Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഹോട്ടലിൽ മറന്നുവെച്ച എയർ ഗണ്ണിന്റെ പിന്നാലെ പൊലീസ് പോയപ്പോൾ പിടിയിലായത് വൻ കവർച്ചാസംഘം; കോഴിക്കോട് ജൂവലറി ഉടമയിൽ നിന്ന് ഇവർ കവർന്നത് 84 പവൻ സ്വർണാഭരണങ്ങളും രണ്ടുലക്ഷം രൂപയുമടങ്ങിയ ബാഗ്; സഹോദരങ്ങളടക്കം അഞ്ചുപേരുള്ള സംഘത്തിൽ പ്രായപൂർത്തിയാകാത്തയാളും; കോഴിക്കോട് പിടിയിലായ സംഘം വലിയ കവർച്ചകൾ പദ്ധതിയിട്ടതായും പൊലീസ്

ഹോട്ടലിൽ മറന്നുവെച്ച എയർ ഗണ്ണിന്റെ പിന്നാലെ പൊലീസ് പോയപ്പോൾ പിടിയിലായത് വൻ കവർച്ചാസംഘം; കോഴിക്കോട് ജൂവലറി ഉടമയിൽ നിന്ന് ഇവർ കവർന്നത് 84 പവൻ സ്വർണാഭരണങ്ങളും രണ്ടുലക്ഷം രൂപയുമടങ്ങിയ ബാഗ്; സഹോദരങ്ങളടക്കം അഞ്ചുപേരുള്ള സംഘത്തിൽ പ്രായപൂർത്തിയാകാത്തയാളും; കോഴിക്കോട് പിടിയിലായ സംഘം വലിയ കവർച്ചകൾ പദ്ധതിയിട്ടതായും പൊലീസ്

കെ വി നിരഞ്ജൻ

കോഴിക്കോട്: ജൂവലറി ഉടമയിൽ നിന്ന് സ്വർണാഭരണങ്ങളും പണവും കവർന്ന കേസിൽ സഹോദരങ്ങളടക്കം അഞ്ചു പേർ അറസ്റ്റിൽ. പിടിയിലായവരിൽ ഒരാൾക്ക് പ്രായപൂർത്തിയായിട്ടില്ല. നല്ലളം അരീക്കാട് സുന്ദരം ജൂവലറി ഉടമയുടെ സ്‌കൂട്ടറിൽ നിന്ന് 84 പവൻ സ്വർണാഭരണങ്ങളും രണ്ടുലക്ഷം രൂപയുമടങ്ങിയ ബാഗ് കവർന്ന കേസിലെ പ്രതികളാണ് പൊലീസ് പിടിയിലായത്. ചെട്ടിപ്പടി പടിഞ്ഞാറെ കുളപ്പുറം എം. കിഷോർ (22), തേഞ്ഞിപ്പലം ദേവധിയാൽ കോളനിയിലെ കൊളപ്പുള്ളി സുമോദ് (23), സഹോദരൻ സുമേഷ്(21), ദേവധിയാൽ കോളനിയിലെ സുഭാഷ് (20) എന്നിവരും പ്രായപൂർത്തിയാവാത്ത കണ്ണൂർ സ്വദേശിയുമാണ് പിടിയിലായത്. കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വിവിധ സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത വാഹനമോഷണകേസുകളിലെയും മാല പിടിച്ചുപറി കേസുകളിലെയും പ്രതിയാണ് കിഷോർ. മൂന്നു പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കൂടുതൽ അന്വേഷണത്തിനായി കിഷോറിനെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി. പ്രായപൂർത്തിയാവാത്ത പ്രതിയെ കോടതി ജുവൈനൽ ഹോമിലേക്ക് മാറ്റി.

കോഴിക്കോട് പുതിയ ബസ് സ്റ്റാന്റിന് സമീപത്തെ ഡി ഗ്രാന്റ് ഹോട്ടൽ മുറിയിൽ നിന്ന് കഴിഞ്ഞ ദിവസം എയർ ഗൺ കണ്ടെത്തിയതുമായി ബന്ധപ്പെട്ട് കസബ, നല്ലളം പൊലീസ് സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ വലയിലാവുന്നത്. ഹോട്ടലിലെത്തിയ പ്രതികൾ തോക്ക് മറന്നുവെച്ച് പോവുകയായിരുന്നു. തോക്ക് ശ്രദ്ധയിൽപെട്ടതോടെ ജീവനക്കാർ കസബ പൊലീസിൽ വിവരമറിയിക്കുകയും അന്വേഷണത്തിൽ മുറിയിൽ താമസിച്ചവരെകുറിച്ച് വിവരം ലഭിക്കുകയും ചെയ്തു. മൂവായിരം രൂപയ്ക്ക് തോക്ക് വാങ്ങിയതിന്റെ ബില്ലും ഹോട്ടലിൽ നിന്ന് ലഭിച്ചിരുന്നു. തുടർന്നു നടത്തിയ അന്വേഷണത്തിൽ പ്രതികൾ നേരത്തെ പിടിച്ചുപറി കേസിൽപെട്ടവരാണെന്ന് പൊലീസ് കണ്ടെത്തി. നല്ലളം പൊലീസ് രജിസ്റ്റർ ചെയ്ത സ്വർണവും പണവും കേസിലെ പ്രതികൾ ഇവരാണെന്ന് തിരിച്ചറിയുകയും നല്ലളം പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

13 ന് രാത്രി ഒൻപതിനാണ് സുന്ദരം ജൂവലറി ഉടമ സോമസുന്ദരത്തിന്റെ സ്വർണവും പണവും കവർന്നത്. ജൂവലറി അടച്ചശേഷം പച്ചക്കറി വാങ്ങാൻ വ്യാപാരഭവനു സമീപത്തെ കടയിലേക്ക് കയറിയപ്പോഴാണ് സ്‌കൂട്ടറിൽ സൂക്ഷിച്ച ബാഗ് കവർന്നത്. സ്വർണം വില്പന നടത്തിയെന്ന് പറഞ്ഞ ജൂവലറികളിൽ പ്രതികളെ എത്തിച്ച് തെളിവെടുപ്പ് നടത്തി. എന്നാൽ വിറ്റ സ്വർണം പൊലീസിന് കണ്ടെത്താൻ സാധിച്ചില്ല. വീണ്ടും പ്രതികളുമായി തെളിവെടുപ്പ് നടത്തുമെന്ന് പൊലീസ് അറിയിച്ചു.

നേരത്തെ കവർച്ച നടത്തിയ സ്വർണം വിൽപ്പന നടത്താനായി തേഞ്ഞിപ്പലം, പുളിക്കൽ എന്നിവിടങ്ങളിലെ ജൂവലറികളിൽ കയറിയെങ്കിലും വിൽപന നടന്നില്ല, തുടർന്നാണ് പ്രതികൾ അരീക്കാട് എത്തുന്നത്. അരീക്കാട്ടെ സ്വർണം പൂശിയ ആഭരണങ്ങൾ വിൽക്കുന്ന കടയിൽ കയറുകയും പുറത്തിറങ്ങുകയും ചെയ്തു. ഇതിനിടെയാണ് സുന്ദരം ജൂവലറി ഉടമ ആഭരണങ്ങൾ ബാഗിൽ വെക്കുന്നതും ബാഗ് മോട്ടോർ സൈക്കിളിൽ തൂക്കിയിടുന്നതും ശ്രദ്ധയിൽപ്പെടുന്നത്. ഇയാളെ പിന്തുടരുകയും അരീക്കാട് പച്ചക്കറി വാങ്ങാൻ മോട്ടോർ സൈക്കിൾ നിർത്തിയ സമയത്ത് സ്വർണവും പണവും അടങ്ങിയ ബാഗ് എടുത്ത് രക്ഷപ്പെടുകയായിരുന്നു. കോഴിക്കോട് - പാലക്കാട് ബസ്സിൽ കയറി രാമനാട്ടുകര ഇറങ്ങിയ പ്രതികൾ ഓട്ടോറിക്ഷയിൽ തിരിച്ച് കോഴിക്കോട്ടെത്തുകയും സ്വർണം വീതിച്ചെടുക്കുകയായിരുന്നു. മോഷണം നടത്തിയ സ്വർണം ചിലത് ബന്ധുക്കൾക്ക് നൽകി. ബാക്കിയുള്ളത് കമ്മത്തി ലൈൻ, രാമനാട്ടുകര, കൊണ്ടോട്ടി, കോഹിന്നൂർ എന്നിവിടങ്ങളിലെ ജൂവലറികളിൽ വിറ്റു. കവർന്ന പണം വസ്ത്രങ്ങൾ വാങ്ങാനും വിനോദ സഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കാനും വൻകിട ഹോട്ടലുകളിൽ താമസിക്കാനുമാണ് ചെലവഴിച്ചത്.

കമ്മത്ത് ലൈനിലെ ചില ജൂവലറികളിൽ സിസിടിവികൾ ഇല്ലാത്തത് അന്വേഷണത്തെ പ്രതികൂലമായി ബാധിച്ചു. നല്ലളം ഇൻസ്പെക്ടർ എം കെ സുരേഷ് കുമാറിന്റെയും കസബ ഇൻസ്പെക്ടർ ഹരിപ്രസാദിന്റെയും നേതൃത്വത്തിൽ സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. എസ്ഐമാരായ വി. സിജിത്ത്, എം കെ. സലീം, വി ടി പ്രദീപ്, എഎസ്ഐമാരായ ജിഷീത്ത് കുമാർ ലാലു, അനിൽകുമാർ, സിവിൽ പൊലീസ് ഓഫീസർമാരായ തഹസീം, ശരത്ത്, ഷൈജു മിഥുൻ എന്നിവരും സ്‌ക്വാഡ് അംഗങ്ങളായ രമേഷ് ബാബു, സുജിത്ത്, ഷാഫി, അബ്ദുറഹ്മാൻ, മനോജ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP