Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

'സൂപ്പർ പ്രൈം ടൈം ചർച്ചയിൽ ബിജെപിയുടെ പ്രതിനിധിയായി പങ്കെടുത്തത് സന്ദീപ് വാര്യരാണ്; അദ്ദേഹത്തോട് അപമര്യാദയായി പെരുമാറി എന്നൊരു പരാതിയുണ്ട്; അതിൽ നിർവ്യാജം ഞാൻ ഖേദം പ്രകടിപ്പിക്കുന്നു; സന്ദീപ് വാര്യരെ അപമാനിച്ച മാതൃഭൂമി ചാനൽ ബഹിഷ്‌കരിക്കാൻ ആഹ്വാനം വന്നതോടെ പ്രൈം ടൈം ഡിബേറ്റിൽ 'സൗകര്യമുണ്ടെങ്കിൽ ചർച്ചയിൽ ഇരുന്നാൽ മതിയെന്ന 'പരാമർശത്തിന് മാപ്പ് പറഞ്ഞ് തടിയൂരി വേണു ബാലകൃഷ്ണൻ

'സൂപ്പർ പ്രൈം ടൈം ചർച്ചയിൽ ബിജെപിയുടെ പ്രതിനിധിയായി പങ്കെടുത്തത് സന്ദീപ് വാര്യരാണ്; അദ്ദേഹത്തോട് അപമര്യാദയായി പെരുമാറി എന്നൊരു പരാതിയുണ്ട്; അതിൽ നിർവ്യാജം ഞാൻ ഖേദം പ്രകടിപ്പിക്കുന്നു; സന്ദീപ് വാര്യരെ അപമാനിച്ച മാതൃഭൂമി ചാനൽ ബഹിഷ്‌കരിക്കാൻ ആഹ്വാനം വന്നതോടെ പ്രൈം ടൈം ഡിബേറ്റിൽ 'സൗകര്യമുണ്ടെങ്കിൽ ചർച്ചയിൽ ഇരുന്നാൽ മതിയെന്ന 'പരാമർശത്തിന് മാപ്പ് പറഞ്ഞ് തടിയൂരി വേണു ബാലകൃഷ്ണൻ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: പ്രൈം ചാനൽ ചർച്ചകൾ അവതാരകർക്ക് വലിയ പരീക്ഷണമാണ്. അതിഥികളോട് ചോദ്യങ്ങൾ ചോദിക്കുന്നതിലും, മറുപടി കേൾക്കുന്നതിലും, ഇടപെടുന്നതിലും എല്ലാം തികഞ്ഞ പക്വത കാട്ടിയില്ലെങ്കിൽ ഏതെങ്കിലും പക്ഷം പിടിക്കുകയാണെന്ന ആക്ഷേപം കേൾക്കേണ്ടി വരും. ജനം ടിവി ഒഴിച്ചുള്ള മലയാളം ടെലിവിഷൻ ചാനലുകൾ ഇടതുചായ് വ് കാട്ടുന്നവയാണെന്ന ആക്ഷേപം നേരത്തെയുണ്ട്. ഏതായാലും സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചൂടേറിയ ചർച്ച മാതൃഭൂമി ന്യൂസ് ചാനലിന്റെ പ്രൈംടൈം ഡിബേറ്റ് ചർച്ചയ്ക്കിടെ യുവമോർച്ച നേതാവ് സന്ദീപ് വാര്യർ അവതാരകൻ വേണുവിനോട് കലഹിച്ച് ഇറങ്ങിപ്പോയതാണ്. സൗകര്യമുണ്ടെങ്കിൽ ചർച്ചയിൽ ഇരുന്നാൽ മതിയെന്ന വേണുവിന്റെ പരാമർശം ഏറ്റുപിടിച്ച് സോഷ്യൽ മീഡിയയിൽ മാതൃഭൂമി ചാനൽ ബഹിഷ്‌കരണം വരെ ഉയർന്നു. ഏതായാലും ചാനൽ മേധാവികൾ മീശ വിവാദത്തിൽ മാതൃഭൂമി പത്രത്തിന് ഉണ്ടായ അനുഭവം ആവർത്തിക്കാതിരിക്കാൻ വേണു ബാലകൃഷ്ണനെ കൊണ്ട് മാപ്പ് പറയിച്ചിരിക്കുകയാണ്.
ഇന്നത്തെ പ്രൈം ടൈം ഡിബേറ്റിൽ ആമുഖമായി വേണു പറഞ്ഞ വാക്കുകൾ ഇങ്ങനെ:

'സൂപ്പർ പ്രൈം ടൈം ചർച്ചയിൽ ബിജെപിയുടെ പ്രതിനിധിയായി പങ്കെടുത്തത് സന്ദീപ് വാര്യരാണ്. അദ്ദേഹത്തോട് അപമര്യാദയായി പെരുമാറി എന്നൊരു പരാതിയുണ്ട്. അതിഥികളോട് അപമര്യാദയായി പെരുമാറുന്നത് ശരിയല്ല. അതിൽ നിർവ്യാജം ഞാൻ ഖേദം പ്രകടിപ്പിക്കുന്നു. മേലിൽ ഇത്തരം വീഴ്ചകൾ പറ്റാതിരിക്കാൻ ശ്രദ്ധിക്കുകയും ചെയ്യും'-വേണു

പൗരത്വ നിയമ ഭേദഗതിക്കെതിരായി എൽഡിഎഎഫ് സംഘടിപ്പിച്ച മനുഷ്യമഹാശ്യംഖലയിൽ പങ്കെടുത്ത ലീഗ് നേതാവിനെ പാർട്ടിയിൽ നിന്നും പുറത്താക്കിയതുമായി ബന്ധപ്പെട്ടായിരുന്നു മാതൃഭൂമി ചാനൽ കഴിഞ്ഞ ദിവസം ചർച്ച സംഘടിപ്പിച്ചത്. ചർച്ചയിൽ സന്ദീപ് വാര്യർ സംസാരിക്കുന്നതിനിടെ വേണു സമയം ഓർമ്മിപ്പിച്ച് ഇടവേളയിലേക്ക് പോകുന്നുവെന്ന് പറഞ്ഞതോടെയാണ് നാടകീയ രംഗങ്ങളുടെ തുടക്കം. ' ഇടവേളയാണ് നല്ലത്, നിങ്ങൾക്ക് ഇടവേളയാണ് നല്ലത്' എന്നായിരുന്നു അവതാരകനോടുള്ള സന്ദീപിന്റെ പ്രതികരണം.

ഇതേ തുടർന്നാണ് മാന്യമായി സംസാരിക്കാൻ കഴിയില്ലെങ്കിൽ ചർച്ചയിൽ നിന്ന് ഇറങ്ങിപ്പോവാൻ സന്ദീപിനോട് വേണു ആവശ്യപ്പെട്ടത്. 'സന്ദീപേ.. മാന്യമായി സംസാരിക്കുക, അല്ലെങ്കിൽ ഈ ചർച്ചയിൽ നിന്ന് ഇപ്പോൾ ഇറങ്ങിക്കോളു, അങ്ങയിലേക്ക് വരാം സൗകര്യമുണ്ടെങ്കിൽ ഇരിക്കു'- വേണു ബാലകൃഷ്ണൻ പറഞ്ഞു. ഇടവേളക്ക് ശേഷം തിരിച്ചെത്തിയപ്പോൾ ചർച്ചയിൽ ഡിവൈഎഫ്‌ഐ നേതാവ് എഎ റഹീമിനോടായിരുന്നു വേണു ആദ്യ ചോദ്യം ഉന്നയിച്ചത്. ഇതിനിടെ ഇടവേളയ്ക്ക് മുമ്പ് വേണു നടത്തിയ പരാമർശങ്ങൾ പിൻവലിക്കണമെന്ന് ആവശ്യം സന്ദീപ് വാര്യർ ഉയർത്തുകയായിരുന്നു.'സൗകര്യം ഉണ്ടെങ്കിൽ ഇരുന്നാൽ മതി എന്ന ഭാഷ പറഞ്ഞിട്ടാണ് വേണു പോയത്. ക്ഷണിച്ചിട്ടാണ് ഞാൻ വന്നത്. വിളിച്ചു വരുത്തിയ ആളോട് മാന്യത കാണിക്കേണ്ടത് നിങ്ങളാണ്. അങ്ങ് കുറച്ചു ദിവസമായി ചെയ്യുന്ന രീതി ശരിയല്ല. എന്നോട് മാന്യതയില്ലാതെ പെരുമാറുന്നത് ഈ ലോകം മുഴുവൻ കാണുന്നുണ്ട്'-സന്ദീപ് വാര്യർ പറഞ്ഞു.

വേണു എല്ലാ ചർച്ചയിലും തന്നോട് മാന്യമല്ലാത്ത രീതിയിലാണ് പെരുമാറുന്നതെന്നും സന്ദീപ് ആരോപിച്ചു. പറഞ്ഞ വാക്ക് വേണു പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാൽ പറഞ്ഞ ഒരു വാക്കും പിൻവലിക്കാൻ തയ്യാറല്ലെന്ന് വേണു വ്യക്തമാക്കിയതോടെ സന്ദീപ് വാര്യർ ചർച്ചയിൽ നിന്ന് ഇറങ്ങിപോവുകയായിരുന്നു. അതിനിടെ സന്ദീപ് വാര്യരെ പരിഹസിച്ചു കൊണ്ട് എഎ റഹീമും രംഗത്ത് എത്തി. 'വേണൂ.. അദ്ദേഹത്തെ പിണക്കരുത്. അദ്ദേഹത്തെ പിണക്കിയാൽ പൗരത്വ പട്ടികയിൽ നിന്നും പുറത്താക്കി കളയും' എന്നായിരുന്നു എഎ റഹീമിന്റെ പരിഹാസം.

ചർച്ചയിൽ നിന്ന് ഇറങ്ങിപ്പോയതിന് പിന്നാലെ വേണുവിനെതിരെ പരോക്ഷ വിമർശനവുമായി ഫേസ്‌ബുക്ക് പോസ്റ്റിലൂടെ സന്ദീപ് വാര്യർ രംഗത്തെത്തി. ലൂസിഫർ എന്ന ചിത്രത്തിലെ മോഹൻലാലിന്റെ കഥപാത്രം പറയുന്ന എന്റെ തന്തയല്ല നിന്റെ തന്ത എന്ന രംഗത്തിലെ ചിത്രമാണ് സന്ദീപ് ഫേസ്‌ബുക്കിൽ പങ്കുവെച്ചത്. ഈ പോസ്റ്റിന് താഴെ സന്ദീപ് വാര്യരെ അഭിനന്ദിച്ചും അവതാരകൻ വേണു ബാലകൃഷ്ണനേയും മാതൃഭൂമി ചാനലിനേയും അധിക്ഷേപിച്ചും നിരവധി ബിജെപി അനുകൂലികളാണ് രംഗത്ത് എത്തിയത്. 'വേണുവിന്റെ വെല്ലു വിളി പുല്ല് പോലെ വലിച്ച് എറിഞ്ഞ ചർച്ച ബഹിഷ്‌കരിച്ച് സന്ദീപ് ഏട്ടൻ അഭിവാദ്യങ്ങൾ' എന്ന തരത്തിലുള്ള കമന്റുകളാണ് അധികവും ഉയർന്നു വരുന്നത്.

'അവസരോചിതമായ തീരുമാനം. സന്ദീപ് ജി പോയതോടെ ഞങ്ങളും ചാനൽ മാറി. ചർച്ചകൾക്ക് ഇനിയും പോവണം. കാര്യങ്ങൾ വ്യക്തമായി പറയാൻ അവതാരകരെ കൊണ്ട് സമ്മതിപ്പിക്കണം. അല്ലെങ്കിൽ ഇതുപോലുള്ള ബഹിഷ്‌കരണണൾ തുടരാം'-എന്നാണ് മറ്റൊരാൾ സന്ദീപ് വാര്യരുടെ പോസ്റ്റിന് കീഴിൽ കമന്റ് ചെയ്തിരിക്കുന്നത്. മാതൃഭൂമി ചാനൽ ബഹിഷ്‌കരിക്കുകയെന്ന ആഹ്വാനവും ഒരു വിഭാഗം പ്രവർത്തകർ സാമൂഹ്യമാധ്യമങ്ങളിൽ ഉയർത്തി. സന്ദീപ് വാര്യരെ മാതൃഭൂമി ചാനൽ ചർച്ചയിൽ നിന്ന് ഇറക്കിവിട്ട് മുഴുവൻ സംഘപരിവാർ പ്രസ്ഥാനങ്ങളെയും അപമാനിച്ച മാതൃഭൂമി ചാനൽ ബഹിഷ്‌കരിക്കുക..' എന്നാണ് സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്ന സന്ദേശം. ഏതായാലും അതിഥി ദേവോ ഭവ എന്നാണ് മാതൃഭൂമി ചാനൽ മാനേജ്‌മെന്റ് വേണുവിന് നൽകിയിരിക്കുന്ന ഉപദേശം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP