Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

നിപയെ പ്രതിരോധിച്ച അനുഭവ സമ്പത്തുമായി രണ്ട് മലയാളി നേഴ്‌സുമാർ; ഒപ്പം ഡൽഹി ആർഎംഎൽ ആശുപത്രിയിലെ 5 വിദഗ്ധ ഡോക്ടർമാരും; പൈലറ്റുമാരും എയർ ഹോസ്റ്റസുമാരുമടക്കം എല്ലാവർക്കും പ്രത്യേക സുരക്ഷാ വേഷം; ജീവനക്കാർ ആരും ചൈനീസ് മണ്ണിൽ കാലു കുത്താതെയുള്ള രക്ഷാപ്രവർത്തനം; മടങ്ങിയെത്തുന്നവർ നേരെ പോവുക മനേസറിലേക്ക്; രണ്ടാഴ്ച വരെ എല്ലാവരും സൈനിക നിരീക്ഷണത്തിൽ; വുഹാനിൽ നിന്ന് വിമാനം പറന്നിറങ്ങുന്നത് 366 പേരുമായി; എയർ ഇന്ത്യാ രക്ഷാപ്രവർത്തനം പഴുതുകൾ അടച്ച്

നിപയെ പ്രതിരോധിച്ച അനുഭവ സമ്പത്തുമായി രണ്ട് മലയാളി നേഴ്‌സുമാർ; ഒപ്പം ഡൽഹി ആർഎംഎൽ ആശുപത്രിയിലെ 5 വിദഗ്ധ ഡോക്ടർമാരും; പൈലറ്റുമാരും എയർ ഹോസ്റ്റസുമാരുമടക്കം എല്ലാവർക്കും പ്രത്യേക സുരക്ഷാ വേഷം; ജീവനക്കാർ ആരും ചൈനീസ് മണ്ണിൽ കാലു കുത്താതെയുള്ള രക്ഷാപ്രവർത്തനം; മടങ്ങിയെത്തുന്നവർ നേരെ പോവുക മനേസറിലേക്ക്; രണ്ടാഴ്ച വരെ എല്ലാവരും സൈനിക നിരീക്ഷണത്തിൽ; വുഹാനിൽ നിന്ന് വിമാനം പറന്നിറങ്ങുന്നത് 366 പേരുമായി; എയർ ഇന്ത്യാ രക്ഷാപ്രവർത്തനം പഴുതുകൾ അടച്ച്

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കൊറോണ ഭീതിയിൽ നിന്ന് രക്ഷപ്പെടുത്തി ചൈനയിൽ നിന്ന് ഇന്ത്യയിലേക്ക് എത്തിച്ച ആദ്യ സംഘത്തിലുള്ളത് 366 പേർ. മടങ്ങാൻ താൽപര്യമറിയിച്ചവരും ആരോഗ്യസുരക്ഷാ പരിശോധന പൂർത്തിയാക്കിയവരുമാണിത്. വുഹാൻ മെഡിക്കൽ യൂണിവേഴ്‌സിറ്റിയിലെ 28 മലയാളി വിദ്യാർത്ഥികളും ഹ്യുബെ പ്രവിശ്യയിലുള്ള ഇന്ത്യൻ കുടുംബങ്ങളും ഇവരിലുൾപ്പെടുന്നു. അറുന്നൂറോളം പേരെയാണ് തിരികെപ്പോരുന്നതിനായി എംബസി ബന്ധപ്പെട്ടത്.

ഇന്ത്യയിലേക്ക് മടങ്ങിയെത്തുന്നവരെ രണ്ടാഴ്ച സമ്പൂർണ ആരോഗ്യ പരിശോധനയ്ക്കു വിധേയമാക്കാൻ കരസേനയും ഇൻഡോ ടിബറ്റൻ ബോർഡർ പൊലീസും (ഐടിബിപി) രണ്ടിടത്തായി ക്യാംപുകൾ സജ്ജമാക്കി. 600 കിടക്കകളാണ് ഡൽഹി ചാവ്ല മേഖലയിലെ ഐടിബിപി ആസ്ഥാനത്തോടനുബന്ധിച്ച് ഒരുക്കിയിരിക്കുന്നത്. സ്ത്രീകളെയും കുട്ടികളെയുമാണ് ഇവിടെ താമസിപ്പിച്ചു നിരീക്ഷിക്കുക. 25 ഡോക്ടർമാരുടെ സേവനം ലഭ്യമാക്കും. പുരുഷന്മാരെ മനേസറിലെ ആർമി ക്യാംപിലാണു താമസിപ്പിക്കുക. രോഗം സംശയിക്കുന്നവരെ ഡൽഹി കന്റോൺമെന്റിലെ ആശുപത്രിയിലേക്ക് മാറ്റും. സഫ്ദർജങ് ആശുപത്രിയിലും 50 കിടക്കകൾ ഒരുക്കും. രോഗമില്ലെന്ന് ഉറപ്പാക്കി മാത്രമേ ഇവരെ പുറത്തേക്ക് വിടൂ. അല്ലാത്ത പക്ഷം കൊറോണ വൈറസ് രാജ്യത്ത് വ്യാപിക്കുമെന്ന ആശങ്ക കേന്ദ്ര സർക്കാരിനുണ്ട്. രോഗ ലക്ഷണമില്ലാത്തവർ പോലും വൈറസ് വാഹകരാകുമെന്ന തിരിച്ചറിവാണ് ഇതിന് കാരണം.

ചൈനയിൽ പറന്നിറങ്ങിയ എയർ ഇന്ത്യാ വിമാനവും കുട്ടി ആശുപത്രിയായിരുന്നു. ഡോക്ടർമാരും നഴ്‌സുമാരുമുണ്ടായിരുന്നു. യാത്രക്കാരെല്ലാം മാസ്‌ക് ധരിച്ചു കരുതലെടുത്തു. സമീപകാലത്ത് ഇന്ത്യ കണ്ട ഏറ്റവും വലിയ രക്ഷാദൗത്യങ്ങളിലൊന്നായി എയർ ഇന്ത്യ ബി 747 വിമാനത്തിന്റെ വുഹാൻ യാത്ര. ക്യാപ്റ്റൻ അമിതാബ് സിങ്ങിന്റെ നേതൃത്വത്തിൽ 5 കോക്പിറ്റ് ക്രൂവും 15 പേരടങ്ങുന്ന കാബിൻ ക്രൂവും മാത്രമായിരുന്നില്ല, 2 മലയാളി നഴ്‌സുമാരും സംഘത്തിലുണ്ടായിരുന്നു. നിപ്പ വൈറസിനെതിരെ പ്രതിരോധം തീർത്ത അനുഭവത്തിന്റെ പേരിലാണു മലയാളി നഴ്‌സുമാരെ ആരോഗ്യ മന്ത്രാലയം സഹായത്തിനു വിളിച്ചത്. ഒപ്പം ഡൽഹി ആർഎംഎൽ ആശുപത്രിയിലെ 5 വിദഗ്ധ ഡോക്ടർമാരും.

വൈറസ് ആശങ്ക പൂർണമായി അകന്നിട്ടില്ലാത്തതിനാൽ യാത്രക്കാരുമായി പരമാവധി സമ്പർക്കം കുറയ്ക്കാൻ ഇരിപ്പിടങ്ങൾക്കരികിൽ മുൻകൂട്ടി ഭക്ഷണവും മാസ്‌ക്കും അടക്കം തയാറായിരുന്നു. പൈലറ്റുമാരും എയർ ഹോസ്റ്റസുമാരുമടക്കം പ്രത്യേക സുരക്ഷാ വേഷത്തിലായിരുന്നു. ഔപചാരിക ആശയവിനിമയം അടക്കം അനൗൺസ്‌മെന്റ് വഴിയായിരുന്നു. രണ്ടര മണിക്കൂറോളം വുഹാനിലെ വിമാനത്താവളത്തിൽ തങ്ങിയിട്ടും വിമാന ജീവനക്കാരും ആരോഗ്യ പ്രവർത്തകരും പുറത്തിറങ്ങാതെ തന്നെ എംബസിയുമായി ഏകോപിപ്പിച്ചു യാത്രക്കാരെ വിമാനത്തിലെത്തിച്ചു.

എത്തിയവരെ സ്വീകരിക്കാൻ ഇന്ത്യൻ സേന തയാറായി നിന്നു. തീർന്നിട്ടില്ല, വുഹാൻ ഉൾപ്പെടുന്ന ഹ്യുബെ പ്രവിശ്യയിലുള്ളവരിൽ ഒരു സംഘമേ തിരികെ വന്നിട്ടുള്ളൂ. അതുകൊണ്ട് തന്നെ ബാക്കിയുള്ളവരെ കൊണ്ടു വരാൻ ഇന്നു രണ്ടാമത്തെ വിമാനം ചൈനയിലേക്കു പറക്കും. കൊറോണ വൈറസ് ബാധിച്ച ചൈനയിലെ വുഹാനിൽനിന്ന് ഇന്ത്യക്കാരെ കൊണ്ടുവരുന്നതിനായി എയർ ഇന്ത്യയുടെ പ്രത്യേകവിമാനം വെള്ളിയാഴ്ചയാണ് വുഹാനിലെത്തിയത്. ശനിയാഴ്ച പുലർച്ചെ വുഹാനിൽനിന്ന് 325 പേരുമായി വിമാനം തിരിച്ചു. നാല്പതോളം മലയാളിവിദ്യാർത്ഥികൾ ഇതിലുണ്ടെന്ന് വിദേശകാര്യസഹമന്ത്രി വി. മുരളീധരൻ പറഞ്ഞു.

ഡൽഹി റാംമനോഹർ ലോഹ്യ ആശുപത്രിയിലെ അഞ്ചുഡോക്ടർമാരും എയർ ഇന്ത്യയുടെ പാരാമെഡിക്കൽ സ്റ്റാഫുമായി ഡൽഹിയിൽനിന്ന് ഉച്ചയ്ക്ക് പന്ത്രണ്ടരയ്ക്കാണ് ബോയിങ് 747 വിമാനം യാത്രതിരിച്ചത്. വൈകിട്ടോടെ വുഹാനിലെത്തിയ വിമാനത്തിൽ യാത്രക്കാരെ പരിശോധനകൾക്കു വിധേയരാക്കിയശേഷം വെള്ളിയാഴ്ച രാത്രി പതിനൊന്നുമണിയോടെ ബോർഡിങ് നടപടികൾ പൂർത്തിയാക്കി. രോഗബാധയില്ലാത്തവരെയാണ് തിരികെക്കൊണ്ടുവരുന്നത്. വൈറസ് ബാധയില്ലെന്ന് ചൈനീസ് അധികൃതർ പരിശോധിച്ചുറപ്പാക്കിയവരെയാണ് തിരികെ കൊണ്ടുവരുന്നത്ു. എന്നാൽ, മുൻകരുതലെന്നോണം അവരെ വീണ്ടും പരിശോധിക്കും. ഇവരെ അവരുടെ നാടുകളിലേക്ക് വിടില്ല. ഇവരെ പ്രത്യേകം പാർപ്പിക്കാൻ ഹരിയാണയിലെ മനേസറിനടുത്ത് കരസേന സൗകര്യമൊരുക്കി. വൈറസ്ബാധ വെളിപ്പെടാനുള്ള കാലമായ രണ്ടാഴ്ച അവരെ അവിടെ താമസിപ്പിച്ച് നിരീക്ഷിക്കും. അതിനായി ഡോക്ടർമാരെയും മെഡിക്കൽ ജീവനക്കാരെയും ഒരുക്കി.

വിമാനമെത്തിയാലുടൻ വിമാനത്താവളത്തിൽത്തന്നെ ആദ്യപരിശോധന. സായുധസേനാ മെഡിക്കൽ സർവീസസും വിമാനത്താവള ആരോഗ്യ അഥോറിറ്റിയും സംയുക്തമായാകും പരിശോധിക്കുക. അതിനുശേഷമാകും അവരെ മനേസറിലേക്ക് മാറ്റുക. 325 പേരെയും ഒരുമിച്ചുതാമസിപ്പിക്കുന്നത് സുരക്ഷിതമല്ലാത്തതിനാൽ, 50 പേർക്കുവീതം കഴിയാവുന്ന ബാരക്കുകളാണ് ഒരുക്കിയത്. ഒരിടത്തുള്ളവരെ മറ്റൊരിടത്തുള്ളവരുമായി ഇടപഴകാൻ അനുവദിക്കില്ല. ഹുബെ പ്രവിശ്യയിൽനിന്നുള്ള ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് മന്ത്രി പറഞ്ഞു. ഹുബെയിൽ വിമാനമിറങ്ങാൻ അനുമതി തേടിയിട്ടുണ്ട്. അനുമതി കിട്ടിയാലുടൻ ഇവിടുള്ള ഇന്ത്യക്കാരെ തിരികെ കൊണ്ടു വരും.

വൈറസ്ബാധ സംശയിക്കുന്നവരെ പ്രത്യേകം പാർപ്പിക്കാനും അടിസ്ഥാന വൈദ്യസഹായം നൽകാനും ഇൻഡോ-ടിബറ്റൻ ബോർഡർ പൊലീസ് തെക്കൻ ഡൽഹിയിലെ ഛാവ്ലയിൽ സൗകര്യമൊരുക്കി. 600 കിടക്കകളുള്ള ക്യാമ്പാണിത്. സഫ്ദർജങ് ആശുപത്രിയിലെ 15 ഡോക്ടർമാരുടെയും ഐ.ടി.ബി.പി.യിലെ പത്തു ഡോക്ടർമാരുടെയും സംഘത്തെയാണ് ഇവിടെ നിയോഗിക്കുകയെന്ന് സേനാവക്താവ് വിവേക് കുമാർ പാണ്ഡെ പറഞ്ഞു. കുട്ടികളെയും സ്ത്രീകളെയും താമസിപ്പിക്കാൻ പ്രത്യേക സൗകര്യവുമുണ്ട്. വിദേശകാര്യം, ആഭ്യന്തരം, ആരോഗ്യം എന്നീ മന്ത്രാലയങ്ങളും ബെയ്ജിങ്ങിലെ ഇന്ത്യൻ എംബസിയും യോജിച്ചാണ് നടപടികൾ സ്വീകരിക്കുന്നത്. ചൈനീസ് സർക്കാരും സഹകരിക്കുന്നുണ്ട്. വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കറാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP