേശത്ത് കഷ്ടപ്പെട്ട് രാജ്യത്തിനായി വിദേശനാണ്യം സമ്പാദിക്കുന്ന സാധാരണക്കാരന്റെ വയറ്റത്തടിക്കുന്നതാണ്. ഈ ഭേദഗതി നടപ്പിലാക്കാനുള്ള നീക്കത്തിൽ നിന്നും കേന്ദ്ര സർക്കാർ പിന്തിരിയണം', പിണറായി വിജയൻ ആവശ്യപ്പെട്ടു.

വർഷത്തിൽ 240 ദിവസം വിദേശത്ത് താമസിച്ചില്ലെങ്കിൽ ഇനി എൻ ആർ ഐ പദവി എടുത്ത് കളയുന്ന ഞെട്ടിക്കുന്ന പ്രഖ്യാപനവും ബജറ്റിൽ ഉണ്ട്. ഇക്കാര്യവും മുഖ്യമന്ത്രി തന്റെ കത്തിൽ സൂചിപ്പിച്ചിട്ടുണ്ട്.

'പ്രവാസി ഇന്ത്യക്കാർക്ക് ഇരുട്ടടിയാണ് 2020-ലെ കേന്ദ്ര ബഡ്ജറ്റിലെ ആദായ നികുതിയുമായി ബന്ധപ്പെട്ട മാറ്റങ്ങൾ. ബഡ്ജറ്റിനോടൊപ്പം അവതരിപ്പിച്ച ധനബില്ലിൽ ഇന്ത്യയിൽ നികുതി അടയ്ക്കുന്നതിനു വേണ്ട സ്ഥിരവാസി പദവി നിശ്ചയിക്കുന്നതിനാവശ്യമായ വ്യവസ്ഥകൾ ഉൾക്കൊള്ളുന്ന ഇൻകം ടാക്‌സ് ആക്റ്റ് 1961 - ലെ സെക്ഷൻ 6 ഭേദഗതി ചെയ്യാനുള്ള ശുപാർശ പ്രവാസികളെ രൂക്ഷമായി ബാധിക്കും.

നിലവിൽ, 182-ഓ അതിൽ കൂടുതലോ ദിവസം ഇന്ത്യയിൽ താമസിക്കുന്ന ഇന്ത്യൻ പൗരന്മാരേയോ, ഇന്ത്യയിൽ ജനിച്ച ആളുകളേയോ ആണ് സ്ഥിരവാസികളായി കണക്കാക്കുന്നത്. ഈ കാലയളവ് 120 ദിവസങ്ങളായി കുറയ്ക്കുന്നതാണ് ഭേദഗതി നിർദ്ദേശം. സാധാരണ ഗതിയിൽ ഇന്ത്യയിൽ താമസിക്കുന്ന ഒരാൾ ലോകത്ത് എവിടെ നിന്നും വരുമാനം ഉണ്ടാക്കിയാലും അത് ഇന്ത്യയിൽ നികുതിക്ക് വിധേയമാണ്. എന്നാൽ സ്ഥിരവാസി അല്ലാത്ത ഒരാൾക്ക് ഇതിൽ ഇളവുണ്ട്. ആ ഇളവാണ് ഇല്ലാതാവുക. ധനകാര്യ ബില്ലിന്റെ വിശദീകരണ കുറിപ്പിൽ നികുതി വെട്ടിപ്പ് പരിശോധിക്കാനാണെന്നു പറയുന്നുണ്ടെങ്കിലും, ഭൂരിപക്ഷം വരുന്ന, കൃത്യമായി നികുതി നിയമങ്ങൾ പാലിക്കുന്ന ആളുകളെ ആണ് ഭേദഗതി ബാധിക്കുക.

മദ്ധ്യപൂർവേഷ്യൻ രാജ്യങ്ങളിൽ ഉള്ള ഭൂരിപക്ഷം മലയാളികളും കേരളത്തിൽ വീടും കുടുംബവും-ബന്ധുക്കളും ഉള്ളവരാണ്. വീട്ടുകാര്യങ്ങൾക്കായി അവർ കേരളത്തിൽ വരികയും താമസിക്കുകയും ചെയ്യുന്നു. നികുതി വെട്ടിപ്പ് അവരുടെ ലക്ഷ്യമല്ല. നികുതി ഒഴിവാക്കുന്നതിനു വേണ്ടി രാജ്യം വിടുന്ന കൂട്ടത്തിൽ പെടുന്നവരല്ല അവർ.

ഗൾഫ് രാജ്യങ്ങളിൽ ജോലി ചെയ്യുകയോ ചെറുകിട ബിസിനസ് നടത്തുകയോ ചെയ്യുന്ന മലയാളികൾക്ക് നാട്ടിലുള്ള കുടുംബത്തിന്റെ കാര്യങ്ങൾ നോക്കേണ്ട ഉത്തരവാദിത്വമുണ്ട്. സ്ഥിരവാസി ആയി കണക്കാനുള്ള മാനദണ്ഡം 182 ദിവസമായിരുന്നത് 120 ദിവസമായി കുറച്ചപ്പോൾ പ്രവാസികൾക്ക് സ്വന്തം നാട്ടിനോടുള്ള സ്‌നേഹത്തിലും കർത്തവ്യങ്ങളിലുമാണ് കത്തി വെക്കുന്നത്. എണ്ണക്കമ്പനികളിലും റിഗ്ഗുകളിലും മർച്ചന്റ് കപ്പലുകളിലും മറ്റും ജോലി ചെയ്യുന്നവരും 120 ദിവസത്തിൽ കൂടുതൽ നാട്ടിൽ വിവിധ കാരണങ്ങളാൽ താങ്ങേണ്ടിവരുന്നവരും ഈ ഭേദഗതിയുടെ ഇരകളാകും എന്നതാണ് ഇപ്പോൾ ഉയർന്നിട്ടുള്ള ആശങ്ക. പ്രവാസികൾക്കുള്ള ആനുകൂല്യങ്ങൾ അവർക്ക് നിഷേധിക്കപ്പെടുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP