Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കൊച്ചിയിലെ മുന്തിയ കോളേജിലെ വിദ്യാർത്ഥിയെ ചോദ്യം ചെയ്തപ്പോൾ കഞ്ചാവ് വരുന്ന വഴി കൃത്യമായി പിടികിട്ടി; അസമിൽ നിന്ന് ട്രെയിൻ മാർഗ്ഗം തൃശൂരും അവിടെ നിന്ന് ബസ്സിൽ ആലുവയിലും എത്തുന്ന ആളെ കാത്ത് എക്‌സൈസ് ഷാഡോ സംഘം; പിടിയിലാകുമെന്ന് മനസിലായപ്പോൾ കുതറിയോടാനും ശ്രമം; മയക്കുമരുന്ന് മാഫിയയിലെ മുഖ്യകണ്ണി അബു സേട്ട് പിടിയിൽ

കൊച്ചിയിലെ മുന്തിയ കോളേജിലെ വിദ്യാർത്ഥിയെ ചോദ്യം ചെയ്തപ്പോൾ കഞ്ചാവ് വരുന്ന വഴി കൃത്യമായി പിടികിട്ടി; അസമിൽ നിന്ന് ട്രെയിൻ മാർഗ്ഗം തൃശൂരും അവിടെ നിന്ന് ബസ്സിൽ ആലുവയിലും എത്തുന്ന ആളെ കാത്ത് എക്‌സൈസ് ഷാഡോ സംഘം; പിടിയിലാകുമെന്ന് മനസിലായപ്പോൾ കുതറിയോടാനും ശ്രമം; മയക്കുമരുന്ന് മാഫിയയിലെ മുഖ്യകണ്ണി അബു സേട്ട് പിടിയിൽ

പ്രകാശ് ചന്ദ്രശേഖർ

 ആലുവ: ആലുവ കേന്ദ്രീകരിച്ച് വൻതോതിൽ മയക്ക് മരുന്ന് എത്തിച്ച് കൊടുക്കുന്ന ഇതര സംസ്ഥാനക്കാരൻ ആലുവ റേഞ്ച് എക്‌സൈസിന്റെ പിടിയിൽ. അസം സ്വദേശി അബു സേട്ട് എന്ന് വിളിക്കുന്ന ഫക്രുദ്ദീൻ അബ്ദുൾ കലാ(22)മിനെയാണ് ആലുവ എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ ടി.കെ ഗോപിയുടെ നേതൃത്വത്തിലുള്ള ഷാഡോ സംഘം കസ്റ്റഡിയിലെടുത്തത്. ഇയാളുടെ പക്കൽ നിന്ന് 1.250 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു.

ഇയാളുടെ സുഹൃത്തുക്കളായ അസം സ്വദേശികളുടെ ആവശ്യപ്രകാരമാണ് കഞ്ചാവ് ആലുവയിൽ മൊത്തമായി എത്തിച്ചിരുന്നത്. അസ്സമിൽ വളരെ തുച്ഛമായ വിലയ്ക്ക് കിട്ടുന്ന കഞ്ചാവ് ഇവിടെ എത്തിച്ച് മൊത്ത വിൽപ്പന നടത്തി തിരിച്ച് പോകുന്നതാണ് പതിവ്. ഇതിലൂടെ അൻപതിരട്ടിയോളം ലാഭം കിട്ടുമെന്ന് ഇയാൾ ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തിയതായി എക്‌സൈസ് അധികൃതർ അറിയിച്ചു.

ഇയാളുടെ സുഹൃത്തുക്കളായ അസ്സം സ്വദേശികൾ ഇത് ഇവിടത്തെ മലയാളികചയ ഇടനിലക്കാർക്ക് മറിച്ച് വിൽക്കുകയും ചെയ്തിരുന്നു. അസ്സം ഗുവാഹത്തി സ്വദേശിയായ ഇയാൾ നാട്ടിൽ അല്ലറ ചില്ലറ മോഷണവും പിടിച്ചുപറിയും കഞ്ചാവ് കച്ചവടവുമായി കഴിയുകയായിരുന്നു. എന്നാൽ ഉദ്ദേശിച്ച മെച്ചമില്ലാതെയിരിക്കുമ്പോഴാണ് ആലുവയിലുള്ള സുഹൃത്തിന്റെ ആവശ്യപ്രകാരം കഞ്ചാവ് എത്തിച്ച് കൊടുത്ത് തുടങ്ങിയത്. കച്ചവടം പൊടിപൊടിക്കുന്നതിനാൽ ആഴ്ചയിൽ ഒരിക്കൽ ഇയാൾ ഇവിടെ കഞ്ചാവുമായി എത്തിയിരുന്നു.

അസ്സമിൽ നിന്ന് ട്രെയിൻ മാർഗ്ഗം തൃശൂർ എത്തി അവിടെ നിന്ന് ബസ്സിലാണ് ആലുവയിൽ എത്തിയിരുന്നത്. ആലുവ റെയിൽവേ സ്റ്റേഷൻ പരിസരങ്ങളിൽ പരിശോധന കർശനമാക്കിയതിനാലാണ് ഇയാൾ ഇത്തരത്തിൽ ആലുവയിൽ എത്തിയിരുന്നത്. ഏതാനും ആഴ്ചകൾക്ക് മുൻപ് ആലുവ റേഞ്ച് എക്‌സൈസ് ആന്റി നാർക്കോട്ടിക് സ്‌പെഷ്യൽ ആക്ഷൻ ഷാഡോ സംഘം ആലുവയിലെ ഒരു പ്രമുഖ കോളേജിലെ വിദ്യാർത്ഥിയുടെ പക്കൽ നിന്ന് കഞ്ചാവ് കണ്ടെത്തിയിരുന്നു. ഈ വിദ്യാർത്ഥിയെ ചോദ്യം ചെയ്തപ്പോഴാണ് ഇതര സംസ്ഥാനക്കാരായ ആളുകളെക്കുറിച്ച് വിവരം ലഭിക്കുന്നത്. തുടർന്ന് ഇതരസംസ്ഥാന തൊഴിലാളികളെ ചുറ്റിപ്പറ്റിയുള്ള അന്വേഷത്തിലൊടുവിലാണ് അബു സേട്ട് കഞ്ചാവുമായി ആലുവ ഭാഗത്തേയ്ക്ക് വരുന്നുണ്ടെന്ന വിവരം ലഭിച്ചത്.

ആലുവ യു സി കോളേജിന് സമീപം കഞ്ചാവ് കൈമാറുന്നതിന് വേണ്ടി സുഹൃത്തിനെ കാത്ത് നിൽക്കുകയായിരുന്ന ഇയാളെ ആലുവ റേഞ്ച് ആന്റി നാർക്കോട്ടിക് സ്‌പെഷൽ ആക്ഷൻ ടീം പിടികൂടുകയായിരുന്നു. പിടിയിലാകുമെന്ന് ഉറപ്പായതോടെ കതറിയോടാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. എറണാകുളം എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണർ എ.എസ്.രഞ്ജിത്തിന്റെ മേൽ നോട്ടത്തിൽ ആലുവ എക്‌സൈസ് റേഞ്ചിൽ രൂപീകരിച്ചിട്ടുള്ള ആന്റി നാർക്കോട്ടിക് സ്‌പെഷ്യൽ ആക്ഷൻ ഷാഡോ സംഘമാണ് ആലുവയിൽ തുടർച്ചയായി മയക്ക് മരുന്ന് വേട്ട നടത്തി വരുന്ന്. ഇൻസ്‌പെക്ടർ ടി.കെ.ഗോപിയുടെ നേതൃത്വത്തിൽ പ്രിവന്റീവ് ഓഫീസർ എ.വാസുദേവൻ, ഷാഡോ ടീമംഗങ്ങളായ എൻ.ഡി. ടോമി, എൻ.ജി. അജിത്ത് കുമാർ, സിവിൽ എക്‌സൈസ് ഓഫീസർ എ.സിയാദ് എന്നിവരുൾപ്പെട്ട സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. മയക്കു മരുന്ന് മാഫിയകൾക്കെതിരെയുള്ള റേഞ്ച് എക്‌സൈസിന്റെ പ്രവർത്തനം കൂടുതൽ ശക്തിപ്പെടുത്തുമെന്ന് അധികൃതർ അറിയിച്ചു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP