Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ശുപാർശ മടക്കി 'പരണത്ത്' വെക്കാൻ ഉദ്യോഗസ്ഥ സമിതിയോട് മുഖ്യമന്ത്രി; ശ്രീറാം വെങ്കിട്ടരാമന്റെ സസ്‌പെൻഷൻ കാലാവധി മൂന്നു മാസത്തേക്ക് കൂടി നീട്ടി പിണറായി വിജയന്റെ ഉത്തരവ്; തിരിച്ചെടുക്കണമെന്ന ചീഫ് സെക്രട്ടറിയുടെ അഭിപ്രായവും വിലപ്പോയില്ല; നടപടി നിലവിലെ സസ്‌പെൻഷൻ കാലാവധി നാളെ അവസാനിക്കാനിരിക്കെ

ശുപാർശ മടക്കി 'പരണത്ത്' വെക്കാൻ ഉദ്യോഗസ്ഥ സമിതിയോട് മുഖ്യമന്ത്രി; ശ്രീറാം വെങ്കിട്ടരാമന്റെ സസ്‌പെൻഷൻ കാലാവധി മൂന്നു മാസത്തേക്ക് കൂടി നീട്ടി പിണറായി വിജയന്റെ ഉത്തരവ്; തിരിച്ചെടുക്കണമെന്ന ചീഫ് സെക്രട്ടറിയുടെ അഭിപ്രായവും വിലപ്പോയില്ല; നടപടി നിലവിലെ സസ്‌പെൻഷൻ കാലാവധി നാളെ അവസാനിക്കാനിരിക്കെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെ എം ബഷീർ വാഹനമിടിച്ച് കൊല്ലപ്പെട്ട കേസിൽ സസ്പെൻഷനിൽ കഴിയുന്ന ശ്രീറാം വെങ്കിട്ടരാമന്റെ സസ്പെൻഷൻ 90 ദിവസം കൂടി നീട്ടി. സസ്പെൻഷൻ നീട്ടിക്കൊണ്ട് മുഖ്യമന്ത്രി ഉത്തരവിട്ടു. തിരിച്ചെടുക്കണമെന്ന ചീഫ് സെക്രട്ടറിയുടെ ശുപാർശ മുഖ്യമന്ത്രി തള്ളി. നിലവിലെ സസ്പെൻഷൻ കാലാവധി നാളെ അവസാനിക്കാനിരിക്കെയാണ് നടപടി. അഴിമതിക്കെതിരെ നിലപാട് എടുത്തതിലൂടെ പൊതു സമൂഹത്തിന്റെ കൈയടി നേടിയ ഉദ്യോഗസ്ഥനാണ് ശ്രീറാം. എന്നാൽ ബഷീറിനെ വഫാ ഫിറോസിന്റെ കാറിൽ സഞ്ചരിക്കവേ ശ്രീറാം ഇടിച്ചു വീഴ്‌ത്തിയത് ലഹരിയുടെ ഉന്മാദത്തിലാണെന്നാണ് ഉയരുന്ന വാദം.

2019 ഓഗസ്റ്റ് മൂന്നാം തീയതിയാണ് തിരുവനന്തപുരം മ്യൂസിയം ജംഗ്ഷന് സമീപം വച്ച് ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ച കാറിടിച്ച് സിറാജ് ദിനപത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫായിരുന്ന കെഎം ബഷീർ കൊല്ലപ്പെടുന്നത്. അന്നു സർവ്വേ ഡയറക്ടറായിരുന്ന ശ്രീറാമിനെ സർക്കാർ സർവ്വീസിൽ നിന്നും സസ്പെൻഡ് ചെയ്തിരുന്നു.

എന്നാൽ, ശ്രീറാം വെങ്കിട്ടരാമനെ സർവീസിൽ തിരിച്ചെടുക്കണമെന്ന് ഉദ്യോഗസ്ഥസമിതി ശുപാർശ ചെയ്തിരുന്നു. കുറ്റപത്രം വൈകുന്നതിനാൽ ആറുമാസത്തിൽ കൂടുതൽ സസ്‌പെൻഷനിൽ നിർത്താനാവില്ലെന്നായിരുന്നു ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി വ്യക്തമാക്കിയത്. ആഭ്യന്തരവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയടക്കമുള്ള ഉന്നതോദ്യോഗസ്ഥരാണ് സമിതിയിലുള്ളത്. എന്നാൽ ഇത് മുഖ്യമന്ത്രി തള്ളുകയായിരുന്നു. ശ്രീറാം വെങ്കിട്ടരാമന്റെ സസ്‌പെൻഷൻ പിൻവലിക്കരുതെന്ന് കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന പ്രസിഡന്റ് കെ.പി. റെജിയും ജനറൽ സെക്രട്ടറി ഇ.എസ്. സുഭാഷും മുഖ്യമന്ത്രിക്ക് നൽകിയ കത്തിൽ ആവശ്യപ്പെട്ടിരുന്നു.

കഴിഞ്ഞവർഷം ഓഗസ്റ്റ് മൂന്നിന് രാത്രിയാണ് കെ.എം. ബഷീർ തിരുവനന്തപുരം മ്യൂസിയത്തിന് സമീപം കാറിടിച്ച് കൊല്ലപ്പെട്ടത്. മ്യൂസിയം പൊലീസ് രജിസ്റ്റർചെയ്ത പ്രഥമവിവര റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ശ്രീറാമിനെ സസ്‌പെൻഡ് ചെയ്തത്. അപകടസമയത്ത് ഒപ്പമുണ്ടായിരുന്ന വനിതാസുഹൃത്താണ് കാറോടിച്ചിരുന്നതെന്നായിരുന്നു ശ്രീറാമിന്റെ നിലപാട്. ചീഫ് സെക്രട്ടറിക്ക് നൽകിയ വിശദീകരണത്തിലും ഇക്കാര്യം അദ്ദേഹം വ്യക്തമാക്കി. അപകടസമയത്ത് മദ്യപിച്ചിരുന്നെന്ന ആരോപണവും നിഷേധിച്ചു. രക്തപരിശോധനയിൽ മദ്യത്തിന്റെ അംശം കണ്ടെത്തിയിട്ടില്ലെന്നും ചീഫ് സെക്രട്ടറിയെ അറിയിച്ചിരുന്നു.

ഫൊറൻസിക് റിപ്പോർട്ട് വൈകുന്നതിനാലാണ് കുറ്റപത്രം വൈകുന്നതെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തെക്കുറിച്ച് വകുപ്പുതല അന്വേഷണവും നടക്കുന്നുണ്ട്. കാറിൽ നിന്നും ബഷീറിന്റെ ബൈക്കിൽ നിന്നും അപകടസ്ഥലത്തു നിന്നും ശേഖരിച്ച സാമ്പിളുകൾ വിശകലനം ചെയ്ത ഫോറൻസിക് റിപ്പോർട്ടാണ് കൈമാറാനുള്ളത്. കവടിയാറിൽ നിന്ന് മ്യൂസിയം ഭാഗത്തേക്ക് ശ്രീറാം വെങ്കിട്ടരാമൻ അമിത വേഗതയിലാണ് കാറോടിച്ചിരുന്നതെന്ന റിപ്പോർട്ട് ഫോറൻസിക് സംഘം നേരത്തേ നൽകിയിരുന്നു. മോട്ടോർ വാഹന വകുപ്പ് നൽകിയ റിപ്പോർട്ട് സാധൂകരിക്കും വിധം അപകട സമയത്ത് കാർ 120 കിലോമീറ്റർ വേഗതയിലായിരുന്നു എന്നാണ് ഈ റിപ്പോർട്ട്. വെള്ളയമ്പലത്തെ കെ എഫ് സിക്ക് മുന്നിലെ കാമറയിലെ ദൃശ്യം പരിശോധിച്ചാണ് വാഹനം 120 കിലോമീറ്ററിനടുത്ത് വേഗത്തിലാണ് സഞ്ചരിച്ചതെന്ന് വ്യക്തമായത്. ബഷീറിന്റെ ബൈക്കിൽ നിന്ന് കിട്ടിയ പെയിന്റിന്റെ അംശം ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ച ഫോക്സ് വാഗൺ വെന്റോ കാറിന്റേതാണെന്ന ഫോറൻസിക് റിപ്പോർട്ട് അന്വേഷണ സംഘം സ്ഥിരീകരിച്ചിട്ടുണ്ട്.

കൂടാതെ ശ്രീറാം വെങ്കിട്ടരാമന്റെ വസ്ത്രത്തിലെ രക്തത്തിന്റെ അംശം കെ എം ബഷീറിന്റേതാണെന്നും ഫോറൻസിക് റിപ്പോർട്ടിലുണ്ട്. സ്റ്റിയറിംഗിലെ വിരലടയാളം ശ്രീറാം വെങ്കിട്ടരാമന്റേതാണെന്ന് നേരത്തേ റിപ്പോർട്ടുണ്ടായിരുന്നു. വാഹനം ഓടിച്ചത് താനല്ല എന്നാണ് ശ്രീറാം വെങ്കിട്ടരാമന്റെ മൊഴി. എന്നാൽ കാറോടിച്ചത് ശ്രീറാം തന്നെയാണെന്ന് സ്ഥിരീകരിക്കുന്ന വിശദാംശങ്ങൾ ശേഖരിച്ചാകും അന്തിമ ഫോറൻസിക് റിപ്പോർട്ട് സമർപ്പിക്കുകയെന്നാണ് സൂചന. ഈ റിപ്പോർട്ടും അട്ടിമറിക്കാൻ കരുനീക്കം സജീവമാണ്. സസ്പെൻഷൻ കാലാവധി ആറ് മാസം പിന്നിട്ട സാഹചര്യത്തിലാണ് ഈ സാങ്കേതികത്വം ചൂണ്ടിക്കാട്ടി ശ്രീറാമിനെ തിരിച്ചെടുക്കാൻ ശുപാർശ ചെയ്തിരിക്കുന്നത്. പൊലീസ് കുറ്റപത്രം സമർപ്പിക്കാത്തതിനാലും സസ്പെൻഷൻ കാലാവധി ആറ് മാസം പിന്നിടുകയും ചെയ്ത സാഹചര്യത്തിൽ സസ്പെൻഷൻ റദ്ദാക്കണം എന്നാവശ്യപ്പെട്ട് ശ്രീറാമിന് വേണമെങ്കിൽ അഡ്‌മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിക്കാമെന്ന് ചീഫ് സെക്രട്ടറിയുടെ ഓഫീസ് ചൂണ്ടിക്കാട്ടുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP