Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മുൻ സിബിഐ ആക്ടിങ് ഡയറക്ടർ ആർഎസ്എസ് മുഖപത്രത്തിൽ ലേഖനമെഴുതിയത് ഐപിഎസ് ഉദ്യോഗസ്ഥർക്കുള്ള സർവീസ് ചട്ടങ്ങൾ ലംഘിച്ച്; ഹോം ഗാർഡ്‌സ്, ഫയർ സർവീസസ് ആൻഡ് സിവിൽ ഡിഫൻസ് ഡയറക്ടർ ജനറൽ ഓർഗനൈസറിൽ എഴുതിയത് സർക്കാരിതര സന്നദ്ധ സംഘടനകൾക്ക് വിദേശത്തു നിന്ന് വരുന്ന ഫണ്ടുകൾ തടയണമെന്ന്; വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്ക് ബിജെപിയുടെ ഇഷ്ടക്കാരനായ നാഗേശ്വര റാവു

മുൻ സിബിഐ ആക്ടിങ് ഡയറക്ടർ ആർഎസ്എസ് മുഖപത്രത്തിൽ ലേഖനമെഴുതിയത് ഐപിഎസ് ഉദ്യോഗസ്ഥർക്കുള്ള സർവീസ് ചട്ടങ്ങൾ ലംഘിച്ച്; ഹോം ഗാർഡ്‌സ്, ഫയർ സർവീസസ് ആൻഡ് സിവിൽ ഡിഫൻസ് ഡയറക്ടർ ജനറൽ ഓർഗനൈസറിൽ എഴുതിയത് സർക്കാരിതര സന്നദ്ധ സംഘടനകൾക്ക് വിദേശത്തു നിന്ന് വരുന്ന ഫണ്ടുകൾ തടയണമെന്ന്; വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്ക് ബിജെപിയുടെ ഇഷ്ടക്കാരനായ നാഗേശ്വര റാവു

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: മുൻ സിബിഐ ആക്ടിങ് ഡയറക്ടർ ആർഎസ്എസ് മുഖപത്രത്തിൽ ലേഖനമെഴുതിയത് വിവാദമാകുന്നു. നിലവിൽ ഹോം ഗാർഡ്‌സ്, ഫയർ സർവീസസ് ആൻഡ് സിവിൽ ഡിഫൻസ് ഡയറക്ടർ ജനറലായ നാഗേശ്വര റാവുവാണ് ആർഎസ്എസ് മുഖപത്രമായ ഓർഗനൈസറിൽ ലേഖനമെഴുതിയത്. രാജ്യത്തെ സർക്കാർ ഉദ്യോഗസ്ഥർ രാഷ്ട്രീയ പാർട്ടി പ്രവർത്തനങ്ങളിൽ നിന്നും ഒഴിഞ്ഞ് നിൽക്കണം എന്നാണ് ചട്ടം. ഐപിഎസ് ഉദ്യോഗസ്ഥർക്കുള്ള സർവ്വീസ് ചട്ടങ്ങൾ പ്രകാരം ഇവർക്ക് ശാസ്ത്രസംബന്ധിയോ, കലാസംബന്ധിയോ ആയ ലേഖനങ്ങൾ മാത്രമേ എഴുതാവൂ. താൻ പ്രകടിപ്പിക്കുന്ന ആശയങ്ങൾ വ്യക്തിപരമാണെന്ന് ലേഖനത്തിനൊപ്പം പ്രത്യേകം പരാമർശിച്ചിരിക്കണം എന്നും നിയമം നിഷ്‌കർഷിക്കുന്നുണ്ട്. ഇത്തരം ഒരു ചട്ടം നിലനിൽക്കെ രാജ്യം ഭരിക്കുന്ന പാർട്ടിയെ പോലും നിയന്ത്രിക്കുന്ന ഒരു സംഘടനയുടെ മുഖപത്രത്തിൽ നാഗേശ്വര റാവു ലേഖനമെഴുതിയതാണ് പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്.

ഇന്ത്യയിലെ സർക്കാരിതര സന്നദ്ധ സംഘടനകൾക്ക് വിദേശത്തു നിന്ന് വരുന്ന ഫണ്ടുകൾ തടയണമെന്ന് ആവശ്യപ്പെടുന്നതാണ് ഓർഗനൈസറിൽ നാഗേശ്വര റാവു എഴുതിയ ലേഖനം. വിദേശത്ത് താമസിക്കുന്ന ഇന്ത്യാക്കാരിൽ നിന്നു മാത്രമേ ഫണ്ടുകൾ സ്വീകരിക്കാവൂ എന്നും അതും പുരാതനമായ ഇന്ത്യൻ സംസ്‌കാരത്തെ സംരക്ഷിക്കുന്നതിന് മാത്രമുള്ളതാകണമെന്നും ലേഖനത്തിൽ പറയുന്നു. എല്ലാ സർവീസ് ചട്ടങ്ങളെയും കീഴ്‌വഴക്കങ്ങളെയും കാറ്റിൽ പറത്തുന്നതാണ് നാഗേശ്വര റാവുവിന്റെ നടപടി എന്ന് വിമർശകർ ചൂണ്ടിക്കാട്ടുന്നു.

ഹൈദരാബാദിലെ ഒസ്മാനിയ സർവകലാശാലയിൽ നിന്ന് രസതന്ത്രത്തിൽ പോസ്റ്റ് ഗ്രാജുവേറ്റ് ബിരുദം നേടിയ റാവു മദ്രാസ് ഐഐടിയിൽ നിന്ന് ഗവേഷണം പൂർത്തിയാക്കി. ഇതിന് ശേഷമാണ് ഐപിഎസ് നേടി പൊലീസിലെത്തുന്നത്. 2016ൽ സിബിഐയുടെ ഭാഗമായി. ജോയിന്റ് ഡയറക്ടറായി. പ്രവാസി ഇന്ത്യക്കാർ അയയ്ക്കുന്ന പണമൊഴികെ ബാക്കിയെല്ലാ വിദേശ സംഭാവനകളും നിർത്തണമെന്ന നിലപാടുള്ള ശ്രീജൻ ഫൗണ്ടേഷനുമായി ഇദ്ദേഹത്തിന് ബന്ധമുണ്ടെന്നും വാർത്തകളുണ്ടായിരുന്നു.

സിബിഐ ഡയറക്ടറായിരുന്ന ആലോക് വർമയും സ്‌പെഷ്യൽ ഡയറക്ടറായിരുന്ന രാകേഷ് അസ്താനയും തമ്മിലുള്ള പ്രശ്‌നങ്ങൾ മൂർച്ഛിച്ച ഘട്ടത്തിലായിരുന്നു സിബിഐ ആക്ടിങ് ഡയറക്ടറായി നാഗേശ്വര റാവുവിന്റെ രംഗപ്രവേശം. ആലോക് വർമയെ കേന്ദ്ര സർക്കാർ ഒരു അസാധാരണ നീക്കത്തിലൂടെ സ്ഥാനത്തു നിന്ന് നീക്കി. പകരം നാഗേശ്വര റാവുവിനെ നിയമിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷനായുള്ള അപ്പോയിന്റ്‌മെന്റ് കമ്മിറ്റിയാണ് ഈ തീരുമാനമെടുത്തത്. ആലോകിൽ നിന്ന് അധികാരം സ്വാഭാവികമായി കൈമാറ്റം ചെയ്യേണ്ടത് ഡെപ്യൂട്ടി ആയ അഡിഷണൽ ഡയറക്ടർ എകെ ശർമയ്ക്കായിരുന്നു. എന്നാൽ നാഗേശ്വര റാവുവിനെയാണ് മോദി തെരഞ്ഞെടുത്തത്.

ഗുജറാത്തിൽ നിന്നുള്ള ഉദ്യോഗസ്ഥനായ അസ്താനയ്‌ക്കെതിരെ സിബിഐ തന്നെ ചില കേസുകൾ അന്വേഷിക്കുന്നുണ്ടെന്നും ഇത്തരമൊരാളെ സംഘടനയിൽ നിയമിക്കുന്നത് ശരിയല്ലെന്നും ചൂണ്ടിക്കാണിക്കുന്നതു മുതലാണ് കേന്ദ്ര സർക്കാരുമായി ആലോക് വർമ പ്രശ്‌നത്തിലാകുന്നത്. അസ്താനയെ കേന്ദ്രം നിയമിക്കുക തന്നെ ചെയ്തു. തന്റെ അധികാരങ്ങളെ ദുർവിനിയോഗം ചെയ്യുകയാണ് അസ്താനയെന്നും അധികാരപരിധി വിട്ട് പെരുമാറുന്നുവെന്നുമെല്ലാം പരാതികളുയരുകയുണ്ടായി.

കഴിഞ്ഞവർഷം ഒക്ടോബർ മാസത്തിലാണ് വിവാദങ്ങൾക്കിടയിൽ നാഗേശ്വര റാവുവിനെ സിബിഐയുടെ ആക്ടിങ് ഡയറക്ടറായി നിയമിച്ചത്. ഇദ്ദേഹത്തിന് പരിമിതമായ അധികാരങ്ങളാണ് കോടതി നൽകിയിരുന്നതെങ്കിലും അവയെ മറികടന്ന് ചില നടപടികൾ എടുക്കുകയുണ്ടായി. കോടതിയുടെ വിമർശനത്തിന് ഇത് കാരണമാകുകയും ചെയ്തു. നാഗേശ്വര റാവുവിനെ സിബിഐ ഇടക്കാല ഡയറക്ടറായി നിയമിച്ച ഘട്ടത്തിൽ തന്നെ ഇദ്ദേഹത്തിന് ആർഎസ്എസ്സുമായി ബന്ധമുണ്ടെന്ന് വാർത്തകളുണ്ടായിരുന്നു. ക്ഷേത്രങ്ങളെ സർക്കാർ നിയന്ത്രണത്തിൽ നിന്ന് ഒഴിവാക്കി ഹിന്ദുത്വ സംഘടനകളെ ഏൽപ്പിക്കുക എന്ന പ്രചാരണത്തിന്റെ മുഖ്യ പ്രയോക്താക്കളിലൊരാളാണ് നാഗേശ്വര റാവു എന്ന് എക്കണോമിക് ടൈംസിൽ റിപ്പോർട്ട് വരികയുണ്ടായി. ബീഫ് കയറ്റുമതി ഇന്ത്യ നിർത്തണമെന്നാണ് റാവുവിന്റെ നിലപാട്. രാജ്യത്തിന്റെ 'സാംസ്‌കാരികഘടന' സംരക്ഷിക്കാൻ ഇത് അനിവാര്യമാണ് എന്നും അദ്ദേഹം കരുതുന്നു.

ആർഎസ്എസുമായി ബന്ധമുള്ള ഇന്ത്യ ഫൗണ്ടേഷൻ, വിവേകാനന്ദ ഇന്റർനാഷണൽ ഫൗണ്ടേഷൻ തുടങ്ങിയവയുമായൊക്കെ അടുത്ത ബന്ധമുണ്ടെന്നും ആരോപിക്കപ്പെടുകയുണ്ടായി. ജമ്മു കാശ്മീരിന് പ്രത്യേക സ്വയംഭരണാവകാശം നൽകുന്ന ആർട്ടിക്കിൾ 370ഉം 35എയും റദ്ദാക്കണമെന്ന നിലപാടും ഇദ്ദേഹത്തിനുണ്ടായിരുന്നു. ഇത് പിന്നീട് നടപ്പാക്കപ്പെട്ടു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP