Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കടവൂർ ജയൻ കൊലപാതകക്കേസിൽ ഒൻപത് പ്രതികളും കുറ്റക്കാർ; വിധി പ്രഖ്യാപനം നടന്നത് ജാമ്യത്തിൽ ഇറങ്ങി മുങ്ങിയ പ്രതികളുടെ അസാന്നിധ്യത്തിൽ; ആർഎസ്എസ് വിട്ടതിനുള്ള പ്രതികാരം നിറയുന്ന രാഷ്ട്രീയ കൊലയ്ക്ക് കോടതി; പ്രതികളെ ഉടൻ ഹാജരാക്കാൻ കോടതി നിർദ്ദേശം

കടവൂർ ജയൻ കൊലപാതകക്കേസിൽ ഒൻപത് പ്രതികളും കുറ്റക്കാർ; വിധി പ്രഖ്യാപനം നടന്നത് ജാമ്യത്തിൽ ഇറങ്ങി മുങ്ങിയ പ്രതികളുടെ അസാന്നിധ്യത്തിൽ; ആർഎസ്എസ് വിട്ടതിനുള്ള പ്രതികാരം നിറയുന്ന രാഷ്ട്രീയ കൊലയ്ക്ക് കോടതി; പ്രതികളെ ഉടൻ ഹാജരാക്കാൻ കോടതി നിർദ്ദേശം

സ്വന്തം ലേഖകൻ

കൊല്ലം: എട്ടു വർഷം മുൻപ് നടന്ന കടവൂർ ജയൻ കൊലപാതകക്കേസിൽ ഒൻപത് പ്രതികളും കുറ്റക്കാരെന്ന് കൊല്ലം സെഷൻസ് കോടതി കണ്ടെത്തി. കോളിളക്കം സൃഷ്ടിച്ച ഒരു രാഷ്ട്രീയ കൊലപാതകത്തിലാണ് പ്രതികൾ കുറ്റക്കാരെന്നു കോടതി കണ്ടെത്തിയത്. സംഘടന വിട്ടതിനെ തുടർന്നുള്ള അസ്വാരസ്യത്തെ തുടർന്ന് ആർഎസ്എസ് പ്രവർത്തകനെ ആർഎസ്എസ് സംഘം കൊലപ്പെടുത്തിയ കേരളത്തിലെ ആദ്യത്തെ കേസിനാണ് പ്രതികൾ കുറ്റക്കാരെന്നു കോടതി കണ്ടെത്തിയത്. പ്രതികളുടെ അസാന്നിധ്യത്തിലാണ് സെഷൻസ് കോടതി വിധി പ്രഖ്യാപിച്ചതും. ജാമ്യത്തിൽ പ്രതികൾ മുങ്ങിയതിനെ തുടർന്ന് കോടതി വിധി പ്രസ്താവിക്കുകയായിരുന്നു.

ജാമ്യത്തിൽ ഇറങ്ങി മുങ്ങിയ ഒന്ന് മുതൽ ഒൻപത് വരെ പ്രതികളായ വിനോദ്, ഗോപകുമാർ, സുബ്രമണ്യൻ, പ്രിയ ലാൽ, പ്രണവ്, അരുൺ, ഷിജു, രഞ്ജിത്ത്, ദിൽ രാജ് എന്നിവരെയാണ് കുറ്റക്കാർ എന്ന് കോടതി കണ്ടെത്തിയത്. ഐപിസി 302 പ്രകാരമാണ് പ്രതികൾ കുറ്റക്കാരായി കോടതിവിധിച്ചത്. ആർഎസ്എസ് സംഘം കടവൂർ ജയനെ കൊലപ്പെടുത്തിയപ്പോൾ സാക്ഷികളായി മാറിയവരും ആർഎസ്എസ് പ്രവർത്തകർ തന്നെയായത് കേസിന്റെ വൈപരീത്യവുമായി. പ്രതികളെ ഉടൻ അറസ്റ്റ് ചെയ്ത് കോടതിക്ക് മുൻപിൽ ഹാജരാക്കാനും ജഡ്ജി ഉത്തരവിട്ടു. പ്രതികളെ ഹാജരാക്കുന്ന മുറയ്ക്ക് ഇവർക്കുള്ള ശിക്ഷയും വിധിക്കും. പ്രതികളുടെ അസാന്നിധ്യത്തിൽ പ്രതികളെ കുറ്റക്കാരായി വിധിക്കുന്ന പതിവില്ലെന്നാണ് അറിയാൻ കഴിഞ്ഞത്. അപൂർവ്വം കേസുകളിൽ സംഭവിക്കുന്ന നടപടിക്രമമാണ് ജയൻ വധക്കേസിൽ വിധിപ്രസ്താവവുമായി ബന്ധപ്പെട്ടു വന്നിരിക്കുന്നത്.

വിവിധ കാരണങ്ങൾ ഉയർത്തിക്കാട്ടി കേസിന്റെ വാദം പരമാവധി വൈകിപ്പിക്കാൻ പ്രതികൾ ശ്രമം തുടങ്ങിയപ്പോൾ തന്നെയാണ് ഇപ്പോൾ പ്രതികൾ കുറ്റക്കാരെന്ന വിധിയും വന്നിരിക്കുന്നത്. വാദം നടക്കുന്ന കൊല്ലം അഡിഷണൽ സെഷൻസ് ജഡ്ജിഎസ് കൃഷ്ണകുമാറിൽ നിന്നും ഈ കേസ് മാറ്റണം എന്നവശ്യപ്പെട്ടു പ്രതികൾ ഹൈക്കോടതിയിൽ ഇതിന്നിടെ ഹർജി നൽകുകയും ചെയ്തിരുന്നു. പക്ഷെ ഹർജി ഹൈക്കോടതി തള്ളിയിരുന്നു. ഇതിനെ തുടർന്നാണ് കേസ് വീണ്ടും സെഷൻസ് കോടതിയിലേക്ക് എത്തുകയും വിധി വരുകയും ചെയ്തിരിക്കുന്നത്.

കേസിൽ വിചാരണ പൂർത്തിയായി വരുകയും വിധിക്കു വേണ്ടി കേസ് അവധിക്ക് വയ്ക്കുകയും ചെയ്തിരുന്നു. പ്രതികൾ ഹൈക്കോടതി മുൻപാകെ മൂന്നു ഹർജികൾ പലപ്പോഴായി ഫയൽ ചെയ്തു താത്കാലിക സ്റ്റേ വാങ്ങിയിരുന്നു. ഇതിനെ തുടർന്ന് വിചാരണ പലപ്പോഴും നിറുത്തി വയ്ക്കേണ്ടി വന്നിരുന്നു. കുറ്റകൃത്യം നടക്കുമ്പോൾ തങ്ങൾ വേറെ പ്രദേശത്താണ് എന്ന് സ്ഥാപിക്കാനും പ്രതികൾ ശ്രമിച്ചിരുന്നു. വിധി വന്നതോടെ പ്രതികൾ എവിടെയുണ്ടെന്ന അന്വേഷണത്തിലാണ് പൊലീസ്.

2012 ഫെബ്രുവരി മാസം ഏഴാം തീയതി കടവൂർ ക്ഷേത്ര ജംഗ്ഷനിൽ വച്ചാണ് ജയനെ ഒരു സംഘം ആർഎസ്എസുകാർ പട്ടാപ്പകൽ വെട്ടിക്കൊന്നത്. വീടിനു മുന്നിൽ വച്ചാണ് ജയന് വെട്ടേൽക്കുകയും കൊല്ലപ്പെടുകയും ചെയ്യുന്നത്. 64 വെട്ടുകളാണ് ശരീരത്തിലുണ്ടായിരുന്നത്. പതിനാലു സെന്റീമീറ്റർ നീളത്തിലും ഏഴു സെന്റീമീറ്റർ ആഴത്തിലുമുള്ള വെട്ടുകൾ മൃതദേഹത്തിൽ ഏറ്റിരുന്നു. ഈ കേസിൽ 23 സാക്ഷികളുടെ മൊഴിയും ആറു മാരകായുധങ്ങൾ ഉൾപ്പെടെ 38 തൊണ്ടി മുതലുകളും രേഖകളും തെളിവിലേക്കു ഹാജരാക്കിയിരുന്നു. പ്രതി ഭാഗം 9-ആം പ്രതിയെ ഉൾപ്പെടെ 20 പേരെ സാക്ഷികളാക്കി ഹാജരാക്കിയിരുന്നു.

സാക്ഷികളായി ഹാജരായ ഒരാൾക്കും വെട്ടേറ്റിരുന്നു. ഇയാളുടെ മൊഴിയും പ്രതികൾക്ക് എതിരായിരുന്നു. സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായ അഡ്വക്കേറ്റ് പ്രതാപചന്ദ്രൻ പിള്ളയാണ് കേസിൽ പ്രോസിക്യൂഷനു വേണ്ടി ഹാജരായത്. പബ്ലിക് പ്രോസിക്യൂട്ടർ മഹേന്ദ്രയും അഡ്വക്കേറ്റ് വിഭുവും ഒപ്പം ഹാജരായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP