Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പ്രതിമാസ ശമ്പളം 67,000 രൂപയെങ്കിൽ പഴയ രീതിയിൽ നികുതി അടയ്ക്കേണ്ടതില്ല; പുതിയതെങ്കിൽ 46,800 രൂപ കൊടുക്കണം; ഒരു ലക്ഷം രൂപ ശമ്പളമുള്ളവർക്ക് കിഴിവുകളിലൂടെ നികുതിയെ 70,200 രൂപയാക്കാം; കുറഞ്ഞ നിരക്കിൽ ഡിഡ്ക്ഷനില്ലാതെ കൊടുക്കേണ്ടി വരിക 1,19,600 രൂപയും; നിർമ്മലാ സീതാരാമന്റെ പ്രഖ്യാപനങ്ങൾ ശമ്പള വരുമാനമുള്ള ഇടത്തരക്കാർക്ക് ഗുണകരമല്ല; നേട്ടം ബിസിനസ്സുകാർക്കും; നികുതി പരിഷ്‌കരണത്തിൽ 'ഓപ്ഷൻ' കടന്നുവരുമ്പോൾ

പ്രതിമാസ ശമ്പളം 67,000 രൂപയെങ്കിൽ പഴയ രീതിയിൽ നികുതി അടയ്ക്കേണ്ടതില്ല; പുതിയതെങ്കിൽ 46,800 രൂപ കൊടുക്കണം; ഒരു ലക്ഷം രൂപ ശമ്പളമുള്ളവർക്ക് കിഴിവുകളിലൂടെ നികുതിയെ 70,200 രൂപയാക്കാം; കുറഞ്ഞ നിരക്കിൽ ഡിഡ്ക്ഷനില്ലാതെ കൊടുക്കേണ്ടി വരിക 1,19,600 രൂപയും; നിർമ്മലാ സീതാരാമന്റെ പ്രഖ്യാപനങ്ങൾ ശമ്പള വരുമാനമുള്ള ഇടത്തരക്കാർക്ക് ഗുണകരമല്ല; നേട്ടം ബിസിനസ്സുകാർക്കും; നികുതി പരിഷ്‌കരണത്തിൽ 'ഓപ്ഷൻ' കടന്നുവരുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ


ന്യൂഡൽഹി: ആദായ നികുതി നിരക്കു കുറച്ചുവെന്ന കേന്ദ്ര ബജറ്റിലെ പ്രഖ്യാപനം തട്ടിപ്പ്. പുതിയ രീതിയിലേക്ക് മാറുന്നവർക്ക് കൂടുതൽ നികുതി കൊടുക്കേണ്ടി വരുമെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. നിരക്കിലെ കുറവുകൾ നിബന്ധനകൾക്കു വിധേയമാണ്. കുറഞ്ഞ നിരക്കിന്റെ ആനുകൂല്യം വേണമെങ്കിൽ വിവിധ വകുപ്പുകളിൽപ്പെടുന്ന കിഴിവുകൾ എടുക്കാൻ പാടില്ല എന്നതാണ് ഇതിന് കാരണം. ചില ഡിസ്‌കൗണ്ട് പരസ്യങ്ങൾക്ക് താഴെ കണ്ടീഷൻസ് അപ്ലൈ എന്ന് ചെറിയ അക്ഷരത്തിൽ വ്യാപര സ്ഥാപനങ്ങൾ കൊടുക്കാറുണ്ട്. ഡിസ്‌കൗണ്ട് കണ്ട് സാധനം വാങ്ങാനെത്തുന്നവർ എല്ലാം വാങ്ങി കാശ് കൊടുക്കുമ്പോൾ മാത്രമാകും കണ്ടീഷൻസ് അപ്ലൈ എന്ന വാക്കിലെ ചതി മനസ്സിലാകൂ. ഇതാണ് കേന്ദ്ര ബജറ്റിൽ ധനമന്ത്രി നിർമ്മലാ സീതാരാമനും ഒളിപ്പിച്ച് വയ്ക്കുന്നത്.

ഇളവുകൾ എടുത്തുള്ള വരുമാനത്തിനുമേൽ കൂടിയ നിരക്കിൽ നികുതി നൽകണോ അതോ ഇളവുകളില്ലാതെയുള്ള വരുമാനത്തിന്മേൽ കുറഞ്ഞ നിരക്കിൽ നികുതി അടയ്ക്കണോ എന്ന് നികുതിദായകനു തീരുമാനിക്കാം. റിട്ടേൺ നൽകേണ്ട തീയതി 2021 ജൂലൈ 31നകം തിരഞ്ഞെടുക്കണമെന്നു മാത്രം. ഓഡിറ്റ് ബാധ്യതയുള്ളവർക്ക് 2021 സെപ്റ്റംബർ 30 വരെ സമയമുണ്ട്. ബജറ്റിൽ കാര്യങ്ങൾ ഓപ്ഷണലാകുന്നത് മാത്രമാണ് ഏക ആശ്വാസം. പഴയ രീതിയെ പൂർണ്ണമായും ഒഴിവാക്കിയിരുന്നുവെങ്കിൽ പുതിയ പ്രഖ്യാപനങ്ങൾ വ്യാപക പ്രതിഷേധത്തിന് വക വയ്ക്കുമായിരുന്നു. പഴയ രീതിയിൽ തന്നെ നിൽക്കുന്നതാണ് നല്ലതെന്ന വിലയിരുത്തലാണ് വാണിജ്യ-വ്യവസായ ലോകവും വിദഗ്ധരുമെല്ലാം പങ്കുവയ്ക്കുന്നത്. ഭാവിയിൽ കിഴിവുകൾ ഉപയോഗിക്കുന്ന രീതി കേന്ദ്ര സർക്കർ എടുത്തു കളയാനും സാധ്യതയുണ്ട്.

നിലവിലെ നികുതി സ്ലാബ് വരുമാന പരിധി തുടങ്ങുന്നത് രണ്ടര ലക്ഷം രൂപയിലാണ്. അതായത് രണ്ടര ലക്ഷം രൂപയ്ക്ക് മേൽ വരുമാനമുള്ളവർ റിട്ടേൺ നൽകണം. എന്നാൽ അവർ നികുതി നൽകണമെന്ന് ഇതിലൂടെ ആർത്ഥമാകുന്നില്ല. കാരണം വരുമാനത്തിൽ നിന്ന് നിരവധി കിഴിവുകൾ അർക്ക് കുറയ്ക്കാം. ശമ്പളത്തിൽ നിന്നുമുള്ള 50,000 രൂപയുടെ സ്റ്റാൻഡേഡ് ഡിഡക്ഷൻ, ലീവ് ട്രാവൽ കൺസഷൻ, ഹൗസ് റെന്റ് അലവൻസ്
10 (14) വകുപ്പിൽ പറയുന്ന അലവൻസുകൾ (ചിലതൊഴികെ), ഭവന വായ്പാ പലിശ (2 ലക്ഷം രൂപവരെ) എന്നിവയാണ് ഇതിൽ പ്രധാനം. അതായത് ഭവന വായ്പ എടുത്തിട്ടുള്ള ശമ്പളക്കാർക്കെല്ലാം അഞ്ച് ലക്ഷം രൂപവരെ വരുമാനമുണ്ടെങ്കിലും നികുതി കൊടുക്കേണ്ടതില്ല. അഞ്ച് ലക്ഷത്തിൽ നിന്ന് ഭവനവായ്പയുടെ രണ്ട് ലക്ഷവും ശമ്പളത്തിലെ കിഴിവായ അമ്പതിനായിരവും ചേർക്കുമ്പോൾ രണ്ടര ലക്ഷം. അത് കുറയുമെന്ന സാഹചര്യമാണ് ഇതിന് കാരണം.

ഇതിനൊപ്പം എൽഐസി, പിപിഎഫ്, കുട്ടികളുടെ ട്യൂഷൻ ഫീസ് എന്നിവയ്‌ക്കൊക്കെ ഇളവു ലഭിക്കുന്ന 80 സി (ഒന്നര ലക്ഷം രൂപ വരെ), മെഡി ക്ലെയിമിനുള്ള 80 ഡി വകുപ്പു പ്രകാരമുള്ള 50,000 രൂപ വരെ കഴിവുകൾ, 80 സിസിസി, 80 സിസിഡി, 90 ഡിഡിബി, 80 ഇ, 80 ഇഇ, 80 ഇഇഎ, 80 ജി,80 ജിജി മുതലായ കിഴിവുകൾ, ബിസിനസ് വരുമാനക്കാർക്ക് 31 (1) (ഐഐഎ) മുതലായ വകുപ്പുകൾ പ്രകാരമുള്ള അധിക ഡിപ്രിസിയേഷനും 35 (2എഎ) 35എഡി 35 സിസിസി വകുപ്പുകൾ പ്രകാരമുള്ള കിഴിവുകളും ഉൾപ്പെടുമായിരുന്നു. ഫാമിലി പെൻഷൻകാർക്ക് 15,000 രൂപയുടെ കിഴിവും ഉണ്ടാവില്ല. അങ്ങനെ വലിയൊരു കുറവ് വരുമാനത്തിൽ കാണിച്ച് നികുതിയിൽ നിന്ന് രക്ഷപ്പെടാം. അംഗീകൃത പെൻഷൻ സ്‌കീമിലേക്കുള്ള 80 സിസിഡി (2) പ്രകാരമുള്ള കിഴിവും ലഭിക്കും.

പുതിയ ആദായ നികുതി പരിഷ്‌കരണം നടപ്പാക്കുകയാണെങ്കിലും, നികുതി ദായകന് നിലവിലെ രീതി തന്നെ തുടരാനുള്ള അവസരമുണ്ട്. 2 രീതികൾ ഓരോന്നും എത്രത്തോളം നികുതി ബാധ്യതയാണുണ്ടാക്കുക, ഇളവുകൾ പരമാവധി പ്രയോജനപ്പെടുത്തിയുള്ള പഴയ രീതിയാണോ ഇളവുകളില്ലാതെ കുറഞ്ഞ നിരക്കിലുള്ള പുതിയ രീതിയാണോ നല്ലത് എന്നതൊക്കെ ആശ്രയിച്ച് ഇനി ആളുകൾ തീരുമാനം എടുക്കും. 80 സി പ്രകാരമുള്ള 1.5 ലക്ഷം രൂപ പൂർണമായി ഉപയോഗപ്പെടുത്താനുള്ളവർക്ക് 50,000 രൂപ അടിസ്ഥാന കിഴിവുകൂടി ചേരുന്നതോടെ 2 ലക്ഷം രൂപയുടെ ഇളവുകൾ ലഭിക്കും. അതുകൊണ്ട് ഭവന വായ്പയുള്ള സ്ഥിരവരുമാനക്കാർക്ക് പഴയ രീതി തന്നെയാണ് നല്ലത്. 80 സി, ഭവനവായ്പാ പലിശ തുടങ്ങിയ കിഴിവുകൾ ലഭിക്കാനില്ലാത്തവരും ശമ്പളവരുമാനക്കാർക്കുള്ള 50,000 രൂപയുടെ അടിസ്ഥാന കിഴിവിന് അർഹരല്ലാത്തവരുമാണെങ്കിൽ പുതിയ രീതി ഗുണകരമായേക്കാം.

7.5 ലക്ഷം രൂപ വരുമാനമുള്ള വ്യക്തിക്ക് 80 സി പ്രകാരം ഒരു ലക്ഷം രൂപയും 50,000 രൂപ അടിസ്ഥാന കിഴിവും ലഭ്യമാണെങ്കിൽ പഴയ രീതി പ്രകാരം 32,500 രൂപയാണ് നികുതി വരിക. ഇത് പുതിയ നിരക്കുകളിലാവുമ്പോൾ 37,500 രൂപ വരും. സ്വകാര്യ ജോലിയുള്ള മാസ ശമ്പളം: 45,800 രൂപയുള്ള വ്യക്തിക്ക് ആകെ വാർഷിക വരുമാനം 5,50,000 രൂപയാണ്. ഇതിൽ സ്റ്റാൻഡേഡ് ഡിഡക്ഷൻ 50,000രുപയും 80 സി പ്രകാരമുള്ള ഇളവുകൾ (എൽഐസി, പിപിഎഫ്, ട്യൂഷൻ ഫീ മുതലായവ) 1,50,000 (പരമാവധി), 80 ഡി (മെഡിക്ലെയിം) 25,000, ഭവനവായ്പ പലിശ 2,00,000 (പരമാവധി), കിഴിവുകൾക്ക് ശേഷമുള്ള വരുമാനം 1,25,000 ആയി നികുതി കണക്കിൽ കാണിക്കാനാകും. പഴയ രീതിയിൽ ഇവിടെ നികുതി അടയ്‌ക്കേണ്ട. എന്നാൽ പുതിയ നികുതി ഓപ്ട് ചെയ്താൽ അടയ്‌ക്കേണ്ട നികുതിയാവട്ടെ 18,200 രൂപയും.

പ്രതിമാസ ശമ്പളം 67,000 രൂപയുള്ള ഒരാൾക്ക് ആകെ വാർഷിക വരുമാനം 8,00,000 രൂപയായിരിക്കും. പഴയ രീതിയിൽ കിഴിവുകൾക്ക് ശേഷമുള്ള വരുമാനം 3,75,000. ഇവർക്ക് പഴയ രീതി പിന്തുടർന്നാൽ നികുതി അടയ്‌ക്കേണ്ടി വരില്ല. വരുമാനം അഞ്ച് ലക്ഷത്തിൽ താഴെയായതു കൊണ്ടാണ് ഇത്. എന്നാൽ പുതിയ രീതി സ്വീകരിച്ചാൽ നികുതി 46,800 രൂപ അടയ്‌ക്കേണ്ടിയും വരും. പ്രതിമാസ വരുമാനം ഒരു ലക്ഷം രൂപയെങ്കിൽ ആകെ വാർഷിക വരുമാനം 12,00,000 രൂപയാകും. കിഴിവുകൾക്ക് ശേഷമുള്ള വരുമാനം 7,75,000ഉം. പഴയ രീതിയിൽ അടയ്‌ക്കേണ്ട നികുതി 70,200 രൂപയാണ്. പുതിയ രീതി എങ്കിൽ നികുതി 1,19,600 അടയ്‌ക്കേണ്ടിയും വരും.

ആകെ വാർഷിക വരുമാനം 14,00,000 രൂപയാണെങ്കിൽ പ്രതിമാസവരുമാനം 1.17 ലക്ഷം രൂപയായിരിക്കും. ഇവിടെ കിഴിവുകൾക്ക് ശേഷമുള്ള വരുമാനം 9,75,000 രൂപയും. പഴയ രീതിയിൽ അടയ്‌ക്കേണ്ട നികുതി 1,11,800 രൂപയായിരിക്കും പുതിയ രീതി എങ്കിൽ നികുതി 1,69,000 രൂപയും. ഇങ്ങനെ ശമ്പളക്കാർക്കെല്ലാം പഴയ രീതിയാണ് ഗുണകരം. എന്നാൽ ബിസിനസ്സുകാർക്ക് കാര്യങ്ങൾ മാറി മറിയും. പ്രതിമാസവരുമാനം: 1.67 ലക്ഷം രൂപയുള്ള ബിസിനസ്സുകാർക്ക് ആകെ വാർഷിക വരുമാനം 20,00,000 രൂപയായിരിക്കും. കിഴിവുകൾക്ക് ശേഷമുള്ള വരുമാനവും 20,00,000 രൂപ. അങ്ങനെ വന്നാൽ പഴയ സംവിധാനത്തിൽ അടയ്‌ക്കേണ്ട നികുതി 4,29,400 രൂപയായിരിക്കും. പുതിയ രീതി എങ്കിൽ നികുതി 3,51,000 രൂപയും. ഇത്തരക്കാർക്ക് നേട്ടമാകും പുതിയ സംവിധാനം. ശമ്പള ജോലിയുള്ള ഇടത്തരക്കാർക്ക് പഴയ രീതി തന്നെയാകും മെച്ചം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP