Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബ്രിട്ടീഷ് മലയാളി ചാരിറ്റബിൾ ഫൗണ്ടേഷൻ വഴി ഇതിനോടകം വിതരണം ചെയ്തത് ഏഴ് കോടിയിൽ അധികം രൂപ; മറുനാടൻ കുടുംബത്തിൽ നിന്നുള്ള കാരുണ്യ സഹായങ്ങൾക്കായി ഇനി ആവാസും; തിരുവല്ലയിൽ ദാരുണമായി മരിച്ച പെൺകുട്ടിക്ക് അഞ്ചു ലക്ഷം രൂപ ശേഖരിച്ചു നൽകി ചാരിറ്റി തുടങ്ങിയ ആവാസ് ഇനി കൂടുതൽ സജീവമാകും; ഔപചാരിക ഉദ്ഘാടനം നിർവ്വഹിച്ചു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല; മറുനാടൻ കുടുംബവുമായുള്ള ആത്മബന്ധം വിവരിച്ച് ഗാന്ധിഭവൻ സ്ഥാപകൻ പുനലൂർ സോമരാജൻ

ബ്രിട്ടീഷ് മലയാളി ചാരിറ്റബിൾ ഫൗണ്ടേഷൻ വഴി ഇതിനോടകം വിതരണം ചെയ്തത് ഏഴ് കോടിയിൽ അധികം രൂപ; മറുനാടൻ കുടുംബത്തിൽ നിന്നുള്ള കാരുണ്യ സഹായങ്ങൾക്കായി ഇനി ആവാസും; തിരുവല്ലയിൽ ദാരുണമായി മരിച്ച പെൺകുട്ടിക്ക് അഞ്ചു ലക്ഷം രൂപ ശേഖരിച്ചു നൽകി ചാരിറ്റി തുടങ്ങിയ ആവാസ് ഇനി കൂടുതൽ സജീവമാകും; ഔപചാരിക ഉദ്ഘാടനം നിർവ്വഹിച്ചു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല; മറുനാടൻ കുടുംബവുമായുള്ള ആത്മബന്ധം വിവരിച്ച് ഗാന്ധിഭവൻ സ്ഥാപകൻ പുനലൂർ സോമരാജൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: രണ്ടു വർഷം മുൻപ് ആരംഭിക്കുകയും ചികിത്സാസഹായവും പഠനസഹായമുൾപ്പെടെയുള്ള ഒട്ടനവധി സഹായങ്ങൾ ലഭ്യമാക്കുകയും ചെയ്ത ശേഷമാണ് മറുനാടൻ മലയാളിയുടെ ചാരിറ്റി സംഘടനയായ ആവാസിനു തിരുവനന്തപുരം വിജെടി ഹാളിൽ ഇന്നു ഔപചാരിക തുടക്കമായത്. ആവാസിന്റെ ഔപചാരിക ഉദ്ഘാടനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് നിർവ്വഹിച്ചത്. മന്ത്രി ഇപി ജയരാജനും സന്നിഹിതനായിരുന്നു. അഞ്ചു രോഗികൾക്ക് ഓരോ ലക്ഷം വെച്ച് അഞ്ചു ലക്ഷവും ഇരുന്നൂറു നഴ്സിങ് വിദ്യാർത്ഥികൾക്ക് പഠനസഹായമായി 40 ലക്ഷത്തിലധികം രൂപയുമാണ് ആവാസിന്റെ ഉദ്ഘാടന ചടങ്ങിൽ ഇന്നു വിതരണം ചെയ്തത്. മറുനാടൻ മലയാളിയുടെ ഭാഗമായ ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷനും മറുനാടൻ മലയാളിയും ചേർന്നാണ് ധനസമാഹരണം നടത്തിയത്. ഈ തുകയാണ് നഴ്സിങ് വിദ്യാർത്ഥികൾക്കും നിർധന വിദ്യാർത്ഥികൾക്കുമായി ഇന്നു നൽകിയത്.

ചാരിറ്റി പ്രവർത്തനങ്ങൾക്ക് പുതിയ രീതിയും ദിശാബോധവും നൽകുകയാണ് മറുനാടന്റെ ആവാസും ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷനും. സഹായം ലഭ്യമാക്കേണ്ടവർക്കാണ് സഹായം ലഭ്യമാക്കുന്നത്. ലഭിക്കുന്ന പണം കൃത്യമായി സഹായാഭ്യർഥനകൾക്ക് കാത്തുകെട്ടി കിടക്കുന്നവർക്ക് ലഭ്യമാക്കുകയും ചെയ്യുന്നുണ്ട്. ചാരിറ്റി പ്രവർത്തനങ്ങളിലെ കൃത്യതയും സുതാര്യതയുമാണ് ആവാസും ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെയും പ്രവർത്തനങ്ങളിൽ പ്രതിഫലിക്കുന്നത്. ലഭിച്ച തുക കൃത്യമായി സഹായത്തിനു കൈ നീട്ടിയവരുടെ പക്കൽ എത്തിക്കും. അതേ സമയം ഫണ്ട് നൽകിയവരെ ഈ കാര്യം ബോധിപ്പിക്കുകയും ചെയ്യും. ഇതുകൊണ്ട് തന്നെയാണ് ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷനും മറുനാടനുമൊക്കെ ഫണ്ട് നൽകാൻ ആളുകൾ മത്സരിക്കുന്ന അവസ്ഥ വരുന്നത്. ഗാന്ധിഭവന്റെ പുനലൂർ സോമരാജൻ ഇത് വിശദമാക്കുമ്പോൾ മറുനാടൻ നടത്തുന്ന ചാരിറ്റി പ്രവർത്തനങ്ങൾക്ക് കൂടുതൽ അംഗീകാരമാവുകയും ചെയ്യുന്നു.

ലണ്ടനിൽ നടത്തിയ സ്‌കൈഡൈവിങ് വഴിയാണ് നഴ്സിങ് വിദ്യാർത്ഥികൾക്ക് നൽകിയ 40 ലക്ഷം രൂപ ബ്രിട്ടീഷ് മലയാളി ചാരിറ്റബിൾ ഫൗണ്ടേഷൻ സമാഹരിച്ചത്. ഈ തുക സമാഹരിക്കാനുള്ള യത്നങ്ങൾ ഇന്ന് വിജെടി ഹാളിലെ ചടങ്ങിൽ വെച്ച് ചെയർമാൻ ഷാജി ലൂക്കോസ് വിശദമാക്കി. അഞ്ചു പൈസ പോലും വെറുതെ കളയാതെയാണ് ഈ സഹായം ഞങ്ങൾ എത്തിക്കുന്നത്. സ്‌കൈ ഡൈവിങ് പോലെ പുതുമയുള്ള ഓരോ പരിപാടികൾ സംഘടിപ്പിച്ചാണ് ധനസമാഹരണം നടത്തുന്നത്. ഏഴു കോടിയോളം രൂപയാണ് ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷൻ സമാഹരിക്കുകയും വിതരണം ചെയ്യുകയും ചെയ്തത്. ഈ തുക വിതരണം ചെയ്യാൻ ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷൻ തിരഞ്ഞെടുത്ത മാർഗത്തെക്കുറിച്ച് ഇന്നത്തെ ചടങ്ങിൽ വാചാലനായത് പത്തനാപുരം ഗാന്ധിഭവൻ സാരഥി പുനലൂർ സോമരാജനായിരുന്നു.

ഈ ഏഴുകോടി രൂപയിൽ വലിയ പങ്കു വിതരണം ചെയ്യാൻ ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷൻ തിരഞ്ഞെടുത്തത് പത്തനാപുരം ഗാന്ധി ഭവനായിരുന്നു. ഒരു പൈസ പോലും ചടങ്ങിനു ചെലവിടരുത് എന്ന ഉദ്ദേശ്യത്തോടെയും കാരുണ്യത്തിന്റെ ഇത്തരം അർത്ഥദീപ്തമായ ചടങ്ങുകൾക്ക് ഗാന്ധി ഭവൻ അല്ലാതെ വേറെ ഒരു വേദിയില്ലെന്നും മനസിലാക്കിയുമാണ് ഇവർ ഗാന്ധിഭവൻ തിരഞ്ഞെടുത്തത്. പുനലൂർ സോമരാജന്റെ വാക്കുകളും ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ ചെയർമാൻ ഷാജി ലൂക്കോസിന്റെ വാക്കുകളും ചടങ്ങിൽ മാനുഷികതയുടെയും അലിവിന്റെയുമൊക്കെ പ്രഭാപൂരം വിതറുകയും ചെയ്തു.

ഏത് ചടങ്ങിൽ സംബന്ധിക്കുന്നതിലും കൂടുതൽ സന്തോഷം ഈ ചടങ്ങിൽ സംബന്ധിക്കുമ്പോൾ തനിക്ക് ലഭിക്കുന്നുവെന്നാണ് ചാരിറ്റി പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്ത വ്യവസായമന്ത്രി ഇ.പി.ജയരാജനും പറഞ്ഞത്. സ്വന്തം നിലയിൽ താൻ ചെയ്യുന്ന കാരുണ്യ പ്രവർത്തനങ്ങളുടെ സൂചനകളും മന്ത്രി നൽകി. ഇതറിയാമായിരുന്നതുകൊണ്ട് തന്നെയാണ് മന്ത്രിയെ തന്നെ ഉദ്ഘാടനം ചെയ്യാൻ ക്ഷണിച്ചത് എന്നാണ് ചടങ്ങിൽ മറുനാടൻ എഡിറ്റർ ഷാജൻ സ്‌കറിയ വിശദമാക്കിയത്. തങ്ങൾ തമ്മിൽ നിലനിൽക്കുന്ന സ്നേഹബന്ധത്തിന്റെ ചിത്രങ്ങൾ തന്നെയാണ് മന്ത്രിയും മറുനാടൻ എഡിറ്ററും വ്യക്തമാക്കിയത്. മനുഷ്യത്വം വറ്റിയിട്ടില്ലെന്നതിന്റെ തെളിവാണ് ഇന്നത്തെ ചടങ്ങു എന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞത്. ഏറ്റവുമധികം സന്തോഷമാണ് തനിക്കും ഈ ചടങ്ങിൽ നിന്നും ലഭിക്കുന്നത്. ചാരിറ്റി പ്രവർത്തനങ്ങളും വിഭിന്ന ശേഷിയുള്ള കുട്ടികൾക്കായുള്ള അഭയകേന്ദ്രവും ഒക്കെ ഹരിപ്പാട് താൻ നടത്തുന്നു. ഇതിനു തനിക്ക് പ്രേരകശക്തിയായത് മാതാ അമൃതാനന്ദമയിയും വ്യവസായ പ്രമുഖൻ യൂസഫലിയുമാണെന്നാണ് ചെന്നിത്തല പറഞ്ഞത്. ചടങ്ങിൽ ആദരമേറ്റ് വാങ്ങിയ പത്തനാപുരത്തെ സ്വർഗ്ഗത്തിന്റെ കാവൽക്കാരൻ പുനലൂർ സോമരാജനും മറുനാടനെക്കുറിച്ച് പറയാൻ വാക്കുകൾ ഏറെ. ആരെയും മുഖം നോക്കാതെ വിമർശിക്കുന്ന മറുനാടന്റെ അലിവിന്റെയും സ്നേഹസ്പർശത്തെയും കുറിച്ചാണ് ചടങ്ങിൽ സോമരാജൻ പറഞ്ഞത്.

ഇന്ത്യൻ പ്രസിഡന്റിൽ നിന്നും ആദരം ഏറ്റുവാങ്ങാൻ എനിക്ക് ഭാഗ്യമുണ്ടായി. അതിലും വലുതായി മറുനാടൻ എനിക്ക് നൽകുന്ന ആദരത്തെ ഞാൻ കാണുകയാണ്. അതിനു പിന്നിൽ മറുനാടൻ എഡിറ്റർ ഷാജൻസ്‌കറിയയുടെ മനുഷ്യത്വത്തിന്റെയും സ്നേഹവായ്പിന്റെയും മുഖമുണ്ട്. പത്തനാപുരം ഗാന്ധിഭവൻ ക്രൈസിസ് നേരിട്ടപ്പോഴും ഒരു മാധ്യമ പ്രവർത്തകനെ സഹായിക്കാൻ വ്യക്തിപരമായി എനിക്ക് കഴിയാതെ പോയപ്പോഴും താങ്ങായത് മറുനാടന്റെ ഇടപെടലാണ്. ഗാന്ധിഭവന് ഒരു കെട്ടിടം വേണം. അതിനായി ഭൂമിക്ക് അഡ്വാൻസ് കൊടുത്തു. പക്ഷെ പണം സമാഹരിക്കാൻ കഴിഞ്ഞില്ല. ഞാൻ ഷാജനെ വിളിച്ച് സഹായം അഭ്യർത്ഥിച്ചു. സഹായത്തിനായി മറുനാടനിൽ ഷാജൻ ഒരു കുറിപ്പ് എഴുതി. ഒരു മാസം കൊണ്ട് പന്ത്രണ്ടു ലക്ഷം രൂപയാണ് പിരിഞ്ഞു കിട്ടിയത്. ഈ പണം കൊണ്ട് ഗാന്ധിഭവന് ഭൂമിയും ലഭിച്ചു. അഡ്വാൻസ് തുക നഷ്ടമാകുകയും ചെയ്തില്ല. ഇപ്പോൾ അവിടെ കെട്ടിടം പൊങ്ങി. ആളുകൾ താമസിക്കുകയും ചെയ്യുന്നുണ്ട്. അടുത്ത തവണ ഒരു മാധ്യമ പ്രവർത്തകന് സഹായം വേണം. ലിവർ സീറോസിസ് ആണ്. എന്നെ വിളിച്ചു. മദ്യപിക്കാത്ത മാധ്യമ പ്രവർത്തകനാണ് ലിവർ സീറോസിസ് വന്നത്. കരൾ മാറ്റി വയ്ക്കണം. ധനസഹായം വേണം. നാൽപത് ലക്ഷത്തോളം രൂപയാണ് വേണ്ടത്. ഞാൻ മറുനാടൻ എഡിറ്ററെ വിളിച്ചു. അദ്ദേഹം വീണ്ടും മറുനാടനിൽ കുറിപ്പ് എഴുതി. മൂന്നു ലക്ഷത്തോളം രൂപയാണ് സഹായമായി കിട്ടിയത്. ഈ തുക അടിസ്ഥാനമാക്കിയാണ് ലിവർ ട്രാൻസ്പ്ലേന്റെഷൻ നടത്തിയത്. അദ്ദേഹം പൂർണ ആരോഗ്യത്തോടെയിരിക്കുന്നു. മറുനാടന്റെ കനിവിന്റെയും കാരുണ്യസ്പർശത്തിന്റെയും വലിയ തെളിവാണ് ഈ സംഭവങ്ങൾ. അതുകൊണ്ട് തന്നെ ആവാസിനു ഒട്ടനവധി സഹായങ്ങൾ ലഭ്യമാക്കാൻ കഴിയും-സോമരാജൻ വിരൽ ചൂണ്ടുന്നു. 

തിരുവനന്തപുരം കോർപറെഷനും ഒട്ടനവധി കാര്യങ്ങൾ സേവന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടു ചെയ്യുന്നുണ്ട് എന്നാണ് തിരുവനന്തപുരം മേയർ കെ.ശ്രീകുമാർ പറഞ്ഞത്. ആ സേവന പ്രവർത്തനങ്ങളോട് ചേർന്ന് നിൽക്കുന്ന പ്രവർത്തനങ്ങൾ തന്നെയാണ് മരുനാടനും നടത്തുന്നത്. ഈ കാര്യങ്ങളിൽ തനിക്ക് അത്യധികം സന്തോഷമുണ്ട്. ഭിന്ന ശേഷിയുള്ള കുട്ടികളുടെ ക്ഷേമ പ്രവർത്തനങ്ങളിൽ ഒട്ടനവധി കാര്യങ്ങൾ ചെയ്യാനുണ്ട്. ഇതിൽ കോർപറേഷനുമായി മജീഷ്യൻ ഗോപിനാഥ് മുതുകാട് കൂടി പങ്കു ചേരുന്നുണ്ട്. ഇപ്പോൾ മറുനാടൻ നടത്തുന്ന പ്രവർത്തനങ്ങളിലും എന്റെ ശ്രദ്ധ വന്നിരിക്കുന്നു. നല്ല കാര്യങ്ങൾ തന്നെയാണ് മറുനാടനും ചെയ്യുന്നത്. സാമൂഹ്യ പ്രവർത്തനങ്ങളോടു ആഭിമുഖ്യം കൂടി ഇപ്പോൾ രാഷ്ട്രീയത്തിൽ നിന്നും മാറി സാമൂഹ്യ സേവന പ്രവർത്തനങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചാൽ എന്തെന്ന് വരെ എന്റെ ചിന്ത പോകുന്നു-മേയർ കെ.ശ്രീകുമാർ പറഞ്ഞു.

റോട്ടറി ക്ലബുകൾ വഴിയുള്ള സേവന പ്രവർത്തനങ്ങളാണ് നമ്മൾ ദിനം പ്രതി മുൻപ് അറിഞ്ഞു കൊണ്ടിരുന്നത്. അതെല്ലാം ചെറിയ ചെറിയ സഹായ പ്രവർത്തനങ്ങൾ മാത്രം. അതെല്ലാം വാർത്തകളായി മാത്രം ഒതുങ്ങിപ്പോവുകയും ചെയ്യും. പക്ഷെ ഇപ്പോൾ സേവന പ്രവർത്തനങ്ങളുടെ മുഖം മാറുന്നു. മറുനാടൻ സംഘടിപ്പിച്ച അവാസിന്റെ പ്രവർത്തനങ്ങൾ മനസിലാക്കിയപ്പോൾ അൻപത ലക്ഷത്തോളം രൂപയുടെ സഹായം ഈ ചടങ്ങിൽ നിന്ന് തന്നെ വിതരണം ചെയ്യുന്നത് അറിഞ്ഞപ്പോൾ സാമൂഹിക പതിബദ്ധതയുടെ പുതിയ മുഖമാണ് ഞാൻ അറിയുന്നത്. അവാസിന്റെ പ്രവർത്തനങ്ങൾ വിരൽചൂണ്ടി ഒ.രാജഗോപാൽ എംഎൽഎ പറഞ്ഞു.

 

മറുനാടന്റെ ചികിത്സാ സഹായങ്ങൾ വലിയ ആശ്വാസമാണെന്നാണ് ചികിത്സാ സഹായം കൈപറ്റിയവർ മറുനാടനോട് പറഞ്ഞത്. ആവശ്യത്തിനു സഹായം ലഭ്യമാകുന്നു. ഇത് ചെറിയ കാര്യമല്ല. വലിയ കാര്യമാണ്. ഇത് തന്നെയാണ് പഠന സഹായം ലഭിച്ച നഴ്സിങ് വിദ്യാർത്ഥികളുടെ മാതാപിതാക്കളും പ്രതികരിച്ചത്. ചാരിറ്റി രംഗത്ത് ആവാസ് പുതിയ ചരിത്രം കുറിക്കുകയാണ്, വ്യക്തതയും സുതാര്യതയുമാണ് ആവാസിന്റെ അടിസ്ഥാനം. അതുകൊണ്ട് തന്നെയാണ് ചാരിറ്റി രംഗത്ത് സവിശേഷ സാന്നിധ്യമാകാൻ ആവാസിനു കഴിയുമെന്ന് രാഷ്ട്രീയ-സാമൂഹിക രംഗത്തെ പ്രമുഖർ വിലയിരുത്തുന്നതും.

രണ്ടു വർഷം മുമ്പ് കേരളത്തിൽ രജിസ്റ്റർ ചെയ്ത സംഘടനയാണ് അസോസിയേഷൻ ഓഫ് വെൽഫെയർ ആക്ടിവിറ്റീസ് ആൻഡ് സോഷ്യൻ ഇനീഷ്യേറ്റീവ്. (AWAS). തിരുവല്ലയിൽ നടുറോഡിൽ വച്ചു തീയിട്ടു കൊന്ന പെൺകുട്ടിക്ക് അഞ്ചു ലക്ഷം രൂപ ശേഖരിച്ചു നൽകിയാണ് തുടക്കം കുറിച്ചു. നഴ്‌സിങ് സഹായ നിധിക്കു വേണ്ടി മൂന്നര ലക്ഷം രൂപയും ശേഖരിച്ചു നൽകി. നാട്ടിലെ ദുരിതം അനുഭവിക്കുന്നവർക്ക് സഹായം നൽകാനും, സർക്കാർ ക്ഷേമ പദ്ധതികൾ സാധാരണക്കാരിൽ എത്തിക്കാനും പരിസ്ഥിതി - ദളിത് - ആദിവാസി മേഖലകളിൽ ഇടപെടാനും പാവങ്ങൾക്ക് നിയമ - വിദ്യാഭ്യാസ സഹായങ്ങൾ നൽകാനുമാണ് ഈ ചാരിറ്റി പ്രവർത്തിക്കുന്നത്. ഇതിന്റെ ഔദ്യോഗിക ഉദ്ഘാടനമാണ് ഇപ്പോൾ നടക്കുന്നത്. മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്‌കറിയ ആണ് ചെയർമാൻ. ജെയിംസ് വടക്കൻ ജനറൽ സെക്രട്ടറിയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP