Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സംസ്‌കരിക്കാൻ കഴിയുന്ന ചില പ്ലാസ്റ്റിക് ഉൽപന്നങ്ങൾക്ക് സർക്കാർ ഇളവു നൽകി: നിയമം ദുരുപയോഗം ചെയ്ത് വിപണിയിൽ എത്തുന്നത് നിരോധിച്ച പ്ലാസ്റ്റിക്ക് ഉൽപ്പന്നങ്ങൾ; പുതിയ മാർഗനിർദ്ദേശം ഇറക്കി സംസ്ഥാന സർക്കാർ; ഇനി നിർമ്മിക്കുന്നവരും വിതരണം ചെയ്യുന്നവരും കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ അനുമതി വാങ്ങണം

സംസ്‌കരിക്കാൻ കഴിയുന്ന ചില പ്ലാസ്റ്റിക് ഉൽപന്നങ്ങൾക്ക് സർക്കാർ ഇളവു നൽകി: നിയമം ദുരുപയോഗം ചെയ്ത് വിപണിയിൽ എത്തുന്നത് നിരോധിച്ച പ്ലാസ്റ്റിക്ക് ഉൽപ്പന്നങ്ങൾ; പുതിയ മാർഗനിർദ്ദേശം ഇറക്കി സംസ്ഥാന സർക്കാർ; ഇനി നിർമ്മിക്കുന്നവരും വിതരണം ചെയ്യുന്നവരും കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ അനുമതി വാങ്ങണം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം : സംസ്‌കരിക്കാൻ കഴിയുന്ന പ്ലാസ്റ്റിക് ഉൽപന്നങ്ങൾ നിർമ്മിക്കുന്നവരും വിതരണം ചെയ്യുന്നവരും കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ അനുമതി വാങ്ങണമെന്ന് സംസ്ഥാന സർക്കാർ ഉത്തരവ്. ഒറ്റത്തവണ പ്ലാസ്റ്റിക് ഉൽപന്നങ്ങൾ നിരോധിച്ചപ്പോൾ സംസ്‌കരിക്കാൻ കഴിയുന്ന ചില പ്ലാസ്റ്റിക് ഉൽപന്നങ്ങൾക്ക് സർക്കാർ ഇളവു നൽകിയിരുന്നു. ഈ പഴുത് ഉപയോഗിച്ച് നിരോധിത പ്ലാസ്റ്റിക് വിപണിയിൽ എത്തുന്നതിനാലാണു പുതിയ മാർഗനിർദ്ദേശമെന്നു സർക്കാർ വ്യക്തമാക്കി.

പ്ലാസ്റ്റിക് കോട്ടിങ്ങുള്ള പേപ്പർ കപ്പ്, പ്ലേറ്റ്, ബൗൾ, ബാഗ്, മാലിന്യം ശേഖരിക്കുന്ന പ്ലാസ്റ്റിക് ബാഗ് എന്നിവയുടെ വിൽപനയാണ് സർക്കാർ അനുവദിച്ചിട്ടുള്ളത്. ഇവ സംസ്‌കരിക്കാൻ കഴിയുന്ന പ്ലാസ്റ്റിക് ആണെന്ന കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ സർട്ടിഫിക്കറ്റ് ഇനി വേണ്ടിവരും. ഉൽപാദകർ, വിതരണക്കാർ, നിർമ്മിച്ച തീയതി, ബാച്ച് നമ്പർ, ലൈസൻസ് നമ്പർ എന്നിവ ക്യുആർ കോഡായി രേഖപ്പെടുത്തണം. 'ഈ ഉൽപന്നം കംപോസ്റ്റബിൾ പ്ലാസ്റ്റിക്കാണ്' എന്നും എഴുതണം. കംപ്‌സോറ്റബിൾ പ്ലാസ്റ്റിക് അനുവദിച്ചതിന്റെ മറവിൽ നിരോധിച്ച പ്ലാസ്റ്റിക് ഉൽപന്നങ്ങൾ ഒട്ടേറെ വിപണിയിൽ എത്തുന്നുണ്ട്. ഒറ്റനോട്ടത്തിൽ ഇവ തിരിച്ചറിയാൻ കഴിയില്ല.

മണ്ണിലലിയുന്ന പ്ലാസ്റ്റിക്കിനും മലിനീകരണ നിയന്ത്രണ ബോർഡിന്റെ അനുമതി വേണമെന്ന് നിർദ്ദേശം നൽകിയിരുന്നു. ഇവയുടെ നിർമ്മാണം മുതലുള്ള വിവിധഘട്ടങ്ങളിൽ ബോർഡിന്റെ സർട്ടിഫിക്കറ്റും നിർബന്ധമാക്കിയിരുന്നു, ഇത്തരം പ്ലാസ്റ്റിക് ഉത്പന്നങ്ങൾ കേന്ദ്ര മലിനീകരണ നിയമന്ത്രണ ബോർഡിന്റെ അനുമതിനേടണം. നിർമ്മാണം, വിൽപ്പന, ശേഖരണം, വിപണനം തുടങ്ങിയ ഘട്ടങ്ങളിലെല്ലാം ബോർഡിന്റെ സർട്ടിഫിക്കറ്റുണ്ടാകണം.

ഉത്പന്നത്തിൽ നിർമ്മിച്ച കമ്പനിയുടെ പേര്, വിപണന ഏജൻസി, അസംസ്‌കൃത വസ്തുക്കൾ, നിർമ്മാണത്തീയതി, ബാച്ച് നമ്പർ, ലൈസൻസ് നമ്പർ, കാലാവധി എന്നീ വിവരങ്ങളടങ്ങിയ കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ അനുമതി ക്യൂ.ആർ. കോഡിൽ രേഖപ്പെടുത്തണം. പൂർണമായും മണ്ണിലലിയുന്നതാണെന്ന് ഇംഗ്ലീഷിലും മലയാളത്തിലും രേഖപ്പെടുത്തണം. ഉത്പന്നം ഡൈക്ലോറോ മീഥെയ്നിൽ (മെഥിലീൻ ഡൈക്ലോറൈഡ്) ലയിക്കുന്നതായിരിക്കണമെന്ന് കവറിൽ രേഖപ്പെടുത്തണമെന്നും മാർഗനിർദ്ദേശത്തിൽ പറഞ്ഞിരുന്നു.

അതേ സമയം, പ്ലാസ്റ്റിക് നിരോധനം കർശനമാക്കാൻ ഒരുങ്ങി സർക്കാർ മുന്നോട്ട് വന്നു കഴിഞ്ഞു. പ്ലാസ്റ്റിക് പിടിച്ചെടുക്കണമെന്ന ഹൈക്കോടതി നിർദ്ദേശത്തിന്റെകൂടി അടിസ്ഥാനത്തിൽ സാവകാശം നൽകാനാകില്ലെന്ന് മന്ത്രി എ.സി.മൊയ്തീൻ നേരത്തെ പറഞ്ഞിരുന്നു. എന്നാൽ നിയമനടപടി എങ്ങനെ വേണമെന്നതിൽ സർക്കാരിന് ഇതുവരെ വ്യക്തതയില്ല.

ഒറ്റത്തവണ ഉപയോഗമുള്ള പ്‌ളാസ്‌ററിക് ഉൽപന്നങ്ങൾ നിരോധിച്ചിട്ട് ഒരു മാസം അടുക്കുകയാണ്. ബോധവത്കരണമൊക്കെ മുറയ്ക്ക് നടക്കുന്നുണ്ടെങ്കിലും പ്‌ളാസ്റ്റിക് ക്യാരിബാഗുകളുടേയും മറ്റും ഉപയോഗത്തിൽ കാര്യമായ കുറവൊന്നുമില്ല. സ്റ്റോക്ക് തീർക്കുന്നതിന് ഹൈക്കോടതി നൽകിയ സാവകാശവും അവസാനിച്ചിരുന്നു. നിരോധിച്ച പ്ലാസ്റ്റിക് ഉൽപന്നങ്ങൾ പിടിച്ചെടുത്ത് നശിപ്പിക്കണമെന്നും ഇതിന് സമയ പരിധി നിശ്ചയിക്കാനുമാണ് കോടതി നിർദ്ദേശം. ഹൈക്കോടതി നിർദ്ദേശത്തിന്റെ കൂടി അടിസ്ഥാനത്തിലാണ് നിരോധനം കർശനമാക്കാനുള്ള സർക്കാർ നീക്കം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP