Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സഹ തടവുകാരനെ ആക്രമിച്ചത് ആസൂത്രണത്തിന്റെ ഭാഗം; ജയിൽ മാറ്റുമ്പോൾ തീവണ്ടി യാത്രയ്ക്ക് മൂന്ന് പൊലീസുകാരെ മാത്രം വിട്ടത് വീഴ്ച; ഭാരതപ്പുഴ എത്തും മുമ്പേ ഭക്ഷണം കഴിപ്പിക്കാൻ വിലങ്ങഴിപ്പിച്ചത് അതിബുദ്ധി; ചെറുതുരുത്തിക്ക് മുമ്പ് എടുത്ത് ചാടിയത് കണ്ണ് വെട്ടിച്ച്; വിലങ്ങ് മറയ്ക്കാൻ ബനിയനും; നമ്പ്രത്തുകാർ ഒരുമിച്ചപ്പോൾ കുടുങ്ങിയത് ഡൽഹിയിലെ കൊള്ളസംഘമായ 'ബംഗ്ലാ' ഗ്യാങ് തലവൻ; മാതൃഭൂമി ന്യൂസ് എഡിറ്ററേയും ഭാര്യയേയും കെട്ടിയിട്ട് മോഷണം നടത്തിയ കൊടും ക്രിമിനൽ വീണ്ടും വലയിലാകുമ്പോൾ

സഹ തടവുകാരനെ ആക്രമിച്ചത് ആസൂത്രണത്തിന്റെ ഭാഗം; ജയിൽ മാറ്റുമ്പോൾ തീവണ്ടി യാത്രയ്ക്ക് മൂന്ന് പൊലീസുകാരെ മാത്രം വിട്ടത് വീഴ്ച; ഭാരതപ്പുഴ എത്തും മുമ്പേ ഭക്ഷണം കഴിപ്പിക്കാൻ വിലങ്ങഴിപ്പിച്ചത് അതിബുദ്ധി; ചെറുതുരുത്തിക്ക് മുമ്പ് എടുത്ത് ചാടിയത് കണ്ണ് വെട്ടിച്ച്; വിലങ്ങ് മറയ്ക്കാൻ ബനിയനും; നമ്പ്രത്തുകാർ ഒരുമിച്ചപ്പോൾ കുടുങ്ങിയത് ഡൽഹിയിലെ കൊള്ളസംഘമായ 'ബംഗ്ലാ' ഗ്യാങ് തലവൻ; മാതൃഭൂമി ന്യൂസ് എഡിറ്ററേയും ഭാര്യയേയും കെട്ടിയിട്ട് മോഷണം നടത്തിയ കൊടും ക്രിമിനൽ വീണ്ടും വലയിലാകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ : ഷൊർണൂരിനടുത്ത് നമ്പ്രത്ത് ഒരു കൊടുംക്രിമിനലിനെ പൊലീസ് കുടുക്കിയത് നാട്ടുകാരുടെ പിന്തുണയോടെ. ട്രെയിൻ യാത്രയ്ക്കിടെ രക്ഷപ്പെട്ട ഡൽഹിയിലെ കൊള്ളസംഘമായ 'ബംഗ്ലാ' ഗ്യാങ് തലവനായ ബംഗ്ലാദേശ് പരാശ്പൂർ കൊലാറൺ സ്വദേശി മാണിക്കിനെ സാഹസികമായാണ് പൊലീസ് പിടികൂടിയത്.

ട്രെയിനിൽ നിന്നും വിലങ്ങോടെ രക്ഷപ്പെട്ട മാണിക്കിനെ ഒന്നര കിലോമീറ്ററോളം ഓടിച്ചിട്ടാണ് പിടികൂടിയത്. ഷൊർണൂർ നമ്പ്രത്ത് കുറ്റിക്കാട്ടിൽ ഒളിച്ചിരുന്ന മാണിക് പൊലീസിനെ കണ്ടതോടെ ഒരു കയ്യിൽ വിലങ്ങുമായി ഒന്നര കിലോമീറ്റർ ഓടിയെങ്കിലും പൊലീസ് ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തുകയായിരുന്നു. കണ്ണൂരിലെ മാതൃഭൂമിയിലെ മാധ്യമപ്രവർത്തകൻ വിനോദ് ചന്ദ്രനേയും ഭാര്യയേയും കെട്ടിയിട്ട് ക്രൂരമായി മർദ്ദിച്ച കേസിൽ പിടിയിലായ മാണിക് കണ്ണൂർ ജയിലിൽ റിമാൻഡിലായിരുന്നു.

സഹതടവുകാരനെ ആക്രമിച്ച് പരുക്കേൽപിച്ച സംഭവത്തോടെ ഇയാളെ കൊച്ചിയിലെ ജയിലിലേക്ക് മാറ്റാൻ അധികൃതർ തീരുമാനിച്ചു. ഇതിനായി മൂന്നു പൊലീസുകാരുടെ അകമ്പടിയിൽ മാണിക്കിനെ കണ്ണൂരിൽ നിന്ന് കൊച്ചിയിലേക്കു കൊണ്ടുവരുന്നതിനിടെയായിരുന്നു രക്ഷപ്പെട്ടത്. ഭക്ഷണം കഴിക്കാൻ ഒരു കയ്യിലെ വിലങ്ങഴിച്ച തക്കത്തിനായിരുന്നു രക്ഷപ്പെടൽ. ഭാരതപ്പുഴ കടക്കുമ്പോൾ ട്രെയിനിന് വേഗത കുറവായിരുന്നു. ചെറുതുരുത്തി കഴിയും വരെ ട്രെയിനിന്റെ വേഗം കുറവാണ്. ഇതു മനസ്സിലാക്കിയ മാണിക്, പൊലീസുകാരുടെ കണ്ണുവെട്ടിച്ച് ട്രെയിനിൽ നിന്ന് ചാടി.

പൊലീസുകാർ തിരയാൻ തുടങ്ങുമ്പോഴേക്കും അപ്രത്യക്ഷമായി. കൈകൾ വിലങ്ങിൽ ബന്ധിച്ചതു മാത്രമായിരുന്നു പൊലീസിന്റെ പ്രതീക്ഷ. പ്രതി രക്ഷപ്പെട്ടപ്പോൾ ഏകദേശം നാലു മണി കഴിഞ്ഞിരുന്നു. റെയിൽവേ ട്രാക്കിലൂടെ ബർമൂഡ ധരിച്ച ഒരാൾ നടന്നുപോകുന്നത് മമ്പറം സ്വദേശിനിയായ വീട്ടമ്മ സുഹ്റ കണ്ടിരുന്നു. ബനിയൻ കൈകളിൽ ചുറ്റിയിരുന്നു. വിലങ്ങ് ആരും കാണാതിരിക്കാനായിരുന്നു ഇത്. സംശയം തോന്നിയ വീട്ടമ്മ ഉടനെ റയിൽവേ പൊലീസിനെ വിവരമറിയിച്ചു. ഇതാണ് നിർണ്ണായകമായത്.

ലോക്കൽ പൊലീസും റയിൽവേ പൊലീസും പിന്നാലെയെത്തി. ഏറെനേരം തിരഞ്ഞെങ്കിലും ആളെ കണ്ടില്ല. ഷൊർണൂർ റെയിൽവേ സ്റ്റേഷൻ പരിസരത്തുള്ള വിജനമായ പ്രദേശത്തു ചില കെട്ടിടങ്ങളുണ്ട്. ആ ഭാഗത്തേയ്ക്കും തിരച്ചിൽ വ്യാപിപ്പിക്കാൻ തീരുമാനിച്ചു. പൊലീസിന്റെ തിരച്ചിൽ നടക്കുന്ന സമയത്ത് വിജനമായ പ്രദേശത്തെ കെട്ടിടത്തിൽ നിന്ന് ഒരാൾ ഇറങ്ങിയോടുന്നത് കണ്ടു. മാണിക്കാണെന്നു മനസ്സിലായ പൊലീസ് പിന്നാലെ പിന്നാലെ പാഞ്ഞു. അവസാനം, പൊലീസ് തൊട്ടടുത്ത് എത്തിയപ്പോൾ വിലങ്ങ് കൊണ്ട് വീശി ഉപദ്രവിക്കാൻ ശ്രമിച്ചു. ഇതിനിടെ, പൊലീസുകാരൻ കാലിൽ പിടിച്ച് വലിച്ചു താഴെയിട്ട് കീഴ്പ്പെടുത്തുകയായിരുന്നു.

മോഷണക്കേസുകൾ അടക്കം നിരവധിക്കേസുകളിലെ പ്രതിയാണ് മാണിക്. മോഷണ ശ്രമത്തിനിടെ ഇരകളെ ക്രൂരമായി ആക്രമിച്ച് കവർച്ച നടത്തുന്നതായിരുന്നു ഇയാൾ നേതൃത്വം നൽകുന്ന ബംഗ്ലാ ഗ്യാങ്ങിനെ രീതി. കണ്ണൂരിൽ മാതൃഭൂമി ന്യൂസ് എഡിറ്റർ വിനോദ് ചന്ദ്രനെ ആക്രമിച്ച് മോഷണം നടത്തിയ കേസോടെയാണ് മാണിക് കേരളത്തിലും ചർച്ചയാകുന്നത്. ഈ ഗ്യാങ്ങിന് കവർച്ചയ്ക്കിടയിൽ മുന്നിൽപ്പെടുന്നവരെയെല്ലാം ആക്രമിക്കുന്ന ശൈലിയാണുള്ളത്. വിനോദ് ചന്ദ്രനേയും ഭാര്യ സരിതയേയും ആക്രമിച്ച് അറുപത് പവൻ സ്വർണം മോഷ്ടിച്ച കേസിൽ ഡൽഹിയിൽ നിന്നുമായിരുന്നു ഇയാൾ പിടിയിലായത്.

അതീവ അപകടകാരിയായ കവർച്ചക്കാരനാണ് മാണിക്. രക്ഷപ്പെട്ട് 24 മണിക്കൂറിനുള്ളിൽ പിടികൂടാനായത് കേരള പൊലീസിന് നേട്ടമായി. തടവുകാരനുമായി കണ്ണൂർ ജയിലിൽ നടന്ന ഏറ്റുമുട്ടൽ ആസൂത്രിതമാണോയെന്ന് സംശയിക്കുന്നതായാണ് പൊലീസുകാർ വിശദമാക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP