Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രാജ്യദ്രോഹിയെ തൂക്കിലേറ്റണം എന്നാക്രോശിച്ച് അഭിഭാഷകർ പട്യാല ഹൗസ് കോടതിക്ക് മുന്നിൽ; പ്രതിഷേധം കനത്തതോടെ ഷർജിൽ ഇമാമിനെ ഹാജരാക്കിയത് ചീഫ് മെട്രോപോളിറ്റൺ മജിസ്ട്രേറ്റ് പുരുഷോത്തം പട്നായിക്കിന്റെ വസതിയിലും; രാജ്യദ്രോഹ കേസിൽ അറസ്റ്റിലായ ജെഎൻയു വിദ്യാർത്ഥിയെ അഞ്ച് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ട് കോടതി

രാജ്യദ്രോഹിയെ തൂക്കിലേറ്റണം എന്നാക്രോശിച്ച് അഭിഭാഷകർ പട്യാല ഹൗസ് കോടതിക്ക് മുന്നിൽ; പ്രതിഷേധം കനത്തതോടെ ഷർജിൽ ഇമാമിനെ ഹാജരാക്കിയത് ചീഫ് മെട്രോപോളിറ്റൺ മജിസ്ട്രേറ്റ് പുരുഷോത്തം പട്നായിക്കിന്റെ വസതിയിലും; രാജ്യദ്രോഹ കേസിൽ അറസ്റ്റിലായ ജെഎൻയു വിദ്യാർത്ഥിയെ അഞ്ച് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ട് കോടതി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: രാജ്യദ്രോഹക്കേസിൽ അറസ്റ്റിലായ ജെ.എൻ.യുവിലെ ഗവേഷണ വിദ്യാർത്ഥി ഷർജീൽ ഇമാമിനെ അഞ്ച് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. ചീഫ് മെട്രോപോളിറ്റൺ മജിസ്ട്രേറ്റ് പുരുഷോത്തം പട്നായിക്കാണ് ഷർജീൽ ഇമാമിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടത്. 

പട്യാല ഹൗസ് കോടതിയിൽ ഷർജീലിനെ ഹാജാരാക്കാൻ ശ്രമിച്ചുവെങ്കിലും കോടതി പരിസരത്ത് സംഘർഷാവസ്ഥ ഉടലെടുത്തതോടെ നീക്കം ഉപേക്ഷിച്ച പൊലീസ് ചീഫ് മെട്രോപോളിറ്റൺ മജിസ്ട്രേറ്റിന്റെ വസതിയിൽ ഹാജരാക്കുകയായിരുന്നു.

പട്യാല ഹൗസ് കോടതിക്ക് മുന്നിൽ ഷർജീലിനെതിരെ മുദ്രാവാക്യം മുഴക്കിക്കൊണ്ട് ഒരു വിഭാഗം അഭിഭാഷകർ രംഗത്തെത്തി. രാജ്യദ്രോഹിയെ തൂക്കിലേറ്റണമെന്ന മുദ്രാവാക്യം മുഴക്കിയാണ് അഭിഭാഷകർ രംഗത്തെത്തിയതെന്ന് വാർത്താ ഏജൻസി റിപ്പോർട്ടു ചെയ്തു. രാജ്യത്തെ വിഭജിക്കുന്നതിനെപ്പറ്റി സംസാരിച്ചയാൾക്കെതിരെ പ്രതിഷേധിക്കാനാണ് തങ്ങൾ എത്തിയതെന്ന് അഭിഭാഷകർ പറഞ്ഞു. 'ജയിലിന് പുറത്ത് കഴിയാനുള്ള അർഹത അയാൾക്കില്ല. കർശന നടപടി സ്വീകരിക്കണം. എല്ലാ അഭിഭാഷകർക്കും ഇക്കാര്യത്തിൽ ഒരേ നിലപാടാണ്' - അവർ പറഞ്ഞു. സിആർപിഎഫിന്റെ നേതൃത്വത്തിലുള്ള കർശന സുരക്ഷയാണ് കോടതി പരിസരത്ത് ഏർപ്പെടുത്തിയിരുന്നത്.

ജാമിയ മിലിയ സർവകലാശാലയിലും അലിഗഢിലും നടത്തിയ പ്രസംഗത്തിന്റെ പേരിൽ ബിഹാറിലെ ജഹാനാബാദിൽനിന്ന് ചൊവ്വാഴ്ചയാണ് ഷർജീൽ അറസ്റ്റിലായത്. ബുധനാഴ്ചയാണ് പൊലീസ് ഡൽഹിയിലെത്തിച്ചത്. അസം അടക്കമുള്ള വടക്കു കിഴക്കൻ മേഖല രാജ്യത്തുനിന്ന് വേർപെടുത്താൻ ആഹ്വാനം ചെയ്യുന്ന പ്രസംഗം നടത്തിയതിന് പിന്നാലെയാണ് ഷർജീലിനെതിരെ വിവിധ സംസ്ഥാനങ്ങളിൽ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുത്തത്.

ജാമിയ മിലിയ ഇസ്ലാമിയ, അലിഗഢ് മുസ്ലിം സർവകലാശാല എന്നിവിടങ്ങളിൽ പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തിനിടെ ഷർജീൽ രാജ്യദ്രോഹ പ്രസംഗം നടത്തിയെന്നാണ് പൊലീസ് പറയുന്നത്. ഇതിന്റെ വീഡിയോകൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഷർജീലിന്റെ പ്രസംഗം കനയ്യ കുമാറിന്റെ പ്രസംഗത്തെക്കാൾ അപകടകരമാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അഭിപ്രായപ്പെട്ടിരുന്നു.

ജനുവരി 16 ന് അലിഗഢ് മുസ്ലിം സർവകലാശാലയിൽ ഷർജീൽ ഇമാം നടത്തിയ പ്രസംഗത്തിന്റെ വീഡിയോ ആണ് വിവാദം തുറന്നുവിട്ടത്. 'നമുക്ക് ഒരു അഞ്ച് ലക്ഷം പേരെ സംഘടിപ്പിക്കാൻ കഴിയുമെങ്കിൽ, വടക്ക്-കിഴക്കൻ സംസ്ഥാനങ്ങളെ ഇന്ത്യയിൽ നിന്ന് മുറിച്ചുമാറ്റാം, സ്ഥിരമായി അല്ലെങ്കിൽ പോലും ഒരുമാസത്തോളമെങ്കിലും'. ഈ പ്രസംഗത്തിന്റെ വീഡിയ വൈറലാവുകയും ചെയ്തു. തന്റെ 40 മിനിറ്റ് പ്രസംഗത്തിൽ, ഷർജീൽ ഇമാം കോൺഗ്രസ്, ആം ആദ്മി, ജെഎൻ യു വിദ്യാർത്ഥി നേതാവ് കനയ്യ കുമാർ എന്നിവരെ വിമർശിക്കുന്നുണ്ട്. പൗരത്വ നിയമത്തിനെതിരെ ജെഎൻയുവിലും ജാമിയയിലുമുള്ളവർ വിശാലാടിസ്ഥാനത്തിൽ ആഹ്വാനം ചെയ്യുന്ന പ്രതിഷേധത്തോടുള്ള വിയോജിപ്പും രേഖപ്പെടുത്തുന്നുണ്ട് പ്രസംഗത്തിൽ.

അസമിലെ മുസ്ലീങ്ങളുടെ ദുരിത സാഹചര്യങ്ങൾ വിശദീകരിച്ചുകൊണ്ട് ട്രാക്കുകളിൽ കല്ലുവയ്ക്കാനും, റോഡുകൾ തടയാനും ആഹ്വാനം ചെയ്യുന്നു. വടക്ക്-കിഴക്കിനെ ഇന്ത്യയിലെ മറ്റിടങ്ങളുായി ബന്ധിപ്പിക്കുന്ന ഇടനാളി മുസ്ലിം മേധാവിത്വ മേഖലയാണ്. കനയ്യ കുമാറിനെ പോലുള്ള ആളുകൾ അവിടെ പോയി ഇങ്ക്വിലാബ് വിളിക്കും, ഫോട്ടോ എടുത്ത് തിരിച്ചുവരും. നമ്മുടെ ആളുകൾ കൈയടിക്കും. എന്നാൽ, അയാളുടെ പടം വരും. ഇങ്ങനെയാണ് ഷർജീലിന്റെ വാക്കുകൾ. എന്നാൽ, അറസ്റ്റിലായ ശേഷം താൻ സമാധാനപരമായി പ്രതിഷേധിക്കണമെന്ന് ആവശ്യപ്പെടുകയാണ് ചെയ്തതെന്നാണ് ഷർജീലിന്റെ ന്യായം. ജനുവരി 26 ന് ഡൽഹി, യുപി ബിഹാർ പൊലീസ് ബിഹാറിലെ വസതിയിൽ സംയുക്ത റെയ്ഡ് നടത്തിയെങ്കിലും ഷർജീലിനെ കണ്ടുകിട്ടിയിരുന്നില്ല. തന്റെ മകൻ നിരപരാധിയെന്നാണ് ഷർജീലിന്റെ അമ്മ അഫ്സാൻ റഹീം വാർത്താ ഏജൻസിയോട് പറഞ്ഞത്.

ഷർജീൽ ഇമാമിനെ ഡൽഹി പൊലീസ് ബിഹാറിൽ നിന്ന് ചൊവ്വാഴ്ചയാണ് അറസ്റ്റ് ചെയ്തത്. പൗരത്വ നിയമഭേദഗതിക്കും, ദേശീയ പൗരത്വ രജിസ്റ്ററിനും എതിരെ വിദ്വേഷ പ്രസംഗം നടത്തിയതിനാണ് അറസ്റ്റ്. ജഹാനാബാദിൽ നിന്നാണ് ഷർജീൽ ഇമാമിനെ പിടികൂടിയതെന്ന് ക്രൈംബ്രാഞ്ച് ഡപ്യൂട്ടി കമ്മീഷണർ രാജേഷ് ദിയോ അറിയിച്ചു. ബിഹാർ സ്വദേശിയായ ജെഎൻ യു വിദ്യാർത്ഥിയെ തിരയാൻ അഞ്ച് സംഘങ്ങളെ നിയോഗിച്ചിരുന്നു. ചരിത്ര പഠത്തിൽ പിഎച്ച്ഡി വിദ്യാർത്ഥിയാണ് ഷർജീൽ ഇമാം. രാജ്യദ്രോഹകുറ്റം ചുമത്തിയാണ് അറസ്റ്റ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP