Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

എംബിബിഎസ് പഠിക്കും.. നേഴ്‌സുമാകും....എന്നാൽ രോഗം വന്നാൽ മരുന്ന് കഴിക്കില്ല! കൊറോണയ്ക്ക് ടിപിഎം എന്നോ നിരീശ്വരവാദി എന്നോ വ്യത്യാസം ഒന്നും ഇല്ല; എന്തെങ്കിലും സംഭവിച്ചാൽ കുടുംബാഗങ്ങൾ നിയമ നടപടി നേരിടേണ്ടി വരും എന്ന് മാത്രമല്ല പെന്തോകോസ്തുകാർ എന്നാൽ ഒരു കോമഡി ആയി സമൂഹത്തിന് മുമ്പിൽ മാറ്റപ്പെടും; ചൈനയിൽ നിന്നും തൃശൂരിൽ എത്തിയ പനി ബാധിച്ച പെൺകുട്ടിയുടെ 'വിശ്വാസം' ചികിൽസയ്ക്ക് എതിരായിരുന്നോ? നിലപാട് വിശദീകരിച്ച് പെന്തകോസ്ത് ഗ്രൂപ്പുകൾ

എംബിബിഎസ് പഠിക്കും.. നേഴ്‌സുമാകും....എന്നാൽ രോഗം വന്നാൽ മരുന്ന് കഴിക്കില്ല! കൊറോണയ്ക്ക് ടിപിഎം എന്നോ നിരീശ്വരവാദി എന്നോ വ്യത്യാസം ഒന്നും ഇല്ല; എന്തെങ്കിലും സംഭവിച്ചാൽ കുടുംബാഗങ്ങൾ നിയമ നടപടി നേരിടേണ്ടി വരും എന്ന് മാത്രമല്ല പെന്തോകോസ്തുകാർ എന്നാൽ ഒരു കോമഡി ആയി സമൂഹത്തിന് മുമ്പിൽ മാറ്റപ്പെടും; ചൈനയിൽ നിന്നും തൃശൂരിൽ എത്തിയ പനി ബാധിച്ച പെൺകുട്ടിയുടെ 'വിശ്വാസം' ചികിൽസയ്ക്ക് എതിരായിരുന്നോ? നിലപാട് വിശദീകരിച്ച് പെന്തകോസ്ത് ഗ്രൂപ്പുകൾ

മറുനാടൻ മലയാളി ബ്യൂറോ

തൃശ്ശൂർ: ചൈനയിൽനിന്നു തിരിച്ചെത്തി ആശുപത്രിയിലെത്താതെ വീട്ടിൽ പ്രാർത്ഥനയുമായി കഴിഞ്ഞ പനി ബാധിച്ച പെൺകുട്ടിയേയും കുടുംബത്തേയും ആരോഗ്യ വകുപ്പ് ആശുപത്രിയിൽ എത്തിച്ചത് അറസ്റ്റ് ചെയ്യുമെന്ന ഭീഷണിയിലൂടെയാണ്. ഈ പെൺകുട്ടി ചൈനയിൽ പഠിക്കുന്നത് എംബിബിഎസിനും. ദി പെന്തകോസ്ത് മിഷനിൽ അംഗമാണ് ഈ കുടുംബം. ഇവരാണ് ചികിൽസയോട് മുഖം തിരിച്ചത്. വിവിധ പെന്തകോസ്ത് സഭാ ഫെയ്‌സ് ബുക്ക് കൂട്ടായ്മയിലും മറ്റും ഇത് വലിയ ചർച്ചയായി മാറുകയാണ്. പെന്തകൊസ്തിൽ ടി.പി.എം വിഭാഗത്തിൽ ഉള്ളവർ മക്കളെ എം.ബി.ബി.എസ്, നഴ്സിങ് തുടങ്ങിയവ പഠിപ്പിക്കും. എന്നാൽ അവർ ചികിത്സ എടുക്കില്ല. കൊറോണ വൈറസ് പരക്കുന്ന ഈ സമയത്ത് ചികിത്സ തേടില്ല എന്ന ഇവരുടെ തെറ്റായ നടപടി ചോദ്യം ചെയ്യപ്പെടേണ്ടതാണെന്ന തരത്തിലാണ് ഗ്രൂപ്പുകളിലെ ചർച്ചകൾ.

പെന്തകോസ്ത് സഭാ അംഗങ്ങൾ തന്നെ പ്രതികരണവുമായി ചർച്ച കൊഴുപ്പിക്കുന്നുണ്ട്. ചികിൽസ നിരസിച്ച ഈ പ്രത്യേക മതവിഭാഗം ടിപിഎം സഭ ആണെന്നാണ് ആണ് ആക്ഷേപം. കൊറോണയ്ക്ക് ടിപിഎം എന്നോ നിരീശ്വരവാദി എന്നോ വ്യത്യാസം ഒന്നും ഇല്ല. അതുകൊണ്ട് ദയവ് ചെയ്ത് എല്ലാവരും ആരോഗ്യ വകുപ്പും ആയി സഹകരിക്കുക. ഒരാൾക്ക് രോഗം ഉണ്ടായാൽ അത് അയാളെ മാത്രം അല്ല. ചുറ്റുപാടും ഉള്ളവരേയും ബാധിക്കും എന്ന് അറിയുക. എന്തെങ്കിലും സംഭവിച്ചാൽ കുടുംബാഗങ്ങൾ നിയമ നടപടി നേരിടേണ്ടി വരും എന്ന് മാത്രമല്ല പെന്തോകോസ്തുകാർ എന്നാൽ ഒരു കോമഡി ആയി സമൂഹത്തിന് മുമ്പിൽ മാറ്റപ്പെടും എന്നെങ്കിലും ഓർക്കുക-ഇതാണ് മറ്റൊരു ശ്രദ്ധയമായ കമന്റ്. ഇതോടെ ടിപിഎം വിഭാഗമാണ് ചികിൽസയോട് മുഖം തിരിച്ചതെന്ന് കൂടിയാണ് വ്യക്തമാകുന്നത്.

പെന്തകോസ്ത് വിഭാഗത്തിലെ തീവ്ര നിലപാടുകാരുടെ സഭയാണ് ദി പെന്തകോസ്ത് മിഷൻ. ഇവർ മരുന്നുകൾ ഉപയോഗിക്കാറില്ല. എന്ത് അസുഖം വന്നാലും മുപ്പൻ വന്ന് പ്രാർത്ഥിച്ച് ഭേദമാക്കും. ഇതിലാണ് വിശ്വാസം. അതുകൊണ്ടാണ് ചൈനയിൽ നിന്നെത്തിയ കുട്ടി പനി ബാധിച്ചിട്ടും വീട്ടിൽ തന്നെ തുടർന്നത്. എന്നാൽ ഇവരിൽ പലരും എംബിബിഎസും നേഴ്‌സിംഗും പഠിക്കുന്നുണ്ട്. ചികിൽസ ചെയ്യുന്നുമുണ്ട്. എന്നാൽ സ്വന്തം അസുഖം വരുമ്പോൾ മരുന്ന് കഴിക്കുയുമില്ല. സ്വയം വിശ്വാസമില്ലെങ്കിൽ എന്തിനാണ് ഇങ്ങനെ മരുന്ന് മറ്റുള്ളവർക്ക് കുറിച്ചു കൊടുക്കുന്നതെന്ന ചർച്ചയാണ് തൃശൂരിലെ സംഭവത്തോടെ ഉയരുന്നത്. ഇതര പെന്തകോസ്ത് സഭാ വിശ്വാസികളാണ് പ്രതിഷേധവുമായി എത്തുന്നത്.

തൃശൂരിലാണ് പെൺകുട്ടി ചികിൽസയോട് മുഖം തിരിച്ചത്. മന്ത്രി നിയോഗിച്ച സംഘം കുടുംബത്തെ 3 മണിക്കൂറോളം ഉപദേശിച്ച ശേഷമാണു ചികിത്സയ്ക്കു തയാറായത്. ഇതെത്തുടർന്നു പെൺകുട്ടിയെ ഐസലേഷൻ വാർഡിലാക്കി. സ്രവം പരിശോധനയ്ക്ക് അയച്ചു. വീട്ടുകാർ കരുതൽ നിരീക്ഷണത്തിലുമായി. തൃശൂരിൽ ചികിൽസ തേടുന്ന കൊറോണ സ്ഥിരീകരിച്ച വിദ്യാർത്ഥിക്കൊപ്പം വിമാനത്തിലാണ് ഈ പെൺകുട്ടിയും വന്നത്. പനി ബാധിച്ചിട്ടുമുണ്ട്. ഫോൺ വിളിച്ചിട്ടു പ്രതികരിക്കാത്തതിനാൽ ആരോഗ്യപ്രവർത്തകർ വീട്ടിലെത്തുകയായിരുന്നു. വീട്ടിൽ എത്തിയപ്പോഴാണ് പെൺകുട്ടി ചികിത്സക്ക് തയ്യാറാവാതെ പ്രാർത്ഥനയുമായി കഴിയുന്ന കാഴ്ച കണ്ടത്.

ഇതേത്തുടർന്ന് പെൺകുട്ടിയെ മെഡിക്കൽ സംഘം ബോധവത്കരണം നടത്തുകയായിരുന്നു. മൂന്നു മണിക്കൂറോളം നീണ്ട ബോധവത്കരണത്തിനു ശേഷം കുട്ടി ചികിത്സക്ക് തയ്യാറാവുകയായിരുന്നു. ബോധവത്കരണ ശ്രമം വിജയിച്ചില്ലെങ്കിൽ പെൺകുട്ടിയെ അറസ്റ്റ് ചെയ്ത് ആശുപത്രിയിൽ എത്തിക്കാനായിരുന്നു നീക്കം. ഇത് കുടുംബത്തെ അറിയിച്ചതോടെയാണ് സഹകരിക്കാൻ തയ്യാറായത്. ഇത് വാർത്തയായി. ഇതിന് പിന്നാലെയാണ് പെന്തകോസ്ത് ഗ്രൂപ്പുകളിൽ ചർച്ച തുടങ്ങിയതും.

കേരളത്തിലെ രണ്ടാമത്തെ കൊറോണബാധയും വുഹാൻ സർവകലാശാലയിൽ നിന്നെത്തിയ വിദ്യാർത്ഥിയാണെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ഇവർക്ക് രോഗബാധ സംബന്ധിച്ച് സ്ഥിരീകരിച്ചുകൊണ്ടുള്ള റിപ്പോർട്ട് ഇതുവരെ കിട്ടിയിട്ടില്ല. പുണെയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ നടത്തിയ പരിശോധനയിൽ പ്രാഥമിക നിഗമനം മാത്രമാണ് ഉണ്ടായതെന്നും ആരോഗ്യമന്ത്രി പറഞ്ഞു. 'ഇന്ന് ഒരു കേസ് കൂടി പോസിറ്റീവ് ആണെന്നത് പ്രാഥമിക പരിശോധനയിലെ നിഗമനമാണ്. പുണെയിൽ നിന്ന് പരിശോധനാ ഫലം ലഭിച്ചിട്ടില്ല. ഫോൺ വഴി ബന്ധപ്പെട്ടപ്പോൾ കിട്ടിയ വിവരം മാത്രമാണ് ഉള്ളത്. സംശയിക്കുന്നത്, ആലപ്പുഴ മെഡിക്കൽ കോളേജിലുള്ള കുട്ടിക്കാണ് കോറോണവൈറസ് ബാധയുള്ളത് എന്നാണ്. ഇത് നിഗമനം മാത്രമാണ്. റിപ്പോർട്ട് വരാതെ സ്ഥിരീകരിക്കാൻ സാധിക്കില്ല. വുഹാൻ സർവകലാശാലയിൽ നിന്ന് വന്നതാണ് ഈ കുട്ടിയു'മെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

രോഗമുള്ളവരോ രോഗ സാധ്യതയുള്ളവരോ ആരോഗ്യ വകുപ്പിന്റെ മുൻകരുതൽ നടപടിയുമായി പൂർണ്ണമായി സഹകരിക്കണം. ആരും അതിൽ വീഴ്ച വരുത്തരുത്. രോഗവ്യാപനം തടയാനും ആപത്തിലേക്ക് പോകാതിരിക്കാനുമാണ് ആരോഗ്യ വകുപ്പ് ജാഗ്രതാ നിർദ്ദേശം നൽകുന്നത്. അത് എല്ലാവരും മനസിലാക്കി പ്രവർത്തിക്കണമെന്നും ആരോഗ്യമന്ത്രി കെകെ ശൈലജ പറഞ്ഞു. കൊറോണ ബാധ തടയാൻ തുടക്കം മുതലേ ശ്രദ്ധയോടെ പരിശ്രമിക്കുന്നുണ്ട്. വുഹാനിൽ പഠിക്കാൻ പോയവരിൽ കേരളത്തിൽ നിന്നുള്ളവരാണ് അധികവും. അവരിൽ പലരും കേരളത്തിലേക്ക് തിരിച്ചെത്തി. ഇവരെ കണ്ടെത്തി നിരീക്ഷണത്തിൽ വയ്ക്കുകയാണ് ചെയ്യുന്നത്. ചൈനയിൽ നിന്ന് തിരിച്ച് വന്നവർ സർക്കാരിന്റെ നിർദ്ദേശം നിർബന്ധമായും കേൾക്കണം.

ജാഗ്രത ശക്തമാക്കിയിട്ടുണ്ട്. ദേശീയ തലത്തിൽ 14 ദിവസമാണ് ഇൻകുബേഷൻ സമയം. സംസ്ഥാനത്ത് 28 ദിവസം നിരീക്ഷണം തുടരും. സുരക്ഷയ്ക്ക് വേണ്ടിയാണ് നിരീക്ഷണം നീട്ടിയത്. രോഗബാധ വന്നാൽ ഉടൻ മരിച്ചുപോകില്ല. വിശ്രമവും ഐസലേഷനുമാണ് പ്രധാന ചികിത്സ. സർക്കാരുമായി എല്ലാവരും സഹകരിക്കണം. രോഗബാധ സംശയിക്കുന്ന കുട്ടിയും നിരീക്ഷണത്തിലാണുള്ളത്. ആരും അസ്വസ്ഥരാകേണ്ടതില്ല. വീടുകളിൽ നിരീക്ഷണത്തിലുള്ളവർ ആരോഗ്യവകുപ്പിനെ അറിയിക്കാതെ പുറത്തുപോകരുത്. വിവാഹങ്ങൾ നിർബന്ധമായും മാറ്റിവയ്ക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

മറ്റ് രാഷ്ട്രങ്ങളിൽ നിന്ന് വരുന്നവരെ മുഴുവൻ കണ്ടെത്തുക ശ്രമകരമായ ജോലിയാണെന്നും ഊർജ്ജിതമായി ശ്രമിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. പുണെയിലെ ദേശീയ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പരിശോധനാ ഫലം കിട്ടാൻ വൈകുന്നു. ആലപ്പുഴയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ പരിശോധിക്കാൻ സജ്ജമാണ്. ഇതിന് പുണെയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ നിന്ന് പരിശോധിക്കാനുള്ള അനുമതി വേണം. സ്വമേധയാ പരിശോധിക്കാൻ സാധിക്കില്ലെന്നും മന്ത്രി പറഞ്ഞു. അതേസമയം രോഗബാധയേറ്റവർ സുഖപ്പെടുമെന്നും അവരെ ഡൽഹിയിലേക്കോ മറ്റിടങ്ങളിലേക്കോ മാറ്റുന്ന പ്രശ്‌നമേ ഇല്ലെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

ആലപ്പുഴയിൽ ചികിത്സയിലുള്ള വിദ്യാർത്ഥി കഴിഞ്ഞ മാസം 24 നാണ് നാട്ടിലെത്തിയതെന്ന് മന്ത്രി പറഞ്ഞു. 59 പേരിൽ 24 പേരുടെ പരിശോധനാ ഫലം ലഭിച്ചുവെന്നും അതിൽ ഒരാളുടെ മാത്രമാണ് സ്ഥിരീകരിക്കാനായത്. ആലപ്പുഴയിൽ ചികിത്സയിലുള്ള വിദ്യാർത്ഥിയുടെ റിപ്പോർട്ട് ലഭിച്ചിട്ടില്ലെന്ന് മന്ത്രി പറഞ്ഞു. നിപ്പയ്ക്ക് മരുന്നുണ്ടായിരുന്നില്ല, ഡങ്കിപ്പനിക്ക് മരുന്നില്ല. കൊറോണ മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് വേഗത്തിൽ പടരുമെന്നതാണ് വെല്ലുവിളിയെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് 1797 പേർ നിരീക്ഷണത്തിൽ കഴിയുന്നതിൽ ബഹുഭൂരിപക്ഷവും സ്വമേധയാ ആരോഗ്യവകുപ്പിനെ സമീപിച്ചവരാണെന്ന് മന്ത്രി പറഞ്ഞു. കൂടുതൽ പേരും സഹകരിക്കുന്നുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. ചൈനയിൽ നിന്ന് വന്നവരെ ശത്രുതയോടെ ആരും നോക്കരുത്. അവരെ മുഴുവൻ രോഗബാധയുള്ളവരായി കാണരുതെന്നും മന്ത്രി പറഞ്ഞു. രോഗബാധയേറ്റാൽ തന്നെ ചികിത്സിച്ച് ഭേദപ്പെടുത്തുമെന്നും മന്ത്രി ഉറപ്പുപറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP